കവികൾ കഥ പറയുമ്പോൾ

മുംബൈയിലെ സാഹിത്യ ലോകത്തെ നർമ്മത്തോടെ കാണുകയാണ് കഥാകാരനും, കവിയും കാർട്ടുണിസ്റ്റുമായ രാജൻ കിണറ്റിങ്കര

0
നാളെ കവിയരങ്ങിൽ അവതരിപ്പിക്കാനുള്ള കഥകൾ എഴുതി കൊണ്ടിരിക്കുമ്പോഴാണ് വാതിലിൽ ആരോ മുട്ടുന്നത് കേട്ടത് . കറന്റ് ലാഭിക്കാൻ മെയിൻ സ്വിച്ച് ഓഫ് ചെയ്തിടും ചിലപ്പൊഴൊക്കെ, അതാണ് കാളിംഗ് ബെൽ അടിച്ചു മടുത്തപ്പോൾ ഉള്ള ഈ മുട്ട് . വാതിൽ തുറന്നപ്പോൾ രണ്ട് അപരിചിതർ. അല്ലങ്കിലും എഴുത്തുകാർക്ക് സ്വന്തം ഭാര്യയും മക്കളും പോലും ചിലപ്പൊഴൊക്കെ അപരിചിതൻ ആണല്ലൊ .
“ചേട്ടാ ബുദ്ധിമുട്ടിച്ചതിൽ ക്ഷമിക്കണം. വന്നതിൽ എന്റെ അച്ഛന്റെ പ്രായമുള്ള മാന്യദേഹം എന്നെ അഭിസംബോധന ചെയ്തു തുടങ്ങി.
“ഏയ് എന്തു ബുദ്ധിമുട്ട്.” ഞാനും എഴുത്തുകാരന്റെ രണ്ടാം മുഖം പുറത്തെടുത്ത് മറുപടി പറഞ്ഞു .
“അല്ലാ നാളെയല്ലേ കവിയരങ്ങ് . ചേട്ടൻ കാണുമല്ലോ അല്ലേ .”
” ഇതെന്തു ചോദ്യമാ ചേട്ടൻ ഇല്ലാതെ എന്തു കവിയരങ്ങ്. “
രണ്ടുപേരും മാറിമാറി സുഖിപ്പിക്കുകയാണ്‌ എന്നെ. അതിഥികളെ വാതിൽക്കൽ നിർത്തി സംസാരിക്കുന്നത് ശരിയല്ലല്ലോ എന്നു കരുതി ഞാനവരെ അകത്തേക്ക് ക്ഷണിച്ചു . അല്ലെങ്കിൽ ചിലപ്പോൾ നാളെ മറ്റൊരു അപവാദം ഇവന്മാർ ചമച്ചേക്കും . കണ്ടോ ഇന്നലെ ഈ കവി എന്നു കൊട്ടിഘോഷിച്ചു നടക്കുന്ന മനുഷ്യന്റെ വീട്ടിൽ പോയിട്ട് അര മണിക്കൂർ വാതിൽക്കൽ നിർത്തിച്ചു . ചായ വേണ്ട അകത്തേക്കൊന്നു ഇരിക്കാൻ പറയാനുളള മര്യാദ പോലും കാണിച്ചില്ല. ഭാര്യ നാട്ടിൽ പോയിരിക്കല്ലേ , എന്തോ ചുറ്റിക്കളി ഉണ്ടെന്നാ തോന്നുന്നത് . അല്ലങ്കിലും ഈ എഴുത്തുകാർ ആരാ നേരെ ചൊവ്വെ ഉള്ളത് . ഇങ്ങനെ പോകും കഥകൾ ….
സോഫയിൽ ഉപവിഷ്ടരായ അവരോട് ഞാൻ ഇല്ലാത്ത വിനയം കാണിച്ചു ചോദിച്ചു “അല്ലാ വന്ന കാര്യം പറഞ്ഞില്ല.”
“കാര്യം ഒന്നുമില്ല ഇതുവഴി പോയപ്പോൾ നാളത്തെ കവിയരങ്ങിന്റെ കാര്യം ഒന്നോർമ്മിപ്പിക്കാം എന്നു കരുതി. ചേട്ടനെങ്ങാനും മറന്നു പോയാലോ. ചേട്ടനില്ലെങ്കിൽ മാഹാ വിരസമായിരിക്കും. സത്യത്തിൽ ഞങ്ങളൊക്കെ വരുന്നത് തന്നെ ചേട്ടന്റെ കവിത കേൾക്കാനാ. “
ഇത്‌ തന്നെ മുംബൈയിലെ എല്ലാ കവികളോടും ഇവർ പറഞ്ഞിട്ടുണ്ടാകും എന്നറിയാമെങ്കിലും പുകഴ്ത്തൽ എഴുത്തുകാരന്റെ വീക്നെസ്സ് ആയതിനാൽ ഞാൻ കസേരയിൽ ഒന്നിളകി ഇരുന്നു, ഞാനില്ലായിരുന്നെങ്കിൽ മുംബയ് കാവ്യലോകത്തിന്റെ ഗതി എന്താകുമെന്നോർത്ത് .
“എന്നാൽ ഞങ്ങളിറങ്ങട്ടെ ചേട്ടാ “എന്നു പറഞ്ഞുകൊണ്ട് എന്റെ പിതൃപ്രായൻ എണീക്കാൻ തുടങി. ഇത്തവണ ഈ ചേട്ടാ വിളിയിലെ നീരസം എന്റെ മുഖത്തു പ്രകടമായിരുന്നു. എഴുത്തുകാരന് വികാരങ്ങൾ പാടില്ലെന്നൊന്നും എവിടെയും ആരും എഴുതി വച്ചിട്ടില്ലല്ലോ.
എണീറ്റ അദ്ദേഹം വീണ്ടും ഇരുന്നു. “അല്ലാ, സംസാരിച്ചിരുന്നു വന്ന കാര്യം പറയാൻ മറന്നു.”
” അതുശരി ,അപ്പോൾ കാര്യം പറയാൻ കിടക്കുന്നതെ ഉളളൂ. നേരത്തേ പറഞ്ഞതൊക്കെ പതിവു സുഖിപ്പിക്കലാണ്”
അയാൾ കീറിത്തുടങ്ങിയ തന്റെ ബാഗിൽ നിന്നും ഒരു രസീത് ബുക്കെടുത്തു.. എന്നിട്ട് എന്റെ നേരെ നീട്ടിക്കൊണ്ടു പറഞ്ഞു ..”ഞങ്ങൾ ഒന്നും പറയുന്നില്ല, ചേട്ടൻ എത്രയാച്ചാൽ എഴുതിയാൽ മതി. “
” ഇതെന്താ പ്രളയ ദുരിതാശ്വാസത്തിന്റെ ആണോ . കുറഞ്ഞത് ഒരു പത്തു സംഘടനകൾക്കെങ്കിലും കൊടുത്തതാണല്ലോ. ഞാൻ വിനീതനായി. “
” അയ്യോ അങ്ങിനെയൊന്നും കൊടുക്കരുത്, പലതും തട്ടിപ്പാ. ഇതങ്ങിനെയൊന്നും അല്ല”
“പിന്നെ ഇതെന്തിനുള്ള പിരിവാണ്. ഞാൻ എന്റെ അജ്ഞത പ്രകടിപ്പിച്ചു .”
” ഓ ചേട്ടനിതൊന്നും അറിഞ്ഞില്ലേ . നാളത്തെ കവിയരങ്ങിൽ അവശ കവികളെ ആദരിക്കാനുള്ള ഒരു തീരുമാനം ഞങ്ങളുടെ സംഘടന എടുത്തിട്ടുണ്ട്. ഇന്നലെ കൂടിയ അവൈലബിൾ GC കമ്മിറ്റി മീറ്റിങ്ങിലായിരുന്നു തീരുമാനം. . “
അവശ കവികളോ, അങ്ങിനെയും ഒരു കൂട്ടരുണ്ടോ മുംബൈയിൽ .. എന്റെ അറിവിൽ മുംബയ് കവികളെല്ലാം നല്ല സെറ്റപ്പിൽ ആണ് . ഞാൻ മനസിൽ പറഞ്ഞു .
“ആട്ടെ ആരൊക്കെയാ ഈ അവശ കവികൾ. ? ” ഞാൻ സ്വാഭാവികമായ സംശയം പ്രകടിപ്പിച്ചു.
“അതൊക്കെ പറയാം.” ഒരു 500 രൂപയുടെ റസീറ്റ് എഴുതി തന്നിട്ട് അയാൾ പോകാനായി എണീറ്റു.
പുറത്തുകടന്നു ചെരിപ്പിട്ടു പടികൾ ഇറങ്ങുമ്പോൾ ഞാൻ വീണ്ടും ചോദിച്ചു .”അല്ല , ആദരിക്കപ്പെടുന്ന അവശകവികൾ ആരൊക്കെയെന്നു പറഞ്ഞില്ല… “
“അതു നാളെ കവിതകൾ കേട്ടതിനു ശേഷമേ തീരുമാനിക്കൂ. ചിലപ്പോൾ ചേട്ടനെയും ആദരിച്ചേക്കും. “
അവർ ചിരിച്ചുകൊണ്ട് പടികൾ ചവിട്ടിയിറങ്ങി ..

 

 


രാജൻ കിണറ്റിങ്കര


 സോഷ്യൽ മീഡിയകളിലെ വേട്ടക്കാർ
മലയാളിയുടെ ഏകത്വത്തിലെ നാനാത്വം
കവിതക്കൊരു ദിവസവുമായി മുംബൈ സാഹിത്യവേദി

LEAVE A REPLY

Please enter your comment!
Please enter your name here