രാധിക, വന്നു കണ്ടു കയ്യടക്കി

കേരളീയ കേന്ദ്ര സംഘടനയുടെ കീഴിയിൽ ഉണർവിന്റെ ആഭിമുഖ്യത്തിൽ നടന്ന നാടക മത്സരത്തിൽ സമ്മാനങ്ങൾ തൂത്തു വാരുകയായിരുന്നു ബോംബെ ബ്ലാക്ക് ബോക്‌സ് തീയറ്റേഴ്സ് അവതരിപ്പിച്ച 'രാധിക'

0

കേരളീയ കേന്ദ്ര സംഘടനയുടെ കീഴിയിൽ ഉണർവിന്റെ ആഭിമുഖ്യത്തിൽ നടന്ന നാടക മത്സരത്തിൽ സമ്മാനങ്ങൾ തൂത്തു വാരുകയായിരുന്നു ബോംബെ ബ്ലാക്ക് ബോക്‌സ് തീയറ്റേഴ്സ്. മികച്ച നടനും നടിയുമായി രാഹുൽ നായരും ശ്രുതി മോഹനനും അഭിനയത്തിൽ ഒന്നാമതെത്തിയപ്പോൾ മികച്ച സംവിധായകനും മികച്ച നാടകത്തിനുമുള്ള അംഗീകാരവും രാധിക തന്നെ കയ്യടക്കി.

ദൃശ്യാ മാധ്യമത്തിന്റെ സാധ്യതകളെ പരമാവുധി ഉപയോഗപ്പെടുത്തിയ നാടകം രംഗാവിഷ്കാരത്തിലും ശബ്ദനിയന്ത്രണത്തിലും കാണിച്ച മികവ് നാടകത്തെ കുറച്ചൊന്നുമല്ല തുണച്ചത്. അമിതാഭിനയത്തിലേക്ക് വഴുതി പോകാവുന്ന നിമിഷങ്ങൾ പോലും തന്മയത്വത്തോടെ പകർന്നാടിയ അഭിനേതാക്കളും, ഒരു സിനിമയിലെന്ന പോലെ വന്നു പോകുന്ന രംഗങ്ങളും ആസ്വാദനത്തെ ആനന്ദകരമാക്കി. രാധികയുടെയും സജീവന്റെയും വിവാഹത്തിന്റെ ആഹ്ലാദത്തിമിർപ്പോടെയാണ് നാടകം ആരംഭിക്കുന്നത്. ആനന്ദ നൃത്തമാടി സദസ്സിന്റെ പുറകിൽ നിന്നും കൊട്ടിഘോഷത്തോടെയാണ് വധൂവരന്മാരന്മാരെ സ്റ്റേജിലേക്ക് ആനയിക്കുന്നത്. കടക്കെണിയിൽ നിൽക്കുന്ന ഓട്ടോറിക്ഷാ ഡ്രൈവറായ നായകനും കൊച്ചു കൊച്ചു സ്വപ്നങ്ങളുമായി വിവാഹജീവിതത്തിലേക്ക് കടന്നു വരുന്ന നായികയും കോറിയിടുന്ന മുഹൂർത്തങ്ങളിലൂടെയാണ് നാടകം വികസിക്കുന്നത്. വർത്തമാനകാലത്തിൽ നിന്നും ഫ്ലാഷ് ബാക്കിലേക്കുള്ള പരിവർത്തനവും ഇടക്കെപ്പോഴോ നായികക്കുണ്ടാകുന്ന മാനസിക പിരിമുറുക്കത്തിൽ ഉണ്ടാകുന്ന തോന്നലുകളുമെല്ലാം വളരെ വിദഗ്ദമായി അവതരിപ്പിക്കുന്നതിൽ സീനോഗ്രഫിയും നാടക രചനയും നിർവഹിച്ച സുജിൽ മാങ്ങാട് വിജയിച്ചിരിക്കുന്നു. നാടകം ഒരു ദൃശ്യാ കലയാണെന്ന ഓർമ്മപ്പെടുത്തൽ കൂടിയാണ് രാധിക.
അനുട്ടി അനിയുടെ കലാസംവിധാനവും വെളിച്ചവും പോലെ തന്നെ മികച്ചതായിരുന്നു സുദീപിന്റെ ശബ്ദ നിയന്ത്രണം. അനുപം, ലജീഷ് ജിനോ ദീപക്, സുകന്യ പ്രേമരാജൻ എന്നിവർ ചേർന്നാണ് രംഗസജ്ജീകരണം ഒരുക്കിയത്. ശ്രീജിത്ത് മോഹന്റെ മേക്കപ്പും ശ്രദ്ധേയമാണ്. ആശിഷ് എബ്രഹാമാണ് പ്രൊഡക്ഷൻ കൺട്രോളർ.
രാധികയുടെ അച്ഛനായി സുകേഷ് പൂക്കുളങ്ങരയും അമ്മയായി സ്വപ്ന നായരും കഥാപാത്രങ്ങളോട് നീതി പുലർത്തി. ശരത് പ്രേമ രാജൻ, മാളവിക ജയകുമാർ, ബൈജു, ശരത് ശിവാനന്ദൻ, യദു കൃഷ്ണൻ, പ്രദീപൻ, ശ്രീജിത്ത് മോഹൻ, നിഖിൽ നായർ, രെഞ്ജിൻ മാത്യു,  തുടങ്ങിയവരാണ് മറ്റു അഭിനേതാക്കൾ.
ഭാവനാശാലിയായ സംവിധായകന്റെ മികച്ച രചനയും പ്രതിഭാശാലികളായ അഭിനേതാക്കൾ കാഴ്ച വച്ച പ്രകടനവുമാണ് സമ്മാനങ്ങൾ വാരിക്കൂട്ടി രാധികയെ വാശിയേറിയ മത്സരത്തിലും ഒന്നാം സ്ഥാനത്തെത്തിച്ചത്.

Glimpses of Drama competition held at Mysore Hall  

രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയ നാടകങ്ങൾ

മികച്ച രണ്ടാമത്തെ നാടകമായി സുരേഷ് കണക്കൂർ രചിച്ച  ‘ഗാന്ധി പാർക്കിലെ വ്യാകുലതകൾ’ തിരഞ്ഞെടുത്തപ്പോൾ സുരേഷ് വർമ്മ സംവിധാനം ചെയ്ത പാട്ടുപാവാട മൂന്നാം സ്ഥാനം സ്വന്തമാക്കി. മികച്ച തിരക്കഥക്കുള്ള സമ്മാനം ‘ഷെഹരിയാറിന്റെ ആദ്യരാത്രി’ രചിച്ച പി ആർ സഞ്ജയ് കരസ്ഥമാക്കി.  സ്പെഷ്യൽ ജൂറി പരാമർശത്തിന് പട്ടു പാവാടയിൽ അഭിനയിച്ച സ്നേഹ പ്രകാശനും ഷെഹരിയാറിന്റെ ആദ്യരാത്രിയിൽ അഭിനയിച്ച ആകാശും അർഹരായി
മുംബൈ നാടകവേദിക്ക് പുത്തനുർവായിരുന്നു കെ കെ എസ് സംഘടിപ്പിച്ച നാടക മത്സരം . പതിനഞ്ചിനും മുപ്പതു വയസ്സിനും ഇടയിലുള്ള യുവതീ യുവാക്കളെ കേന്ദ്രീകരിച്ചായിരുന്നു ഉണർവിന്റെ ആഭിമുഖ്യത്തിൽ മത്സരം അരങ്ങേറിയത്. മാത്യു തോമസ്, സുരേന്ദ്രബാബു, ശശികുമാർ, ഡോ വേണുഗോപാൽ, വിനയൻ തുടങ്ങിയ പ്രമുഖരുടെ നേതൃത്വത്തിൽ ഒരു പറ്റം യുവ പ്രതിഭകളാണ് അരങ്ങിലും അണിയറയിലും സദസ്സിലുമായി മലയാള നാടകത്തെ ആഘോഷമാക്കിയത്. മുംബൈ നാടകവേദിയിലെ നിരവധി മുതിർന്ന കലാകാരന്മാരും, നാടക പ്രേമികളും സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖരും യുവകലാകാരന്മാർക്ക് പ്രചോദനവുമായി സദസ്സിനെ സമ്പന്നമാക്കി.

Watch highlights of the event in AMCHI MUMBAI

EVERY WEDNESDAY @ 9.30 PM IN PEOPLE TV
EVERY SUNDAY @ 7.30 AM IN KAIRALI TV

::::::::::
Subscribe & enable Bell icon for regular update
www.amchimumbaionline.com
Like : https://www.facebook.com/amchimumbaikairalitv
Subscribe : https://www.youtube.com/amchimumbaikairalitv


നാടകവേദിക്ക് പുത്തൻ ഉണർവായി യുവ പ്രതിഭകൾ മാറ്റുരയ്ക്കാൻ റെഡി; ഇനി മൈസൂർ ഹാളിലെ മത്സരത്തിന് കാണാം !!

LEAVE A REPLY

Please enter your comment!
Please enter your name here