ശബരിമല സ്ത്രീ പ്രവേശനം; മുംബൈയിൽ സമ്മിശ്ര പ്രതികരണം

0
ശബരിമലയിൽ പ്രായഭേദമില്ലാതെ എല്ലാ സ്ത്രീകൾക്കും പ്രവേശിക്കാമെന്ന് സുപ്രീം കോടതി വിധി. 12 വർഷത്തെ നിയമയുദ്ധത്തിന് ശേഷമാണ് ശബരിമല കേസിൽ വിധി വരുന്നത്. ശബരിമല സന്നിധാനത്ത് 10 നും 50നും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്ക് ഏർപ്പെടുത്തിയിരിക്കുന്ന നിരോധനം നീക്കണമെന്ന് ആവശ്യപ്പെട്ട് യംങ് ലോയേഴ്സ് അസോസിയേഷനാണ് ഹർജി നൽകിയത്. ഇത് സംബന്ധിച്ച് എട്ട് ദിവസം നീണ്ട് നിന്ന വാദമാണ് കോടതിയിൽ നടന്നത്. നാല് ജഡ്ജിമാർക്ക് കേസിൽ ഒരു അഭിപ്രായമായിരുന്നു. വനിതാ ജഡ്ജി ജസ്റ്റിസ് ഇന്ദു മൽഹോത്രക്ക് മാത്രമായിരുന്നു ഭിന്നാഭിപ്രായം.
ശാരീരിക അവസ്ഥയുടെ പേരിൽ സ്ത്രീകളോട് വിവേചനം പാടില്ലന്നും വിശ്വാസത്തിൽ തുല്യത വേണമെന്നും സ്ത്രീകളെ ദൈവമായി കണക്കാക്കിയ രാജ്യമാണ് ഇന്ത്യയെന്നും കോടതി അഭിപ്രായപ്പെട്ടു. അയ്യപ്പവിശ്വാസികൾ പ്രത്യേക മതവിഭാഗമല്ലെന്നും കോടതി വ്യക്തമാക്കി. സ്ത്രീകളോടുള്ള ഇരട്ടത്താപ്പ് തരംതാഴ്ത്തുന്നതിനോട് സമമാണ്. വിവേചനത്തെ ഭരണഘടന അംഗീകരിക്കുന്നില്ല. മതത്തിലെ പുരുഷാധിപത്യം മതത്തിന്റെ പേരില്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കരുതെന്നും കോടതി നിരീക്ഷിച്ചു.
വിഷയത്തിൽ മുംബൈയിലെ പ്രമുഖർ പ്രതികരിച്ചു. കോടതി വിധിയെ സ്വാഗതം ചെയ്യുന്നുവെന്നാണ് സാമൂഹിക പ്രവർത്തകനായ ടി എൻ ഹരിഹരൻ അഭിപ്രായപ്പെട്ടത്. ഇന്നത്തെ ആചാരങ്ങൾ പലതും വരും തലമുറകൾക്ക് അനാചാരങ്ങളായേക്കാമെന്നും സമൂഹം കൂടുതൽ ശാസ്ത്രീയമായ അടിത്തറ നേടുന്നതോടെ പല വിശ്വാസങ്ങളും അനാചാരങ്ങളാവുമെന്നും അദ്ദേഹം വ്യക്തമാക്കി.
എന്നാൽ കാലാ കാലങ്ങളായി അനുഷ്ടിച്ചു വരുന്ന ആചാരങ്ങളെ മാറ്റി മറിക്കുന്നത് നല്ല പ്രവണതയല്ലെന്ന അഭിപ്രായമാണ് മുംബൈയിലെ മുതിർന്ന കോൺഗ്രസ് നേതാവും പാർട്ടി നിർവാഹ സമിതി അംഗവും കൂടിയായ കുമാരൻ നായർ പ്രകടിപ്പിച്ചത് . സമത്വത്തിന് വേണ്ടി നാളെ പുരുഷന്മാർ സാരി ധരിക്കണമെന്ന് കോടതി തീരുമാനിച്ചാൽ നടപ്പിലാക്കാൻ കഴിയുമോയെന്നും അദ്ദേഹം ചോദിച്ചു.
ഹിന്ദു മത ആചാരങ്ങൾക്ക് നേരെയുള്ള കോടതിയുടെ വിവേചനപരമായ ഇടപെടലുകൾ അപലപനീയമാണെന്ന് ശിവസേന സൗത്ത് ഇന്ത്യൻ സെൽ നേതാവ് ശ്രീകാന്ത് നായർ പറഞ്ഞു. എല്ലാ അയ്യപ്പ ഭക്തർക്കും വാവർ പള്ളിയിലും പ്രവേശനം അനുവദിക്കണമെന്ന അഭിപ്രായമാണ് ലോജിസ്റ്റിക് രംഗത്തു പ്രവർത്തിക്കുന്ന ബിജു രാമൻ പ്രകടിപ്പിച്ചത്. കാലാകാലങ്ങളായി അനുഷ്ടിച്ചു വരുന്ന ആചാരങ്ങൾ ഒരു നിമിഷം കൊണ്ട് ഇല്ലായ്മ ചെയ്തതിൽ ദുഃഖം തോന്നുന്നുവെന്നാണ് മുംബൈ താനെ എസ് എൻ ഡി പി യൂണിയൻ പ്രസിഡന്റ് എസ് ഗോപാലകൃഷ്ണൻ പ്രതികരിച്ചത്.
വിശാസത്തിനപ്പുറം വിപ്ലവാത്മകമായ വിധിയെന്നാണ് സാമൂഹിക പ്രവർത്തകനായ വത്സൻ മൂർക്കോത്ത് ഇതിനോട് പ്രതികരിച്ചത്. ഇതൊരു വിശ്വാസത്തിന്റെ പ്രശ്‌നമല്ലെന്നും മനുഷ്യാവകാശത്തിന്റെ പ്രശ്നമാണെന്നും അദ്ദേഹം പറഞ്ഞു. പണ്ട് കേരളത്തിൽ ക്ഷേത്ര പ്രവേശനവുമായി ബന്ധപ്പെട്ട സമരം പോലെ ദൂരവ്യാപകമായ ഫലം ഈ വിധി കൊണ്ട് സമൂഹത്തിൽ ഉണ്ടാകുമെന്നും വത്സൻ മൂർക്കോത്ത് പറഞ്ഞു. 
ശബരിമലയിൽ കയറുന്ന എല്ലാവരും മല ചവിട്ടണമെങ്കിൽ എരുമേലിയിൽ പേട്ടതുള്ളി വാവർ സ്വാമിയെ തൊഴുത് വേണം മലകയറാൻ ഈ വരുന്ന എത്ര മഹിളാമണികൾ വാവർ പള്ളിയിൽ കയറുമെന്നത് കാത്തിരുന്ന് കാണാമെന്നാണ് ഗായകനായ ഗണേഷ് അയ്യർ കുറിച്ചത്.
ക്ഷേത്ര പ്രവേശന വിളംബരം പോലെ ഐതിഹാസികമായ വിധിയാണിതെന്നാണ് സാമൂഹിക പ്രവർത്തകനായ ടി എൻ സുരേന്ദ്രൻ പ്രതികരിച്ചത്. അന്ധവിശ്വാസത്തിലേക്ക് കൂപ്പുകുത്തിയിരിക്കുന്ന കേരളത്തിന്റെ മനസ്സാക്ഷിയെ പിടിച്ചുലയ്ക്കുന്ന വിധിയാണിതെന്നും അദ്ദേഹം പറയുന്നു. തന്ത്രിമാരും ജ്യോത്സര്യം ഒരു സമൂഹത്തെ ഭരിക്കുന്നതിന് പകരം രാജ്യത്തെ നിയമവും ഭരണഘടനയും പ്രദാനം ചെയ്യുന്ന സ്ത്രീ പുരുഷ ഭേദമന്യേ തുല്യ അവകാശം നടപ്പിലാക്കുന്ന ചരിത്രപ്രധാനമായ വിധിയെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്.
വിശ്വാസം ഉള്ള എല്ലാവർക്കും പോകുന്നതിനു ഒരു തടസവും ഇല്ലലോയെന്നാണ് പ്രേംകുമാർ പി എസിന്റെ ആദ്യ പ്രതികരണം. ഇന്ത്യയിലെ എല്ലാ പൗരനും ഒരേ നിയമം ഉണ്ടാകേണ്ടത് ആവശ്യമാണെന്നും അദ്ദേഹം കുറിക്കുന്നു.
കൂടുതൽ പ്രതികരണങ്ങളിലേക്ക് ::

അഡ്വക്കേറ്റ് പ്രേമാ മേനോൻ
ലോക കേരള സഭാംഗം

വിഗ്രഹ പ്രതിഷ്ഠയിലധിഷ്ഠിതമായ ആചാരങ്ങളിൽ ഇടപെടാൻ ഒരു കോടതിക്കും അവകാശമില്ല. ഇത്തരമൊരാചാരം ഭരണഘടനാവിരുദ്ധമെങ്കിൽ ഇവിടെ ഇന്ന് നിലവിലുള്ള സംവരണങ്ങളെല്ലാം ആദ്യം നിറുത്തലാക്കുക, തുല്യനീതി ഉറപ്പാക്കുക. ഗുരുവായൂർ ക്ഷേത്രത്തിൽ യേശുദാസിന് വിലക്കേർപ്പെടുത്തിയ വ്യവസ്ഥയിലും പൊളിച്ചെഴുത്താകാം
മാന്നനൂർ രവീന്ദ്രൻ, ആത്മീയ പ്രഭാഷകൻ.
(മുൻ പ്രസിഡന്റ്, ക്ഷേത്ര പരിപാലന കേന്ദ്ര സമിതി, മുംബൈ..)
ശബരിമല സ്ത്രീ പ്രവേശനത്തിൽ വന്ന സുപ്രീം കോടതി വിധി, കോടിക്കണക്കിന് അയ്യപ്പഭക്തരെയും വിശ്വാസികളെയും വേദനിപ്പിക്കുന്നതാണ്. ഒരു മതങ്ങളും തങ്ങളുടെ ആചാരങ്ങൾ പാലിക്കുന്നത് ഭരണഘടനാപരമായിട്ടല്ല .ശബരിമലയിൽ നിലനിന്നു പോരുന്ന ആചാരങ്ങളുടെ മൂല്യം അറിയാത്തവരും ശബരിമലയിൽ പോയിട്ടില്ലാത്തവരും ആണ് ഇതിനു വേണ്ടി കോടതി കയറിയത്. ഈ വിധിയുടെ ഗുരുതരമായ പ്രത്യാഘാതങ്ങൾക്കു അവരും, ഈ കേസിൽ വിശ്വാസികളുടെ താല്പര്യം സംരക്ഷിക്കാൻ കഴിയാതിരുന്ന സർക്കാരും ഉത്തരവാദികളാകേണ്ടി വരും. വിശ്വാസികളുടെ താല്പര്യങ്ങളും ക്ഷേത്രാചാരങ്ങളും കോടതിയെ ബോധ്യപ്പെടുത്താൻ കഴിവുള്ള വക്കിൽമാരെ നിയമിക്കാൻ സർക്കാരിന് കഴിഞ്ഞില്ല. മൗലികാവകാശത്തിന്റെ പേരിൽ കൂടുതൽ അനുബന്ധ കേസ്സുകൾ ഉണ്ടാകാൻ ഈ വിധി കാരണമാകും.ക്ഷേത്രങ്ങളിൽ  സ്ട്രീകളെ തന്ത്രികളും പൂജാരിമാരും ആയി നിയമിക്കണമെന്നും, ഇരുമുടി ഇല്ലാതെ പതിനെട്ടാം പാടി കയറാൻ അനുവദിക്കണമെന്നും, ക്ഷേത്രങ്ങൾ അടച്ചിടാൻ പാടില്ലെന്നും,മദ്യപിച്ചുകൊണ്ടു ക്ഷേത്ര ദര്ശനം ചെയ്യാൻ അനുവദിക്കണമെന്നും എല്ലാം ആവശ്യപ്പെട്ടു കൊണ്ട് മൗലികാവകാശത്തിന്റെ പേരിൽ ഇനി ആർക്കും കോടതിയെ സമീപിക്കാം. വോളിബാൾ കളിക്കുന്നവരെ പ്പോലെ ഫുട്ബാൾ കളിക്കുന്നവനും ബോൾ കൈ കൊണ്ട് തട്ടാൻ അവസരം വേണം എന്ന് പറയുന്നതുപോലെ യാണ് ഈ വാദം. എല്ലാ മതങ്ങളിലും നിലവിലുള്ള ആചാരങ്ങളെയും ഈ വിധി സ്വാധീനിക്കും . ഈ വിധി കലികാല വൈഭവമാണ്. കാലദോഷത്തിന്റെ തുടക്കമാണ്. വിശ്വാസികളുടെ മനസ്സിൽ ദുരന്തങ്ങളുടെ ദുസ്വപ്നങ്ങൾ ഉണ്ടാക്കാൻ ഇത് കാരണമാകും എന്ന് ഭയപ്പെടുന്നു. ആചാരങ്ങളെ മാനിക്കുന്ന സ്ത്രീ ഭക്ത ജനങ്ങൾക്കു ശബരിമലയിൽ പോകാതിരിക്കാനുള്ള അവകാശ മുണ്ടല്ലോ. ആയതിനാൽ ഈ വിധി കടലാസിൽ മാത്രം ഒതുങ്ങുമെന്നാണ് എന്റെ അഭിപ്രായം. ഇതിനെതിരെ സർവ ശകതനായ അയ്യപ്പൻ പ്രതികരിക്കാതിരിക്കട്ടെ എന്ന് മാത്രം പ്രാർത്ഥിക്കുന്നു.

ശബരിമല തീർത്ഥാടനത്തിനായി മുംബൈയിൽ നിന്ന് യാത്ര തിരിച്ച പതിനഞ്ച സംഘം വഴിയിൽ കുടുങ്ങി

LEAVE A REPLY

Please enter your comment!
Please enter your name here