കഴിഞ്ഞലക്കം: (മഹാബലിയുടെ നമ്പർ തപ്പിപിടിച്ച് ഒരു യുവതി ഹോട്ടലിലേക്ക് വരുന്നെന്നും മഹാബലിയൊടൊത്ത് സെൽഫി എടുക്കണം എന്നും പറയുന്നു. എങ്ങനെയെങ്കിലും ഹോട്ടലിൽ നിന്ന് രക്ഷപ്പെടാനുള്ള വഴി നോക്കുന്നു മഹാബലി).
തുടർന്ന് വായിക്കുക…..
ഇന്ന് അത്തം, മഹാബലി ഇപ്പോൾ താമസിക്കുന്ന ഹോട്ടലിൽ നിന്ന് ചെക് ഔട്ട് ചെയ്യാൻ ഒരുങ്ങുകയായിരുന്നു. ഇത് അത്ര സൗകര്യമുള്ള റും ആയിരുന്നില്ല . ബാത്റൂമിലെ പൈപ്പുകൾ പ്രവർത്തിക്കുന്നുണ്ടായിരുന്നില്ല, ബെഡാണെങ്കിൽ കിടന്നാൽ പകുതി ദേഹം പുറത്ത് . അത്തം മുതൽ പത്തു ദിവസത്തേക്ക് കുറെക്കുടി സൗകര്യമുള്ള മറ്റൊരു ഹോട്ടലിൽ ഒരു റൂം അനുവദിച്ച് കിട്ടിയിട്ടുണ്ട്.
ചെക് ഔട്ടിന് റിസപ്ഷനിൽ ചെന്ന മഹാബലി കംപ്ളെയിൻ്റ് പുസ്തകത്തിൽ കേടായ ബാത്ത്റൂമും വലുപ്പമില്ലാത്ത കിടക്കയുടേയും കാര്യം എഴുതാൻ തുനിഞ്ഞപ്പോൾ മാനേജർ വിലക്കി. വെറുതെ പരാതി പറഞ്ഞാൽ പോരാ സത്യവാങ്മൂലം തരണം എന്ന് മാനേജർ മഹാബലിയോട് പറഞ്ഞു.
സത്യവാങ്മൂലമോ ? അതെന്ത് സാധനം? മഹാബലി ചോദിച്ചു.
സത്യം എന്താന്നറിയോ? മാനേജർ
കേരളത്തിന് സത്യവും സമത്വവും പഠിപ്പിച്ച എന്നോടാണോ സത്യം എന്താണെന്ന് ചോദിക്കുന്നത്. മഹാബലി ചോദിച്ചു.
ആട്ടെ, വാങ് എന്ന് പറഞ്ഞാലോ?
വാക്ക്, ഗൂഗിൾ നോക്കാതെ തന്നെ മഹാബലി ഉത്തരം പറഞ്ഞു
ശരി, എങ്കിൽ മൂലമോ ?
മൂലം തൃക്കേട്ട കഴിഞ്ഞുള്ള നാൾ, മഹാബലി പറഞ്ഞു
ഇതാ മൂലമല്ല, ഈ മൂലത്തിൻ്റെ അർത്ഥം കാരണം എന്നാണ് , മാനേജർ വ്യക്തമാക്കി
എന്ന് വച്ചാൽ ? മഹാബലിക്ക് ഈ സത്യവാങ്മൂലം എന്തെന്ന് പിടികിട്ടിയില്ല
ബാത്ത്റൂമിലെ പൈപ്പുകൾ കേടായത് കാര്യകാരണ സഹിതം സത്യപ്രസ്താവന നടത്തണം എന്ന്
കേടായ കാര്യം ബാത്റൂമിൽ പോയി നോക്കിയാൽ നിങ്ങൾക്ക് തന്നെ അറിയില്ലേ, ഞാനെന്തിന് ആ പറഞ്ഞ മൂലം തരണം ? മഹാബലി ചോദിച്ചു.
ഞങ്ങടെ ഹോട്ടലിലെ പ്രശ്നം ഞങ്ങൾ തന്നെ സമ്മതിക്കണം എന്നോ ? താങ്കൾക്ക് പറ്റിയ സ്ഥലം പാതാളം തന്നെ . വെറുതെയല്ല ഓരോരുത്തര് രണ്ടടി മണ്ണ് മൂന്നടി മണ്ണ് എന്ന് പറഞ്ഞ് തലയിൽ കയറി നിരങ്ങുന്നത്. മാനേജരുടെ വാക്കിൽ പരിഹാസം
അതല്ല ഞാൻ സത്യവാങ് മൂലം തന്നാൽ എന്ത് സംഭവിക്കും? മഹാബലി ചോദിച്ചു.
അത് തെറ്റാണെന്ന് ഞങ്ങൾ തെളിയിച്ചാൽ അകത്ത് കിടക്കാം, മാനേജർ പറഞ്ഞു.
ഏത് അകത്ത് ? ബാത്റൂമിൻ്റെയോ ? മഹാബലി ചോദിച്ചു.
ബാത്റൂമിൻ്റെയല്ല, ഇവിടെ കണ്ണൂർ ജയിലിൽ ഗോവിന്ദച്ചാമി പോയ സെൽ ഒഴിഞ്ഞു കിടപ്പുണ്ട്, മാനേജർ പറഞ്ഞു.
അതാരാ ഗോവിന്ദച്ചാമി ? പത്രം നോക്കാത്ത മഹാബലിക്ക് സംശയം
അങ്ങനെ ഒരാളുണ്ട് ഇവിടെ, ഒറ്റ കൈ കൊണ്ട് നാലാൾ ഉയരത്തിലുള്ള മതിൽ ചാടും, കയറിന് കുരുക്കിടും, ജനാലയുടെ ഇരുമ്പ് കമ്പി വളയ്ക്കും, ക്യാമറയിൽ പെടാതെ അദൃശ്യനായി നടക്കും. ഇതുപോലുള്ള അദ്ഭുത സിദ്ധികൾ ഒക്കെ ഉള്ള മനുഷ്യനാ, മാനേജർ പറഞ്ഞു.
ഞാനെന്തായാലും ഹോട്ടൽ മാറുകയാണ്. എനിക്കൊരു പരാതിയുമില്ല ഈ ഹോട്ടലിനെ കുറിച്ച്, പോരേ, മഹാബലി പറഞ്ഞു.
എങ്കിൽ നല്ല സേവനങ്ങൾ എന്നൊന്ന് എഴുതി തന്നോളൂ, മാനേജർ പുസ്തകം നീട്ടി.
ഹോട്ടൽ ബിൽ സെറ്റിൽ ചെയ്ത് ഹോട്ടലിൻ്റെ പടിയിറങ്ങുമ്പോൾ മാനേജർ വിളിച്ചു പറഞ്ഞു, ലിങ്ക് അയച്ചിട്ടുണ്ട്, ഗൂഗിളിൽ ഒരു 5 സ്റ്റാർ റേറ്റിംഗ് കൊടുക്കണം ട്ടോ.
അതെന്താണ് ഒരു പൂവിളി കേൾക്കുന്ന പോലെ, ഒരാരവം . ആചാരങ്ങൾക്കൊന്നും ഒരു മാറ്റവും വന്നിട്ടില്ലാ ല്ലേ , മഹാബലി ചോദിച്ചു.
അത് പൂവിളിയല്ല, തെറിവിളിയാണ്. അത്തം ആഘോഷിക്കാൻ എത്തിയവർ ബിവറേജസ് തുറക്കാൻ വൈകിയതിന് കടക്കാരനെ തെറി പറയുന്നതാ.
പൂവേ പൊലി എന്ന പോലെ തോന്നുന്നല്ലോ
പൂവേ പൊലി അല്ല പോ പുല്ലേ എന്നാണ്. മഹാബലി വേഗം വിട്ടോ, വഴിയിലൊക്കെ ഇനിയും ഇത്തരം പൂവിളികൾ കേൾക്കും . ഹോട്ടൽ മാനേജർ പറഞ്ഞു.
മഹാബലി തൻ്റെ കുടയും മറ്റ് സാധനങ്ങളുമായി അടുത്ത ഹോട്ടലിലേക്ക് ഒരു വണ്ടി കാത്ത്നിൽക്കുമ്പോൾ തലേക്കെട്ടുള്ള രണ്ട് പേർ ഓടി വന്നു, ഒരാൾ മഹാബലിയുടെ കാൽക്കുടവാങ്ങി, മറ്റേയാൾ വസ്ത്രങ്ങളിട്ട ബാഗും.
ചക്രവർത്തിയെ തിരിച്ചറിയുന്നവർ ഇപ്പോഴുമുണ്ട്, നാട് സംസ്കാരം മറന്നിട്ടില്ല എന്ന് മനസ്സിൽ വിചാരിച്ച് വന്നവരെ മഹാബലി അനുഗ്രഹിച്ചു. കുറച്ച് കഴിഞ്ഞപ്പോൾ ഒരു കാർ മഹാബലിക്ക് മുന്നിൽ വന്ന് നിന്നു.
കാറിൽ കയറാൻ തുടങ്ങിയ മഹാബലിയെ അവർ തടഞ്ഞു, അനുഗ്രഹമൊന്നും വേണ്ട, ഒരഞ്ഞൂറ് രൂപയെടുക്ക്
അഞ്ഞൂറ് രൂപയോ ? എന്തിന്? മഹാബലി ആശ്ചര്യപ്പെട്ടു.
ഈ കുടയും സാമഗ്രികളം സ്വയം എടുത്ത് നാട്ടിൽ നടക്കാമെന്ന് കരുതിയോ? ഇതൊക്കെ ചുമക്കാനുള്ള അവകാശം ഞങ്ങൾക്കാണ്.
അഞ്ഞൂറ് രൂപ ഈ നിസ്സാര കുടയും ബാഗും 5 മിനിറ്റ് ചുമന്നതിനോ ?
ഇത് ജി.എസ് ടി ഇല്ലാതെയാണ്, ജി.എസ്.ടി അടിച്ചാൽ ഇനിയും കൂടും. അവർ പറഞ്ഞു.
ഈ നാടിനെക്കുറിച്ച് ഒരു പിടിയും കിട്ടുന്നില്ലല്ലോ, കള്ളവും ചതിയുമില്ലാത്ത താൻ ഭരിച്ച നാട് തന്നെയോ ഇത്? അതോ ഗൂഗിൾ മാപ്പ് വഴി തെറ്റിച്ച് തന്നെ വേറെ എവിടെയെങ്കിലും എത്തിച്ചോ? ഹോബലി പെരുവഴിയിൽ സ്തബ്ധനായി നിന്നു.
രാജൻ കിണറ്റിങ്കര (+91 73049 70326)
