ആധുനീക ലോകത്ത് ഒഴിച്ച് കൂടാനാകാതെ കൂടെ കൊണ്ട് നടക്കുന്ന പലതും നിങ്ങളുടെ സ്വകാര്യതയ്ക്ക് ഭീഷണിയാണെന്നത് പലരും ഗൗരവമായി കണക്കാക്കാറില്ല . എന്നാൽ പുറത്തു വന്നു കൊണ്ടിരിക്കുന്ന കഥകളിലെ അപ്രിയ സത്യങ്ങൾ പലരുടെയും കണ്ണ് തുറപ്പിക്കുന്നതാണ്.
ഓൺലൈൻ സംവിധാനമുള്ള പല ഉപകരണങ്ങളും ഓഫ് ചെയ്തുകഴിഞ്ഞാൽ പ്ലഗ് ഊരിയ ശേഷം ബാറ്ററിയുണ്ടെങ്കിൽ അതും അഴിച്ചുമാറ്റിയിടേണ്ട അവസ്ഥയാണെന്നാണ് സൈബർ വിദഗ്ധർ പറയുന്നത്.
ഫോണിലെ ഇന്റർനെറ്റ് കണക്‌ഷൻ ഓഫ് ചെയ്താലും അയാൾ സന്ദർശിച്ച സ്ഥലങ്ങൾ, ഭക്ഷണം കഴിച്ച ഹോട്ടൽ തുടങ്ങി പല പ്രധാന വിവരങ്ങളും നിരീക്ഷിക്കപ്പെടുന്നുണ്ട്. പിന്നീട് ഈ വിവരങ്ങൾ യന്ത്രികബുദ്ധിയുടെ സഹായത്തോടെ ക്രോഡീകരിച്ചു ഉപയോക്താവിന്റെ അഭിരുചികൾ തിരിച്ചറിയാൻ ഉപയോഗിക്കുന്നു. ആഗോള വിപണിയിൽ ഈ ഡാറ്റയ്ക്ക് പൊന്നു വിലയാണ്. പല സേവന ദാതാക്കളുടെയും പ്രധാന വരുമാനം തന്നെ ഇത്തരം തരം തിരിച്ച ഡാറ്റകളാണ്. ഈ വിവരങ്ങളെ പ്രയോജനപ്പെടുത്തിയാണ് സമൂഹമാധ്യമങ്ങൾ വഴി ഒരാളുടെ അഭിരുചിക്ക് അനുയോജ്യമായ പരസ്യങ്ങൾ ഫോണിലേക്കും ഇ-മെയിൽ വഴിയും ഒഴുകിയെത്തുന്നത്. ഇതൊരു കുറ്റമായി കാണാൻ കഴിയില്ലെങ്കിലും അതിനോടനുബന്ധിച്ചുള്ള വിവര ശേഖരങ്ങളെല്ലാം സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റമാണ്.
വളരെ വിചിത്രമായ സൈബർ സംഭവ വികാസങ്ങളാണ് ഓരോ ദിവസവും പുറത്തു വന്നു കൊണ്ടിരിക്കുന്നത്. ഈയിടെ ഒരു വീട്ടമ്മയുടെ നഗ്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചത് വലിയ വാർത്തയായിരുന്നു. വീട്ടിലെ കിടപ്പുമുറിയിൽ വസ്ത്രം മാറുന്നതിന്റെ ഒളിക്യാമറ ദൃശ്യങ്ങൾ ഓൺലൈൻ വഴിയാണ് ദുരുപയോഗം ചെയ്തത്. എന്നാൽ ഒളിക്യാമറ വച്ച് ദൃശ്യങ്ങൾ ആരാണ് ചിത്രീകരിച്ചതെന്ന് ഒരുതരത്തിലും കണ്ടുപിടിക്കാൻ സാധിച്ചില്ല. പുറത്തു നിന്നുള്ളവർ ആരും വീട്ടിലെ മുറിയിൽ വന്നിട്ടില്ലെന്ന് വീട്ടമ്മയും പറയുന്നു. തുടർന്നാണ് സൈബർ സെല്ലിൽ പരാതി നൽകുന്നത്. സൈബർ പോലീസിന്റെ അന്വേഷണത്തിലാണ് വിദേശത്തിരുന്ന് വിഡിയോ ദൃശ്യം പ്രചരിപ്പിച്ചവരെ കണ്ടെത്തിയത്. പിന്നീട് നടന്ന അന്വേഷണത്തിലാണ് യഥാർഥ വില്ലനെ കണ്ടു പിടിച്ചതെന്നു വാർത്തയിൽ പറയുന്നു. നഗ്ന ദൃശ്യങ്ങൾ ചിത്രീകരിച്ച മുറിയിൽ ക്യാമറയുടെ വീക്ഷണകോൺ ഏതാണെന്ന തിരച്ചിലിലാണ് വില്ലൻ പുറത്തു വന്നത്. കിടപ്പുമുറിയിലെ ചുമരിൽ സ്ഥാപിച്ച സ്മാർട്ട് ടിവിയാണ് വീട്ടമ്മ വസ്ത്രം മാറുന്ന ദൃശ്യം ചിത്രീകരിച്ചത്. സ്മാർട്ട് ടി വിയിലൂടെ വിദേശത്തുള്ള ഭർത്താവുമായി സ്കൈപ് വഴി വിഡിയോ കോൾ ചെയ്യാറുള്ള വീട്ടമ്മ പലപ്പോഴും ലോഗ് ഔട്ട് ചെയ്യാതെ തന്നെ ടി വി ഓഫാക്കുക പതിവായിരുന്നു. ടിവിയുടെ സ്ക്രീൻ ഓഫ് ആയിരുന്നുവെങ്കിലും ക്യാമറ പ്രവർത്തിച്ചിരുന്നതാണ് വീട്ടമ്മക്ക് വിനയായത്.