മലയാളത്തിലെ ഏറ്റവും മികച്ച ആക്ഷൻ ചിത്രവുമായി എബ്രിഡ് ഷൈൻ (Movie Review)

0

ബ്രൂസിലിയും ജാക്കി ചാനുമെല്ലാം എൺപതുകളിലും തൊണ്ണൂറുകളിലും മലയാളിയെ ത്രസിപ്പിച്ച ആക്ഷൻ ഹീറോകളാണ്. ജയനും ബാബു ആന്റണിയും മാത്രമാണ് മലയാളത്തിന്റെ സ്വന്തം ആക്ഷൻ ഹീറോകൾ. എന്നാൽ ആക്ഷൻ ചിത്രങ്ങൾ ഇഷ്ടപ്പെടുന്ന അന്നത്തെ യുവ തലമുറ കരാട്ടെ കുങ്ഫു ഇടിപ്പടങ്ങൾക്കായി ഇടിച്ചു കയറിയിരുന്നത് വിദേശ ചിത്രങ്ങൾ കാണുവാൻ തന്നെയായിരുന്നു. ഇന്നും ജാക്കി ചാൻ പടങ്ങൾ എന്ന് കേട്ടാൽ കാണുവാൻ ഇഷ്ടപ്പെടുന്നവർ നിരവധിയാണ്. അതിനുള്ള പ്രധാന കാരണം റിയലിസ്റ്റിക് ആയിട്ടുള്ള ആക്ഷൻ രംഗങ്ങൾ തന്നെയാണെന്ന് പറയാം.

എന്നാലിതാ ഹോളിവുഡ് ചിത്രങ്ങളെ വെല്ലുന്ന ആക്ഷൻ രംഗങ്ങളുമായി ഒരു മലയാള സിനിമയെത്തുന്നു. 1983 എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ മലയാളിയുടെ സിനിമാസ്വാദനത്തിന് പുത്തൻ പരിവേഷം നൽകിയ സംവിധായകനായ എബ്രിഡ് ഷൈനാണ് ഇക്കുറി കുങ്ഫു ചിത്രവുമായി മലയാളികളെ ത്രസിപ്പിക്കുവാനെത്തുന്നത്. 1983യിൽ നൊസ്റ്റാൾജിയയുടെ അങ്ങേയറ്റമായ പാടത്തെ ക്രിക്കറ്റ് കളിയുമായി ഞെട്ടിച്ച എബ്രിഡ് ഷൈനെ പിന്നെ മലയാളികൾ കണ്ടത് റിയലിസ്റ്റിക് പോലീസ് സ്റ്റേഷൻ അനുഭവം പങ്ക് വെച്ച ആക്ഷൻ ഹീറോ ബിജുവുമായിട്ടാണ്. രണ്ടു ചിത്രങ്ങളും സൂപ്പർഹിറ്റാക്കിയ അദ്ദേഹം പൂമരത്തിലൂടെ ക്യാമ്പസ് ലൈഫും പ്രേക്ഷകർക്ക് സമ്മാനിച്ചു കൈയ്യടി നേടിയെന്നു പറയാം. കുങ്‌ഫു പ്രമേയമാക്കി മലയാളി പ്രേക്ഷകർക്ക് ഇന്നേവരെ കാണാത്ത ആക്ഷൻ രംഗങ്ങളുമായാണ് എബ്രിഡ് പുതിയ ചിത്രമൊരുക്കിയിരിക്കുന്നത്. ട്രെയിലർ പുറത്തിറങ്ങിയതോടെ ചിത്രത്തിനായി കാത്തിരിക്കുന്നവരുടെ എണ്ണം വർദ്ധിച്ചിരിക്കയാണ് .

മനോഹരമായ ഹിമാലയൻ മലനിരകളിലാണ് ചിത്രത്തിന്റെ കഥ നടക്കുന്നത്. സഹോദരങ്ങളായ ഋഷി, ഋതു എന്നിവർ ഈ ആയോധനകലയിൽ നിപുണരാണ്. സന്തോഷത്തോടെ ജീവിച്ചു പോന്നിരുന്ന അവരുടെ ജീവിതത്തിലേക്കാണ് സൈക്കോ വില്ലൻ ലൂയിസ് ആന്റണി എത്തി ചേരുന്നത്. ചെറുത്തുനിൽപ്പിന്റെയും അതിജീവനത്തിന്റെയും പോരാട്ടത്തിന്റെയും പ്രതികാരത്തിന്റെയും പിന്നീടുള്ള കാഴ്‌ച്ചകളാണ് ചിത്രത്തിന്റെ ഇതിവൃത്തം.

മാർഷ്യൽ ആർട്ട് വിദഗ്ധനായ പുതുമുഖം ജിജി സ്‌കറിയ ആയോധനകലയിലുള്ള തന്റെ നൈപുണ്യത്തെ മികച്ച രീതിയിൽ പ്രയോജനപ്പെടുത്തി ചിത്രമാണ് കുങ്ഫു മാസ്റ്റർ. നായികയായ നീത പിള്ളയുടെ ആക്ഷനും കൂടി ചേർന്നപ്പോൾ പ്രേക്ഷകർക്ക് ത്രസിപ്പിക്കുന്ന അനുഭവമാണ് ചിത്രം നൽകുന്നത്. പ്രതിനായകനായെത്തിയ സനൂപ് വേറെ ലെവലാണ് . കഥാപാത്രങ്ങൾക്ക് യോജിച്ച ഒട്ടേറെ പുതുമുഖങ്ങളും ചിത്രത്തിന്റെ പ്രത്യേകതയായി എടുത്തു പറയാം. അഭിനയത്തേക്കാൾ ആക്ഷൻ രംഗങ്ങൾക്കാണ് ചിത്രത്തിൽ പ്രാധാന്യം.

സംവിധായകൻ മേജർ രവിയുടെ മകൻ അർജുൻ രവിയാണ് ക്യാമറ ചലിപ്പിച്ചിരിക്കുന്നത്. തന്റെ ക്യാമറ കണ്ണുകളിലൂടെ ഹിമാലയത്തിന്റെ നിഗൂഢതയും സൗന്ദര്യവും തീ പാറുന്ന ആക്ഷൻ രംഗങ്ങളും മികച്ച രീതിയിൽ ഒപ്പിയെടുത്തിരിക്കുന്നു. ഏ ആർ റഹ്മാന്റെ ടീമിൽ പ്രോഗ്രാമർ ആയിരുന്ന ഇഷാൻ ചാബ്രയാണ് മ്യൂസിക് കൈകാര്യം ചെയ്‌തിരിക്കുന്നത്‌. കെ ആർ മിഥുൻ മനോഹരമായ രീതിയിൽ എഡിറ്റിംഗും നിർവഹിച്ചിരിക്കുന്നു. സംവിധായകൻ തന്നെ തിരക്കഥയൊരുക്കിയിരിക്കുന്ന ചിത്രം മലയാളത്തിലെ ഏറ്റവും മികച്ച ആക്ഷൻ ത്രില്ലറായി ഓർമ്മിക്കപ്പെടും. ആസ്വാദനത്തിന്റെ പൂർണത വേണമെങ്കിൽ തീയറ്ററിൽ തന്നെ കണ്ടിരിക്കേണ്ട ചിത്രം. മുംബൈയിൽ ഈ ചിത്രം ഇനിയും റിലീസ് ചെയ്തിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here