കുടുംബശ്രീയുടെ കൈപ്പുണ്യം നുകരാൻ അർബൻ ഹാട്ടിൽ തിരക്കോട് തിരക്ക്

0
എണ്ണയില്‍ മൊരിഞ്ഞ പൊളപൊളപ്പന്‍ നാടന്‍ കൊഞ്ച്, കപ്പയും മീൻ കറിയും അതും കൊടമ്പുളിയിട്ട് വറ്റിച്ചത്, പിന്നെ തലശ്ശേരിക്കാരുടെ ദം ബിരിയാണിയും കോട്ടയത്തുകാരുടെ നെയ്മണമുതിര്‍ക്കുന്ന മുളയരിപ്പായസവും. അർബൻ ഹാട്ടിലെ ഗുജറാത്ത് ഫെസ്റ്റിവലിൽ കുടുംബശ്രീയുടെ കൈപ്പുണ്യം നുകരാൻ മലയാളികളെ കൂടാതെ ഇതരഭാഷക്കാരുടെയും തിരക്കാണ്.

മായം കലരാത്ത ഭക്ഷണങ്ങളെന്ന ഉറപ്പുമുണ്ട് ഈ പെണ്‍കൂട്ടായ്മയിലെ വിഭവങ്ങള്‍ക്ക്. വിവിധ ജില്ലകളിലെ നാടന്‍ രുചികളെ കോര്‍ത്തിണക്കിയാണ് ഭക്ഷ്യമേള സംഘടിപ്പിക്കുന്നത്.

നവി മുംബൈയിൽ സി ബി ഡി ബേലാപ്പൂരിലെ അർബൻ ഹാട്ടിൽ സിഡ്കോയുടെ കീഴിൽ നടക്കുന്ന മേളയിലാണ് കേരളത്തിൽ നിന്നെത്തിയിരിക്കുന്ന കുടുംബശ്രീയുടെ ഭക്ഷ്യമേള ശ്രദ്ധ നേടുന്നത്. കേരളത്തിന്റെ വിവിധ ജില്ലകളിൽ നിന്നെത്തിയ കുടുംബശ്രീ വനിതകൾ ഒരുക്കിയ നാടന്‍ രുചികള്‍ നഗരവാസികളുടെ നാവിന്‍തുമ്പിലേക്ക് പരന്നൊഴുകുകയാണ്. മേളയിലെ കാഴ്ചകള്‍ കാണാനെത്തുന്നവരെ കുടുംബശ്രീയുടെ കൈപ്പുണ്യം തൃപ്തി പകര്‍ന്നാണ് യാത്രയാക്കുന്നത്.
മായമില്ല തന്ത്രമില്ല
മായം കലരാത്തവയെന്ന ഉറപ്പുമുണ്ട് ഈ പെണ്‍കൂട്ടായ്മയിലെ വിഭവങ്ങള്‍ക്ക്. വിവിധ ജില്ലകളിലെ നാടന്‍ രുചികളെ കോര്‍ത്തിണക്കിയാണ് ഭക്ഷ്യമേള സംഘടിപ്പിക്കുന്നത്. തൂവെള്ള വസ്ത്രവും തലപ്പാവുമണിഞ്ഞ വനിതകളാണ് ഫുഡ് കോര്‍ട്ടിന്റെ മുന്നണിയിലും പിന്നണിയിലും പ്രവര്‍ത്തിക്കുന്നത്. പ്രത്യേകം പരിശീലനം നേടിയ ഇവരുടെ അടുക്കളയിലേക്ക് അജിനോമോട്ടോ ഉള്‍പ്പെടെയുള്ള രാസപദാര്‍ഥകള്‍ക്ക് പൂര്‍ണവിലക്കാണ്. കുടുംബശ്രീ സംരംഭകരില്‍നിന്ന് വാങ്ങിയ ശുദ്ധമായ കറിപ്പൊടികളാണ് ഉപയോഗിക്കുന്നത്. മലബാറിന്റെ സ്വന്തം ദം ബിരിയാണി മുതല്‍ കുട്ടനാടന്‍ വിഭവങ്ങള്‍ വരെയുള്ളവ ഭക്ഷണ പ്രേമികളുടെ കണ്‍മുമ്പിലാണ് തയ്യാറാക്കുന്നത്.

കോഴിക്കോടിന്റെ സ്വന്തം മുളയരിപ്പായസത്തിനും പാലടപ്പായസത്തിനുമെല്ലാം ആരാധകര്‍ ആവോളമുണ്ട്. ജ്യൂസ് ഇനങ്ങളിൽ നെല്ലിക്ക ജ്യൂസിന്റെ ഡിമാൻഡ് ഇതര പഴ വർഗങ്ങളെ പുറകിലാക്കിയിരിക്കയാണ്.

നല്ല മലയാളികൾ; മുംബൈ മലയാളികൾ!
കേട്ടറിവുള്ള നഗരത്തിലേക്ക് വരുവാൻ പലർക്കും ആദ്യമൊക്കെ വലിയ ആശങ്കയായിരുന്നു. സിനിമകളിലൊക്ക കണ്ടിട്ടുള്ള മുംബൈയിലെ കാർലോസും, മുതലിയാരും ഹാജി മസ്താനുമൊക്കെ ഇപ്പോഴും ഇവരുടെയെല്ലാം മനസ്സിൽ ഭീതി പടർത്തുന്നു.
“ആദ്യമൊക്കെ മുംബൈയിൽ വരുമ്പോൾ വലിയ പേടിയായിരുന്നു. അധോലോകമെന്നൊക്കെയല്ലേ കേട്ടിട്ടുള്ളത്. ഇവിടെ വന്നപ്പോഴാണ് തെറ്റിദ്ധാരണകൾ മാറിയത്” കാസർഗോഡിൽ നിന്നെത്തിയ മീനയ്ക്ക് മുംബൈ നഗരത്തെ കുറിച്ചുള്ള ആശങ്ക മാറിയത് രണ്ടാം വരവിലായിരുന്നു.
“കുടുംബസമേതം വന്ന് കുഞ്ഞുങ്ങളെല്ലാം വയറു നിറയെ രുചിയോടെ കഴിച്ചു മടങ്ങുന്നത് കാണുമ്പോൾ ഞങ്ങളുടെയെല്ലാം മനസാണ് നിറയുന്നത് സാറേ” തിരുവനന്തപുരത്തു നിന്നെത്തിയ ബിന്ദുവിന്റെ വാക്കുകളിൽ ചാരിതാർഥ്യം.
“ഞങ്ങളുടെ ബിരിയാണിക്കെല്ലാം ഇത്രക്ക് ആവശ്യക്കാരുണ്ടെന്ന് മനസിലായത് ഇവിടെ വന്നപ്പോഴാണ്” തലശ്ശേരിയിൽ നിന്നും വന്ന മിനി അഭിമാനത്തോടെ പറയുന്നു.
“ഇത്രേം നല്ല മലയാളികളെ ഞങ്ങ ആദ്യമായാണ് കാണുന്നത് ” കൊച്ചിയിൽ നിന്നെത്തിയ ചേച്ചിയുടെ നിഷ്കളങ്കമായ ചിരിയിൽ മുംബൈ മലയാളികളുടെ തങ്കപ്പെട്ട സ്വഭാവത്തെയാണ് വിലയിരുത്തിയത്.
പ്രളയക്കെടുതിൽ ദുരിതമനുഭവിക്കുന്ന കുടുംബശ്രീ അംഗങ്ങളെ സഹായിക്കുവാൻ വിറ്റുവരവിലെ ലാഭ വിഹിതം ഉപയോഗിക്കുമെന്ന് ഇവർ പറഞ്ഞു.
രുചിഭേദങ്ങളുടെ കലവറ
കുടുംബശ്രീ പിടി-കോഴിക്കറി, കപ്പ ബിരിയാണി, പാലപ്പം കോഴിക്കറി, ബട്ടൂര, ചിക്കന്‍ നുറുക്കി വറുത്തത് തുടങ്ങിയവ കൂടാതെ തെക്കന്‍ രുചികളും മീന്‍ വിഭവങ്ങളുമായെത്തിയ കൊച്ചിക്കാരും പിന്നെ കുട്ടനാടൻ കറികളുമെല്ലാം മലയാളികൾക്ക് രുചിയുടെ പുത്തൻ അനുഭവമാണ് പകർന്നാടുന്നത്. കോഴിക്കോടിന്റെ സ്വന്തം മുളയരിപ്പായസത്തിനും പാലടപ്പായസത്തിനുമെല്ലാം ആരാധകര്‍ ആവോളമുണ്ട്. ജ്യൂസ് ഇനങ്ങളിൽ നെല്ലിക്ക ജ്യൂസിന്റെ ഡിമാൻഡ് ഇതര പഴ വർഗങ്ങളെ പുറകിലാക്കിയിരിക്കയാണ്. വിവിധതരം പുട്ടുകള്‍, ഇലയട, ചിക്കന്‍ സുക്ക, ചപ്പാത്തി, തുടങ്ങിയവ വിഭവങ്ങളും മേളയിലുണ്ട്. പ്രകൃതിദത്ത ഔഷധക്കൂട്ടുകള്‍ ചേര്‍ത്ത ചിക്കന്‍ പൊള്ളിച്ചതാണ് മറ്റൊരു സവിശേഷയിനം.
കുടുംബശ്രീക്ക് കൈത്താങ്ങാകാൻ പദ്ധതി
ദാരിദ്ര്യ ലഘൂകരണം ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന കുടുംബശ്രീ മായം കലരാത്ത രുചിഭേദങ്ങളിലൂടെ സുരക്ഷിതമായ ഒരു ഭക്ഷ്യസംസ്ക്കാരത്തിനുകൂടി വഴിതുറക്കുകയാണെന്നും അർബൻ ഹാട്ടിൽ സ്ഥിരമായി കുടുംബശ്രീ ഭക്ഷണങ്ങൾ ലഭ്യമാക്കാനുള്ള പദ്ധതി തന്റെ വലിയൊരു സ്വപ്നമാണെന്നും സിഡ്കോ അർബൻ ഹാട്ട് മാനേജർ കെ എസ് വി നായർ പറഞ്ഞു. നഗരത്തിന്റെ ഹൃദയ ഭാഗത്തു തന്നെ പ്രകൃതിയോട് ചേർന്ന് കിടക്കുന്ന അർബൻ ഹാട്ടിനെ ഒരു വിനിമയ കേന്ദ്രത്തോടൊപ്പം തന്നെ സാംസ്‌കാരിക കേന്ദ്രമാക്കി വളർത്തിയെടുക്കാൻ കഴിഞ്ഞതിൽ നായർ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. രാജ്യത്തെ കരകൗശല വസ്തുക്കളുടെ പ്രദർശന കേന്ദ്രമാണ് നാല്പതോളം സ്റ്റാളുകൾ ഉള്ള സിഡ്കോ അർബൻ ഹാട്ട്. സ്ഥലത്തിന് പൊന്നു വിലയുള്ള നഗരത്തിൽ ഇത്രയും സൗകര്യങ്ങളോടെ മിതമായ നിരക്കിൽ വിനിമയം നടത്തുവാൻ വേദിയൊരുക്കുന്ന അർബൻ ഹാട്ട് ചെറുകിട വ്യപാരികളുടെ അത്താണിയാണ്.

സെപ്റ്റംബർ 28ന് ആരംഭിച്ച ഉത്സവ് ഒക്ടോബർ 7 വരെ ഉണ്ടാകും. ഗുജറാത്തി കോലാപ്പുരി രാജസ്ഥാനി ഭക്ഷ്യവിഭങ്ങളുടെ സ്റ്റാളുകൾ വൈവിധ്യം നിറഞ്ഞ രുചിഭേദങ്ങളാണ് നഗരത്തിലൊരുക്കിയിരിക്കുന്നത്. രാവിലെ 11 മണി മുതൽ രാത്രി 9 വരെയാണ് മേള. വൈകീട്ട് വിവിധ കലാപരിപാടികളും അരങ്ങേറും .WATCH AMCHI MUMBAI ON SUNDAY @ 7.30 AM IN KAIRALI TV FOR THE SPECIAL REPORT


URBAN HAAT
C-6/1, Sakaram Patil Marg, Sector 6, CBD Belapur, Sector 29,
CBD Belapur, Navi Mumbai, Maharashtra 400614.
Phone 95945 21169

 

LEAVE A REPLY

Please enter your comment!
Please enter your name here