ബിഗ് ബ്രദർ ബിഗ് ബോർ (Movie Review)

0

ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇറങ്ങിയ സമയം മുതൽ സിദ്ദിക്ക് എന്ന ഹിറ്റ് മേക്കർ ലേബൽ സ്വന്തമാക്കിയിരുന്ന സംവിധായകന്റെ അലസതയും അമിതമായ ആത്മവിശ്വാസവും പ്രകടമായിരുന്നു. സിദ്ദിഖ് എന്ന സംവിധായകന്റെ ലേബലിൽ ചിത്രം കാണാൻ തീയേറ്ററുകളിൽ എത്തിയവർക്ക് ഈ വല്യേട്ടൻ സിനിമ നിരാശയായിരിക്കും സമ്മാനിക്കുക. !

ബിഗ് ബ്രദറിലെ ഒരു രംഗത്തിൽ, ഒരേ സമയം ഒന്നിലധികം സ്ഥലങ്ങളിൽ സച്ചിദാനന്ദനെ (മോഹൻലാൽ) കണ്ടതായി ഒന്നിലധികം ആളുകൾ അവകാശപ്പെടുന്നുണ്ട്. ചുരുക്കത്തിൽ അതാണ് ബിഗ് ബ്രദർ. സർവ്വവ്യാപിയായ ഒരു നായകനെ പിന്തുടരുന്ന ചിത്രമാണിത്. സച്ചിദാനന്ദന് കുറെ പ്രത്യേക കഴിവുകളുണ്ട്. അയാൾക്ക് ഇരുട്ടിൽ കാണാൻ കഴിയും. സച്ചിദാനന്ദന്റെ അന്തർനിർമ്മിതമായ ഇൻഫ്രാറെഡ് ദർശനത്തിലൂടെ തന്റെ നായകനെ സൂപ്പർഹീറോ ആക്കുവാൻ നടത്തുന്ന സംവിധായകനെ പ്രേക്ഷകന് കാണുവാൻ കഴിയും. എന്നിരുന്നാലും, അമാനുഷികനായ സച്ചിദാനന്ദന്റെ കഴിവുകൾ പരസ്യമായി വിൽക്കാൻ കഴിയില്ലെന്ന തിരിച്ചറിവ് സിദ്ദിഖിനുണ്ട്. ഇത് ഒരു മെഡിക്കൽ അവസ്ഥയാണോ? ഒരുപക്ഷേ ശാസ്ത്രജ്ഞർക്കും ഡോക്ടർമാർക്കും വിശദീകരിക്കാം. പക്ഷേ ഇതിനൊന്നും മിനക്കെടാതെ കിട്ടിയ പ്ലോട്ടിൽ തട്ടിക്കൂട്ടിയ ചിത്രമാണ് ബിഗ് ബ്രദർ. മോഹൻലാലിനെ പ്രധാന വേഷത്തിൽ അവതരിപ്പിച്ച്‌ താരത്തിന്റെ ആരാധകരെ വലിയ തോതിൽ തിയേറ്ററുകളിലേക്ക് ആകർഷിച്ച് ഇനീഷ്യൽ കളക്ഷനിലൂടെ മുടക്ക് മുതൽ തിരിച്ചു പിടിക്കുക എന്നത് മാത്രമാണ് സിദ്ദിഖ് ആഗ്രഹിച്ചിരുന്നത്.

ബിഗ് ബജറ്റിൽ ഒരുങ്ങിയ ചിത്രം അത് കൊണ്ട് തന്നെ വൻ ഹൈപ്പിലാണ് റിലീസ് ആയത്. ഫാൻസിനു കൊട്ടിഘോഷിക്കാനുള്ളതെല്ലാം സംവിധായകൻ ഒരുക്കിയിട്ടുണ്ട്. എന്നാൽ, കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഫാൻസ് പോലും മിസ് ചെയ്യുന്നത് അനായാസമായി സിൽവർ സ്‌ക്രീനിനെ ത്രസിപ്പിക്കുന്ന മോഹൻലാലിനെയാണ്. ക്യാമറയ്ക്ക് മുന്നിൽ നിബന്ധനകൾ ഒന്നുമില്ലാതെ സ്വയം അഴിച്ച് വിടുന്ന മോഹൻലാലിനെ ഈ ചിത്രത്തിലും കാണാനാകില്ല. മാത്രമല്ല അഭിനയിക്കാൻ തന്നെ മറന്നു പോയ ഒരു മോഹൻലാലിനെയാണ് ബിഗ് ബ്രദറിൽ കണ്ടതെന്നാണ് മുംബൈയിലെ താരത്തിന്റെ കട്ട ഫാനുകൾ പോലും പങ്കു വയ്ക്കുന്നത്. സോഷ്യൽ മീഡിയകളിൽ ബിഗ് ബ്രദർ അല്ല ബിഗ് ബോർ എന്നാണ് ചിത്രത്തെ വിലയിരുത്തിയിരിക്കുന്നത്.

ബോളിവുഡ് നടൻ അർബാസ് ഖാന്റെ സാന്നിധ്യവും ചിത്രത്തെ തുണച്ചില്ല. കൂടാതെ, അർബാസിനായി ഡബ്ബ് ചെയ്ത വിനീതിനും നീതി പുലർത്താനായില്ല . ബോളിവുഡിൽ നിന്ന് ഒരു നടനെ ഇറക്കുമതി ചെയ്യേണ്ടതിന്റെ ആവശ്യകത എന്തായിരുന്നുവെന്നും ചിത്രം കണ്ടിറങ്ങുന്ന പലരും ചോദിക്കുന്നു. ചെറിയ കഥാംശത്തിൽ നിന്ന് രസിപ്പിക്കുന്ന വിസ്മയക്കാഴ്ചകൾ ഒരുക്കിയിട്ടുള്ള സംവിധായകനാണ് സിദ്ദിക്ക്. ബിഗ് ബ്രദറിലുമെത്തുമ്പോൾ നമുക്കിത് വീണ്ടും അനുഭവിച്ചറിയാമെങ്കിലും ഒട്ടും പുതുമ അനുഭവപ്പെടുന്നില്ല എന്നതാണ് ചിത്രത്തെ പുറകോട്ടടിക്കുന്നത്. സിനിമയിലുടനീളം, പ്രത്യേകിച്ച് ആക്ഷൻ രംഗങ്ങളിൽ ഒരു ബോളിവുഡ് ടച്ച് കൊണ്ടുവരുവാനുള്ള ശ്രമം ഒരു പരിധിവരെ വിജയിക്കുകയും ചെയ്​തു. പക്ഷേ, അവസാന രംഗങ്ങളിലെ പല ആക്ഷൻ രംഗങ്ങളും എവിടെയൊക്കെയോ കണ്ടു മറന്ന അധോലോക സിനിമകളുടെ പര്യവസാനമാണ് ഈ ചിത്രത്തിൽ കാണുവാനായത്.

സിനിമയെ പ്രേക്ഷകനിലേക്ക്​ സന്നിവേശിപ്പിക്കുന്നതിൽ ക്യാമറമാൻ ജിത്തുവിന്റെ സംഭാവന എടുത്തു പറയേണ്ടതാണ്. ഫാൻസിനായി ഒരുക്കിയ എന്റർടെയിനർ എന്ന നിലക്ക് ബിഗ് ബ്രദർ ഓർമിക്കപ്പെട്ടേക്കാം. അതിൽ കൂടുതലൊന്നും ചെയ്യാൻ നിർമ്മാതാവ് കൂടിയായ സിദ്ദിഖിന് കഴിഞ്ഞിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here