മാമാങ്കത്തിന് മുംബൈയിൽ ഫാൻ ഷോ

0

സിനിമാ പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മെഗാ സ്റ്റാർ മമ്മൂട്ടിയുടെ മാമാങ്കത്തിന് മുംബൈയിൽ ഫാൻ ഷോ സംഘടിപ്പിക്കുന്നു. ഇതാദ്യമായാണ് ഒരു മലയാള സിനിമയ്ക്ക് മഹാ നഗരത്തിൽ ഫാൻ ഷോ ഒരുങ്ങുന്നത്. നവി മുംബൈയിൽ വാഷിയിലെ രഘുലീലാ മാൾ ഇനോക്സ് തീയേറ്ററിലായിരിക്കും ഡിസംബർ 12 ന് വൈകീട്ട് 7 .30 ന് മാമാങ്കത്തിന്റെ ഫാൻ ഷോ പ്രദർശനമെന്ന് സംഘാടകൻ മനോജ് മാളവിക അറിയിച്ചു. മുംബൈയിലെ ഇരുപതോളം കേന്ദ്രങ്ങളിലായാണ് ചിത്രത്തിന്റെ പ്രദർശനം.

കേരളത്തിൽ ഒരു കാലഘട്ടത്തിൽ പന്ത്രണ്ടു വർഷത്തിലൊരിക്കൽ നടന്നിരുന്ന ബൃഹത്തായ നദീതീര ഉത്സവമായിരുന്നു മാമാങ്കം. ഒടുവില്‍ അവസാനത്തെ ചാവേറും അങ്കത്തട്ടില്‍ മരിച്ചു വീഴുമ്പോള്‍ ആ വര്‍ഷത്തെ മാമാങ്കമെന്ന ഉല്‍സവം അവസാനിക്കുന്നതായാണ് ചരിത്രം. കേരളത്തിന്റെ ഒരു കാലഘട്ടത്തെ കോറിയിടുന്ന മാമാങ്കമെന്ന ചരിത്ര സിനിമ ഓരോ മലയാളിയും കണ്ടിരിക്കേണ്ടതാണെന്നും അന്യ ഭാഷക്കാരെയും ഈ ചിത്രം കാണുവാൻ പ്രേരിപ്പിക്കണമെന്നും നടനും സിനിമാ നിർമ്മാതാവും കൂടിയായ മനോജ് പറഞ്ഞു.

മാമാങ്കം മുംബൈയിൽ ചരിത്രം കുറിക്കുമെന്നാണ് തന്റെ പ്രതീക്ഷയെന്നും ചിത്രത്തിന്റെ വിജയാഘോഷം മുംബൈയിൽ സംഘടിപ്പിക്കുമെന്നും കടത്തനാട്ടുകാരൻ കൂടിയായ മനോജ് മാളവിക പ്രത്യാശ പ്രകടിപ്പിച്ചു.

മലയാള സിനിമാ ടെലിവിഷൻ അവാർഡ് ദാന ചടങ്ങിൽ ഉണ്ണി മുകുന്ദൻ. സമീപം വ്യവസായി എം കെ നവാസ്, എൽ ഐ സി മാനേജിങ് ഡയറക്ടർ ടി സി സുശീൽകുമാർ എന്നിവർ

ചിത്രത്തിൽ മമ്മൂട്ടിയോടൊപ്പം പ്രധാന കഥാ പാത്രത്തെ അവതരിപ്പിക്കുന്ന ഉണ്ണി മുകുന്ദൻ പോയ വാരം മുംബൈയിലെത്തിയിരുന്നു. മലയാളം സിനിമ ടെലിവിഷൻ അവാർഡ് ദാന ചടങ്ങിൽ യൂത്ത് ഐക്കൺ പുരസ്‌കാരം ഏറ്റു വാങ്ങാനെത്തിയ ഉണ്ണി മുകുന്ദൻ തന്റെ മാമാങ്ക വിശേഷങ്ങൾ പങ്കു വച്ചപ്പോഴെല്ലാം ആവേശത്തോടെയാണ് മുംബൈയിലെ മലയാളികൾ സ്വീകരിച്ചത്. മുംബൈ മലയാളിയായ സുദേവ് നായരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്.

മെഗാ സ്റ്റാർ മമ്മൂട്ടി മുംബൈയിൽ

മലയാളത്തിന് പുറമെ തമിഴ് തെലുഗു, കൂടാതെ ഹിന്ദി ഭാഷയിലുമായി ഇറങ്ങുന്ന മാമാങ്കത്തിന്റെ പ്രൊമോഷണല്‍ പരിപാടിയുടെ ഭാഗമായാണ് മെഗാ സ്റ്റാർ മമ്മൂട്ടി കഴിഞ്ഞ ദിവസം മുംബൈയിലെത്തിയത്‌. ഡെനിം ജീൻസും ഡാർക്ക് ബ്ലൂ ഷർട്ടും സൺ ഗ്ലാസുമായി കാറിൽ നിന്നിറങ്ങി വന്ന താരത്തെ ആരാധനയോടെയാണ് തടിച്ചു കൂടിയ ഫോട്ടോ ജേർണലിസ്റ്റുകൾ ക്യാമറയിൽ ഒപ്പിയെടുത്തത്.

എം പത്മകുമാര്‍ സംവിധാനം ചെയ്തിരിക്കുന്ന ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് വേണു കുന്നപ്പിള്ളിയാണ്. മമ്മൂട്ടി, ഉണ്ണി മുകുന്ദന്‍, കനിഹ, അനു സിത്താര, സിദ്ദിഖ്, തരുണ്‍ അറോറ, സുദേവ് നായര്‍, സുരേഷ് കൃഷ്ണ, രതീഷ് കൃഷ്ണ തുടങ്ങിയവരാണ് അഭിനേതാക്കൾ.

LEAVE A REPLY

Please enter your comment!
Please enter your name here