അന്ധേരിക്കും കൊളാബക്കും ബാന്ദ്രയിലേക്കുമെല്ലാം ഇനി പറന്നെത്താം; എയർ ടാക്‌സിക്കൊരുങ്ങി മുംബൈ

അന്ധേരിയിൽ നിന്നും ചർച്ച്‌ഗേറ്റിലെത്താൻ ഏകദേശം ഒന്നര മണിക്കൂറെങ്കിലും എടുക്കുമ്പോൾ പറക്കും ടാക്സിയിൽ 10 മിനിറ്റിനുള്ളിൽ സാധ്യമാക്കാമെന്നാണ് ഉബറിന്റെ അവകാശവാദം

0
രാജ്യത്തെ ഏറ്റവും തിരക്കേറിയ നഗരമായ മുംബൈ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് യാത്രാ പ്രശ്നം. ലോക്കൽ ട്രെയിനായാലും റോഡ് വഴിയായാലും അനായാസമായ യാത്ര സ്വപ്നത്തിൽ മാത്രം. മോണോ റെയിലും മെട്രോയുമെല്ലാം നഗരത്തിന് അലങ്കാരമാണെങ്കിലും എത്തിപ്പെടാനുള്ള തത്രപ്പാടിൽ വലയുകയാണ് ഓരോ യാത്രക്കാരും. ഏതാനും കിലോമീറ്റർ സഞ്ചരിക്കണമെങ്കിൽ തന്നെ മണിക്കൂറുകൾ ട്രാഫിക് കുരുക്കുകളിൽ പെട്ട് വലയുവാനാണ് പലർക്കും വിധി. നിലവിലെ അടിസ്ഥാന സൗകര്യങ്ങൾ വച്ച് അടുത്ത കാലത്തൊന്നും റോഡ് ഗതാഗതങ്ങൾക്ക് പരിഹാരം കാണുവാൻ കഴിയില്ലെന്നാണ് വിദഗ്ധരുടെയും നിരീക്ഷണം. എന്നാൽ ഇതിനൊരു പ്രായോഗിക പരിഹാരവുമായെത്തുകയാണ് ഉബർ ടാക്‌സി.

അന്ധേരിയിൽ നിന്നും ചർച്ച്‌ഗേറ്റിലെത്താൻ ഏകദേശം 100 മിനുറ്റാണ് കണക്കാക്കുന്നത്. എന്നാൽ പറക്കും ടാക്സിയിൽ ഇത് 10 മിനിറ്റിനുള്ളിൽ സാധ്യമാക്കാമെന്നാണ് ഉബറിന്റെ അവകാശവാദം

മുംബൈയിലെ തിരക്ക് പിടിച്ച പ്രധാന കേന്ദ്രങ്ങളിലേക്കെല്ലാം ഞൊടിയിടയിൽ പറന്നെത്താവുന്ന പദ്ധതിക്കാണ് രൂപരേഖയായത്. അന്ധേരിയിൽ നിന്നും ചെമ്പൂരിലെത്താൻ പത്തു മിനിറ്റ് പോലും വേണ്ടി വരില്ലെന്ന് പറഞ്ഞാൽ കർമ്മനിരതരായ മുംബൈവാസികൾക്ക് അതൊരു അനുഗ്രഹമാകും. ബാന്ദ്രയിൽ നിന്നും കാന്തിവിലിയിലേക്കും, ബോറിവ്‌ലിയിൽ നിന്നും മലബാർ ഹില്ലിലേക്കും പറന്നെത്താവുന്ന കാലം ഇനി വിദൂരമല്ലത്രെ. പറക്കും ടാക്‌സികൾ പരീക്ഷിക്കാനുള്ള അഞ്ച് രാജ്യങ്ങളുടെ പട്ടികയിലാണ് ഉബര്‍ ഇന്ത്യയെയും ഉൾപ്പെടുത്തിയിരിക്കുന്നത്. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ആദ്യത്തെ അന്താരാഷ്ട്ര ഉബർ എയർ സിറ്റി നടപ്പാക്കുന്ന രാജ്യങ്ങൾക്കിടയിലാണ് ഇന്ത്യക്ക് സ്ഥാനം.
ഇന്ത്യക്ക് പുറമെ ജപ്പാൻ, ഓസ്‌ട്രേലിയ, ബ്രസീൽ , ഫ്രാൻസ് എന്നിവിടങ്ങളിലും ഉബർ എലിവേറ്റ് എന്ന ആകാശ ടാക്‌സി വിഭാഗം പരീക്ഷണ പറക്കൽ നടത്തും. യുഎസിലെ ഡല്ലാസ്, ലോസാഞ്ചലസ് എന്നീ നഗരങ്ങൾക്ക് ശേഷമായിരിക്കും ഈ സേവനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ഇന്ത്യയിലും പദ്ധതി നടപ്പിലാക്കുക. പദ്ധതിയുടെ നേട്ടങ്ങൾ വിശദീകരിക്കുന്നതിന്റെ ഭാഗമായി നടത്തിയ പഠനത്തിൽ മുംബൈ എയർപോർട്ടിൽ നിന്നും ചർച്ച്‌ഗേറ്റിലെത്താൻ സാധാരണഗതിയിൽ ഏകദേശം 100 മിനുറ്റാണ് കണക്കാക്കുന്നത്. എന്നാൽ പറക്കും ടാക്സിയിൽ ഇത് 10 മിനിറ്റിനുള്ളിൽ സാധ്യമാക്കാമെന്നാണ് ഉബറിന്റെ ഗ്ലോബൽ മേധാവി എറിക് അല്ലിസൺ വ്യക്തമാക്കിയത്. കാര്യങ്ങൾ സുഗമമായാൽ 2020ൽ പദ്ധതിയുടെ പരീക്ഷണ പറക്കലിന് ശേഷം മൂന്ന് വർഷത്തിനകം മുംബൈയിൽ സേവനത്തിന് തുടക്കമിടാൻ കഴിയുമെന്നാണ് എറിക് പറയുന്നത്.
ഇന്ത്യയിലെ വൻ നഗരങ്ങളിൽ റോഡുകളിലെ തിരക്കിന് പരിഹാരമായാണ് ഉബറിന്റെ പറക്കും ടാക്‌സി എത്തുന്നത്. മുംബൈ, ഡൽഹി, ബെംഗളൂരു പോലുള്ള നഗരങ്ങൾ ലോകത്തിലെ തന്നെ തിരക്കേറിയ നഗരങ്ങളാണ്. മുംബൈ പോലുള്ള നഗരങ്ങളിൽ ചെറിയ ദൂരങ്ങൾ സഞ്ചരിക്കാൻ പോലും മണിക്കൂറുകൾ പാഴാക്കുന്നിടത്ത് യാത്ര സുഗമവും എളുപ്പവുമാക്കുവാനുള്ള പദ്ധതിയുമായാണ് ഉബർ എത്തുന്നത്.

ഇന്ധനവിലയിൽ നട്ടം തിരിഞ്ഞു മുംബൈ
മഹാനഗരം മലയാള നാടിനോടൊപ്പം

LEAVE A REPLY

Please enter your comment!
Please enter your name here