മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഗുഡ്വിൻ ജ്വല്ലേഴ്സിന്റെ നിക്ഷേപ തട്ടിപ്പിന് മലയാളികളടക്കം നിരവധി സാധാരണക്കാരാണ് ഇരകളായിരിക്കുന്നത്. നിത്യ ചിലവുകളിൽ മിച്ചം പിടിച്ച് തവണ വ്യവസ്ഥകളായി ഈ ജ്വല്ലറിയിൽ പണം നിക്ഷേപിച്ച് ഭാവികാര്യങ്ങൾക്കായുള്ള കരുതൽ ധനം എന്ന നിലയിൽ സ്വപ്നം കണ്ട ആയിരക്കണക്കിന് ആളുകളാണ് എന്ത് ചെയ്യണമെന്നറിയാതെ പകച്ചു നിൽക്കുന്നത്. മുംബൈയിലെ കേരളീയ കേന്ദ്ര സംഘടന, വസായ് ബസ്സീൻ കേരള സമാജം കൂടാതെ ഡോംബിവ്ലി കേരളീയ സമാജവുമാണ് നിയപരമായ സഹായം നൽകുവാനും നഷ്ടപ്പെട്ട തുക അർഹതപ്പെട്ടവരുടെ കൈകളിൽ തിരിച്ച് എത്തിക്കുന്നതിനായി സാധ്യമായ എല്ലാ മാർഗ്ഗങ്ങളും തേടുന്നതിനും വേണ്ടി രംഗത്തെത്തിയിരിക്കുന്നത്.
ഡോംബിവ്ലി കേരളീയ സമാജം മുൻ ഭരണസമിതിയംഗങ്ങളും പ്രവർത്തകരും കേരളീയ സമാജം ഭരണസമിതിയുമായി ബന്ധപ്പെടുകയും നിലവിലെ സ്ഥിതിഗതികൾ ധരിപ്പിക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിൽ സമാജം അംഗങ്ങളുടെ യോഗം വിളിക്കുവാൻ തീരുമാനിച്ചിരിക്കുകയാണ് . സമാജം ഭരണസമിതി അനുഭാവപൂർവ്വം അംഗീകരിച്ചതിന്റെ അടിസ്ഥാനത്തിൽ ഈ സാമ്പത്തിക കുറ്റകൃത്യത്തിനെതിരെ ഒരുമിച്ച് നിൽക്കുവാനും ഭാവി കാര്യങ്ങളെ കുറിച്ച് ചർച്ച ചെയ്യുവാനുമായി ശനിയാഴ്ച്ച ( 02.11.2019) വൈകുന്നേരം 7 മണിക്ക് പാണ്ഡുരംഗവാഡി മോഡൽ സ്കൂളിൽ യോഗം ചേരുമെന്ന് ഭാരവാഹികൾ അറിയിച്ചു.
ആയിരക്കണക്കിന് നിക്ഷേപകരുടെ താല്പര്യമാണ് ആദ്യം സംരക്ഷിക്കപ്പെടേണ്ടത്. ഭൂരിഭാഗം നിക്ഷേപകരും സാധാരണക്കാരായ ജോലിക്കാരും ജോലിയിൽ നിന്ന് വിരമിച്ചവരുമാണ്. വിവാഹാവശ്യങ്ങൾക്കും മാസവരുമാനത്തിനുമായി പണിയെടുത്തുണ്ടാക്കിയ സമ്പാദ്യങ്ങൾ മുഴുവൻ നിക്ഷേപിച്ച ഹതഭാഗ്യരും കൂട്ടത്തിലുണ്ട്. അത് പോലെ തന്നെയാണ് കമ്മീഷൻ വ്യവസ്ഥയിൽ നിക്ഷേപങ്ങൾ സമാഹരിച്ച വീട്ടമ്മമാർ അടങ്ങുന്ന നിരവധി ഏജന്റുമാർ.
അതെ സമയം നിക്ഷേപ തട്ടിപ്പിന് ഇരയായ ആയിരക്കണക്കിന് ആളുകളാണ് പരാതികളുമായി രംഗത്തു വന്നു കൊണ്ടിരിക്കുന്നത്. ഏകദേശം 400 കോടിയോളം വരുന്ന നിക്ഷേപത്തട്ടിപ്പിൽ തൃശൂർ സ്വദേശികളായ സുനിൽകുമാറിനും സുധീഷ് കുമാറിനും എതിരെയുള്ള കേസ് താനെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം ഏറ്റെടുത്തിരിക്കയാണ്. ഭൂരിഭാഗം മലയാളികളാണ് വെട്ടിലായിരിക്കുന്നത്. ഇതര ഭാഷക്കാരടക്കമുള്ള ചെറിയ വരുമാനക്കാരായ നിരവധി പേരും സാമ്പത്തിക തട്ടിപ്പിന്റെ ഇരകളാണ്.