മലയാളത്തിൽ ഉപനായികയായെത്തിയ വീണ നന്ദകുമാർ തന്റെ രണ്ടാമത്തെ ചിത്രമായ കെട്ട്യോളാണ് എന്റെ മാലാഖ ഹിറ്റായതിന്റെ ത്രില്ലിലാണ്. ആസിഫ് അലിയുടെ നായികയായെത്തിയ വീണ നന്ദകുമാർ മുംബൈ മലയാളിയാണ്. ഇപ്പോൾ പുറത്തിറങ്ങിയാൽ കെട്ട്യോളെ എന്നാണ് ആരാധകർ സ്നേഹപൂർവ്വം വിളിക്കുന്നതെന്നാണ് വീണ പറയുന്നത്.
മലയാള സിനിമയിൽ കടംകഥയുമായെത്തിയ വീണയുടെ രണ്ടാമത്തെ ചിത്രമാണ് കെട്ട്യോളാണ് എന്റെ മാലാഖ. ഡോംബിവ്‌ലിയിൽ താമസിക്കുന്ന ഒറ്റപ്പാലം സ്വദേശികളായ നന്ദകുമാർ – ഇന്ദു ദമ്പതികളുടെ മകളാണ് വീണ.
ചിത്രത്തിന്റെ ഉള്ളടക്കമാണ് ഇത്തരമൊരു ചിത്രത്തിന്റെ ഭാഗമാകാൻ തന്നെ പ്രേരിപ്പിച്ചതെന്നാണ് വീണ പറയുന്നത്. സിനിമയിൽ എത്തുന്നതിന് മുൻപ് മുംബൈയിലെ സാംസ്‌കാരിക പരിപാടികൾ അവതാരകയായും വീണ സജീവമായിരുന്നു. ഖോപ്പർകർണ അയ്യപ്പ ക്ഷേത്രത്തിൽ റിയാലിറ്റി ഷോ ഗായകരെ പങ്കെടുപ്പിച്ചു ആംചി മുംബൈ സംഘടിപ്പിച്ച സംഗീത പരിപാടിയുടെ അവതാരകയായിരുന്നു വീണ.
ഡോംബിവ്‌ലി സെന്റ് തെരേസ സ്‌കൂളിലും, മോഡൽ കോളേജിലും വിദ്യാഭ്യാസം പൂർത്തിയായ വീണ ബാങ്ക് ജോലി ഉപേക്ഷിച്ചാണ് സിനിമാ മോഹവുമായി കേരളത്തിലെത്തുന്നത്. പുറത്തിറങ്ങിയ രണ്ടു ചിത്രങ്ങളും വിജയം കൈവരിച്ച സന്തോഷത്തിലാണ് വീണ.