റെയിൽവേ സ്വകാര്യവൽക്കരണം; ചാറ്റിലെ ചർച്ചയിൽ സമ്മിശ്ര പ്രതികരണം

മുംബൈയിലെ പ്രമുഖ വാട്ട്സപ്പ് ഗ്രൂപ്പായ മലയാളി ചാറ്റിൽ നടന്നു കൊണ്ടിരിക്കുന്ന ചർച്ച വെളിച്ചം വീശുന്നത് ചില യാഥാർഥ്യങ്ങളിലേക്കാണ്.

0

രാജ്യത്തെ പൊതു മേഖലാ സ്ഥാപനങ്ങൾ ഒന്നൊന്നായി സ്വകാര്യവത്ക്കരിക്കാനുള്ള ശ്രമങ്ങളോട് സമ്മിശ്ര പ്രതികരണങ്ങളാണ് നഗരത്തിൽ ഉയർന്ന് കൊണ്ടിരിക്കുന്നത്. റെയിൽവേ സ്വകാര്യവത്കരണവുമായി ബന്ധപ്പെട്ട വിഷയത്തിൽ ഏറ്റവും ആശങ്ക പ്രകടിപ്പിച്ച നഗരമാണ് മുംബൈ. രാഷ്ട്രീയ സാമൂഹിക രംഗത്ത് മാത്രമല്ല നഗരത്തിലെ സമൂഹ മാധ്യമങ്ങളിലും വിഷയം സജീവമാണ് . മുംബൈയിലെ പ്രമുഖ വാട്ട്സപ്പ് ഗ്രൂപ്പായ മലയാളി ചാറ്റിൽ നടന്നു കൊണ്ടിരിക്കുന്ന ചർച്ച വെളിച്ചം വീശുന്നത് ചില യാഥാർഥ്യങ്ങളിലേക്കാണ്.

ഭാരതത്തിലെ ഏറ്റവും വലിയ ഭൂവുടമയായ റെയിൽവേ തങ്ങളുടെ ആസ്തി ക്രിയാത്മമായി ഉപയോഗിച്ചാൽ ഇന്ന് നേരിടുന്ന നഷ്ടക്കണക്കുകൾ തിരുത്തി എഴുതാൻ കഴിയുമെന്ന് ശുഭാപ്തി വിശ്വാസമാണ് മുംബൈയിലെ സാംസ്‌കാരിക പ്രവർത്തകനായ സുരേന്ദ്രബാബു പങ്കു വച്ചത്.

റെയിൽവേയിൽ ഇന്ന് നിലനിൽക്കുന്ന ഊഷ്മളമായ തൊഴിൽ സംസ്കാരം സ്വകാര്യവത്കരണത്തിലൂടെ നഷ്ടമായേക്കും

സ്വകാര്യവത്ക്കരിക്കാതെ തന്നെ നിലവിലെ കാലഹരണപ്പെട്ട റെയിൽവേ സ്റേഷനുകളായ ഡോംബിവ്‌ലി, കല്യാൺ, അംബർനാഥ് , താനെ, മുളുണ്ട്, വിക്രോളി, കുർള, ഘാട്കോപ്പർ, ദാദർ, ബൈക്കുള തുടങ്ങിയ തിരക്കേറിയ കേന്ദ്രങ്ങൾ ആധുനീക മാതൃകയിൽ നവീകരിക്കാൻ അനുവദിച്ചാൽ മാത്രം തീരാവുന്ന പ്രശ്നങ്ങളാണ് ഇതെല്ലം. വാഷി , സി ബി ഡി കൂടാതെ പുതിയതായി പണി കഴിപ്പിക്കുന്ന സീവുഡ് റെയിൽവേ സ്റ്റേഷൻ മാതൃകയിൽ കൊമേർഷ്യൽ കോംപ്ലക്സ് അടക്കമുള്ള സ്റ്റേഷൻ സംവിധാനങ്ങളാണ് രാജ്യത്തെ തിരക്കുള്ള റെയിൽവേ സ്റ്റേഷനുകളിൽ പ്രാബല്യത്തിൽ കൊണ്ട് വരേണ്ടത്. ഇത്തരം ജോലികൾക്കായാണ് സ്വകാര്യ കമ്പനികൾക്ക് കരാർ നൽകേണ്ടത്.

താക്കുർളിയിലെ ഏക്കർ കണക്കിന് സ്ഥലം വികസിപ്പിച്ചു റെയിൽവേ സിറ്റി തന്നെ ഉണ്ടാക്കാൻ കഴിയുമെന്നും ഇന്ത്യൻ റെയിൽവേ ക്ഷേമ സംഘടന ( IRWO) മോഡൽ താമസ സമുച്ഛയങ്ങൾ ഉണ്ടാക്കുവാനെങ്കിലും ശ്രമിക്കാമായിരുന്നുവെന്നാണ് അറിയപ്പെടുന്ന എഴുത്തുകാരനായ സുരേഷ് വർമ്മ പങ്കു വച്ചത്. റെയിൽവേയിൽ ഇന്ന് നിലനിൽക്കുന്ന ഊഷ്മളമായ തൊഴിൽ സംസ്കാരം സ്വകാര്യവത്കരണത്തിലൂടെ നഷ്ടമായേക്കും സുരേഷ് ആശങ്ക പ്രകടിപ്പിച്ചു.

മിശ്ര സാമ്പത്തിക വ്യവസ്ഥ നടപ്പിലാക്കുക എന്ന നയത്തിന്റെ ഭാഗമായാണ് നെഹ്രു പൊതു മേഖലാ സ്ഥാപനങ്ങളെ പ്രോത്സാഹിപ്പിച്ചതെന്നാണ് സാമൂഹിക പ്രവർത്തകനായ എം സി വേലായുധൻ പറഞ്ഞത്. എൻ.ഡി.എ. മുതലാളിത്ത നയമാണ് പിന്തുടരുന്നതെന്നും വേലായുധൻ ആരോപിച്ചു. പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കാൻ മാത്രമായി അരുൺ ഷൂരി മന്ത്രിയായി ഒരു മന്ത്രാലയം തന്നെയുണ്ടായിരുന്നുവെന്നും വേലായുധൻ പറയുന്നു.

പൊതുമേഖലാ സ്ഥാപനങ്ങൾ കാര്യക്ഷമമായി നടത്താനുള്ള സർക്കാരിന്റെ കഴിവ് കേടാണ് സ്വകാര്യവൽക്കരണം നടപ്പാക്കുവാനുള്ള ശ്രമമെന്ന അഭിപ്രായവും ഗ്രൂപ്പിൽ ഉയർന്നു കേട്ടു

കെടുകാര്യസ്ഥതയാണ് റെയിൽവേയുടെ നഷ്ടത്തിന്റെ പ്രധാന കാരണം

കാലങ്ങളായി സൗജന്യവും സബ്സിഡിയും ശീലമാക്കിയ പൊതുജനം ആദ്യ കാലങ്ങളിൽ വില വർദ്ധനവ് ഉണ്ടായാൽ തെരുവിൽ ഇറങ്ങുമായിരുന്നു. ഇപ്പോൾ എന്ത് സാധനത്തിന് എപ്പോൾ വില വർദ്ധിപ്പിക്കുന്നുവെന്ന് യാതൊരു നിശ്ചയവും ഇല്ല. റെയിൽവേ മികച്ച സേവനം ഉറപ്പാക്കി പണ്ടേ ചാർജ് വർദ്ധിപ്പിക്കേണ്ടിയിരുന്നുവെന്നും സജി കെ തോമസ്സ് അഭിപ്രായപ്പെട്ടു

കെടുകാര്യസ്ഥതയാണ് റെയിൽവേയുടെ നഷ്ടത്തിന്റെ പ്രധാന കാരണമായി തോമസ്സ് സൈമൺ ചൂണ്ടിക്കാട്ടിയത്. യാത്രക്കാരനാണ് യജമാനനെന്നും യാത്രക്കാരന്റെ സുഖവും സംതൃപ്തിയും പരമപ്രഥാനമാണെന്ന അഭിപ്രായക്കാരനാണ് വടശ്ശേരി സോമൻ. സൗകര്യങ്ങൾ വർദ്ധിപ്പിക്കാൻ ചാർജ് വർദ്ധനവ് അനിവാര്യമാണെന്നും സോമൻ കൂട്ടിച്ചേർക്കുന്നു.

റെയിൽവേ നിരക്ക് കൂട്ടുന്നതിനെയല്ല എതിർക്കേണ്ടത്. ചില റൂട്ടുകൾ സ്വകാര്യവത്കരിക്കുന്നതിനെയാണ് എതിർക്കേണ്ടത്. മാധ്യമ പ്രവർത്തകനായ മനോജ് ജോൺ പറയുന്നു. എയർ ഇന്ത്യയെ ബുദ്ധിപൂർവം തകർത്തത് പോലെ റെയിൽവേയെ തകർക്കാൻ അനുവദിക്കുന്നതിലും നല്ലത് നിരക്ക് കൂട്ടാൻ അനുവദിക്കുകയാണെന്ന പക്ഷക്കാരനാണ് മനോജ്.

LEAVE A REPLY

Please enter your comment!
Please enter your name here