മുംബൈ മാരത്തോണില്‍ മുടങ്ങാതെ മത്സരിക്കുന്ന മലയാളി കലാകാരൻ

0

മുംബൈയിലെ കലാ സാംസ്‌കാരിക വേദികളിൽ പരിചിതമായ മുഖം. ഏതു വേഷവും അനായാസം കൈകാര്യം ചെയ്യുവാനുള്ള  കഴിവ്  നഗരത്തിലെ നാടക വേദികളിലും ജനാർദ്ദനൻ നായരെ  പ്രിയങ്കരനാക്കി. സാമൂഹിക  രംഗത്തും നിസ്വാർത്ഥ  സേവനം കാഴ്ച വയ്ക്കുന്ന ജനാർദ്ദനൻ നായർ മുംബൈ മാരത്തണിലെ സജീവ സാന്നിധ്യമാണ്.

സാമൂഹിക പ്രതിബദ്ധതയുള്ള വിഷയങ്ങളുമായി ജന ശ്രദ്ധ പിടിച്ചു പറ്റാറുള്ള ജനാർദ്ദനൻ നായർ ഇക്കുറിയും പതിവ് തെറ്റിച്ചില്ല. മാതൃഭാഷയെ സംരക്ഷിക്കുക പെൺകുട്ടികളെ പഠിപ്പിക്കുക തുടങ്ങിയ സന്ദേശങ്ങൾ പേറി പോയ വർഷങ്ങളിൽ ശ്രദ്ധ നേടിയിട്ടുള്ള ഈ മലയാളി കലാകാരൻ മുംബൈ മരത്തോണിൽ കഴിഞ്ഞ 12 വർഷമായി മുടങ്ങാതെ പങ്കെടുക്കുന്നു. നാല് വർഷത്തോളം 21 കിലോമീറ്ററിൽ മത്സരിച്ചിട്ടുള്ള ജനാർദ്ദനൻ പിന്നീട് സോഷ്യൽ സന്ദേശങ്ങളുമായി മാരത്തോൺ ഡ്രീം റണ്ണിലേക്ക് ചുവട് മാറുകയായിരുന്നു.

ജനുവരി 19 ഞായറാഴ്ച പുലര്‍ച്ചെയാണ് 17 ാമത് ടാറ്റാ മുംബൈ മാരത്തോണ്‍ ആരംഭിച്ചത്. ഏഷ്യയിലെ തന്നെ വലിയ മാരത്തണുകളിലൊന്നായ മുംബൈ മാരത്തണില്‍ മുതിര്‍ന്നവരും കുട്ടികളും ഉള്‍പ്പെടെ നിരവധിപേര്‍ പങ്കെടുത്തു. സിനിമതാരങ്ങളും വ്യവസായ പ്രമുഖരും കോളേജ് വിദ്യാര്‍ഥികളും സ്‌കൂള്‍ കുട്ടികളും അണിചേര്‍ന്നു.

ഏകദേശം 55,000ല്‍ അധികം ആളുകളാണ് ഈ വർഷത്തെ ടാറ്റ മുംബൈ മാരത്തോണില്‍ പങ്കെടുത്തതായി റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഫുള്‍ മാരത്തോണ്‍, ഹാഫ് മാരത്തോണ്‍, പത്ത് കിലോമീറ്റര്‍ ഓട്ടം, മുംബൈ എലൈറ്റ് റണ്‍ എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലായായിട്ടായിരുന്നു പരിപാടി. രാവിലെ 5. 15 ന് ഛത്രപതി ശിവജി മഹാരാജ് ടെര്‍മിനലില്‍ നിന്നാണ് ഫുള്‍ മാരത്തോണ്‍ ആരംഭിച്ചത്. ആസാദ് മൈതാനിയിലായിരുന്നു ഈ വർഷത്തെ മാരത്തോണ്‍ പരിസമാപ്തി കുറിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here