കൊച്ചുണ്ണിയോ പക്കിയോ? പ്രേക്ഷക മനസ്സ് കീഴടക്കിയതാര് ? (Movie Review)

ഇതിഹാസ ചിത്രങ്ങൾ കലാമൂല്യം ചോരാതെയെടുക്കുന്നതിലാണ് ഗോകുലത്തിന്റെ വിജയം

0
കേട്ടറിവും കെട്ടുകഥകളുമായി രൂപപ്പെട്ടതാണ് മലയാളികളുടെ സ്വന്തം റോബിൻഹുഡ് എന്ന തസ്കരവീരനായ കായംകുളം കൊച്ചുണ്ണി. മലയാളികൾക്ക് കേട്ടാലും കണ്ടാലും മതിവരാത്ത കഥകളിലൊന്നാണ് പാവങ്ങളുടെ പ്രിയപ്പെട്ട കള്ളന്‍ കൊച്ചുണ്ണിയുടെ കഥകൾ. സിനിമയിലും സീരിയലിലുമായി പല വട്ടം മലയാളികൾ മനഃപാഠമാക്കിയതാണെങ്കിലും ദൃശ്യ വിസ്മയമായി തീയേറ്ററുകളെ ഇളക്കി മറിക്കുന്ന ചിത്രം വളരെ വേഗത്തിലാണ് അന്‍പത് കോടി ക്ലബ്ബിൽ ചേക്കേറിയത്.

മുംബൈ കൊച്ചുണ്ണി

മുംബൈ മലയാളിയായ സുനിൽ ബാബു ഒരുക്കുന്ന സമ്പന്നമായ പ്രൊഡക്ഷന്‍ ഡിസൈനില്‍ മികച്ച ദൃശ്യപ്പൊലിമയോടെയാണ് കൊച്ചുണ്ണി അവതരിപ്പിക്കപ്പെടുന്നത്. എന്നാല്‍ അത്ര സമ്പന്നമല്ല കൊച്ചുണ്ണിയുടെ തിരക്കഥയെന്ന് പറയാതെ വയ്യ. ഇതിനെ മറികടക്കുന്നത് ചിത്രത്തിന്റെ ദൃശ്യഭംഗിയും ശബ്ദ ക്രമീകരണവും ആക്ഷൻ രംഗങ്ങളും തന്നെ. ബോളിവുഡിലെ പ്രശസ്തരായ ബിനോദ് പ്രദാനും അൻഷുമാൻ സിംഗുമാണ് ഛായാഗ്രഹം നിർവഹിച്ചിരിക്കുന്നത്. അസിസ്റ്റന്റ് ഡയറക്ടർ മുംബൈ മലയാളിയായ നിരഞ്ജൻ മേനോനാണ്. സ്വാതി തിരുനാൾ വലിയ തമ്പുരാനായി സുദേവ് നായരും ശ്രദ്ധിക്കപ്പെടുന്ന റോളിൽ എത്തുന്നതോടെ ചിത്രത്തിൽ മുംബൈയുടെ സ്വാധീനം പ്രകടമായി. ടൈറ്റിൽ മുതൽ അവസാന രംഗം വരെ ഓരോ ഫ്രെമിലും കലാ സംവിധായകന്റെ മികവും ശ്രദ്ധേയമാണ്.
സമ്പന്നരിൽ നിന്ന് തട്ടിയെടുത്ത മുതലുകൾ പാവപ്പെട്ടവർക്കും പട്ടിണിക്കാർക്കും വീതിച്ചുനൽകുന്ന സോഷ്യലിസമാണ് കൊച്ചുണ്ണിയെ ജനപ്രിയനാക്കിയത്. ബോബി-സഞ്ജയ് ബ്രദേഴ്സ് തിരക്കഥ തയാറാക്കി റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത മലയാളത്തിലെ ഏറ്റവും ചിലവേറിയ സിനിമയിൽ മുഖ്യ കഥാ പത്രങ്ങളെ അവതരിപ്പിക്കുന്നതും വില കൂടിയ താരങ്ങളാണ്.

മോഹൻലാലിൻറെ സ്ക്രീനിലെ തേർവാഴ്ച കഴിഞ്ഞതിന് ശേഷമാണ് ലാൽ ഉപേക്ഷിച്ചു പോയ ആവേശവും ആരവങ്ങളും കടമെടുത്ത് നിവിൻ  കായംകുളം കൊച്ചുണ്ണിയെ അനശ്വരമാക്കുന്നത്

മോഹൻലാലും നിവിൻ പോളിയും

മുംബൈയിലെ സിനിമാ ഹാളിൽ ഫാൻസുകളുടെ ലഹളയില്ലാതെയാണ് ചിത്രം കണ്ടത് . നിവിൻ പോളി ആരാധകരുടെ ബാൻഡ് വാദ്യവും ഉൽസവമേളവും കേരളത്തിലെ പല തിയേറ്ററുകൾക്ക് മുന്നിലും അരങ്ങു തകർക്കുമ്പോൾ മഹാനഗരത്തിൽ അത്തരം കെട്ടുകാഴ്ചകൾ ഒന്നുമുണ്ടായിരുന്നില്ല. എന്തിനേറെ ഇത്തിക്കര പക്കിയായെത്തുന്ന മോഹൻലാലിൻറെ മാസ്സ് എൻട്രിക്ക് പോലും ഒരു കൈയ്യടിയോ ആർപ്പ് വിളിയോ പോലും കേട്ടില്ലന്ന് പറഞ്ഞാൽ മമ്മൂട്ടിയുടെ ആരാധകർ പോലും വിശ്വസിച്ചേക്കില്ല. മോഹൻലാലിൻറെ ഫാൻസിനെ സുഖിപ്പിക്കും വിധത്തിലാണ് നാടകീയമായ ആഗമനവും പിന്നീടുള്ള ഓരോ രംഗങ്ങളും ചിട്ടപ്പെടുത്തിയിരിക്കുന്നത്. ആരാധകരെ ആവേശത്തിലാക്കി പൂണ്ട് വിളയാടുകയാണ് ഇത്തിക്കര പക്കിയായെത്തുന്ന മോഹൻലാൽ. ഇടവേള കഴിഞ്ഞെത്തുന്ന പക്കി തുടർന്നങ്ങോട്ട് ഇരുപത്തഞ്ച് മിനിറ്റോളം നായകനെ പോലും നിഷ്പ്രഭനാക്കി സ്ക്രീൻ അടക്കി വാഴുകയാണ്. ചുമ്മാതല്ല ആന്റണി പെരുമ്പാവൂർ ചിത്രത്തിന്റെ കഥാ സൂചന കേട്ടപ്പോൾ തന്നെ റോഷനോട് ഓക്കേ അണ്ണാ എന്ന് പറഞ്ഞത്. മോഹൻലാലിൻറെ സ്ക്രീനിലെ തേർവാഴ്ച കഴിഞ്ഞതിന് ശേഷമാണ് നിവിൻ പൊളി ലാൽ ഉപേക്ഷിച്ചു പോയ ആവേശവും ആരവങ്ങളും കടമെടുത്ത് കായംകുളം കൊച്ചുണ്ണിയെ അനശ്വരമാക്കുന്നത്. ഇവിടെ നിവിൻ പൊളി നായകനായെത്തുന്ന ചിത്രത്തിൽ അതിഥി താരമായി വരുവാൻ സമ്മതിച്ച മോഹൻലാലും, ലാലിനെ പോലെ ഒരു സൂപ്പർ താരത്തെ ചിത്രത്തിൽ ഉൾക്കൊള്ളാൻ സമ്മതിച്ച നിവിനും അഭിനന്ദനം അർഹിക്കുന്നു. പുതിയതൊന്നും പറയാനില്ലാത്ത ഈ ചരിത്ര സിനിമയുടെ പ്രധാന വിജയ ഘടകവും ഈ ചേരുവ തന്നെയാണ്. മുംബൈയിൽ നീരാളിയുടെ ഷൂട്ടിങ്ങിനിടയിലാണ് 12 ദിവസത്തെ ഇടവേളയിൽ ലാൽ ഇത്തിക്കര പക്കിക്ക് ജന്മം നൽകുന്നത്.

 

ഗോകുലം ഗോപാലൻ – ഇതിഹാസ ചിത്രങ്ങളുടെ സുൽത്താൻ

മലയാളം കണ്ട ഏറ്റവും കലാമൂല്യമുള്ള ബിഗ് ബജറ്റ് സിനിമയാണ് മെഗാ സ്റ്റാർ മമ്മൂട്ടി നായകനായ പഴശ്ശി രാജാ. ഒരു മലയാള സിനിമയ്ക്ക് ചിന്തിക്കാന്‍ കഴിയാത്ത മുതല്‍ മുടക്കാണ് പഴശ്ശിരാജയ്ക്ക് വേണ്ടിവന്നത്. ഒരു ചരിത്രദൌത്യം നിര്‍വഹിക്കാന്‍ കഴിഞ്ഞു എന്ന ചാരിതാര്‍ത്ഥ്യമുണ്ടെന്നാണ് ഗോകുലം ഗോപാലന്‍ പഴശ്ശിരാജയെ വിലയിരുത്തിയത്.
ഗോകുലം ഗോപാലൻ കൊച്ചുണ്ണി നിർമ്മിച്ചിരിക്കുന്നത് ഏകദേശം 45 കോടി ചിലവഴിച്ചാണ്. ഒരു കാലഘട്ടത്തിലെ ജീവിത കഥ പറയുന്ന സിനിമക്ക് വേണ്ടുന്ന രംഗ സജ്ജീകരണങ്ങൾ നീതി പൂർവം പുനരാവിഷ്കരിക്കുന്നതിൽ റോഷൻ വിജയിച്ചുവെന്ന് പറയാം. ഇതിഹാസ ചിത്രങ്ങൾ കലാമൂല്യം ചോരാതെയെടുക്കുന്നതിലാണ് ഗോകുലത്തിന്റെ വിജയം. പഴശ്ശിരാജയും കായംകുളം കൊച്ചുണ്ണിയും ഗോകുലത്തിന്റെ കൈയ്യൊപ്പ് പതിഞ്ഞ മികച്ച ചിത്രങ്ങളായി മലയാള സിനിമയുടെ ചരിത്രത്തിൽ ലിഖിതപ്പെടും.

ചരിത്രം സിനിമാക്കഥയാകുമ്പോൾ…

സത്യന്‍ നായകനായി 1966 ല്‍ നിര്‍മ്മിച്ച സിനിമയ്ക്ക് വേണ്ടി, നായകന്റെ താരപരിവേഷത്തിന് കോട്ടം തട്ടാതിരിക്കാന്‍ തിരക്കഥയില്‍ വരുത്തിയ മാറ്റവും ചിത്രം വന്‍ ഹിറ്റാവുകയും കൂടി ചെയ്തപ്പോള്‍ പിന്നീടുള്ള തലമുറ ഈ സിനിമാ കഥകളാണ് പ്രചരിപ്പിച്ചത്. അതോടെ കൊച്ചുണ്ണിയുടെ മരണവുമായി ബന്ധപ്പട്ട് പ്രചരിച്ചിരുന്ന മറ്റൊരുകഥ വിസ്മൃതിയിലായി.
പത്തൊമ്പതാം നൂറ്റാണ്ടില്‍ മദ്ധ്യതിരുവിതാംകൂര്‍ പ്രദേശത്ത് ജീവിച്ചിരുന്ന തസ്കരനായിരുന്നു കായംകുളം കൊച്ചുണ്ണിയെന്നാണ് കേട്ടുകേൾവി . മോഷ്ടാവായിരുന്നെങ്കിലും പണക്കാര്‍ക്കെതിരെ, പാവങ്ങളുടെ പക്ഷത്തുനിന്ന സാമൂഹ്യപരിഷ്‌കര്‍ത്താവുമൊക്കെയായി കൊച്ചുണ്ണിയെ ചിത്രീകരിക്കുകയും പൊടിപ്പും തൊങ്ങലും വെച്ച് കഥകള്‍ പ്രചരിക്കുകയും ചെയ്തു.
കൊച്ചുണ്ണി ആള്‍മാറാട്ടം, കണ്‍കെട്ട് തുടങ്ങിയ ജാലവിദ്യകള്‍ അഭ്യസിച്ചിട്ടുണ്ടെന്ന് പറയപ്പെടുന്നു. എല്ലായ്‌പ്പോഴും അത് ഉപയോഗിക്കാറില്ലന്നും നിവൃത്തിയില്ലാത്ത സാഹചര്യത്തില്‍ സ്വയരക്ഷയ്ക്കുവേണ്ടി ഈ അടവുകള്‍ ഉപയോഗിച്ചിരുന്നതായും ഐതിഹ്യമാലയില്‍ പറയുന്നുണ്ട്. രണ്ടാംതവണ പിടിക്കപ്പെട്ടപ്പോഴും കൊച്ചുണ്ണി ഈ അടവുകള്‍ ഉപയോഗിച്ച് രക്ഷപെട്ടു. അങ്ങനെ രക്ഷപെട്ട കൊച്ചുണ്ണി ഇനിയും കായംകുളത്തും പരിസരത്തും നിന്നാല്‍ താന്‍ വീണ്ടും വഞ്ചിതനായി അധികാരികളാല്‍ പിടിക്കപ്പെട്ട് മരണപ്പെടുമെന്ന് വിശ്വസിച്ച് അയാള്‍ പത്തനംതിട്ടയിലും പുനലൂരിലുമായി ഒളിവില്‍ കഴിഞ്ഞന്നും അധികാരികള്‍ അറിയാതെ കൊച്ചുണ്ണി 36 വര്‍ഷംകൂടി ജീവിച്ചിരുന്നുവെന്നും ജീവിത സായാഹ്നകാലത്ത് തിരികെ കായംകുളത്തേക്ക് എത്തിയെന്നും വിശ്വസിക്കുന്നവരുമുണ്ട്. എന്നാല്‍ ഉള്‍ഭയംകാരണം സുരക്ഷിതമായ സ്ഥലം കണ്ടെത്തുകയും അങ്ങനെ തോപ്പില്‍കുടുബത്തിലെ ആശ്രിതനായി അവിടെ പുറംജോലികള്‍ ചെയ്ത് കഴിഞ്ഞെന്നും 77-ാം വയസില്‍ മരണപ്പെട്ടെന്നും കരുതുന്നവരുണ്ട്.
കൊച്ചുണ്ണിയുടെ മരണം ജയിലഴിക്കുള്ളിലാണന്നും അല്ലന്നും അഭിപ്രായങ്ങളുണ്ട്. പുതുതലമുറ കൂടുതലും പ്രചരിപ്പിക്കുന്നത് ജയിലറയ്ക്കുള്ളില്‍വെച്ച് അധികാരികള്‍ തൂക്കിലേറ്റിയെന്നാണ.് തൂക്കിലേറ്റിയതിന് മതിയായ തെളിവുകളില്ലെന്നതാണ് സത്യം.

റോഷൻ കൊച്ചുണ്ണി

നിഷ്കളങ്കമായ കുട്ടിക്കാലത്തെ നൊമ്പരപ്പെടുത്തുന്ന അനുഭവങ്ങളിൽ നിന്നും തുടങ്ങുന്ന കൊച്ചുണ്ണിയുടെ ജീവിതം കൗമാരവും , പ്രണയവും, കുസൃതികളുമായി നിവിൻ പോളിയുടെ കൈപ്പിടിയിൽ ഒതുങ്ങുന്ന വിധത്തിലാണ് ആദ്യ പകുതി ഒരുക്കിയിരിക്കുന്നത്. ഇടവേളക്ക് മുൻപ് വലിയൊരു പ്രതിസന്ധിയിലായി ജീവിതം കൈവിട്ടുപോയ ഘട്ടത്തിലാണ് രക്ഷകനായി ഇത്തിക്കര പക്കിയുടെ വരവ്. അതൊരു ഒന്നൊന്നര വരവ് തന്നെയാണ്. തുടർന്നുള്ള രംഗങ്ങളെല്ലാം മോഹൻലാൽ ആരാധകരെ ത്രസിപ്പിക്കുന്ന വിധത്തിലാണ് ചിത്രീകരിച്ചിരിക്കുന്നത്. ഇതിനിടയിൽ തിരുകിക്കയറ്റിയിരിക്കുന്ന നോറാ ഫെച്ചി എന്ന മൊറോക്കോകാരിയുടെ കിടിലനൊരു ഐറ്റം ഡാൻസുമുണ്ട്.

 

പരിമിതികൾ ഒട്ടേറെയുള്ള നിവിന് സത്യനെ പോലുള്ള മികച്ച നടന്മാർ ചെയ്ത വേഷത്തെ ദോഷമില്ലാതെ അവതരിപ്പിക്കാനായിട്ടുണ്ട്. തുറന്ന മനസുമായി കാണാനിരുന്നാൽ മോശമായെന്ന് എവിടെയും പറയിപ്പിക്കാത്ത രീതിയിൽ നിവിൻ എല്ലാ ഘട്ടങ്ങളും കൈകാര്യം ചെയ്തതായി കാണാം. വില്ലനായെത്തുന്ന സണ്ണിവെയിനും ഗുരുക്കളായി ബാബു ആന്റണിയും നായികയുടെ റോളിൽ പ്രിയാ ആനന്ദുമാണ് മറ്റു പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നത്. എന്തൊക്കെ പറഞ്ഞാലും ഈ കായംകുളം കൊച്ചുണ്ണി ഒരു റോഷൻ കൊച്ചുണ്ണി തന്നെയാണ്
Assistant Director Niranjan Menon & Production Designer Sunil Babu sharing their wonderful experience working the mega project. Tune in  Amchi Mumbai


Subscribe & enable Bell icon for regular update
www.amchimumbaionline.com
Like : https://www.facebook.com/amchimumbaikairalitv
Subscribe : https://www.youtube.com/amchimumbaikairalitv


ഒന്നിച്ചു പാടി മോഹൻലാലും ശ്രേയാ ഘോഷാലും ; നീരാളി വിശേഷങ്ങൾ പങ്കിട്ട് സ്റ്റീഫൻ ദേവസ്സി

LEAVE A REPLY

Please enter your comment!
Please enter your name here