ഗുഡ്‌വിൻ ഷോറൂമുകൾ പോലീസ് അരിച്ചു പെറുക്കി; കിട്ടിയത് 4000 രൂപയുടെ മുക്കുപണ്ടം !!

0

ഗുഡ്‌വിൻ ജ്വല്ലേഴ്‌സിന്റെ പുണെയിലെ ബണ്ട് ഗാർഡൻ റോഡ്, നവി മുംബൈയിലെ വാഷി തുടങ്ങിയ ഷോറൂമുകളിൽ നടത്തിയ പരിശോധനയിൽ ലഭിച്ചത് വെറും ഇമിറ്റേഷൻ ജ്വല്ലറികളാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വെളിപ്പെടുത്തി. ഗുഡ്‌വിൻ ജ്വല്ലേഴ്‌സിന്റെ മാനേജിംഗ് ഡയറക്ടർ, ഡയറക്ടർ, സ്റ്റാഫ് എന്നിവർക്കെതിരെയുള്ള കേസിലാണ് പൂനെ, താനെ പോലീസ് സംയുക്തമായി ഷോറൂമുകളിൽ തിരച്ചിൽ നടത്തിയത്.

ഗുഡ്‌വിൻ മാനേജിങ് ഡയറക്ടർ സുനിൽ കുമാറിനെ കൂടാതെ സഹോദരനും ഡയറക്ടറുമായ സുധീർ കുമാറിനും ഉത്തരവാദിത്തപ്പെട്ട ജീവനക്കാർക്കുമെതിരെ വഞ്ചന, ക്രിമിനൽ വിശ്വാസ ലംഘനം തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. നിക്ഷേപകരുടെ പരാതിയിൽ ഉൾപ്പെട്ടിട്ടുള്ള മാനേജർമാരായ മനീഷ്, ബൈജു തുടങ്ങിയർ ഇപ്പോഴും ഒളിവിലാണ്. നിക്ഷേപരിൽ നിന്നും പരാതികളുടെ അടിസ്ഥാനത്തിൽ കേസിന്റെ അന്വേഷണം താനെ സാമ്പത്തിക കുറ്റകൃത്യ വിഭാഗത്തിന് കൈമാറുകയും തുടർന്ന് സ്ഥാപനത്തിന്റെ ഷോറൂമുകൾ പോലീസ് സീൽ ചെയ്യുകയുമായിരുന്നു.

ജ്വല്ലറി സ്ഥാപനത്തിന്റെ വിവിധ പദ്ധതികളിൽ പണം നിക്ഷേപിച്ച ആയിരക്കണക്കിന് പേരാണ് ഇതിനകം പരാതികൾ നൽകിയിട്ടുള്ളത്. വിവിധ ബ്രാഞ്ചുകളിലെ നിക്ഷേപകരിൽ നിന്ന് ലഭിച്ച പരാതികൾ സാമ്പത്തിക കുറ്റകൃത്യ വിഭാഗത്തിന് (EOW) കൈമാറി. തുടർന്ന് സാമ്പത്തിക കുറ്റകൃത്യ വിഭാഗം കേസ് രജിസ്റ്റർ ചെയ്തതിന് ശേഷമാണ് സിറ്റി പോലീസിന്റെ മേൽനോട്ടത്തിൽ തെളിവെടുപ്പ് നടപടികൾ നടന്നു കൊണ്ടിരിക്കുന്നത്. ഒരാഴ്ചയായി വഞ്ചനക്കേസിൽ ഗുഡ്‌വിൻ സഹോദരന്മാർ നവി മുംബൈ പോലീസിന്റെ കസ്റ്റഡിയിൽ വിട്ടിരിക്കയാണെന്ന് എസിപി (EOW ) ശിവാജി പവാർ പറഞ്ഞു.

ഇത് വരെ പുണെയിലും വാഷിയിലും നടത്തിയ തിരച്ചിലിൽ യഥാർത്ഥ സ്വർണ്ണാഭരണങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നും ഷോറൂമുകളിൽ നിന്നും കിട്ടിയത് ഇമിറ്റേഷൻ ആഭരണങ്ങളും വെള്ളിയും മാത്രമാണെന്നും പോലീസ് പറഞ്ഞു. ഇതിനെല്ലാം കൂടി നാലായിരം രൂപയുടെ വിലയാണ് കണക്കാക്കുന്നതെന്നും പവാർ പറഞ്ഞു. ചിഞ്ച്‌വാഡിലെ കടയിൽ നിന്ന് ഒന്നും കണ്ടെത്താനായില്ലെന്നും പോലീസ് പറഞ്ഞു. കേസുകൾ രജിസ്റ്റർ ചെയ്യുന്നതിന് മാസങ്ങൾക്ക് മുമ്പാണ് കടകളിൽ നിന്നുള്ള ആഭരണങ്ങൾ മാറ്റിയതെന്നാണ് പോലീസ് നിഗമനം. കടത്തിയ ആഭരണങ്ങൾ കണ്ടെത്താനുള്ള ശ്രമത്തിലാണെന്നും പവാർ പറഞ്ഞു.

ഗുഡ്‌വിൻ ജ്വല്ലറി ഉടമകൾ ഷോറൂമുകൾ അടച്ചു പൂട്ടി ഒളിവിൽ പോയതിന് ശേഷം നിരവധി നിക്ഷേപരെ ഫോണിൽ ബന്ധപ്പെട്ട് സംസാരിക്കുകയും പണം തിരിച്ചു നൽകുമെന്ന് ഉറപ്പ് നൽകുകയും ചെയ്തിരുന്നു. ഇത് കൂടാതെ മലയാളത്തിലും ഹിന്ദിയിലുമായി വാട്ട്സപ്പ് വീഡിയോ സന്ദേശങ്ങളും ഇവർ പങ്കു വച്ചിരുന്നു. ഇതിലെല്ലാം എല്ലാ നിക്ഷേപകർക്കും പണം തിരികെ നൽകുവാനുള്ള സ്വത്തുക്കൾ തങ്ങൾക്കുണ്ടെന്നും വിൽക്കാനുള്ള സാവകാശം വേണമെന്നുമാണ് ആവശ്യപ്പെട്ടിരുന്നത്.

ഗുഡ്‌വിൻ ജ്വല്ലറിയിലെ 12 ഷോറൂമുകളിൽ നിന്നായി കടത്തിയെന്ന് പറയപ്പെടുന്ന ആഭരണങ്ങളും ഡയമണ്ടുകളും കോടികൾ വിലമതിക്കുന്നതായിരിക്കും. ഇത് കൂടാതെ പോലീസ് കണ്ടു കെട്ടിയ ഭൂമി, ഫ്ലാറ്റുകൾ, ആഡംബര കാറുകൾ തുടങ്ങിയവയുടെ ഏകദേശം 50 കോടി വിലമതിക്കുന്നതാണെന്ന് പോലീസ് വെളിപ്പെടുത്തിയിരുന്നു. അത് കൊണ്ട് തന്നെ സാധാരണക്കാരായ നിരവധി നിക്ഷേപകരുടെ പണം തിരിച്ചു നൽകാൻ കഴിയുമെന്ന പ്രത്യാശയിലാണ് അന്വേഷണ ഉദ്യോഗസ്ഥരും. പല സ്വത്തുക്കളും ബാങ്ക് ലോണുകൾ ഉള്ളതാണെന്നും പോലീസ് വ്യക്തമാക്കി. ജീവിത സമ്പാദ്യം മുഴുവൻ നൽകിയവരും മക്കളുടെ വിവാഹത്തിനായി കരുതി വച്ചിരുന്നവരുടെയെല്ലാം അവസാന പ്രതീക്ഷയാണ് പോലീസ് നടപടികൾ.

LEAVE A REPLY

Please enter your comment!
Please enter your name here