പ്രവാസികള്‍ക്ക് മാതൃഭാഷ ഓര്‍മ്മയാണ് – പ്രൊഫ.സുജ സൂസന്‍ ജോര്‍ജ്ജ്

0
മാതൃഭാഷ ആശയവിനിമയത്തിന് മാത്രമല്ല ഉപയോഗിക്കുന്നത്. ഓരോ വ്യക്തിയുടെയും ഉള്ളില്‍ മാതൃഭാഷയുണ്ട്. അത് ഏറ്റവും അധികം തിരിച്ചറിഞ്ഞത് ഈ കഴിഞ്ഞ പ്രളയകാലത്താണ്. ലോകത്തിലുള്ള എല്ലാ മലയാളികളും അവരുടെ നാട്ടിലേക്ക് മാനസികമായി തിരിച്ചു വന്ന ഒരു കാലഘട്ടമായിരുന്നുഅതെന്നും മലയാളം മിഷന്‍ ഡയറക്ടർ പ്രൊഫ. സുജ സൂസന്‍ പറഞ്ഞു. മലയാളം മിഷന്‍ മുംബൈ ചാപ്റ്ററിന്‍റെ പൊതുസഭ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കയായിരുന്നു അവര്‍. 2018 ഒക്ടോബര്‍ 28ന് ചെമ്പൂര്‍ ആദര്‍ശ വിദ്യാലയത്തില്‍ വെച്ചായിരുന്നു പൊതുസഭ നടന്നത്.

“ജനാധിപത്യത്തിന് അടിത്തറ കൂടിയാകുന്നു ഭാഷ. ഭാഷയാണ്‌ ആധുനികകാലത്തെ സംബന്ധിച്ചിടത്തോളം പ്രവാസികളുടെ സ്വത്വം.” പ്രൊഫ. സുജ സൂസന്‍ ജോര്‍ജ്ജ്

“പ്രവാസികള്‍ക്ക് മാതൃഭാഷ ഓര്‍മ്മയാണ്. അവര്‍ അവരുടെ ബാല്യകാലത്തെ ഓര്‍ക്കുന്നു, കൌമാരകാലത്തെ ഓര്‍ക്കുന്നു, യൌവ്വനകാലത്തെ ഓര്‍ക്കുന്നു, ബന്ധുക്കളെ ഓര്‍ക്കുന്നു, സുഹൃത്തുക്കളെ ഓര്‍ക്കുന്നു, പ്രകൃതിയെ ഓര്‍ക്കുന്നു, കളിച്ച സ്ഥലങ്ങളെ ഓര്‍ക്കുന്നു. ഓര്‍മ്മകളിലൂടെയാണ് മാതൃഭാഷ ഭൂരിപക്ഷം ജനങ്ങളുടെയും ഉള്ളില്‍ സജീവമാകുന്നത്. ഓര്‍മ്മയാണ് ബുദ്ധിയുള്ള മനുഷ്യരെ സംബന്ധിച്ചിടത്തോളം ജീവിതത്തെ നയിക്കുന്നതും സചേതനമാക്കുന്നതും ജനാധിപത്യത്തിന് അടിത്തറ കൂടിയാകുന്നു ഭാഷ. ഭാഷയാണ്‌ ആധുനികകാലത്തെ സംബന്ധിച്ചിടത്തോളം പ്രവാസികളുടെ സ്വത്വം.” പ്രൊഫ. സുജ സൂസന്‍ ജോര്‍ജ്ജ് തുടര്‍ന്ന് പറഞ്ഞു.
അയര്‍ലണ്ടിലെ സ്ക്കൂളില്‍ കുട്ടികളോട് അദ്ധ്യാപകര്‍ ഉപദേശിക്കുന്നത് വീട്ടില്‍ നിര്‍ബ്ബന്ധമായും അവരവരുടെ മാതൃഭാഷ സംസാരിക്കണമെന്നാണ് എന്ന് ഒരു മലയാളം മിഷന്‍ കുട്ടിയുടെ പിതാവ് പറഞ്ഞ കാര്യം അവര്‍ എടുത്തുപറയുകയുണ്ടായി, അതിനു കാരണമായി പറയുന്നത് നിങ്ങളുടെ ഭാഷയെ സംരക്ഷിക്കേണ്ട ചുമതല ആ രാജ്യത്തിനല്ല; അവനവന്റെ ഭാഷയെ സംരക്ഷിക്കാനും പുതിയ തലമുറയിലേക്കു പകര്‍ന്നു കൊടുക്കാനും കുഞ്ഞുങ്ങളുടെ രക്ഷിതാക്കള്‍ തന്നെ മുന്‍യ്യെടുക്കണമെന്നാണ്. നിങ്ങള്‍ നിങ്ങളുടെ കുട്ടികളെ മാതൃഭാഷ പഠിപ്പിച്ചോളു, ആ അദ്ധ്യാപകനുള്ള വേതനം ആ സര്‍ക്കാര്‍ നൽകികൊള്ളാം എന്ന് ഫിന്‍ലാന്‍ഡ്‌ ഗവണ്മെന്റ് അറിയിച്ച കാര്യവും സൂചിപ്പിക്കയുണ്ടായി.
ആധുനിക ജനാധിപത്യ ലോകം ജാതിയുടെ, മതത്തിന്റെ, വിശ്വാസങ്ങളുടെ, ആചാരങ്ങളുടെ, പെണ്ണ്, ആണ് എന്നീ സ്വത്വങ്ങളെയെല്ലാം നിരാകരിച്ചുകൊണ്ടിരിക്കയാണ്. ഇന്ന് ഒരു പ്രവാസി മറ്റൊരാളെ കണ്ടുമുട്ടുമ്പോള്‍ ഏതു ജാതി, ഏതു മതം എന്നല്ല ചോദിക്കുന്നത്, താങ്കളുടെ ഭാഷ ഏതെന്നാണ്. അത്ര പ്രാധാന്യമുണ്ട് മാതൃ ഭാഷക്ക്. മലയാളഭാഷ പുതിയ തലമുറയിലേക്ക് പകര്‍ന്നു നല്‍കാനുള്ള ഉത്തരവാദിത്വം ഏറ്റവും ഭംഗിയായി നിര്‍വ്വഹിക്കുന്ന മലയാളം മിഷന്‍റെ മുംബൈ ചാപ്റ്റര്‍ ഭാരവാഹികളെയും നിസ്വാര്‍ത്ഥ സേവനം നടത്തുന്ന അദ്ധ്യാപകരേയും സംഘടന ഭാരവാഹികളെയും പഠിതാക്കളെയും അവരുടെ രക്ഷാകര്‍ത്താക്കളെയും മലയാളം മിഷന്‍ ഡയറക്ടര്‍ അഭിനന്ദിച്ചു. കഴിഞ്ഞ ഏഴെട്ടു മാസത്തെ പ്രവര്‍ത്തനങ്ങള്‍കൊണ്ട് വളരെ വലിയൊരു മുന്നേറ്റമാണ് മുംബൈ ചാപ്റ്റര്‍ നടത്തിയതെന്നും ജൂണ്‍ മാസത്തില്‍ നടത്തിയ ഗൃഹസന്ദര്‍ശന വാരവും പ്രവേശനോത്സവവും മലയാളം മിഷന്‍റെ മറ്റു മേഖലകള്‍ക്ക് മാതൃകയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഈ ആവേശം നിലനിര്‍ത്താന്‍ നിരന്തരം പ്രവര്‍ത്തിക്കേണ്ടതുണ്ടെന്നും നമ്മുടെ കുട്ടികള്‍ നാളത്തെ ലോകത്തെ അഭിമുഖീകരിക്കുമ്പോള്‍ അവര്‍ക്ക് ശക്തി നല്കത്തക്കവണ്ണം മലയാളത്തെക്കുറിച്ചും നമ്മുടെ നാടിനെക്കുറിച്ചുമൊക്കെയുള്ള നല്ല ഓര്‍മ്മകള്‍ പകര്‍ന്നു കൊടുക്കുക എന്ന വലിയൊരു ഉത്തരവാദിത്വമാണ് മലയാളം മിഷന്‍ പ്രവര്‍ത്തകര്‍ക്കുള്ളതെന്നും അവര്‍ ചാപ്റ്റര്‍ ഭാരവാഹികളെ ഓര്‍മ്മപ്പെടുത്തി.
കേരളത്തിലെ പ്രളയദുരന്തത്തില്‍ വീടും സ്വത്തും പുസ്തകങ്ങളും മറ്റു പഠാനോപകരണങ്ങളും നഷ്ടപ്പെട്ട തങ്ങളുടെ കൂട്ടുകാര്‍ക്കായി ഓരോ മലയാളം മിഷന്‍ വിദ്യാര്‍ഥിയും ശേഖരിക്കുന്ന നിധിയായ ചങ്ങാതിക്കുടുക്കയെക്കുറിച്ചും ഭൂമിമലയാളം പരിപാടിയെക്കുറിച്ചും വിവരിച്ചു. ഭാഷാപരമായി, സാഹിത്യപരമായി, സാംസ്കാരികമായി, സാമ്പത്തികമായി മറുനാടന്‍ മലയാളികള്‍ കേരളത്തിനു നല്‍കുന്ന സംഭാവന സീമാതീതമാണ്. അതുകൊണ്ടുതന്നെയാണ് ലോകമെമ്പാടുമുള്ള മലയാളികളെ കോര്‍ത്തിണക്കാന്‍ ഈ വര്‍ഷം കേരളപ്പിറവിയോടൊപ്പം, നവംബര്‍ 1 മുതല്‍ 4 വരെ ലോകമലയാളദിനമായി ആഘോഷിക്കാന്‍ തീരുമാനിച്ചിരിക്കുന്നതെന്നും അവര്‍ പറഞ്ഞു.
മലയാളം മിഷന്‍, മുംബൈ ചാപ്റ്റര്‍ പ്രസിഡന്റ്‌ നോവലിസ്റ്റ് ബാലകൃഷ്ണന്‍ അദ്ധ്യക്ഷം വഹിച്ച പൊതുസഭയില്‍ ചാപ്റ്റര്‍ സെക്രട്ടറി രാമചന്ദ്രന്‍ മഞ്ചറമ്പത്ത് സ്വാഗതമാശംസിച്ചു. ജനറല്‍ കൗണ്‍സില്‍ അംഗങ്ങള്‍, മേഖല ഭാരവാഹികള്‍, ചാപ്റ്റര്‍ പ്രവര്‍ത്തക സമിതി അംഗങ്ങള്‍ എന്നിവരാണ് പൊതുസഭയില്‍ പങ്കെടുത്തത്. കഴിഞ്ഞ എട്ട് മാസത്തെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിക്കൊണ്ടും ഭാവി പ്രവര്‍ത്തനങ്ങലെക്കുറിച്ചും വിശദമായ ചര്‍ച്ച നടന്നു. തുടര്‍ന്ന് 2017-18 സാമ്പത്തിക വര്‍ഷത്തിലെ പഠനകേന്ദ്രങ്ങള്‍ക്കുള്ള സഹായധനവും 2017ലെ സൂര്യകാന്തി പരീക്ഷയുടെ സര്‍ട്ടിഫിക്കറ്റുകളും ഡയറക്ടര്‍ വിതരണം ചെയ്തു.
പൊതുസഭയ്ക്കു ശേഷം മുംബൈ ചാപ്റ്ററിന്റെ കീഴിലുള്ള മലയാളം മിഷന്‍ അദ്ധ്യാപകരുടെ ഒരു സംഗമം നടന്നു. വൈകുന്നേരം 4.30 ന് ആരംഭിച്ച അദ്ധ്യാപക സംഗമത്തില്‍ പങ്കെടുത്ത് പ്രൊഫ. സുജ സൂസന്‍ ജോര്‍ജ്ജ് അദ്ധ്യാപകരെ അഭിസംബോധന ചെയ്തു. തുടര്‍ന്ന് അദ്ധ്യാപകരുടെ നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും പരിഗണിച്ചുകൊണ്ട് അവരുമായി ആശയവിനിമയം നടത്തി.

::::::::


മാതൃഭാഷയെ ആഘോഷമാക്കി പഠനോത്സവം;
പരിഷ്കരിച്ച പരീക്ഷ രീതിയെ പ്രകീർത്തിച്ച് രക്ഷിതാക്കളും കുട്ടികളും

മാതൃഭാഷയെ നെഞ്ചിലേറ്റി മുംബൈ മലയാളികൾ

 

LEAVE A REPLY

Please enter your comment!
Please enter your name here