ബ്രാഹ്മണ സമുദായത്തിൽ നില നിന്നിരുന്ന ദുരാചാരം തുറന്ന് കാട്ടിയ ഹ്രസ്വചിത്രത്തെ പ്രകീർത്തിച്ചു മധുർ ഭണ്ഡാർക്കർ

യുവ സംവിധായികയുടെ ആദ്യ സംരംഭത്തിന് കൈ നിറയെ അഭിനന്ദനങ്ങളുമായി മുംബൈ സാംസ്‌കാരിക ലോകം

0

അന്തർജ്ജനങ്ങളുടെ മറക്കുടയിൽ നിന്നുള്ള മോചനം സൂചിപ്പിക്കുന്ന ഒരു കാലഘട്ടത്തെ കോറിയിട്ട ചിത്രമെന്നാണ് യജ്ഞം കണ്ടിറങ്ങിയ സിനിമാസ്വാദകർ പങ്കു വച്ചത്. യുവ സംവിധായികയുടെ ആദ്യ സംരംഭത്തിന് കൈ നിറയെ അഭിനന്ദനങ്ങളുമായാണ് മുംബൈ സാംസ്‌കാരിക ലോകവും പ്രതികരിച്ചത്.

നമ്പൂതിരി സമുദായത്തിലെ പല സത്യസന്ധമായ കാര്യങ്ങളും തുറന്ന് കാട്ടുവാൻ ഈ ഹൃസ്വ ചിത്രത്തിലൂടെ സംവിധായകക്ക് കഴിഞ്ഞുവെന്നാണ് പ്രശസ്ത ബോളിവുഡ്‍ സംവിധായകന്‍ മധുര്‍ ഭണ്ഡാര്‍ക്കര്‍ അഭിപ്രായപ്പെട്ടത്. പത്നി രേണു നമ്പൂതിരിയോടൊപ്പമാണ് വാഷി സിഡ്‌കോ ഓഡിറ്റോറിയത്തിൽ നടന്ന സാംസ്‌കാരിക ചടങ്ങിൽ അദ്ദേഹം പങ്കെടുക്കാനെത്തിയത്.

യജ്ഞം രചിച്ച കെ ബി ശ്രീദേവിയെ കുന്നം വിഷ്ണു ആദരിക്കുന്നു. സമീപം ചിത്രത്തിന്റെ സംവിധായിക രഞ്ജനയും ബോളിവുഡ് സംവിധായകൻ മധുർ ഭണ്ഡാർക്കറും

സംവിധായകയുടെ പുതിയ സംരഭം നന്നായിരുന്നുവെന്ന് പ്രശസ്ത സിനിമാ നിർമ്മാതാവ് ആർ മോഹൻ അഭിപ്രായപ്പെട്ടു. നായികയായി അഭിനയിച്ച പെൺകുട്ടിയെ അഭിനന്ദിക്കാനും ഗുഡ്നൈറ്റ് മോഹൻ മറന്നില്ല.

എന്നാൽ ഇത്തരമൊരു ആശയം ദൃശ്യവത്കരിക്കാൻ തീരുമാനിച്ചപ്പോൾ ആദ്യം നേരിട്ട പ്രതിസന്ധി ഒരു നിർമ്മാതാവിനെ കണ്ടെത്തുക എന്നത് തന്നെയായിരുന്നുവെന്നാണ് സംവിധായക രഞ്ജന പറഞ്ഞത്. അത് കൊണ്ടാണ് സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും സഹായത്തോടെ യജ്ഞം എന്ന ചിത്രത്തെ ചെറിയ ബജറ്റിൽ ഒതുക്കേണ്ടി വന്നതെന്നും രഞ്ജന പറഞ്ഞു. എഴുത്തുകാരി കെ ബി ശ്രീദേവിയുടെ ചെറുമകൾ കൂടിയാണ് രഞ്ജന.

ചിത്രത്തിന്റെ സംവിധായിക രഞ്ജനയെ ചടങ്ങിൽ ആദരിക്കുന്നു. സമീപം എഴുത്തുകാരി കെ ബി ശ്രീദേവി

നമ്പൂതിരി സമുദായത്തിന്റെ കഥ പറയുന്ന ചിത്രത്തിൽ അഭിനയിച്ചവരെല്ലാം അതെ സമുദായത്തിൽപെട്ടവർ ആയിരുന്നത് സ്വാഭാവികത നിലനിർത്താൻ സഹായിച്ചുവെന്നും രഞ്ജന പറഞ്ഞു . മുത്തശ്ശി എഴുതിയ നോവലുകളിൽ ഏറ്റവും ഇഷ്ടപെട്ടത് യജ്ഞമാണെന്നും രഞ്ജന അഭിപ്രായപ്പെട്ടു. അമ്മയും മകളും തമ്മിലുള്ള സംഘർഷമാണ് കഥയിൽ ഉടനീളം ഉണ്ടായിരുന്നതെന്നും ഒരു കാലത്ത് നില നിന്നിരുന്ന അനാചാരത്തെ ഹൃസ്വ ചിത്രത്തിലേക്ക് ഒതുക്കുകയെന്നത് വലിയ വെല്ലുവിളിയായിരുന്നുവെന്നും രഞ്ജന പറഞ്ഞു.

ആദ്യമായാണ് ക്യാമറയുടെ മുന്നിൽ വരുന്നതെന്നും, ആദ്യമൊക്കെ കുറച്ചു പേടിയുണ്ടായിരുന്നുവെന്നുമാണ് ചിത്രത്തിൽ നായികയായ നീരദ പറഞ്ഞത്.

മനോഹരമായ ദൃശ്യാവിഷ്കാരമെന്ന് പ്രദർശനം കണ്ടിറങ്ങിയ മുംബൈയിലെ സാംസ്‌കാരിക പ്രവർത്തകർ

നമ്പൂതിരി സമുദായത്തിന്റെ കഥ പറയുന്ന ഈ സിനിമയിൽ അഭിനേതാക്കൾ അതെ സമുദായത്തിൽപെട്ടവർ ആയതിനാൽ കഥയ്ക്ക് ആത്മാവ് കണ്ടെത്താൻ കഴിഞ്ഞുവെന്ന അഭിപ്രായകാരനാണ് കുന്നം വിഷ്ണു. ഹൃസ്വ ചിത്രത്തിന്റെ പ്രദർശനത്തിന് ശേഷം നടന്ന ചർച്ചയിൽ നോവലിസ്റ്റ് ബാലകൃഷ്ണൻ, സി പി കൃഷ്ണകുമാർ, ആര്യമ്പിള്ളി സുരേഷ് , സത്യനാഥ്‌ എന്നിവർ പങ്കെടുത്തു. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയിൽ കേരളത്തിലെ ബ്രാഹ്മണ സമൂഹത്തിൽ നില നിന്നിരുന്ന ഭ്രഷ്ട് എന്ന ദുരാചാരത്തിന്റെ പശ്ചാത്തലത്തിൽ എഴുതിയ നോവലാണ് കെ ബി ശ്രീദേവിയുടെ യജ്ഞം. തെറ്റുകാരൻ അല്ലാതിരുന്നിട്ടും അടയാളത്തിന്റെ അടിസ്ഥാനത്തിൽ ഭ്രഷ്ട് കല്പിക്കപ്പെട്ട കുഞ്ഞുകുട്ടന്റേയും വേളി നങ്ങേമയുടെയും മകൾ സാവിത്രിയുടെയും ദുഃഖം മനോഹരമായി ആവിഷ്കരിക്കാൻ സംവിധായകക്ക് കഴിഞ്ഞുവെന്ന് സി പി കൃഷ്ണകുമാർ അഭിപ്രായപ്പെട്ടു. നാല്പത്തി നാല് മിനിറ്റിൽ ഇത്ര വലിയൊരു നോവൽ ചിത്രീകരിക്കുമ്പോൾ ഉണ്ടായിരുന്ന പരിമിതികൾ ഒഴിച്ചാൽ തീർത്തും അഭിനന്ദനാർഹമായൊരു ചിത്രം തന്നെയാണ് യജ്ഞമെന്ന് കൃഷ്ണകുമാർ പറഞ്ഞു. ഒരു സംവിധായികയുടെ ആദ്യ ചിത്രം ഇത്ര വിജയിക്കുമ്പോൾ നമ്മുക്ക് ഏറെ പ്രതീക്ഷകളാണ് ഉള്ളതെന്നും അദ്ദേഹം പറഞ്ഞു.

നാടക പ്രവർത്തകനായ സുരേന്ദ്രബാബു, വിവർത്തക ലീല സർക്കാർ, ഡോ വേണുഗോപാൽ, കണക്കൂർ സുരേഷ്, ഇ പി വാസു, സന്തോഷ് (മാതൃഭൂമി) സി എച്ച് രാഘവൻ തുടങ്ങി നിരവധി പ്രമുഖർ പ്രദർശനം കാണാനെത്തിയിരുന്നു.

പ്രദർശനത്തിന് മുൻപ് നടന്ന സാംസ്‌കാരിക ചടങ്ങിൽ കുന്നം വിഷ്ണു സ്വാഗതം പറഞ്ഞു. വാസുദേവൻ പടുതോളിന്റെ നേതൃത്വത്തിലായിരുന്നു ചടങ്ങ്.

Watch AMCHI MUMBAI for the highlights of the event held at Vashi CIDCO auditorium. Tune in Kairali TV on Sunday @ 7.30 am.

LEAVE A REPLY

Please enter your comment!
Please enter your name here