ഇന്ത്യയിലും വിദേശത്തുമുള്ള പ്രവാസി മലയാളികളുടെ പ്രശ്നങ്ങളെ പഠിക്കുകയും അത് സർക്കാർ തലത്തിൽ അവതരിപ്പിക്കാനും വേണ്ടി രൂപം നൽകിയ ഒരു ബോഡിയാണ് നോർക്ക റൂട്സ്. ദൗർഭാഗ്യവശാൽ നോർക്ക എന്നത് എന്താണെന്നും അത് എന്തിനു വേണ്ടി നിലകൊള്ളുന്നു എന്നും അറിയാത്തവരാണ് ബഹുഭൂരിപക്ഷം പ്രവാസി മലയാളികളും. മറ്റൊരു തരത്തിൽ പറഞ്ഞാൽ നോർക്കയുടെ പ്രവർത്തനങ്ങളെ കുറിച്ച് പ്രവാസികളെ ബോധവാന്മാരെക്കേണ്ട സമാജങ്ങളും സംഘടനകളും മനഃപൂർവം മൗനം പാലിക്കുകയാണ്. ആ മൗനത്തിൽ ചില സ്ഥാപിത താൽപര്യങ്ങൾ ഒളിഞ്ഞിരിക്കുന്നുണ്ട് എന്നാണ് മുംബൈയിലെ സാമൂഹിക രംഗത്തെ പ്രമുഖരായ ചിലരെല്ലാം പങ്കു വയ്ക്കുന്നത്. സമാനമായ അഭിപ്രായങ്ങളാണ് പല പ്രമുഖ സമൂഹ മാധ്യമങ്ങളിലും ഉയർന്ന് കേൾക്കുന്നതും ചർച്ച ചെയ്യുന്നതും.
നോർക്ക റൂട്സ് മുന്നോട്ടു വെക്കുന്ന സംരംഭങ്ങൾക്ക് പ്രവാസി മലയാളികളുടെ പിന്തുണയും സഹായവും ഉണ്ടായിരിക്കണമെന്നാണ് നോർക്ക വൈസ് പ്രസിഡന്റ് വരദരാജൻ ഇന്നലെ മുംബൈയിൽ നടന്ന യോഗത്തിൽ അഭ്യർത്ഥിച്ചത്. നോർക്കയിൽ സംഘടനകൾ അംഗത്വം സ്വീകരിക്കേണ്ട ആവശ്യകതയെകുറിച്ചും അദ്ദേഹം പരാമർശിച്ചു. മഹാരാഷ്ട്രയിൽ 12 സംഘടനകൾ മാത്രമാണ് നോർക്കയിൽ റജിസ്റ്റർ ചെയ്തിരിക്കുന്നതെന്നാണ് അദ്ദേഹം പറഞ്ഞത്. എന്നാൽ ഇതിൽ തന്നെ 5 സംഘടനകൾ ഇനിയും അംഗത്വം പുതുക്കിയിട്ടില്ലെന്നും അത് കൊണ്ട് രേഖാ മൂലം നിലവിൽ 7 സംഘടനകൾ മാത്രമാണ് അംഗങ്ങൾ ആയിട്ടുള്ളതെന്നും നോർക്ക ജോയിന്റ് സെക്രട്ടറി ശ്യാം പറയുന്നു. ഇന്നലെ വാഷി കേരളാ ഹൌസിൽ ചേർന്ന യോഗത്തിൽ ഒരു പാട് മലയാളി സംഘടനാ പ്രവർത്തകർ പങ്കെടുത്തിരുന്നെങ്കിലും അംഗത്വമുള്ളവർ വളരെ കുറവായിരുന്നുവെന്ന് വരദരാജൻ ഓർമപ്പെടുത്തി.
ലോകമെമ്പാടുമുള്ള മലയാളികളെ ക്രോഡീകരിക്കാൻ വേണ്ടി നോർക്കാ റൂട്സ് നടത്തുന്ന ശ്രമങ്ങൾ ശ്ലാഘനീയമാണെന്ന അഭിപ്രായം പങ്കു വച്ചവരും യോഗത്തിൽ ഉണ്ടായിരുന്നു. എന്നാൽ എന്ത് കൊണ്ട് സംഘടനാ പ്രാതിനിധ്യം കുറഞ്ഞു എന്ന ചോദ്യത്തിന് മാത്രം പലർക്കും ഉത്തരമില്ല.
മുംബൈയിൽ നടന്ന ചർച്ചയുടെ അടിസ്ഥാനത്തിൽ ഭാവിയിൽ നടക്കാൻ പോകുന്ന കാര്യങ്ങൾ നോർക്ക അധികൃതർ മുഖവിലക്കെടുത്തതിൽ സന്തോഷമുണ്ടെന്നാണ് മുതിർന്ന ട്രേഡ് യൂണിയൻ നേതാവ് പി ആർ കൃഷ്ണൻ പറഞ്ഞത്.
മലയാളികൾക്ക് ഒരു പൊതു വേദി ഉണ്ടാകുന്നതിനെ സ്വാഗതം ചെയ്താണ് എയ്മ ഭാരവാഹികളായ ഉപേന്ദ്ര മേനോൻ, മുരളീധരൻ, കെ മാധവൻ, രാഖി സുനിൽ തുടങ്ങിയവർ സംസാരിച്ചത്.
മറുനാട്ടിലെ മലയാളികൾക്കായി ഏർപ്പെടുത്തിയ സഹായങ്ങൾ നോർക്ക വഴി ലഭ്യമാക്കുന്നത് സാധാരണക്കാരായ മലയാളികൾക്ക് ആശ്വാസമാകുമെന്നും സംഘടനകളാണ് ഈ ആനുകൂല്യങ്ങൾ പ്രയോജനപ്പെടുത്തേണ്ടതെന്നും സാമൂഹിക പ്രവർത്തകയും ലോക കേരള സഭാംഗവുമായ അഡ്വക്കേറ്റ് പദ്‌മ ദിവാകരൻ അഭിപ്രായപ്പെട്ടു . രാജ്യത്തെ ഏറ്റവും വലിയ മലയാളി കൂട്ടായ്മയായ ഓൾ ഇന്ത്യ മലയാളി അസോസിയേഷന്റെ മഹാരാഷ്ട്ര ഘടകം പ്രസിഡന്റ് കൂടിയാണ് പദ്മ ദിവാകരൻ.
എന്ത് കൊണ്ട് മലയാളി സംഘടനകൾ നോർക്കയിൽ നിന്നും അകലം പാലിക്കുന്നു ?
ഇത്തരമൊരു ചോദ്യത്തിനോട് മുംബൈയിലെ മലയാളി സമൂഹം വ്യത്യസ്തമായ കാഴ്ചപ്പാടുകളാണ് പങ്കു വച്ചതെങ്കിലും പ്രതികരണങ്ങളെ വിശകലനം ചെയ്തപ്പോൾ ലഭിക്കുന്നത് മറുപടിയിൽ പതിയിരിക്കുന്ന ഏകപക്ഷീയമായ ചിന്തയും നിലപാടും തന്നെയായിരുന്നു.
മുംബൈയിലെ മലയാളി സമാജങ്ങൾ ഇപ്പോൾ അവലംബിച്ചു കൊണ്ടിരിക്കുന്ന പ്രവർത്തന രീതിയെ പെട്ടെന്ന് മാറ്റിയെടുക്കുക അത്ര എളുപ്പമല്ലന്ന് തന്നെയാണ് പലരും പറയാതെ പറയുന്നത്. ഇത്രയധികം സംഘടനകൾ നഗരത്തിൽ ഉണ്ടാകുവാനുള്ള കാരണം പോലും കൂട്ടായ്മ എന്നതിലുപരി ചില പ്രാദേശിക താല്പര്യങ്ങളും അധികാര മോഹങ്ങളും ആണെന്ന് പറഞ്ഞാൽ നിഷേധിക്കാനാവില്ലെന്നാണ് ഭാണ്ഡൂപിൽ നിന്നെത്തിയ രത്നാകരൻ വ്യക്തമാക്കിയത് . അത് കൊണ്ട് തന്നെ ബാഹ്യമായ ഇടപെടലുകളെ പരമാവധി ഒഴിവാക്കി കൊണ്ട് മുന്നോട്ട് പോകുവാൻ തന്നെയാകും ഭരണ സമിതിയുടെ താല്പര്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നോർക്കയുടെ ആനുകൂല്യങ്ങൾ അംഗങ്ങൾക്ക് ലഭ്യമാക്കാൻ സംഘടനകൾ മുന്നിട്ടിറങ്ങണം
നോർക്കയിൽ അംഗത്വമുള്ള സംഘടനകളിലെ അംഗങ്ങള്ക്ക് ലഭിക്കാവുന്ന ആനുകൂല്യങ്ങളും നേട്ടങ്ങളുമാണ് നിഷേധിക്കപ്പെടുന്നത്. നോർക്ക തിരിച്ചറിയൽ കാർഡ് സ്വന്തമാക്കുന്ന മറുനാടൻ മലയാളിക്ക് ചികിത്സാ സഹായം, ഇൻഷുറൻസ്, പെൻഷൻ തുടങ്ങി നിരവധി ആനുകൂല്യങ്ങളാണ് ലഭിക്കുന്നത്.
സമാജങ്ങളുടെ സമീപനങ്ങളിൽ മാറ്റം വേണമെന്നും നോർക്കയുടെ ആനുകൂല്യങ്ങൾ അർഹതപ്പെട്ടവർക്ക് നിഷേധിക്കപ്പെടുന്നതിന്റെ ഉത്തരവാദിത്വത്തിൽ നിന്നും ഇവർക്കൊന്നും ഒഴിഞ്ഞു മാറുവാൻ കഴിയില്ലെന്നുമാണ് സാമൂഹിക പ്രവർത്തകനായ രാജേന്ദ്രൻ നായർ അഭിപ്രായപ്പെട്ടത്. സർക്കാരുമായി നിരന്തര ബന്ധം പുലർത്തുന്ന നോർക്ക പോലുള്ള ഒരു വകുപ്പ് തങ്ങളുടെ മേച്ചിൽപ്പുറങ്ങളിലേക്ക് കടന്നു വരുന്നതിനോട് പലർക്കും താല്പര്യമില്ല. അതുവരെ ഉണ്ടായിരുന്ന അവരുടെ സ്വൈരവിഹാരത്തിനു വിഘ്നമാകുമോ എന്ന ഭയം തന്നെയാണ് ഇപ്പോഴും നോർക്കയിൽ അംഗത്വം എടുക്കാനുള്ള പല സമാജങ്ങളുടെയും വിമുഖതക്കു പിന്നിലെ മനഃശാസ്ത്രമെന്നും അദ്ദേഹം തുറന്നടിച്ചു.
സംഘടിച്ചു സംഘടിച്ചു അശക്തരാകുന്നവർ
ഇരുപത് ലക്ഷം മലയാളികൾ മുംബൈ നഗരത്തിൽ ഉണ്ടെന്ന് വീരവാദം മുഴക്കുമ്പോഴും ഒരു പൊതു വേദിയിൽ കൈകോർക്കുവാൻ കഴിയാത്ത സംസ്കാരമാണ് നാളിതു വരെ മുംബൈ മലയാളികൾ പുലർത്തി വന്നിട്ടുള്ളതെന്നും പരസ്പരം പഴി ചാരാതെ ഒത്തൊരുമിച്ചു പ്രവർത്തിക്കാനുള്ള സന്നദ്ധത മുംബൈ മലയാളികൾ സ്വായത്തമാക്കേണ്ട കാലം അതിക്രമിച്ചുവെന്ന അഭിപ്രായക്കാരും യോഗത്തിൽ ഉണ്ടായിരുന്നു. പല പ്രധാന അവസരങ്ങളിലും ജാതിയുടെയും വിശ്വാസത്തിന്റെയും രാഷ്ട്രീയത്തിന്റെയും പേരിലോ പ്രാദേശിക വാദത്തിന്റെ പേരിലോ വിഘടിച്ചു നിൽക്കുവാനാണ് മലയാളിക്ക് യോഗം. പ്രളയ സഹായം നൽകുന്ന വേളയിൽ പോലും അനുപാതം കുറവായിരുന്നുവെങ്കിലും ഇതെല്ലം ഒരു പരിധി വരെ പ്രകടമായിരുന്നില്ലേ എന്നാണ് ചിലരെല്ലാം ചോദിക്കുന്നത്.
സ്വന്തം സംഘടനകളുടെ ശക്തി പ്രകടനമായാണ് പലപ്പോഴും വാർഷികാഘോഷവും ഓണാഘോഷ പരിപാടികളും അരങ്ങേറുന്നത് . ഈ മനോഭാവം മൂലം മലയാളിക്ക് മുംബൈയിൽ നഷ്ടപ്പെടുന്നത് വലിയ അവസരങ്ങൾ തന്നെയാണ്. ഒരു വോട്ട് ബാങ്ക് പോലും ആകാത്ത രീതിയിൽ ചിന്നിച്ചിതറിയ മലയാളി സമൂഹം നഗരത്തിൽ മാറ്റി നിർത്തപ്പെടുമ്പോൾ അറിയാതെ നമ്മൾ ചികയുന്നത് നഗര ജീവിതത്തിനിടയിൽ എവിടെയോ നഷ്ടപ്പെട്ട പ്രബുദ്ധത തന്നെയാകും. അപ്രിയ സത്യം വെളിപ്പെടുത്തിയ മുഖഭാവത്തോടെയാണ് രാജേഷ് മേനോൻ കാര്യങ്ങൾ ഒന്നൊന്നായി ചൂണ്ടിക്കാട്ടിയത്.
മലയാളി സമാജങ്ങളുടെ അപെക്സ് ബോഡി എന്നവകാശപ്പെട്ടു കൊണ്ടുള്ള ആറു സംഘടനകൾ നഗരത്തിൽ ഉണ്ടെങ്കിലും നഗരത്തിലെ മൊത്തം സംഘടനകളുടെ പത്തു ശതമാനം പോലും അംഗത്വം ആർക്കും അവകാശപ്പെടാനാവില്ല എന്നത് മലയാളിയുടെ മനോഭാവത്തെയാണ് തുറന്ന് കാട്ടുന്നത്. സംഘടിച്ചു സംഘടിച്ചു അശക്തരായി കൊണ്ടിരിക്കുന്നവരാണ് മുംബൈയിലെ മലയാളികൾ.
നോർക്ക എന്താണെന്നും അതിന്റെ പ്രവർത്തനങ്ങളെ എങ്ങിനെ പ്രവാസി സമൂഹം പ്രയോജനപ്പെടുത്തണമെന്നും ഓരോ പ്രവാസി മലയാളിയും അറിഞ്ഞിരിക്കേണ്ടതാണ്. അംഗങ്ങളുടെ സമ്മർദ്ദം ഉണ്ടെങ്കിൽ മാത്രമാണ് വിമുഖത പ്രകടിപ്പിക്കുന്ന സമാജങ്ങൾ നോർക്കയിൽ അംഗമാകുന്നതിന് സന്നദ്ധരാകൂ എന്നതാണ് യാഥാർഥ്യം.