മഹാരാഷ്ട്ര സർക്കാർ താക്കറെ നയിക്കും; കോൺഗ്രസ്സിനെ കുറ്റപ്പെടുത്തി സഞ്ജയ് നിരുപം

0

മുംബൈയിൽ ഇന്ന് നടന്ന ത്രികക്ഷികളുടെ നിർണായക യോഗത്തിലാണ് ഉദ്ധവ് താക്കറെ തന്നെ മുഖ്യമന്ത്രിയാക്കണമെന്ന നിലപാട് സഖ്യ കക്ഷികളും ശിവസേനയിലെ മുതിർന്ന നേതാക്കളും കൈക്കൊണ്ടത്.

ഉദ്ധവ് താക്കറെ മുഖ്യമന്ത്രി കസേരയിലെത്തുമ്പോൾ താക്കറെ കുടുംബത്തിൽ നിന്നുള്ള ആദ്യ മന്ത്രിയെന്ന നിലയിൽ ചരിത്രം രേഖപ്പെടുത്തും. സഖ്യ കക്ഷികളായ എൻ സി പിയുടെയും കോൺഗ്രസ്സിന്റെയും സമ്മർദ്ദത്തിന് വഴങ്ങിയാണ് ഉദ്ധവ് തന്റെ ആദ്യ നിലപാടിൽ നിന്നും വ്യതിചലിച്ചു മുഖ്യമന്ത്രിയാകാൻ സമ്മതിച്ചത്.

ഇന്ന് വൈകീട്ട് മുംബൈ വർളി നെഹ്‌റു സെന്ററിൽ വച്ച് നടന്ന ത്രികക്ഷി യോഗത്തിലായിരുന്നു മഹാരാഷ്ട്ര സർക്കാർ രൂപീകരണത്തിന്റെ അന്തിമ രൂപരേഖയുണ്ടാകുന്നത്. ഔദ്യോദികമായ പ്രഖ്യാപനം നാളെ നടത്തുമെന്ന് നേതാക്കൾ അറിയിച്ചു.

ഉദ്ധവ് താക്കറെ തന്നെ മുഖ്യമന്ത്രിയാകണമെന്നാണ് സഖ്യം ഒറ്റകെട്ടായി തീരുമാനിച്ചതെന്നും ഉദ്ധവ് ഉത്തരവാദിത്തം ഏറ്റെടുക്കുമെന്നാണ് പ്രതീക്ഷയെന്നും എൻ സി പി നേതാവ് ശരത് പവാർ പറഞ്ഞു. യോഗം കഴിഞ്ഞു പുറത്തു വരുമ്പോഴായിരുന്നു തടിച്ചു കൂടിയിരുന്ന മാധ്യമ പ്രവർത്തകരോട് ശരദ് പവാർ തന്റെ പ്രതികരണം അറിയിച്ചത്. ശിവസേന, കോൺഗ്രസ് പാർട്ടികളുടെ പ്രതിനിധികളുമായി നടത്തിയ ചർച്ചക്കൊടുവിലായിരുന്നു ശരത് പവാർ നിർണായക തീരുമാനം പങ്കു വച്ചത് . സഖ്യ കക്ഷികളുമായി നടന്ന യോഗത്തിന് മുന്നോടിയായി ഉദ്ദവ് താക്കറെയുടെ വസതിയായ ബാന്ദ്രയിലെ മാതോശ്രീയിൽ വച്ച് നടന്ന ശിവസേന എംഎൽഎമാരുടെ കൂടിക്കാഴ്ചയിലും മുഖ്യമന്ത്രി പദത്തിലേക്ക് ഉയർന്നു വന്ന പേര് ഉദ്ധവിന്റെതായിരുന്നു. ഇതോടെ ഈ വിഷയത്തിൽ കഴിഞ്ഞ ഒരു മാസമായി പ്രചരിച്ചിരുന്ന അഭ്യൂഹങ്ങൾക്കും ഊഹാപോഹങ്ങൾക്കുമാണ് തിരശീല വീഴുന്നത്.

എന്നാൽ മഹാരാഷ്ട്രയില്‍ ശിവസേനയുമായുള്ള സഖ്യം കോൺഗ്രസ്സ് പാര്‍ട്ടിയെ കുഴിച്ചു മൂടുന്നതിന് തുല്യമാണെന്നാണ് കോണ്‍ഗ്രസ് നേതാവ് സഞ്ജയ് നിരുപം കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തത്. ശിവസേനയുമായി സഖ്യം ചേര്‍ന്ന് സര്‍ക്കാരുണ്ടാക്കാനുള്ള കോണ്‍ഗ്രസ് നീക്കത്തിനെതിരെ ആഞ്ഞടിക്കുകയായിരുന്നു മുൻ ശിവസേന നേതാവ് കൂടിയായ സഞ്ജയ് നിരുപം.

ഉത്തര്‍പ്രദേശില്‍ ബി.എസ്.പിയുമായി സഖ്യമുണ്ടാക്കിയാണ് കോണ്‍ഗ്രസ് വർഷങ്ങൾക്ക് മുൻപ് തെറ്റായ തീരുമാനം കൈക്കൊണ്ടത്. പിന്നീട് പാർട്ടിക്ക് ഇന്നുവരെ യു പിയിൽ മുന്നേറാൻ കഴിഞ്ഞിട്ടില്ലെന്നും സഞ്ജയ് കുറിക്കുന്നു. സമാനമായ നടപടിയാണ് പാർട്ടി മഹാരാഷ്ട്രയിലും പിന്തുടരുന്നതെന്നും സഞ്ജയ് കുറ്റപ്പെടുത്തി.

LEAVE A REPLY

Please enter your comment!
Please enter your name here