മുംബൈയിൽ ഗണേശോത്സവത്തിന് തുടക്കമായി. ഇനിയുള്ള പത്തുദിവസം ‘ഗണപതിബപ്പ മോറിയ’ വിളികളാൽ മുഖരിതമായിരിക്കും മഹാനഗരം.
ഉത്സവം പ്രമാണിച്ച് നഗരം കനത്ത സുരക്ഷയിലാണ്. ഇക്കുറി നഗരസസഭാ തിരഞ്ഞെടുപ്പുകൾ നടക്കുന്ന സാഹചര്യത്തിൽ രാഷ്ട്രീയ നിറം പകരാനുള്ള ശ്രമങ്ങളുണ്ടാകുമെന്നതിനാൽ ഉത്സവത്തിന്റെ പവിത്രത നിലനിർത്താൻ രാഷ്ട്രീയത്തെ അകറ്റി നിർത്തണമെന്ന് ഗണേശ മണ്ഡലങ്ങളുടെ പരമോന്നത ഏകോപനസമിതിയായ ബൃഹൻമുംബൈ സാർവജനിക് ഗണേശോത്സവ് സമന്വയ് സമിതി പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
ആഘോഷവേളകളിൽ മറാഠി ഭാഷയും സംസ്കാരവും പ്രോത്സാഹിപ്പിക്കാൻ സമിതി മണ്ഡലങ്ങളോട് അഭ്യർഥിച്ചു.
ഗണേശോത്സവത്തിന്റെ ഭാഗമായി ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിനുള്ള എല്ലാ മുൻകരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്ന് ക്രമസമാധനത്തിന്റെ ചുമതല വഹിക്കുന്ന ജോയിന്റ് പോലീസ് കമ്മിഷണർ സത്യനാരായൺ പറഞ്ഞു. ഉത്സവകാലത്ത് നഗരത്തിലുടനീളം കുറഞ്ഞത് 15,000 പോലീസ് കോൺസ്റ്റബിൾമാർ, 2,600 സബ് ഇൻസ്പെക്ടർമാർ, 51 അസിസ്റ്റന്റ് പോലീസ് കമ്മിഷണർമാർ, 36 ഡെപ്യൂട്ടി പോലീസ് കമ്മിഷണർമാർ എന്നിവർ ചുമതലയിൽ ഉണ്ടായിരിക്കും.
സംസ്ഥാന റിസർവ് പോലീസ് സേനയുടെ (എസ്ആർപിഎഫ്) 12 കമ്പനികളെ കൂടി നഗരത്തിൽ വിന്യസിക്കും. ജനക്കൂട്ടത്തെ നിരീക്ഷിക്കാൻ 11,000-ത്തിലധികം സിസിടിവികൾ സ്ഥാപിച്ചിട്ടുണ്ടെന്നും ഡ്രോണുകളും ഉപയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഏ ഐ നിരീക്ഷണം
മുംബൈയിലെ പ്രശസ്തമായ ലാൽബാഗ്‌രാജ ഗണപതി മണ്ഡപത്തിന് മുംബൈ പോലീസുമായി ഏകോപിപ്പിച്ച്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) സോഫ്റ്റ്‌വെയറുമായി സംയോജിപ്പിച്ച 260 ഹൈടെക് സിസിടിവി ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്. ഇന്ത്യയിലും വിദേശത്തുമുള്ള ഭക്തരടക്കം എല്ലാ വർഷവും ദശലക്ഷക്കണക്കിന് ആളുകൾ അനുഗ്രഹം തേടാനായി എത്തുന്നു, ഈ വർഷം ഒരു കോടി ഭക്തർ എത്തുമെന്നാണ് പ്രതീക്ഷ. ഇത് ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതും സുരക്ഷയും വലിയ വെല്ലുവിളിയാക്കുന്നു.
ഗിർഗാവ് ചൗപാട്ടി ഉൾപ്പെടെ എല്ലാ നിമജ്ജനസ്ഥലങ്ങളിലും ബീച്ചുകളിലും മതിയായ പോലീസ് വിന്യാസം ഉണ്ടായിരിക്കും. അനിഷ്ടസംഭവങ്ങൾ തടയുന്നതിന്റെ ഭാഗമായി വാച്ച് ടവറുകൾ, പൊതു അറിയിപ്പ് സംവിധാനങ്ങൾ എന്നിവയ്ക്ക് പുറമേ, ബീറ്റ് മാർഷലുകളെയും മഫ്തിയിലുള്ള പോലീസുകാരെയും നിയോഗിച്ചിട്ടുണ്ട്.
