ഇന്ത്യൻ സിനിമയുടെ ബ്രഹ്മാണ്ഡ ചിത്രങ്ങളുടെ പട്ടികയിലേക്ക് കൂട്ടി ചേർക്കാവുന്ന മാമാങ്കത്തിന്റെ വിജയം ചിലരെയെല്ലാം അലോസരപ്പെടുത്തുന്നു എന്ന് വേണം പുറത്തു വന്നു കൊണ്ടിരിക്കുന്ന റിപോർട്ടുകൾ സൂചിപ്പിക്കുന്നത്.
മുംബൈയിൽ ഇരുപതിലധികം കേന്ദ്രങ്ങളിൽ അടക്കം രണ്ടായിരത്തിലേറെ സ്‌ക്രീനുകളിൽ വിജയകരമായ പ്രദർശനം നടന്നു കൊണ്ടിരിക്കുന്നതിനിടയിലാണ് വ്യാജ പതിപ്പുകൾ ഇറക്കിയും സമൂഹ മാധ്യമങ്ങളിലൂടെ ചിത്രത്തിനെതിരെയുള്ള വാർത്തകൾ പ്രചരിപ്പിച്ചും ചില തല്പര കക്ഷികൾ മാമാങ്കത്തെ തകർക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുന്നതെന്നാണ് ട്രേഡ് പണ്ഡിറ്റുമാർ പരാതിപ്പെടുന്നത്. മലയാളത്തിലെ ഒരു പ്രമുഖ നിർമ്മാതാവിന് ഇതിൽ പങ്കുണ്ടെന്ന് വാർത്തകളും പുറത്തു വരുത്തുന്നുണ്ട്. ഇത്തരം അനാരോഗ്യപരമായ മത്സരങ്ങൾ മലയാള സിനിമയുടെ വളർച്ചയെ വിപരീതമായി ബാധിക്കുമെന്നാണ് സിനിമ പ്രേമികളും ആശങ്കപ്പെടുന്നത്. ഒടിയൻ എന്ന ചിത്രത്തിലൂടെ നൂറു കോടി ക്ലബ്ബിൽ ഇടം നേടിയ മലയാള സിനിമ പിന്നീടങ്ങോട്ട് നിരവധി ചിത്രങ്ങളിലൂടെ രാജ്യാന്തര തലത്തിൽ നൂറു കോടി ക്ലബ്ബിന്റെ വിജയഗാഥകൾ കോറിയിട്ടതാണ് . ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് മാമാങ്കം നേടിയ ബോക്സ് ഓഫീസിൽ കളക്ഷനാണ് ചിത്രത്തിനെതിരെ തിരിയാൻ ചിലരെ പ്രേരിപ്പിച്ചിരിക്കുന്നതെന്ന് പറയപ്പെടുന്നു.
മാമാങ്കം റിലീസ് ചെയ്യുന്നതിന് മുൻപ് തന്നെ ചിത്രത്തിനെതിരെയുള്ള വ്യാജ പ്രചാരണങ്ങൾ ഡിജിറ്റൽ മീഡിയകളിലൂടെ സജീവമായിരുന്നു. ഇതുമായി ബന്ധപ്പെട്ട ആശങ്കകൾ ചിത്രത്തിന്റെ നിർമ്മാതാവ് വേണു കുന്നപ്പള്ളി മാധ്യമങ്ങൾ വഴി പങ്കു വച്ചിരുന്നു. ചിത്രം തീയേറ്ററുകളിൽ എത്തുന്നതിന് മുൻപ് തന്നെ സിനിമയുടെ നെഗറ്റീവ് റിവ്യൂ തയ്യാറാക്കി കുപ്രചരണം നടത്തുവാൻ സജ്ജമാക്കിയിരുന്ന വിവരവും വേണു വെളിപ്പെടുത്തിയിരുന്നു. വേണുവിന്റെ വാദങ്ങളെ ശരി വയ്ക്കുന്ന രീതിയിലാണ് ഇന്ത്യയിലും വിദേശത്തുമായി ചിത്രത്തിനെതിരെ നിരന്തരം വാർത്തകൾ പ്രചരിപ്പിച്ചു മാമാങ്കത്തിന്റെ മുന്നേറ്റത്തിന് തടയിടാൻ ശ്രമിക്കുന്നതെന്നാണ് സിനിമാ നിരീക്ഷകരും പറയുന്നത്.