മലയാളി സമാജങ്ങൾ പുതിയ തലമുറക്കായി ഇടം കണ്ടെത്തണം – കേരളീയ കേന്ദ്ര സംഘടന

മഹാരാഷ്ട്രാ അടിസ്ഥാനത്തിൽ ഉണർവിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച നാടക മത്സരം പുതിയ തലമുറയുടെ സജീവ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായിരുന്നു.

0
യുവാക്കൾക്ക് വേണ്ടി കൂട്ടായ്മ സൃഷ്ടിക്കുവാനുള്ള തയ്യാറെടുപ്പിലാണ് കേരളീയ കേന്ദ്ര സംഘടനയുടെ കീഴിൽ പ്രവർത്തിക്കുന്ന ഉണർവ് . മഹാരാഷ്ട്രയിലെ മലയാളി സമാജങ്ങൾ കാലഹരണപ്പെടുവാനുള്ള പ്രധാന കാരണം പ്രവർത്തന മേഖലയിലേക്ക് യുവാക്കൾ കടന്നു വരാത്തതാണെന്നാണ് ഉണർവിന് നേതൃത്വം നൽകുന്ന സാമൂഹിക പ്രവർത്തകനും നാടക പ്രവർത്തകനുമായ സുരേന്ദ്രബാബുവിന്റെ അഭിപ്രായം. ഇതിന് പ്രധാന കാരണമായി സുരേന്ദ്രബാബു ചൂണ്ടിക്കാട്ടിയത് നഗരത്തിലെ മലയാളി സമാജങ്ങളുടെ പഴഞ്ചൻ പ്രവർത്തന രീതികളെയാണ്.


സമാജങ്ങൾ കാലഹരണപ്പെടുവാനുള്ള കാരണം യുവാക്കൾ കടന്നു വരാത്തത് – സുരേന്ദ്രബാബു

മുംബൈയിൽ വളരെ വർഷങ്ങളായി മലയാളി സമാജങ്ങളുടെ പ്രവർത്തനങ്ങൾ നടന്നു വരുന്നുണ്ടെങ്കിലും കാലക്രമേണ സമാജങ്ങളുടെ പ്രവർത്തനങ്ങൾ കുറയുകയും പലതും പ്രവർത്തനരഹിതമായ അവസ്ഥയിലേക്ക് മാറുകയുമായിരുന്നുവെന്ന് സുരേന്ദ്രബാബു പറഞ്ഞു. കാലാകാലങ്ങളായി മലയാളി സമാജങ്ങളിൽ പ്രവർത്തിച്ചിരുന്ന മുതിർന്ന അംഗങ്ങൾ മാറി മാറി വരികയും അറിഞ്ഞോ അറിയാതെയോ യുവാക്കൾക്ക് അവസരങ്ങൾ നിഷേധിക്കുകയുമായിരുന്നുവെന്നും സുരേന്ദ്രബാബു ചൂണ്ടിക്കാട്ടി. ഇതിനൊരു മാറ്റം അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യുവ ജനങ്ങളെ മലയാളി സമാജങ്ങളിലെ പ്രധാന പ്രവർത്തന മേഖലയിലേക്കു കൊണ്ട് വരികയും അതിനോടൊപ്പം നാടക രംഗത്തേക്കുള്ള പാത സുഗമമാക്കുകയുമാണ് ഉണർവിന്റെ ലക്‌ഷ്യമെന്നും സുരേന്ദ്രബാബു വ്യക്തമാക്കി.
മാട്ടുംഗ മൈസൂർ അസോസിയേഷൻ ഹാളിൽ ഉണർവിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച യുവജന നാടക മത്സരത്തിന്റെ അനുഭവങ്ങൾ പങ്കു വച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാ വർഷങ്ങളിലും യുവജനങ്ങളെ പങ്കെടുപ്പിച്ചു കൊണ്ടുള്ള നാടക മത്സരങ്ങൾ സംഘടിപ്പിക്കുമെന്നും അതിലൂടെ നഗരത്തിൽ യുവ നാടക വേദിക്കൊരു അടിത്തറ ഇടുവാൻ കഴിയുമെന്ന ശുഭാപ്തി വിശ്വാസത്തിലാണ് കേരളീയ കേന്ദ്ര സംഘടന.


സാംസ്‌കാരിക പ്രവർത്തനങ്ങളിലൂടെ മാത്രമേ തങ്ങളുടെ സ്വത്വത്തെ കണ്ടെത്തുവാൻ കഴിയൂവെന്ന് യുവ തലമുറയെ ബോധ്യപ്പെടുത്തണം – മാത്യു തോമസ്

മലയാളികളുടെ സ്വത്വ സംരക്ഷത്തിന് ഭാഷാ പഠനം അനിവാര്യമാണെന്നും , ഭാഷയാണ് അതിന്റെ അടിത്തറയെന്നും കേരളീയ കേന്ദ്ര സംഘടന ജനറൽ സെക്രട്ടറി മാത്യു തോമസ് പറഞ്ഞു. ഭാഷാ പഠനം എന്നാൽ ലിപി എഴുതാനും വായിക്കാനുമുള്ള അറിവ് മാത്രമല്ലെന്നും സംസ്കാരം ഉൾക്കൊള്ളാൻ കഴിയണമെന്നും മാത്യു തോമസ് വിശദീകരിച്ചു.
സാംസ്‌കാരിക പ്രവർത്തനങ്ങളിലൂടെ മാത്രമേ തങ്ങളുടെ സ്വത്വത്തെ കണ്ടെത്തുവാൻ കഴിയൂവെന്ന് യുവ തലമുറയെ ബോധ്യപ്പെടുത്തേണ്ടതുണ്ടെന്നും കേരളമെന്നാൽ ഭൂപ്രകൃതി അടിസ്ഥാനത്തിൽ മാത്രമല്ല ആഗോളാടിസ്ഥാനത്തിൽ തന്നെ മലയാളി എന്ന ആശയം ഇപ്പോൾ ഉരുത്തിരിഞ്ഞു വരുന്നുണ്ടെന്നും മാത്യു തോമസ് സൂചന നൽകി.
ഭാഷ സാംസ്‌കാരിക പ്രവർത്തനങ്ങൾക്ക് ഏറ്റവും നല്ല ഉപാധിയാണ് നാടകങ്ങൾ . മുംബൈയിൽ ജനിച്ചു വളർന്ന കുട്ടികൾക്ക് മലയാളം കൈകാര്യം ചെയ്യാനറിയില്ലെങ്കിലും അവരുടെയുള്ളിൽ മലയാളി എന്ന സ്വത്വമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മലയാളി കൂട്ടായ്മകളുടെ തുടർച്ചക്ക് വേണ്ടിയാണ് ഇത്തരമൊരു സംരംഭമെന്നും ഇത് തുടർന്നും കൊണ്ട് പോകണമെന്നാണ് കെ കെ എസിന്റെ തീരുമാനമെന്നും മാത്യു തോമസ് അറിയിച്ചു. നഗരത്തിലെ നൂറു കണക്കിന് മലയാളി കൂട്ടായ്മകൾ നില നിൽക്കണമെന്നുണ്ടെങ്കിൽ ഇത്തരം ഇടപെടലുകൾ അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
സംഘടനാ പ്രവർത്തനങ്ങളിലേക്കു യുവതീ-യുവാക്കളെ അടുപ്പിക്കുക എന്ന ലക്ഷ്യത്തോടെ മഹാരാഷ്ട്രാ അടിസ്ഥാനത്തിൽ ഉണർവിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച നാടക മത്സരം പുതിയ തലമുറയുടെ സജീവ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായിരുന്നു.

::::::::::
Subscribe & enable Bell icon for regular update
www.amchimumbaionline.com
Like : https://www.facebook.com/amchimumbaikairalitv
Subscribe : https://www.youtube.com/amchimumbaikairalitv


ഉണർവ് നാടക മത്സരം – മുംബൈയിലെ യുവ പ്രതിഭകൾ അതിശയിപ്പിച്ചുവെന്ന് വിധികർത്താക്കൾ
നാടകത്തെ മാറ്റി നിർത്തി മഹാ നഗരത്തിലൊരു ജീവിതമില്ലെന്ന് യുവ നാടക പ്രവർത്തകൻ

LEAVE A REPLY

Please enter your comment!
Please enter your name here