ആരാധനയിലെ ലിംഗവിവേചനം; സംവാദത്തിനൊരുങ്ങി മുംബൈ

0
മുംബൈ റാഷനലിസ്റ്റ് അസോസിയേഷന്റെ ആഭിമുഖ്യത്തിലാണ് “ആരാധനയിലെ ലിംഗവിവേചനം” എന്ന വിഷയത്തെ ആസ്പദമാക്കി സംവാദം സംഘടിപ്പിക്കപ്പെടുന്നത്.
ഒക്ടോബർ 13 ശനിയാഴ്ച വൈകിട്ട് 6 മണിക്ക്‌ ചെമ്പൂർ ആദർശ വിദ്യാലയമാണ് വേദി. സുരേഷ് ടി. വിഷയാവതരണവും പ്രമുഖ കഥാകാരി മാനസി, അഭിഭാഷക പ്രേമാമേനോൻ, സാമൂഹ്യ പ്രവർത്തകരായ ദിവൃ കളത്തിങ്ങൽ, രേഷ്മ രാധാകൃഷ്ണൻ തുടങ്ങിയവർ വ്യത്യസ്ത നിലപാടുകൾ അവതരിപ്പിക്കുന്നതാണ്. പ്രകാശ് കാട്ടാക്കട സംവാദത്തിന്റെ മോഡറേറ്ററായിരിക്കും.

ആരാധനയിലെ ലിംഗനീതിയുടെ കാലിക പ്രസക്തിയാണ് സംവാദമൊരുക്കാൻ മുംബൈയിലെ യുക്തിവാദി കൂട്ടായ്മയായ മുംബൈ റാഷനലിസ്റ്റ് അസോസിയേഷനെ പ്രേരിപ്പിച്ച ഘടകം. മൂന്നാം സഹസ്‌റാബ്ദത്തിൽ കാലൂന്നി നിൽക്കുന്ന ആധുനിക സമൂഹത്തിൽ പുരുഷാധിപത്യ – സ്ത്രീവിരുദ്ധ ദുരാചാരങ്ങളും അനുഷ്ടാനങ്ങളും പൂർവാധികം മഹത്വവത്ക്കരിക്കപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും എല്ലാ മത വിശ്വാസങ്ങളും പൗരോഹിത്യ സങ്കല്പങ്ങളും ലിംഗവിവേചനത്തിന്റെ വിചിത്ര ന്യായങ്ങൾ നിരത്തി പരസ്പരം മത്സരിക്കുകയാണെന്നും സംഘടന വിശദീകരിക്കുന്നു. സാമൂഹ്യ മണ്ഡലങ്ങളിലാകെ സ്ത്രീകൾ പുരുഷമേധാവിത്വത്തിന്റെ അപ്രമാദിത്വത്തിലൂടെ അനാചാര – അത്യാചാര ആചരണങ്ങളിലൂടെ വർധമാനമായ തോതിൽ അടിച്ചമർത്തപ്പെടുകയാണ്. ആരാധനാലയങ്ങൾ സ്ത്രി വിമുക്തമാക്കണമെന്ന ഫ്യൂഡൽ മൂല്യങ്ങൾ ചെറുത്തു നില്പുകളിലൂടെയും ജനാധിപത്യ ഇടപെടലുകളിലൂടെയും നാമമാത്രമായി തിരുത്തപ്പെടുന്നുണ്ടെന്നിരിക്കെ, ജനാധിപത്യവത്കരണം അതിന്റെ യുക്തിസഹമായ പ്രയോഗ തലത്തിലെത്താൻ സ്ത്രി – പുരുഷ സമത്വമൂല്യങ്ങൾ പൂർണമായ തോതിൽ അംഗീകരിക്കപ്പെടുകയും പ്രയോഗവത്ക്കരിക്കപ്പെടുകയും ചെയ്യേണ്ടതാണ്. ആത്മീയ – ഭൗതിക വ്യാപാരങ്ങളിലാകമാനം സ്ത്രീ-പുരുഷ തുല്യ സമത്വം സ്ഥാപിക്കപ്പെടേണ്ടതാണെന്നും പത്രക്കുറിപ്പിൽ പറയുന്നു.

ആരാധനാലയങ്ങളിലെ ലിംഗവിവേചനം മതവിശ്വാസങ്ങൾക്കതീതമായി ചോദ്യം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു സംവാദത്തിന്റെ പ്രസക്തി

സ്ത്രീ വിമോചനത്തിന്റെ നൂതനാശയങ്ങൾ പ്രത്യയശാസ്ത്രപരമായ പ്രസക്തിയിലൂന്നി പ്രഘോഷിക്കപ്പെടുമ്പോൾ മതാധിഷ്ഠിതനീചത്വം ഭരണസംവിധാനത്തിന്റെ ഔദാര്യമുപയോഗപ്പെടുത്തി ചാരിത്രാതീത കിരാത നീതി അടിച്ചേല്പിച്ച് സ്ത്രീയെ കീഴ്പ്പെടുത്തുന്ന കാഴ്ച വർത്തമാനഭാരതം സാക്ഷ്യം വഹിക്കുകയാണ്. വർധിച്ചു വരുന്ന ബലാൽസംഗ -പീഠന വാർത്തകൾ സ്ത്രീ സുരക്ഷയുടെ പൊള്ളയായ പൊരുൾ വെളിവാക്കുകയാണ്. ആരാധനാലയങ്ങളിലെ ലിംഗവിവേചനം മതവിശ്വാസങ്ങൾക്കതീതമായി ചോദ്യം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു സംവാദത്തിന് വേദിയൊരുക്കുന്നതെന്നും സംഘടനാ വ്യക്തമാക്കുന്നു.

കേരളത്തിൽ സുപ്രിം കോടതി വിധിയിലൂടെ അംഗീകരിക്കപ്പെട്ട ശബരിമല സ്ത്രീ പ്രവേശനാനുമതി ഏതു വിധേനയും നിയമവിരുദ്ധ ജനാധിപത്യവിരുദ്ധ മാർഗങ്ങളിലൂടെ തടയാനാണ് പുരുഷാധിപത്യ – ഫ്യൂഡൽ ശക്തികൾ ശ്രമിച്ചു കൊണ്ടിരിക്കുന്നത്. ജനാധിപത്യ – മതേതര രാഷ്ട്രഘടനയേ വെല്ലുവിളിച്ച് മതാധിഷ്ഠിത മാർഗങ്ങൾ ഉപയോഗിച്ച് നിയമ വ്യവസ്ഥയെ തങ്ങളുടെ ചൊല്പടിക്കു നിർത്താനുള്ള നീചവും നിന്ദ്യവുമായ വിധ്വംസക പ്രവൃത്തിയിലൂടെ ലിംഗവിവേചനത്തിന്റെ വീക്ഷണത്തിന് പുതിയ മാനം കൈവന്നിരിക്കുകയാണെന്നും സംഘടന പ്രതിപാദിക്കുന്നു.

ആർത്തവത്തിന്റെ പേരിൽ സ്ത്രീയെ ആരാധനാലയങ്ങളിൽ നിന്ന് മാറ്റി നിർത്തണമെന്നാക്രോശിക്കുന്നവർ തന്നെ സ്ത്രീത്വത്തെയും മാതൃത്വത്തെയും മഹനീയ വർണനകളിലൂടെ പ്രകീർത്തിക്കുന്ന വിരോധാഭാസം വിചിത്രവും വിലകുറഞ്ഞതുമെന്ന് പറയാതിരിക്കാൻ നിവൃത്തിയില്ല. മാതൃത്വത്തിന്റെ മഹത്തായ ജീവശാസ്ത്രവസ്ഥയാണ് ആർത്തവകാലമെന്നിരിക്കെ, ബ്രഹ്മചാരിയായ അവതാരത്തിന്റെ ദിവ്യാസ്തിത്വം ഋതുമതികളായ സ്ത്രീകളുടെ സാമീപ്യത്തിലൂടെ തകർന്നടിയുമെന്ന അബദ്ധജഡിലമായ അന്ധവിശ്വാസമാണ് ഭക്തലക്ഷങ്ങൾ ബ്രാഹ്മണ്യ – രാജാധിപത്യ ബോധ പ്രേരണയാൽ വച്ചു പുലർത്തുന്നത്.

തെരുവുയുദ്ധത്തിലൂടെ നിയമ വ്യവസ്ഥയെ വെല്ലുവിളിച്ച് രാഷ്ടീയാധികാരലബ്ധിക്കായി സ്ത്രീ കവചമൊരുക്കിയാണ് സ്ത്രീവിരുദ്ധതക്ക് ശക്തി പകരുന്നതെന്നു കൂടി മതേതര-പുരോഗമന സമൂഹം കാണേണ്ടിയിരിക്കുന്നു. സ്ത്രീപക്ഷ – ജനാധിപത്യ പുരോഗമന നിലപാടിലൂന്നി സ്ത്രീവിരുദ്ധ പിന്തിരിപ്പൻ ആശയഗതിക്കെതിരെ ശക്തമായ ബോധവത്ക്കരണം നടത്തേണ്ടത് യുക്തിവാദികളുടെ കടമയാണെന്ന് MRA വിശ്വസിക്കുന്നു. ഇത്തരം ചെറുത്തു നില്പുകൾക്ക് നേതൃത്വപരമായ പങ്ക് സ്ത്രീ സമൂഹത്തിൽ നിന്നു തന്നെ ആവിർഭവിക്കണം. ഇത്തരം സംവാദങ്ങൾ ഈ ദിശയിലുള്ള ചലനങ്ങൾക്ക് ആക്കം കൂട്ടുമെന്ന പ്രത്യാശയിലാണ് സംഘാടകർ.

കൂടുതൽ വിവരങ്ങൾക്ക് – എത്സമ്മ ഉണ്ണികൃഷ്ണൻ (കൺവീനർ)
മുംബൈ റാഷനലിസ്റ്റ് അസോസിയേഷൻ

8369273557 /9702555572


For Regular update :
Like : https://www.facebook.com/amchimumbaikairalitv
Subscribe : https://www.youtube.com/amchimumbaikairalitv
Subscribe & enable notification bell : www.amchimumbaionline.com

LEAVE A REPLY

Please enter your comment!
Please enter your name here