മഹാനഗരത്തിൽ മലയാള കവിതയിൽ ആധിപത്യം നിലനിർത്തി ഒരു കാർട്ടൂണിസ്റ്റ്

രാജന്റെ ഓരോ രചനയും ചുറ്റുപാടുകളോട് പ്രതികരിക്കുന്ന തീക്ഷ്ണതയിൽ പൊതിഞ്ഞ വാക്കുകളും വരകളുമാണ്.

1

മുംബൈ സാഹിത്യലോകത്ത് ആനുകാലിക പ്രസക്തിയുള്ള കവിതകളും മിനി കഥകളും ആക്ഷേപ ഹാസ്യം നിറഞ്ഞ നിരീക്ഷണങ്ങളും കുറിക്കു കൊള്ളുന്ന ഫലിതങ്ങളുമായി നിരന്തരമായ ഇടപെടലുകൾ നടത്തുന്ന എഴുത്തുകാരനാണ് രാജൻ കിണറ്റിങ്കര. വലിയ കൊട്ടിഘോഷങ്ങളും പ്രഖ്യാപനങ്ങളും അവകാശ വാദങ്ങളും ഇല്ലാതെ നിശബ്ദ സാന്നിധ്യമായി തുടരുമ്പോഴും കാർട്ടൂണിസ്റ്റ് കൂടിയായ രാജന്റെ ഓരോ രചനയും ചുറ്റുപാടുകളോട് പ്രതികരിക്കുന്ന തീക്ഷ്ണതയിൽ പൊതിഞ്ഞ വാക്കുകളും വരകളുമാണ്.

ഡോംബിവ്‌ലി കേരളീയ സമാജം വാർഷികാഘോഷങ്ങളുടെ ഭാഗമായി നടത്തിയ കലാ സാഹിത്യ മത്സരങ്ങളിൽ (സർഗ്ഗ തരംഗം 2020) മലയാള കവിതാ വിഭാഗത്തിൽ ഒന്നാം സമ്മാനത്തിന്റെ നിറവിൽ നിൽക്കുമ്പോൾ പിന്നിട്ട വഴികളിൽ മുംബൈയിൽ നടന്ന നിരവധി സാഹിത്യ മത്സരങ്ങളിലും തന്റെ ആധിപത്യം നിലനിർത്താൻ ഈ പ്രതിഭയ്ക്ക് കഴിഞ്ഞിട്ടുണ്ട്. നെരൂൾ ന്യൂ ബോംബെ കേരളീയ സമാജം, മാട്ടുംഗ ബോംബെ കേരളീയ സമാജം, മലയാള ഭാഷാ പ്രചാരണ സംഘം തുടങ്ങി നിരവധി പ്രമുഖ വേദികളിൽ തന്റെ മികവ് പ്രകടിപ്പിക്കാനുള്ള അവസരങ്ങൾ രാജൻ പ്രയോജനപ്പെടുത്തിയിട്ടുണ്ട്. മുംബൈയിലെ തിരക്കിട്ട ജീവിത ശൈലി നയിക്കുമ്പോഴും നിരന്തരമായ രചനകളിലൂടെയും രാഷ്ട്രീയ സാമൂഹിക വിമർശനങ്ങളിലൂടെയും സജീവമാണ് ഈ എഴുത്തുകാരൻ. ആംചി മുംബൈ ഓൺലൈൻ പോർട്ടൽ കൂടാതെ വാട്ട്സപ്പ് ഗ്രൂപ്പുകളിലും കഴിഞ്ഞ കുറെ വർഷങ്ങളായി രാജൻ കോറിയിടുന്ന വരകളും വാക്കുകളും ഏറെ ശ്രദ്ധേയമാണ്. രാജന്റെ ഏറെ ജനപ്രീതിയുള്ള ആക്ഷേപ ഹാസ്യം നിറഞ്ഞ നിരീക്ഷണമാണ് വരികൾക്കിടയിലൂടെ എന്ന ദൈനംദിന പംക്തി. കൈരളി ടി വി സംപ്രേക്ഷണം ചെയ്യുന്ന ആംചി മുംബൈയിൽ അല്ല പിന്നെ എന്ന ആക്ഷേപ ഹാസ്യ പരമ്പരയുടെ രചന നിർവഹിച്ചിരുന്നതും രാജൻ കിണറ്റിങ്കരയാണ്.

കേരളത്തിൽ പാലക്കാട് ജില്ലയിലെ മലമക്കാവ് സ്വദേശിയായ രാജൻ ഡോംബിവ്‌ലിയിലാണ് കുടുംബ സമേതം താമസിക്കുന്നത്. നർത്തകി കൂടിയായ ഏക മകൾ രാജശ്രീക്കാണ് ഇംഗ്ലീഷ് കവിതാവിഭാഗത്തിൽ സെക്കന്റ് പ്രൈസ്. മാസ് മീഡിയയിൽ ബിരുദധാരിണിയാണ് രാജശ്രീ.

1 COMMENT

  1. ശ്രീ.രാജൻ കിണറ്റിങ്കരക്ക്അ ഭിനന്ദനങ്ങൾ
    ആശംസകൾ

LEAVE A REPLY

Please enter your comment!
Please enter your name here