More
    HomeArticleമഹാബലി വിശേഷങ്ങൾ - 8

    മഹാബലി വിശേഷങ്ങൾ – 8

    Published on

    കഴിഞ്ഞ ലക്കത്തിൽ നിന്ന്
    (ഹോട്ടലിൽ താമസിക്കുന്ന മഹാബലിയെ ബാർ ഉത്ഘാടനത്തിന് ക്ഷണിക്കാനായി ചിലർ ഹോട്ടലിൽ എത്തുന്നു. മഹാബലി ഒഴിഞ്ഞു മാറിയപ്പോൾ ഹോട്ടലിന്റെ ബില്ലും ഇവിടുത്തെ മഹാബലിയുടെ ചിലവുകളും വഹിക്കുന്നത് ബാർ മുതലാളിയാണ് എന്ന് പറഞ്ഞ് മഹാബലിയെ അവർ വിരട്ടുന്നു. എന്ത് ചെയ്യണം എന്നറിയാതെ മഹാബലി തന്റെ റൂമിലേക്ക് തിരിച്ചു പോകുന്നു.)

    പുറത്തിറങ്ങിയാൽ തെരുവുനായ്ക്കൾ, അകത്തിരുന്നാൽ ഉൽഘാടകരും, ഡിജിറ്റൽ അറസ്റ്റും, വല്ലാത്തൊരു ധർമ്മ സങ്കടത്തിലായി മഹാബലി. ഓണത്തിന് ഇനി അധികം ദിവസം ഇല്ല, മഴക്കാലത്തിന് മുമ്പ് ഒരു വഴിപാടായി റോഡുകളുടെ അറ്റകുറ്റപണി നടത്തുന്ന PWD ക്കാരെപോലെ പേരിനെങ്കിലും കുറച്ച് വീടുകൾ ഓണത്തിന് സന്ദർശിക്കാതിരിക്കാൻ പറ്റില്ല. ഇതിപ്പോൾ കുറച്ച് ദിവസമായി ഇവിടെ വന്നിട്ട്. അതിൽ രണ്ടുമൂന്ന് ദിവസം മുംബൈയിലും പോയി. മുംബൈയിൽ ഒരു സമാധാനം തെരുവുനായ്ക്കൾ ഉണ്ടെങ്കിലും അവറ്റകൾക്ക് കുറച്ച് ബഹുമാനം ഒക്കെയുണ്ട് വഴിയാത്രക്കാരോട്. പൊയ്മുഖമില്ലാത്ത നഗരവാസികളെപ്പോലെ നായ്ക്കളും പിന്നിലൂടെ വന്ന് കടിക്കാറില്ല.

    എന്തായാലും നാട്ടിലെ വർത്തമാനങ്ങൾ അറിയാം എന്ന് കരുതിയാണ് ടി.വി. ഓൺ ആക്കിയത്, ടിവി സ്‌ക്രീനിൽ ബ്രേക്കിംഗ് ന്യൂസ് എന്നെഴുതി കാണിക്കുന്ന സ്ഥലത്ത് പതിനെട്ട് വയസ്സ് തികഞ്ഞവർക്ക് മാത്രം എന്നെഴുതി കാണിക്കുന്നു. വീട്ടിലെ ടി.വി. റിമോട്ടൊക്കെ പ്രായം നോക്കി ഉപയോഗിക്കാൻ പറ്റോ, ഇതെന്താണ് എല്ലാവരും ഒന്നിച്ചിരുന്ന് കാണുന്ന ടിവിയിൽ ഇങ്ങനെയൊക്കെ കാണിക്കുന്നത് എന്ന് കരുതി ടി.വി.സ്‌ക്രീനിന് അടുത്ത് ഒന്നുകൂടി ചെന്ന് നോക്കിയപ്പോഴാണ് ഏതോ രാഷ്ട്രീയ നേതാവിന്റെ സ്ത്രീ സുഹൃത്തുക്കളുമായുള്ള സംഭാഷണമാണ് എഴുതികാണിക്കുന്നത്.

    അപ്പോഴാണ് മഹാബലിയുടെ ടെലിഫോൺ ശബ്ദിച്ചത്. ഓഫ് ചെയ്തു വയ്ക്കാം എന്ന് കരുതിയാൽ സമയം അറിയുന്നത് മൊബൈൽ നോക്കിയാണ്. മഹാബലിയുടെ മൊബൈലിൽ ഫ്‌ളൈറ്റ് മോഡ് ഇല്ലായിരുന്നു, പണ്ടൊക്കെ പാതാളത്ത് നിന്ന് നടന്നായിരുന്നു വന്നിരുന്നത്, ഇപ്പോൾ പാതാളത്ത് നിന്ന് ഫ്ളൈറ്റിൽ വരാൻ തുടങ്ങിയപ്പോഴും മഹാബലിക്ക് ഒരു ലേറ്റസ്റ്റ് വേർഷൻ മൊബൈൽ അനുവദിച്ച് കിട്ടിയിട്ടില്ല. ബജറ്റ് ഇല്ലത്രെ. ഫ്‌ളൈറ്റ് പണം ലാഭിച്ച് ട്രെയിനിൽ വരാം എന്ന് വിചാരിച്ചാൽ അതിനുള്ളിലെ ടോയ്‌ലറ്റിന്റെ വാതിൽ തുറന്നാൽ ട്രെയിൻ കടന്നു പോകുന്ന ജില്ലയിലുള്ളവർ മൊത്തം ബോധംകെട്ട് വീഴും. 25000 ത്തിന്റെ കണ്ണട വാങ്ങുന്ന രാഷ്ട്രീയക്കാരുള്ള നാട്ടിൽ ഒരു ചക്രവർത്തി ആയിരത്തി മുന്നൂറ് രൂപയുടെ മൊബൈലുമായി വീടുകൾ കയറി ഇറങ്ങുന്നു.

    ഫോൺ എടുത്ത് ഹെലോ പറഞ്ഞപ്പോൾ അങ്ങേ തലയ്ക്കൽ ഒരു സ്ത്രീയാണ്, സാർ, ഞാൻ അങ്ങയുടെ ഒരു ആരാധികയാണ്, സ്ത്രീ പറയാൻ തുടങ്ങി. അതിനെന്താ, കേരളത്തിൽ ഭൂരിപക്ഷവും എന്റെ ആരാധകരാണ്, ഞാൻ വരുന്ന ദിവസം കാത്തിരിക്കുന്ന ജൗളിക്കടക്കാർ, സ്വർണ്ണ വ്യാപാരികൾ, ബിവറേജസുകാർ, അവിടുത്തെ കസ്റ്റമേഴ്‌സ് ഒക്കെ എന്റെ ആരാധകരാണ്.

    അതല്ല മഹാബലി, ആ സൗന്ദര്യം, ആ ശരീരം, വല്ലാത്തൊരു ആകർഷണം, ഒരു ക്രഷ്. സ്ത്രീ പറഞ്ഞു.

    ക്രഷോ ? അതെന്ത് ? മഹാബലിക്ക് പുത്തൻ ഭാഷകളൊന്നും മനസ്സിലായില്ല.

    ക്രഷ്, ഇതൊക്കെ ന്യൂജൻ ഭാഷയാണ്, ഒരടുപ്പം, ആ പൗരുഷത്തോട് ഒരിഷ്ടം. സ്ത്രീ പറഞ്ഞു.

    ചക്രവർത്തിമാർ പുരുഷ ലക്ഷണം ഉള്ളവരായിരിക്കും, പണ്ട് വാമനൻ ചവിട്ടുമ്പോൾ തലവച്ച്കൊടുത്തത് പുരുഷത്വം ഇല്ലായ്‌മയായി കാണേണ്ട, മഹാബലി പറഞ്ഞു.

    മഹാബലി എവിടെയാണ്, ഞാൻ ഹോട്ടലിലേക്ക് വരട്ടെ ?

    അയ്യോ, അതൊന്നും വേണ്ട. മഹാബലിക്ക് പരിഭ്രമം ആയി.

    അടുത്ത് നിന്ന് ഒരു സെൽഫി, അത്രയേ വേണ്ടൂ, പിന്നെ ഞാൻ തിരിച്ചു പോയിക്കോളാം. യുവതി പറഞ്ഞു.

    അയ്യോ, ഇവിടെ ഒക്കെ ക്യാമറകൾ ഉള്ളതാ, മഹാബലിയുടെ മുറിയിൽ നിന്നും ഒരു സ്ത്രീ ഇറങ്ങി പോകുന്നത് കണ്ടാൽ പിന്നെ എനിക്ക് മുഖം ഉയർത്തി നടക്കാൻ പറ്റോ.

    ഓ, തല കുനിച്ച് കൊടുത്ത ആൾക്ക് മുഖം കുനിച്ച് നടന്നാൽ എന്താ പ്രശ്നം, സ്ത്രീ ചോദിച്ചു.

    നിങ്ങൾക്കിപ്പോൾ എന്റെ നമ്പർ എവിടെനിന്ന് കിട്ടി, മഹാബലി ചോദിച്ചു.

    അതൊക്കെ ഗൂഗിളിൽ മഹാബലി എന്നടിച്ചാൽ വരും, ഈ പേരിൽ ലോകത്ത് വേറെ ആരും ഇല്ലാത്തോണ്ട് we found 25987 people എന്നൊന്നും ഗൂഗിൾ പറഞ്ഞില്ല. മഹാബലിയെ ഇത്ര അടുത്ത് കിട്ടി ഒരു സെൽഫി എടുത്ത് സ്റ്റാറ്റസ് ആക്കാൻ പറ്റിയില്ലെങ്കിൽ പിന്നെന്ത് കാര്യം.

    അയ്യോ ഫോട്ടോ എടുക്കലൊന്നും നടക്കില്ല. മഹാബലി പറഞ്ഞു.

    ഞാൻ coming soon എന്ന് പറഞ്ഞു മഹാബലിക്കൊപ്പം ഉള്ള സ്റ്റാറ്റസിന്റെ പ്രീ റിലീസ് നടത്തി കഴിഞ്ഞു.

    പ്രീ റിലീസോ? അതെന്ത് ?

    പ്രീ പബ്ലിക്കേഷൻ, പ്രീ വെഡിങ് എന്തിന് പ്രീ ഹണിമൂൺ വരെ ഉണ്ട് ഇപ്പോൾ നാട്ടിൽ. സ്ത്രീ പറഞ്ഞു. ഇതും അതുപോലെ ഞാൻ വരുന്നു, മഹാബലിക്കൊപ്പം എന്നതിന്റെ ഒരു സസ്പെൻസ് സ്റ്റാറ്റസ്.

    ഞാൻ കുറച്ച് സമയം കൂടിയേ ഇവിടെ ഉള്ളൂ, ഞാൻ ഇറങ്ങാൻ നിൽക്കാണ് ഹോട്ടലിൽ നിന്ന്, മഹാബലി പറഞ്ഞു.

    അതെയോ, എങ്കിൽ ഞാനിതാ എത്തി, മഹാബലിയെ ഞാൻ ഡ്രോപ്പ് ചെയ്യാം. ഒരു രണ്ടു മിനിറ്റ്, ഞാൻ റിസപ്‌ഷനിൽ വെയിറ്റ് ചെയ്യാം. സ്ത്രീ പറഞ്ഞു.

    വല്ലാത്തൊരു ഓണവരവായല്ലോ ഇത്തവണത്തെ. എവിടെ തിരിഞ്ഞാലും കുരുക്ക് തന്നെ, താഴെ ഇറങ്ങിയാൽ ആ സെൽഫി സ്ത്രീ റിസപ്‌ഷനിൽ എത്തിയിട്ടുണ്ടാവും. മഹാബലി പുറകിലെ ജനാലയിലൂടെ പുറത്ത് ചാടാമോ എന്നൊരു ശ്രമം നടത്തി. അതിനായി കഴുത്തിലെ ഷാളും ദേഹത്തെ extra costume എല്ലാം അഴിച്ച് ഒരു കയറുപോലെ ആക്കി. അപ്പോഴാണ് റൂമിൽ ആരോ മുട്ടുന്നത്. കയർ കട്ടിലിനിടയിൽ ഒളിപ്പിച്ച് വാതിൽ തുറന്നപ്പോൾ പുഞ്ചിരിച്ച് നിൽക്കുന്നു ഒരു സ്ത്രീ. …..

    • രാജൻ കിണറ്റിങ്കര

    Latest articles

    മികച്ച പ്രതികരണവുമായി നേരിപ്പോട് ഹ്രസ്വചിത്രം (Video)

    റെയിൻബോ സിനി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ കെ. എ. ജി. വർഗ്ഗീസ് തിരക്കഥയും സംവിധാനവും നിർവഹിച്ച 25 മിനിറ്റ് ദൈർഘ്യമുള്ള...

    വേൾഡ് മലയാളി ഫെഡറേഷൻ മലയാളി പ്രീമിയർ ലീഗ് ആദ്യ സീസണ് ഗംഭീര തുടക്കം. (Video)

    വേൾഡ് മലയാളി ഫെഡറേഷൻ മഹാരാഷ്ട്ര സ്റ്റേറ്റ് കൗൺസിൽ സംഘടിപ്പിച്ച മലയാളി പ്രീമിയർ ലീഗ് എം എൽ എ രാജേഷ്...

    SNDP മുംബൈ–താനെ യൂണിയന്റെ വിശേഷാൽ പൊതുയോഗം ഏപ്രിൽ 19ന്

    മുംബൈ: ശ്രീനാരായണ ധർമ്മ പരിപാലന യോഗം (എസ്.എൻ.ഡി.പി യോഗം) മുംബൈ–താനെ യൂണിയന്റെ വിശേഷാൽ പൊതുയോഗം 2026 ഏപ്രിൽ 19...

    മന്ദിര സമിതി താരാപ്പൂർ ഗുരുമന്ദിരം സമർപ്പിച്ചു

    താരാപ്പൂർ : ശ്രീനാരായണ മന്ദിരസമിതിയുടെ താരാപ്പൂർ സരാവലിയിലെ ഡോ. പൽപ്പു മെമ്മോറിയൽ സെൻട്രൽ സ്കൂൾ സമുച്ചയത്തിൽ പുതുതായി നിർമ്മിച്ച...
    spot_img

    More like this

    മികച്ച പ്രതികരണവുമായി നേരിപ്പോട് ഹ്രസ്വചിത്രം (Video)

    റെയിൻബോ സിനി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ കെ. എ. ജി. വർഗ്ഗീസ് തിരക്കഥയും സംവിധാനവും നിർവഹിച്ച 25 മിനിറ്റ് ദൈർഘ്യമുള്ള...

    വേൾഡ് മലയാളി ഫെഡറേഷൻ മലയാളി പ്രീമിയർ ലീഗ് ആദ്യ സീസണ് ഗംഭീര തുടക്കം. (Video)

    വേൾഡ് മലയാളി ഫെഡറേഷൻ മഹാരാഷ്ട്ര സ്റ്റേറ്റ് കൗൺസിൽ സംഘടിപ്പിച്ച മലയാളി പ്രീമിയർ ലീഗ് എം എൽ എ രാജേഷ്...

    SNDP മുംബൈ–താനെ യൂണിയന്റെ വിശേഷാൽ പൊതുയോഗം ഏപ്രിൽ 19ന്

    മുംബൈ: ശ്രീനാരായണ ധർമ്മ പരിപാലന യോഗം (എസ്.എൻ.ഡി.പി യോഗം) മുംബൈ–താനെ യൂണിയന്റെ വിശേഷാൽ പൊതുയോഗം 2026 ഏപ്രിൽ 19...