ലോക മലയാളം മാസിക മാനസിക്ക് കൈമാറി മുഖ്യമന്ത്രി പ്രകാശനം ചെയ്തു

0

ലോക കേരളസഭയുടെ പ്രിയപദ്ധതികളിൽ ഒന്നിന്റെ സാക്ഷാൽക്കാരം, ഒന്നാം ലോക കേരള സഭ സമ്മേളനത്തിന്റെ പ്രധാന തീരുമാനങ്ങളിൽ ഒന്നായിരുന്നു പ്രവാസികൾക്ക് വേണ്ടി ഒരു മാസിക. ‘ലോക മലയാളം’ ലോക കേരളസഭ ത്രൈമാസികയുടെ പ്രകാശനം മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ പ്രശസ്ത എഴുത്തുകാരിയും കേരള സാഹിത്യ അക്കാദമി പുരസ്‌കാര ജേതാവുമായ മാനസിക്ക് നൽകി കൊണ്ട് നിർവഹിച്ചു. ലോക മലയാളം മാസിക എഡിറ്റർ കെ സച്ചിദാനന്ദൻ, എഴുത്തുകാരൻ ബെന്യാമിൻ തുടങ്ങിയവരും ചടങ്ങിൽ സംബന്ധിച്ചു.

തിരുവനന്തപുരത്ത് നടക്കുന്ന ലോക കേരള സഭയുടെ സമ്മേളനത്തിൽ മുംബൈയെ പ്രതിനിധീകരിച്ചു മാനസിയെ കൂടാതെ പി ആർ കൃഷ്ണൻ, പ്രിൻസ് വൈദ്യൻ, എം കെ നവാസ്, ടി എൻ ഹരിഹരൻ, പി ഡി ജയപ്രകാശ്, എസ് കുമാർ, അഡ്വക്കേറ്റ് പദ്മ ദിവാകരൻ, അഡ്വക്കേറ്റ് പ്രേമാ മേനോൻ, ഡോ ഇബ്രാഹിം കുട്ടി, മാത്യു തോമസ്, പി കെ ലാലി, രാജശ്രീ മോഹൻ, വത്സൻ മൂർക്കോത്ത്, ശ്രീകുമാർ തുടങ്ങിയവരും പങ്കെടുത്തു.

നിലവിലെ പ്രവാസികളുടെ ക്ഷേമം ഉറപ്പാക്കുന്നതിനൊപ്പം ഭാവി പ്രവാസത്തിന്റെ ഗുണനിലവാരം ഉറപ്പാക്കാനുള്ള നടപടികളും ലോക കേരള സഭ ചർച്ച ചെയ്തു. ലോക കേരള സഭയുടെ വിഷയാടിസ്ഥാനത്തിൽ നടന്ന ചർച്ചയിൽ ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള നിരവധി പ്രതിനിധികൾ പങ്കെടുത്തു. സാംസ്‌കാരിക വകുപ്പ് മന്ത്രി എ. കെ. ബാലൻ, തദ്ദേശസ്വയംഭരണ വകുപ്പു മന്ത്രി എ.സി മൊയ്തീൻ, വൈദ്യുതി മന്ത്രി എം.എം മണി എന്നിവർ സന്നിഹിതരായിരുന്നു. സർക്കാർ ജോലികൾക്ക് മലയാളഭാഷാപഠനം നിർബന്ധമാക്കിയത് മറ്റു സംസ്ഥാനങ്ങളിൽ നിന്നും പഠിച്ചിറങ്ങുന്ന കുട്ടികൾക്ക് പ്രതിസന്ധി സൃഷ്ടിക്കുന്നുവെന്നും അതിനു പരിഹാരം കാണണമെന്നുമുള്ള ആവശ്യം ഉന്നയിക്കപ്പെട്ടു.

നോർക്ക ഓഫീസുകൾ എല്ലാം സംസ്ഥാനങ്ങളിലും സ്ഥാപിക്കണം, പ്രവാസി ഭാരതീയ പെൻഷൻ ഉയർത്തണം, സർക്കാർ മുൻകൈയെടുത്ത് ആംബുലൻസ് സർവ്വീസുകൾ, ഉത്സവ സീസണുകളിൽ മറ്റു സംസ്ഥാനങ്ങളിൽ നിന്നും നാട്ടിൽ എത്തുവാനുള്ള ബുദ്ധിമുട്ട് എന്നിവയും ചർച്ചയായി.ആവശ്യങ്ങൾക്ക് പരിഹാരം കാണുമെന്ന് മന്ത്രി എ. കെ ബാലൻ പ്രതിനിധികൾക്ക് ഉറപ്പുനൽകി. സാംസ്‌കാരിക വകുപ്പ് സെക്രട്ടറി റാണി ജോർജ് പ്രമുഖ സാഹിത്യകാരൻ കെ. സച്ചിദാനന്ദൻ, മനോജ് കെ. പുതിയവിള തുടങ്ങിയവർ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here