ആവേശമായി കാല്പന്തുകളി മത്സരം

സമ്മാനദാനച്ചടങ്ങിൽ ലോകകേരള സഭാംഗം പി.കെ. ലാലി മുഖ്യാതിഥിയായിരുന്നു.

0
കല്യാൺ – ഡോംബിവില്ലി മേഖലയിലെ കാൽപ്പന്ത് കളിയുടെ മാമാങ്കമായി മാറിയ സൗഹൃദ ഫുട്ബോൾ മത്സരം ഡോംബിവില്ലി ഈസ്സിലെ ഗ്യാൻമന്ദിർ സ്കൂൾ ഗ്രൗണ്ടിൽ നടന്നു. മലയാള ഭാഷാ പ്രചാരണ സംഘം കല്യാൺ – ഡോംബിവില്ലി മേഖല സംഘടിപ്പിച്ച ഫുട്ബോൾ മത്സരത്തിൽ ജൂനിയർ സീനിയർ വിഭാഗങ്ങളിലായി 15 ടീമുകൾ മാറ്റുരച്ചു. മലയാളിയുടെ രക്തത്തിൽ അലിഞ്ഞുചേർന്ന ഫുട്ബോൾ കമ്പം മറുനാട്ടിലും സജീവമാണെന്ന് തെളിയിക്കുന്നതായിരുന്നു മത്സരത്തിലെ പങ്കാളിത്തം. തിങ്ങിനിറഞ്ഞ കാണികളെ ആവേശത്തിന്റെ കൊടുമുടിയിൽ എത്തിക്കുന്ന മുഹൂർത്തങ്ങൾ നിറഞ്ഞതായിരുന്നു മത്സരങ്ങൾ.
ഫുട്ബോളിന്റെ ഉദ്വേഗഭരിത മുഹൂർത്തങ്ങളിലും സൗഹൃദത്തിന്റെ പുതിയ മേഖലകൾ സൃഷ്ടിക്കാൻ കഴിഞ്ഞത് മത്സരത്തിന്റെ വിജയമായിമാറി. ആവേശം നിറഞ്ഞ ഫൈനൽ മത്സരത്തിൽ ജൂനിയർ വിഭാഗത്തിൽ സ്ട്രൈക്കേഴ്സ് ഡോംബിവില്ലി എതിരില്ലാത്ത 3 ഗോളുകൾക്ക് സോക്കർ ഷൂട്ടേഴ്സിനെ തോല്പിച്ചു. സീനിയർ വിഭാഗത്തിൽ നോവ എഫ്.സി. കല്യാൺ സെൻട്രൽ കൈരളി സമാജം ടീമിനെ ഏകപക്ഷീയമായ 4 ഗോളുകൾക്ക് തോല്പിച്ച് ചാമ്പ്യന്മാരായി. സ്ട്രൈക്കേഴ്സിന്റെ ശ്രേയസ്സ് 3 ഗോൾ നേടി ജൂനിയർ വിഭാഗത്തിലും നോവ എഫ്.സി.യുടെ അമൽ 6 ഗോൾ നേടി സീനിയർ വിഭാഗത്തിലും മികച്ച ഗോൾവേട്ടക്കാരായി.
സമ്മാനദാനച്ചടങ്ങിൽ ലോകകേരള സഭാംഗം പി.കെ. ലാലി മുഖ്യാതിഥിയായിരുന്നു. സമ്മാനദാനം പി.കെ.ലാലി, ജീവൻരാജ്, രമേഷ് എന്നിവർ ചേർന്ന് നിർവ്വഹിച്ചു. മേഖല സെക്രട്ടറി സ്വാഗതവും പ്രസിഡണ്ട് നന്ദിയും രേഖപ്പെടുത്തി.


ഏഴാം മലയാളോത്സവം – ലോഗോ റെഡി; അവതരണ ഗാനം കേൾക്കാം

LEAVE A REPLY

Please enter your comment!
Please enter your name here