നമ്മൾ മുംബൈക്കാർ വളരെ ബുദ്ധിമാന്മാർ ആണെന്നാണ് നമ്മുടെ ഒക്കെ വിചാരം. അതിന്റെ കുറച്ച് അഹങ്കാരവും നമുക്ക് ഇല്ലാതില്ല. എന്നാൽ ഇതുപോലൊരു പൊട്ടന്മാർ ഇല്ലെന്നു തോന്നി പോയിട്ടുണ്ട് ചില സന്ദർഭങ്ങളിൽ.
കുറച്ച് ദിവസം മുമ്പ് രാവിലെ എട്ടുമണിക്ക് ലോക്കൽ ട്രെയിനിൽ ഡോംബിവലിയിൽ നിന്നും കയറിയ ഒരാൾ ………. പത്തു മിനിറ്റ് വൈകിയാണ് ട്രെയിൻ വന്നത്…. ട്രെയിൻ ഒരു മിനുട്ട് വൈകിയാൽ തന്നെ ഒരു ഡോറിൽ കയറാൻ പത്ത് ആളെങ്കിലും കൂടുതലായിരിക്കും, അപ്പോൾ പിന്നെ പത്ത് മിനുട്ട് വൈകിയാലത്തെ സ്ഥിതി ഊഹിക്കാമല്ലോ. ട്രെയിനിൽ എങ്ങനെയോ കുത്തിഞെരുങ്ങി കയറിയ അയാൾ കൈ നീട്ടി തന്റെ ബാഗ് സീറ്റിനിടയിൽ നിൽക്കുന്ന ഒരാൾക്ക് കൈമാറി മുകളിൽ വയ്ക്കാൻ. മുകളിൽ ബാഗ് പോയിട്ട് ഒരു പേഴ്സ് തിരുകാനുള്ള സ്ഥലം പോലുമില്ല. ബാഗ് കൊടുത്തതും തന്റെ ഉത്തരവാദിത്തം കഴിഞ്ഞു എന്ന മട്ടിൽ ഒറ്റകൈകൊണ്ടു അയാൾ മൊബൈൽ മാന്തി കൊണ്ടിരുന്നു. ബാഗ് കിട്ടിയ ആളാകട്ടെ ഇതെവിടെ വയ്ക്കും എന്നറിയാത്ത ധർമ്മസങ്കടത്തിൽ. അങ്ങോട്ടും ഇങ്ങോട്ടും നോക്കിയും മുകളിലെ ബാഗുകൾ അഡ്ജസ്റ്റ് ചെയ്ത് വയ്ക്കാൻ ശ്രമിച്ചും ആരുടെയോ ബാഗിന്റെ ഭാരവും തൂക്കി അയാൾ. ഇതൊന്നുമറിയാതെ സ്വന്തം ലോകത്ത് മൊബൈലിൽ തന്റെ സ്വപ്ന ലോകത്ത് വിഹരിച്ച് കൊണ്ട് ബാഗിന്റെ ഉടമ.
ട്രെയിൻ ദാദറിലെത്തിയപ്പോൾ ബാഗിന്റെ ഉടമ സ്വപ്നത്തിൽ നിന്നുണർന്നു. അവിടെ അയാൾക്കിറങ്ങേണ്ട സ്റ്റേഷൻ ആണ്. ഇറങ്ങാൻ നേരം ബാഗ് പരാതിയപ്പോൾ കാണാനില്ല, ബാഗ് വാങ്ങിയ ആൾ ഘാട്കോപ്പറോ കുർളയോ മറ്റോ ഇറങ്ങി പോയിരിക്കുന്നു. അയാൾ മുകളിൽ ബാഗ് പരതുന്നുണ്ട്, തന്റെ അല്ലെന്നറിഞ്ഞിട്ടു കൂടി എല്ലാ ബാഗുകളും എടുത്ത് നോക്കുന്നുണ്ട്, അപ്പോഴേക്കും സ്വപ്നം തളർച്ചയിലേക്ക് വഴുതിയിരിക്കുന്നു. ആരൊക്കെയോ അവരുടെ കയ്യിലുള്ള വെള്ളം കുടിക്കാൻ കൊടുക്കുന്നുണ്ട്. അതിനിടയിൽ ആരോ വിളിച്ച് പറയുന്നുണ്ട്, എല്ലാവരും അവരവരുടെ ബാഗ് കയ്യിലെടുക്കാൻ, ഇനി ആരെങ്കിലും മാറി എടുത്തതാണെങ്കിൽ ഒരു ബാഗ് ബാക്കിവരുമല്ലോ. അങ്ങിനെ ചെയ്തിട്ടും ഫലമൊന്നും ഉണ്ടായില്ല. അപ്പോഴാണ് അയാൾ ബാഗ് കൊടുത്ത വ്യക്തി നിന്നിരുന്നതിന്റെ എതിർ ദിശയിലുള്ള ആൾ ഒരു ബാഗെടുത്ത് പൊക്കി കാണിച്ച് ഇതാരുടെ ബാഗാണെന്നു ചോദിക്കുന്നത്. അത് ബാഗ് നഷ്ടപ്പെട്ടെന്ന് കരുതി തളർന്നിരിക്കുന്ന ആളുടെ തന്നെയായിരുന്നു.
അതാണ് പറഞ്ഞത്, ട്രെയിനിൽ കയറി തന്റെ ബാഗ് ആര്, എവിടെ വയ്ക്കുന്നു എന്ന് നോക്കാനുള്ള ക്ഷമ പോലുമില്ല, അതിനുമുന്നെ വാട്സ് ആപ്പിൽ കയറി നിരങ്ങുന്ന ഇയാളെ ബുദ്ധിമാൻ എന്നല്ലാതെ മറ്റെന്ത് വിളിക്കണം ?
മറ്റൊരു അനുഭവം, സ്ഥലം പഴയ സ്റ്റേഷൻ തന്നെ. സാമാന്യം നല്ല തിരക്കുള്ള ഒരു ദിവസം. ഒരുത്തൻ വണ്ടി വരും മുന്നേ തന്റെ മൊബൈൽ അവിടെയുള്ള മറ്റൊരു യാത്രികന് കൊടുത്ത് പറഞ്ഞു, ഞാൻ ഡോറിൽ തൂങ്ങി നിന്ന് യാത്ര ചെയ്യുന്നതിന്റെ ഒരു ചെറിയ വീഡിയോ ഒന്നെടുക്കണം. എന്തിനാണെന്നറിയില്ല, വീട്ടിൽ ഭാര്യക്ക് സ്വന്തം സാഹസം കാണിക്കാനോ അതോ ഓഫീസിൽ തന്റെ കഷ്ടപ്പാട് ബോസിനെ കാണിക്കാനോ ? എന്തായാലും ചേതമില്ലാത്ത ഉപകാരം എന്ന് കരുതിയാകണം അയാൾ സമ്മതിച്ചു. ട്രെയിൻ വന്നു നിന്നതും ആളുകൾ ഇടിച്ച് കയറാൻ തുടങ്ങി, അയാൾ അവസാനത്തെ തൂങ്ങൽക്കാരനാവാൻ വാതിലിൽ പിടിച്ച് നിന്നു , വണ്ടി തുടങ്ങിയപ്പോൾ അയാൾ ഒറ്റക്കാലിൽ നിന്ന് മൊബൈൽ കൊടുത്ത ആളോട് സ്റ്റാർട്ട് ക്യാമറാ ആക്ഷൻ എന്ന മട്ടിൽ ഒരു കൈകൊണ്ട് ഷൂട്ടിങ് തുടങ്ങാൻ സിഗ്നൽ കൊടുത്തു. ഒരു സിനിമ ചിത്രീകരിക്കും പോലെ മൊബൈൽ സൂം ചെയ്തും പൊസിഷൻ മാറ്റിയും ഒക്കെ അയാൾ ചിത്രീകരണം തുടങ്ങി. പക്ഷെ ഇതിനിടയിൽ വണ്ടി പ്ലാറ്റുഫോം കഴിഞ്ഞു പോയതും തന്റെ മൊബൈൽ പ്ലാറ്റുഫോമിലുള്ള ഒരു അപരിചിതന്റെ കയ്യിലാണെന്നുള്ള കാര്യവും അയാൾ മറന്നു. ഷൂട്ട് ചെയ്തിരുന്ന ആൾ മൊബൈൽ മൊബൈൽ എന്ന് പറഞ്ഞു പിന്നാലെ ഓടിച്ചെന്നപ്പോഴേക്കും ട്രെയിൻ പ്ലാറ്റ്‌ഫോം വിട്ട് കുറെ പോയി കഴിഞ്ഞിരുന്നു.
ഇത്തരം ബുദ്ധിമാന്മാരുടെ ലോകം കൂടിയാണ് മുംബൈ.
- രാജൻ കിണറ്റിങ്കര