ഇട്ടിമാണിയോട് വിയോജിപ്പുമായി കുന്നംകുളത്തുകാർ

0

ഈ ഓണക്കാലം  ഇട്ടിമാണി മെയ്ഡ് ഇൻ ചൈന എന്ന മോഹൻലാൽ ചിത്രംമാണ് ബോക്സ് ഓഫീസ് അടക്കി വാണത്. ഏറെ കാലത്തിന് ശേഷം ലാലേട്ടന്റെ പഴയ മാനറിസങ്ങൾ തിരിച്ചു കിട്ടിയ ആഘോഷത്തിലായിരുന്നു ആരാധകരും. ചിത്രത്തിൽ കുന്നംകുളം സ്വദേശിയായ ഇട്ടിമാണി എന്ന കഥാപാത്രമായാണ് മോഹൻലാൽ അഭിനയിരിക്കുന്നത്. കുടുംബ സദസ്സുകൾക്ക് ഇണങ്ങുന്ന രീതിയിൽ അണിയിച്ചൊരുക്കിയ ചിത്രത്തിനെ പക്ഷെ നെഞ്ചിലേറ്റാൻ കുന്നംകുളത്തുകാർ ഇനിയും തയ്യാറല്ല. ഒരു കുന്നംകുളത്തുകാരന്റെ പോസ്റ്റാണ് സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരിക്കുന്നത്. പോസ്റ്റിന്റെ പൂർണ രൂപം :

 കുന്നംകുളം  ഒരു കാലത്ത് ഡ്യൂപ്ളിക്കേറ്റുകളുടെ കേന്ദ്രമാണ് എന്ന കാര്യം പറഞ്ഞ് പറഞ്ഞ് ജന മനസ്സില്‍ പതിഞ്ഞതാണ്.ഒറിജിനലുകളെല്ലാം കുന്നംകുളം  ഡ്യൂപ്ളിക്കേറ്റിന്‍റെ മുന്നില്‍  പതറിയ കഥകളാണ് ഇത് വരെ കേട്ടിട്ടുളളത്. ‘ഞാന്‍ ആണ് ഒറിജിനിലെ’ന്ന് തെളിയിക്കാന്‍ പാടുപെടുന്ന ഒറിജിനലുകളുടെ നിസഹായ അവസ്ഥയായിരുന്നു കുന്നംകുളത്തെ ഡ്യൂപ്ളിക്കേറ്റിന്‍റെ വിജയം. അത്രമേല്‍ പൂര്‍ണ്ണതയോട് കൂടിയാണ് കുന്നംകുളംത്ത് ഡ്യൂപ്ളിക്കേറ്റുകള്‍ ഉണ്ടാക്കപ്പെട്ടിരുന്നതെന്ന് കഥകള്‍ പറയുന്നു.

കുന്നംകുളം ഡ്യൂപ്ളിക്കേറ്റിനൊപ്പം ഒറിജിനല്‍ വന്ന് പ്പെട്ടാല്‍ ഏതാണ് ഒറിജിനല്‍ എന്ന് ഒറിജിനലിന്‍റെ നിര്‍മ്മാതാവ് പോലും സംശയിക്കുന്ന രീതിയിലായിരുന്നു കുന്നംകുളം ഡ്യൂപ്ളിക്കേറ്റുകള്‍ പിറന്ന് വീണത് എന്ന് പഴയ കഥകള്‍ പറയുന്നു .

എന്നാല്‍ ഇട്ടിമാണി .മെയ്ഡ് ഇന്‍ ചൈന എന്ന പേരില്‍ വന്ന സിനിമയില്‍ അവതരിപ്പിച്ച ഇട്ടിമാണി എന്ന കുന്നംകുളംകാരന്‍ കഥാപാത്രം ഒറിജിനലോ എന്തിന് നല്ല ഡ്യൂപ്പ്ളിക്കേറ്റോ  ആകാതെ ചീറ്റി പോയിയെന്ന് പറയാതെ വയ്യ.

കുന്നംകുളം ടൗണിന്‍റെ ചിത്രം നാല് തവണ കാണിച്ചത് കൊണ്ടോ ‘കമ്മീഷന്‍’ എന്നോ  ‘ഡ്യൂപ്ളിക്കേറ്റോ’ എന്നോ പത്തോ പതിനഞ്ച് തവണ സിനിമയില്‍ ഇട്ടിമാണി പറഞ്ഞത് കൊണ്ടോ അയാള്‍ കുന്നംകുളത്ത് കാരനാവില്ല.

പ്രിയപ്പെട്ട തിരക്കഥാ കൃത്തുക്കള്‍ കുന്നംകുളത്തിന്‍റെ വ്യാപാര ചരിത്രം ചെറുതായെങ്കിലും മനസിലാക്കാണമായിരുന്നു. എന്നിട്ട് തിരക്കഥ എഴുതിയിരുന്നെങ്കില്‍ ഇട്ടിമാണി ഒറിജിനല്‍ കുന്നംകുളത്ത്കാരനാകുമായിരുന്നു.

കുന്നംകുളത്തിന്‍റെ പഴമയിലേക്ക് നോക്കണം. അപ്പോള്‍  ചില പഴയ അങ്ങാടികളും അങ്ങാടിവീടുകളും അതിലെ കച്ചവടവും കാണാന്‍ കഴിയും.

കുന്നംകുളത്ത് കാരന്‍ കച്ചോടം തുടങ്ങണത് അങ്ങാടി വീടുകളില്‍  നിന്നാണ്. മിക്ക അങ്ങാടി വീടിനോടും ചേര്‍ന്ന് ഒരു കടയുണ്ടാകും. അവിടത്തെ അമ്മമാരാണ് മിക്കതും കട നടത്തിപ്പുകാര്‍. ഒപ്പം കുട്ടികളും. പുളിഞ്ഞാക്കുരു വറുത്തത്,  കുട്ടി സഞ്ചി, ഉപ്പിലിട്ടത്,കോട്ടികള്‍, വെറ്റില, അടയ്ക്കാ  മണ്‍കലങ്ങള്‍, കയര്‍,പായ തുടങ്ങിയവയെല്ലാം അവിടെയുണ്ടാകും. സ്ക്കൂള്‍ ഇല്ലാത്ത സമയത്ത് ആ കടയിലെ ‘കാഷ്യര്‍ കം സെയില്‍സ്’ മാനായിരുന്നാണ് അവന്‍ കച്ചോടത്തിന്‍റെ കണക്ക് ആദ്യം അറിയുന്നത്.

വല്ല്യ അങ്ങാടിയില്‍ നിന്നും പാറയങ്ങാടിയില്‍ നിന്നും വീട്ടിലെ കടയിലേക്ക്  സാധനങ്ങള്‍ തിരഞ്ഞ് പിടിച്ച് വില പേശി വാങ്ങിയതാണ് അവന്‍റെ ആദ്യ ‘പര്‍ച്ചേസ്’. ആ അങ്ങാടി വിളവിന്‍റെ ധൈര്യത്തിലാണ് കുന്നംകുളത്ത്കാരന്‍ മുംബൈയിലേക്കും ഡല്‍ഹിയിലേക്കും സൂറത്തിലേക്കും വണ്ടി കയറി ‘പര്‍ച്ചേസിന്’ പോയത്. ഇപ്പോള്‍ പറന്ന് ചൈനയിലും പോയി കണ്ടയ്നറുകളീല്‍  സാധനങ്ങള്‍ കൊണ്ട് വരണത്.

നോട്ട് പുസ്തകത്തിന്‍റെ പേപ്പര്‍ക്കെട്ട് തലയിണയാക്കിയാണ് കുന്നംകുളത്തിന്‍റെ ബാല്യം കിടന്നുറങ്ങിയത്.  അമ്മയ്ക്കും പെങ്ങമാര്‍ക്കും തുന്നാനുള്ള  നോട്ട് ബുക്കുകള്‍ ബൈന്‍ഡിങ്ങ് സെന്‍ററില്‍ നിന്ന് സൈക്കിളില്‍ ചവിട്ടികൊണ്ട് വന്നാണ് അവന്‍ ലൊജിസ്റ്റിക് മാനേജ്മെന്‍റിന്‍റെ ആദ്യ പാഠം പഠിക്കുന്നത്.

ക്രിസ്തുമസ്സ് നക്ഷത്രങ്ങളുടെ വര്‍ണ്ണ പകിട്ടിന്‍റെ പിന്നിലെ അദ്ധ്വാനം കുന്നംകുളത്ത് കാരന് നന്നായി അറിയാം. നക്ഷത്രത്തില്‍ നിന്ന് വെളിച്ചം പുറത്ത് കടക്കാന്‍ വേണ്ടി കുഞ്ഞ് പൊത്തുകളിടുമ്പോള്‍  ബാക്കി വരുന്ന ‘പൊട്ടു’കള്‍ വാരിവിതറിയാണ് അവന്‍ പെരുന്നാളിനും പൂരത്തിനും ക്രിസ്തുമസിനുമൊക്കെ ചെണ്ടക്കും ബാന്‍റിനുമൊപ്പം ചാടികളിച്ചത്. ആ ‘പൊട്ടി ‘ന് ഡിമാന്‍ഡ് വന്നപ്പോള്‍ അത് വാരി പാക്കറ്റിലാക്കി വിറ്റാണ് അവന്‍ ആദ്യം കാശ് വാരിയത്.

ഈ കഥകളൊക്കെ അറിഞ്ഞിരുന്നെങ്കില്‍ ഞങ്ങടെ കുന്നംകുളത്ത് കാരനെ സിനിമയില്‍ അവതരിപ്പിക്കുമ്പോള്‍ ‘ഒറിജിനല്‍ ‘ കുന്നംകുളത്ത്കാരനാക്കി മാറ്റാര്‍ന്നു. ഇതിലെ ഇട്ടിമാണി വേരുകളില്ലാത്ത , ആകാശത്ത് നിന്ന് പൊട്ടി  വീണ വെറും ടിപ്പിക്കല്‍ നായക കഥാപാത്രമായി മാറി.

ഈ സിനിമയില്‍ കാണിക്കുന്ന പള്ളിയും അച്ചനും  ഇടവക പൊതുയോഗവും  ക്രിസ്തുമസ് ആഘോഷമൊന്നും ഇങ്ങിനെയല്ല ശരിക്കുള്ള  കുന്നംകുളത്ത്. ഓര്‍ത്തഡോക്സ് ,യാക്കോബായ,മര്‍ത്തോമ വിഭാഗങ്ങളുടെ വിളനിലമാണ് കുന്നംകുളം.മുക്കിലും മൂലയിലും പള്ളികളും അമ്പലങ്ങളുമുള്ള സ്ഥലം.  പരുമല തിരുമേനിയും പഴഞ്ഞി മുത്തപ്പനും അടുപ്പുട്ടി പുണ്യാളനെയൊക്കെയാണ് കുന്നംകുളത്തുകാര്‍ക്ക് പ്രിയം. ‘മാര്‍പാപ്പ’യെ ഫോണ്‍ വിളിക്കുന്ന ഇട്ടിമാണിമാരെ പൊതുവേ കുന്നംകുളത്ത് കാണില്ല.
 
പുലി വേഷങ്ങള്‍ പള്ളിയില്‍ കയറ്റാന്‍ പാടില്ലെന്ന എതിര്‍പ്പുയരുന്ന ഒരു ചെറിയ രംഗം സിനിമയില്‍ കാണിക്കുന്നുണ്ട്.  കുന്നംകുളത്തെ ആഘോഷങ്ങളെ കുറിച്ച് ഒരു ചുക്കും നിങ്ങള്‍ പഠിച്ചിട്ടില്ല എന്നത് ആ രംഗം കാണിച്ചപ്പഴേ അറിയാം.

സെപ്തമ്പര്‍ 8 ന് ആര്‍ത്താറ്റ് പെരുന്നാളുണ്ട് ഒന്ന് പോയി കാണണം. പെരുന്നാളിന്‍റെ അവസാന ഘട്ടത്തില്‍ അടുത്തുള്ള ക്ഷേത്രത്തിലെ ഉത്സവത്തിലെ ആഘോഷമായ തിറയും മൂക്കാന്‍ ചാത്തന്‍മാരും  കടന്ന് വരും. അവരെ വരവേറ്റ് സ്വീകരിക്കാന്‍ ആ പള്ളിയിലെ വികാരിയച്ചന്‍മാര്‍ വരെ മുന്നിലുണ്ടാകും. ഞങ്ങ കുന്നംകുളത്ത്കാര്‍ക്ക് ക്രിസ്തുമസും പൂരവും പെരുന്നാളും അതത് മതങ്ങളുടെ മാത്രം ഉത്സവമല്ല  നാടിന്‍റെമൊത്തം  ആഘോഷമാണ്.

ആനപുറത്ത് എഴുന്നെള്ളിയാണ് ഞങ്ങടെ പെരുന്നാള്‍ ആഘോഷം . അടുപ്പുട്ടി പള്ളി പെരുന്നാള്‍ ദിവസം വിചിത്രവും  മനോഹരവുമായ വേഷങ്ങളണിഞ്ഞാണ്  ആഘോഷ കമ്മറ്റികള്‍ പള്ളിയിലേക്ക് കടന്ന് വരുന്നത് .  ആ കാഴ്ച്ചകള്‍ കണ്ടാല്‍ നിങ്ങള്‍ പുലികളിക്ക് പള്ളിയില്‍ പ്രവേശിപ്പിക്കുമ്പോള്‍ ചിലര്‍ എതിര്‍ക്കുമെന്ന് സിനിമയില്‍  കാണിക്കുമായിരുന്നില്ല.

ചൈനക്കാര്‍ക്ക് ഡ്യൂപ്ളിക്കേറ്റുണ്ടാക്കാന്‍ പഠിപ്പിച്ചത് ഇട്ടിമാണിയുടെ അപ്പന്‍ കുന്നംകുളത്ത് കാരനായ ഇട്ടിമാത്തന്‍ ആണന്നൊക്കെ പറഞ്ഞ് കുന്നംകുളത്ത് കാരെ നിങ്ങള്‍ ‘ഉയര്‍ത്താന്‍’ ശ്രമിക്കുന്നതൊക്കെ സിനിമയില്‍ കാണുന്നുണ്ട്. കശുവണ്ടിയുടെയും സോപ്പിന്‍റെയുമൊക്കെ ഡ്യൂപ്ളിക്കേറ്റുകള്‍ ഉണ്ടാക്കുന്ന ഒരാളാണ് ഇട്ടിമാണി  എന്നൊക്കെ കാണിച്ച് അയാളെ  കുന്നംകുളത്ത് കാരനാണന്ന് വരുത്തിതീര്‍ക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും അതൊന്നും ഏശുന്നില്ല.

നായകന്‍ ഇട്ടിമാണിയുടെ ഒപ്പമുള്ള ഒരു കഥാപാത്രവും കുന്നംകുളത്തുകാരനായി  മാറുന്നില്ല.KPSC ലളിത അവതരിപ്പിക്കുന്ന ഇട്ടിമാണിയുടെ അമ്മ കഥാപാത്രവും കുന്നംകുളത്തെ യഥാര്‍ത്ഥ അമ്മച്ചിമാരാവണമെങ്കില്‍ ഇനിയും ഏറെ മുന്നോട്ട് പോകണം.

പഴയ ഏതോ സിനിമയില്‍ ഫിലോമിന ‘കുന്നംകുളം ഇല്ലാത്ത മാപ്പോ’ എന്ന ഒറ്റവരി ചോദിച്ചിട്ടേയുള്ളൂ.പക്ഷെ അവരില്‍ അപ്പോള്‍ ശരിക്കും കുന്നംകുളം ടച്ച് കാണാന്‍ പറ്റും.

മൃഗയയിലെ മമ്മുട്ടി അവതരിപ്പിക്കുന്ന കുന്നംകുളം വാറുണ്ണിമാരെയും തിരഞ്ഞ് നടന്നാല്‍ കുന്നംകുളം അങ്ങാടികളില്‍ കാണാം.

എന്നാല്‍ മാര്‍ഗ്ഗം കളിയുടെ ചട്ടയും മുണ്ടും ധരിച്ച ഇട്ടിമാണിമാരെ കുന്നംകുളത്ത് കാണാനാവില്ല. പറഞ്ഞ് വന്നത് ഇത്രയേയുള്ളൂ. നല്ല ഒരു കുന്നംകുളത്ത് കാരനെ കാണാന്ന് കരുതിയാണ് ‘ഇട്ടിമാണി ‘ കാണാന്‍ കയറിയത്. ആ കാര്യത്തില്‍ നിരാശപ്പെടുത്തി.

ഏത് കഥാപാത്രത്തെയും മനോഹരമാക്കുന്ന ലാലേട്ടന്‍ ഈ കഥാപാത്രത്തെയും മനോഹരമാക്കാന്‍ ശ്രമിച്ചിട്ടുണ്ട്. പക്ഷെ കഥാപാത്രം ഉള്‍കരുത്തില്ലാതെ പോയി. ഇനിയും കുന്നംകുളത്തെ കുറിച്ചുള്ള നല്ല സിനിമകള്‍ വരട്ടെ. അതില്‍ ഒരു ഒന്നൊന്നര കുന്നംകുളംക്കാരനായി ലാലേട്ടന്‍ തകര്‍ത്ത് അഭിനയിക്കുന്നത് ഞങ്ങള്‍ സ്വപ്നം കാണട്ടേ.

LEAVE A REPLY

Please enter your comment!
Please enter your name here