ക്യാപ്റ്റൻ രാജുവിന്റെ വിയോഗത്തിൽ മനം നൊന്ത് മുംബൈ

മുംബൈ നാടക രംഗത്തിന് നഷ്ടമായത് സ്വന്തം അമിതാഭ് ബച്ചനെ

0
ചലച്ചിത്ര നടൻ ക്യാപ്റ്റന്‍ രാജുവിന്റെ മരണ വാർത്ത ഞെട്ടലോടെയാണ് മുംബൈയിലെ സുഹൃത്തുക്കൾ കേട്ടത്. കൊച്ചിയിലെ വസതിയില്‍ ഇന്ന് രാവിലെയോടെ രാജു വിട പറയുമ്പോൾ വിശ്വസിക്കാനാവാതെയാണ് മുംബൈയിലെ പഴയ സഹ പ്രവർത്തകരും കുടുംബ സുഹൃത്തുക്കളും പ്രതികരിച്ചത്.
പട്ടാളത്തില്‍നിന്നു വിരമിച്ച ശേഷം മുംബൈയിലെ ‘ലക്ഷ്മി സ്റ്റാര്‍ച്ച്’ എന്ന കമ്പനിയിലും കുറേക്കാലം ജോലി ചെയ്തിരുന്ന ക്യാപ്റ്റൻ രാജു ഇതേ സമയം നഗരത്തിലെ പ്രതിഭാ തിയറ്റേഴ്‌സ് ഉള്‍പ്പെടെയുള്ള അമച്വര്‍ നാടക ട്രൂപ്പുകളിലും സഹകരിച്ചിരുന്നു. ഈ കാലഘട്ടത്തിൽ മഹാനഗരത്തിൽ ഒരു വലിയ സൗഹൃദ സാമ്രാജ്യമാണ് ക്യാപ്റ്റൻ കെട്ടിപ്പടുത്തത്. മുംബൈയിലെ കലാ ലോകത്ത് അറിയപ്പെടുന്ന നടനായി ക്യാപ്റ്റൻ മാറുകയായിരുന്നു.

ക്യാപ്റ്റൻ രാജു –  നഷ്ടമായത് മനുഷ്യ സ്നേഹിയായ കലാകാരനെന്ന് നടൻ ബാലാജി; ബാല്യകാല സുഹൃത്തിന്റെ വേർപാടിൽ ദുഃഖം പങ്കിട്ട് അഡ്വക്കേറ്റ് പദ്മ ദിവാകരൻ

വ്യക്തിബന്ധങ്ങൾക്ക് വലിയ പ്രാധാന്യം കൊടുത്തിരുന്ന ജേഷ്ഠ സഹോദരനെയാണ് തനിക്ക് നഷ്ടമായതെന്നാണ് മരണ വാർത്ത വിശ്വസിക്കാനാവാതെ നടൻ ബാലാജി പ്രതികരിച്ചത്. മുംബൈ നാടക ലോകത്തു നിരവധി വർഷം ഒരുമിച്ചു പ്രവർത്തിച്ചിരുന്ന സഹപ്രവർത്തകനെ രണ്ടു ദിവസം മുൻപ് കൊച്ചിയിലെ പാലാരിവട്ടത്തെ വീട്ടിൽ പോയി കണ്ടിരുന്നതാണെന്നും ഏകദേശം രണ്ടു മണിക്കൂറോളം സംസാരിച്ചിരുന്നപ്പോൾ അദ്ദേഹത്തെ ഊർജസ്വലനായാണ് കണ്ടതെന്നും ബാലാജി പറഞ്ഞു. ഒരു കുടുംബം പോലെയാണ് തങ്ങൾ കഴിഞ്ഞിരുന്നതെന്നും മുംബൈ നഗരം വിട്ടു മലയാള സിനിമയിൽ സജീവമായിരുന്ന സമയങ്ങളിലും നിരന്തരം ബന്ധപ്പെട്ടിരുന്നുവെന്നും ബാലാജി ഓർമ്മിക്കുന്നു. തലക്കനമില്ലാത്ത ഒരു മനുഷ്യസ്നേഹിയാണ് കലാലോകത്തിന് നഷ്ടമായതെന്നും ബാലാജി കൂട്ടിച്ചേർത്തു.

പത്തനംതിട്ട ജില്ലയിലെ ഓമല്ലൂർ സ്വദേശിയായ രാജുവിന്റെ അയൽവാസിയായിരുന്നു മുംബൈയിലെ സാമൂഹിക പ്രവർത്തകയായ അഡ്വക്കറ്റ് പദ്മ ദിവാകരൻ. ചെറുപ്പം മുതൽ ഒരുമിച്ചു കളിച്ചു വളർന്ന രാജുവിന്റെ മരണ വാർത്ത വലിയ ഞെട്ടലാണ് ഉണ്ടാക്കിയതെന്ന് പദ്മ ദിവാകരൻ പറഞ്ഞു. തനിക്കൊരു ജേഷ്ഠ സഹോദരനായിരുന്നു രാജുവെന്നും മുംബൈയിൽ ഉണ്ടായിരുന്ന സമയത്തും കുടുംബങ്ങൾ തമ്മിലുള്ള ബന്ധം കാത്തു സൂക്ഷിച്ചിരുന്നുവെന്നും അഡ്വക്കേറ്റ് പദ്മ ദിവാകരൻ പറഞ്ഞു. തനിക്ക് ഹിന്ദി ട്യൂഷൻ നൽകിയിരുന്ന പദ്മ ചേച്ചിയെ കുറിച്ച് പല വേദികളിലും ക്യാപ്റ്റൻ രാജുവും പരാമർശിക്കാറുണ്ടായിരുന്നു. രാജുവിന്റെ വിവാഹം മുംബൈയിൽ സാന്താക്രൂസിൽ വച്ചായിരുന്നുവെന്നും വിവാഹ ശേഷം അന്ന് ഭാണ്ഡൂപിൽ താമസിച്ചിരുന്ന തങ്ങളുടെ വീട്ടിൽ ചിലവഴിച്ച നല്ല നാളുകളെ ഓർത്തെടുത്തു പദ്മാ ദിവാകരൻ ബാല്യ കാല സുഹൃത്തിനെ അനുസ്മരിച്ചു. അസുഖമായി ചികത്സയിലായപ്പോഴും ഇടക്കിടെ പാലാരിവട്ടത്തെത്തി സുഖ വിവരങ്ങൾ തിരക്കുമായിരുന്നുവെന്നും മുംബൈയിൽ എപ്പോൾ വന്നാലും രാജു വീട്ടിലെത്താറുണ്ടായിരുന്നെന്നും മുൻ ഇൻകം ടാക്സ് ഡെപ്യൂട്ടി കമ്മീഷണർ പദ്മ ദിവാകരൻ പറഞ്ഞു.

ബോംബെ കേരളീയ സമാജം അവതരിപ്പിച്ച കാഹളം എന്ന നാടകത്തിൽ നടൻ ബാലാജിയും മറ്റു സഹപ്രവർത്തകരോടൊപ്പം ക്യാപ്റ്റൻ രാജു 
500-ലധികം സിനിമകളിൽ അഭിനയിച്ചിട്ടുള്ള ക്യാപ്റ്റൻ രാജു മുംബൈ നാടക ലോകത്തു നിന്നാണ് മലയാള സിനിമയിലേക്ക് ചേക്കേറുന്നത്. മുംബൈ നാടകവേദിയിലെ അമിതാഭ് ബച്ചൻ എന്നായിരുന്നു അന്നെല്ലാം രാജു അറിയപ്പെട്ടിരുന്നത്. പിന്നീട് സിനിമയിലെത്തിയ രാജു മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നട, ഇം‌ഗ്ലീഷ് എന്നീ ഭാഷകളിൽ സ്വഭാവ നടനായിട്ടൂം, വില്ലനായും കഴിവ് തെളിയിച്ചു.
ഒരു കാലത്ത് മുംബൈ നാടക ലോകത്തെ നിറ സാന്നിധ്യമായിരുന്ന ക്യാപ്റ്റൻ രാജുവിന്റെ വേർപാടിൽ നഗരത്തിലെ സാമൂഹിക സാംസ്‌കാരിക രംഗത്തെ നിരവധി പ്രമുഖർ അനുശോചനം രേഖപ്പെടുത്തി. ചലച്ചിത്ര നടൻ കെ ഡി ചന്ദ്രൻ, ചലച്ചിത്ര നടിയും കഥകളി കലാകാരിയുമായ താര വർമ്മ, ശ്രീകാന്ത് നായർ, വടശ്ശേരി സോമൻ, ഡോ സുരേഷ് കുമാർ മധുസൂദനൻ, നാടക പ്രവർത്തകരായ ആശിഷ് എബ്രഹാം, മധു നമ്പ്യാർ തുടങ്ങി നിരവധി പ്രമുഖർ സമൂഹ മാധ്യമങ്ങളിലൂടെ അനുശോചനം രേഖപ്പെടുത്തി.


മലയാള ഭാഷാ പ്രചാരണ സംഘത്തിന്റെ നാടക കളരിയിൽ സജീവ പങ്കാളിത്തം

LEAVE A REPLY

Please enter your comment!
Please enter your name here