മയിൽപ്പീലി; പ്രവാസികളുടെ ആദ്യ കാവ്യാലാപന റിയാലിറ്റി ഷോ

എല്ലാ ഞായറാഴ്ചയും രാവിലെ 7.30 ന് കൈരളി ടി വി യിൽ ആയിരിക്കും പ്രക്ഷേപണം. മുംബൈയുടെ വിവിധ ഭാഗങ്ങളിൽ നിന്നായെത്തിയ അമ്പതോളം പേരിൽ നിന്നും തിരഞ്ഞെടുത്ത 18 പേരാണ് മുംബൈയിലെ ആദ്യ കാവ്യാലാപന റിയാലിറ്റി ഷോയിൽ മാറ്റുരക്കുക

0

പുതിയൊരു അധ്യായത്തിനാണ് ആംചി മുംബൈ തുടക്കം കുറിക്കുന്നത് . മുംബൈയിലെ പ്രതിഭകൾക്കായി ഒരുക്കുന്ന കാവ്യാലാപന റിയാലിറ്റി ഷോ ഈ ആഴ്ച മുതൽ പ്രക്ഷേപണം തുടങ്ങുകയാണ്. എല്ലാ ഞായറാഴ്ചയും രാവിലെ 7.30 ന് കൈരളി ടി വി യിൽ ആയിരിക്കും സംപ്രേക്ഷണം. മുംബൈയുടെ വിവിധ ഭാഗങ്ങളിൽ നിന്നായെത്തിയ അമ്പതോളം പേരിൽ നിന്നും തിരഞ്ഞെടുത്ത 18 പേരാണ് മുംബൈയിലെ ആദ്യ കാവ്യാലാപന റിയാലിറ്റി ഷോയിൽ മാറ്റുരക്കുക. 10 വയസ്സ് മുതൽ 40 വയസ്സ് വരെയാണ് പ്രായ പരിധി. കേരളത്തിൽ നിന്നെത്തിയ പ്രഗത്ഭ കവികളായ പി രാമൻ, രാജീവ് കാറൽമണ്ണ, ബാബു മുണ്ടൂർ എന്നിവരായിരുന്നു വിധി കർത്താക്കൾ. ഒന്നിനൊന്ന് മെച്ചപ്പെട്ട ആലാപന മികവ് പുലർത്തിയ മത്സരാർഥികൾ തങ്ങളെ അക്ഷരാർഥത്തിൽ വിസ്മയിപ്പിച്ചുവെന്നും മലയാളം കേട്ടറിവിലൂടെ സ്വായത്തമാക്കിയ കുട്ടികളിൽ നിന്നും ഇത്തരമൊരു കഴിവ് പ്രതീക്ഷിച്ചിരുന്നില്ലെന്നും വിധികർത്താക്കൾ അഭിപ്രായപ്പെട്ടു. മത്സരത്തിന് മുൻപ് നെരൂൾ ഗുരുദേവഗിരിയിൽ വച്ച് നടന്ന പ്രത്യേക പരിശീലനകളരി നയിച്ച എം ഡി ദാസും മുംബൈയിലെ പ്രതിഭകളുടെ കഴിവിനെ പ്രകീർത്തിച്ചിരുന്നു.

ജൂലിയ മേരി ജെയിംസ് – ബോയ്‌സർ, സൂര്യാ മുരളീധരൻ – നല്ലസോപ്പാറ, ബീന കെ മേനോൻ – നല്ലൊസപ്പാറ, കീർത്തന ഉണ്ണികൃഷ്ണൻ – വസായ്, അർച്ചന സി നായർ – ഡോംബിവലി, സിദ്ധിജാ രമേശ് – താനെ, അഞ്ജലി ശശിധരൻ – പൻവേൽ, ശ്യാംലാൽ – നെരൂൾ, ശ്രുതി – അബർനാഥ്, ആയുഷ് രാഘവൻ – സാന്താക്രൂസ്, ദേവികാ എസ് നായർ – ബോയ്‌സർ, വിഷ്ണു ഭട്ടതിരിപ്പാട് – കല്യാൺ, നവ്യാ രാകേഷ് – മീരാ റോഡ് , ഫിറോസ് – സീവുഡ്, അശ്വതി മോഹൻ – ഐരോളി, നിഖിൽ പ്രസാദ് നായർ – ബേലാപ്പൂർ, വിനീത് എൻ – ഡോംബിവ്‌ലി , സ്നേഹ പ്രകാശൻ – ഡോംബിവ്‌ലി എന്നിവരാണ് കവിതയിൽ പീലി വിടർത്തി നഗരത്തെ വിസ്മയിപ്പിച്ചത്.

വിധികർത്താക്കൾ നൂറിൽ ആണ് മാർക്കുകൾ നൽകിയിരിക്കുന്നത്. മൂന്ന് പേരും നൽകിയ മാർക്കുകളുടെ അടിസ്ഥാനത്തിലായിരിക്കും അടുത്ത ഘട്ടത്തിലേക്കുള്ള 10 പേരെ തിരഞ്ഞെടുക്കുക. ആലാപന മികവിനോടൊപ്പം അവതരണ മേന്മയും ദൃശ്യാവത്‌ക്കരണവും അടങ്ങുന്ന പ്രത്യേക റൗണ്ടിനായിരിക്കും അടുത്ത മത്സരത്തിനായി വേദികൾ ഒരുങ്ങുക.

ആശിഷ് എബ്രഹാം, പടുതോൾ വാസുദേവൻ നമ്പൂതിരിപ്പാട്, സി പി കൃഷ്ണകുമാർ, സുമാ രാമചന്ദ്രൻ എന്നിവരാണ് ഏകോപനവും പരിശീലന ക്യാമ്പിന് നേതൃത്വവും വഹിച്ചത്. സുകേഷ് പൂക്കുളങ്ങര കലാ സംവിധാനവും, അനിൽ പൊതുവാൾ പശ്ചാത്തല സംഗീതവും ഒരുക്കി. നീതി നായർ അവതാരകയായ മയിൽപ്പീലി റിയാലിറ്റി ഷോയ്ക്ക് ആദ്യ വേദി പൻവേൽ മലയാളി സമാജം ഒരുക്കിയപ്പോൾ . ഒരു ദിവസത്തെ പ്രത്യേക പരിശീലന ക്യാമ്പിനും, ഒഡീഷനും വേണ്ട സൗകര്യങ്ങൾ നൽകിയത് ശ്രീനാരായ മന്ദിര സമിതിയാണ്. കൈരളി ടി വി യുടെ മഹാരാഷ്ട്ര പ്രതിനിധി പ്രേംലാൽ സംവിധാനവും സാക്ഷാത്ക്കാരവും നിർവഹിച്ചു. മറുനാട്ടിൽ മലയാള ഭാഷയെ വീണ്ടെടുക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന മലയാള ഭാഷാ പ്രചാരണ സംഘത്തിന്റെ സഹകരണത്തോടെയാണ് നഗരത്തിലെ വിവിധ ഭാഗങ്ങളിൽ നിന്നായുള്ള മത്സരാർത്ഥികളെ തിരഞ്ഞെടുത്തത്. പ്രശസ്ത കവികളായ പ്രൊഫ വി മധുസൂദനൻ നായർ, ഇഞ്ചക്കാട് ബാലചന്ദ്രൻ എന്നിവരായിരുന്ന ഉൽഘാടന ചടങ്ങിൽ മുഖ്യാതിഥികൾ. പദ്മശ്രീ അക്കിത്തം അച്യുതൻ നമ്പൂതിരിയുടെ മകൾ ലീലാ നാരായണൻ അക്കിത്തം കവിത ആലപിച്ചു റിയാലിറ്റി ഷോയുടെ ഉത്‌ഘാടനംനിർവഹിച്ചു.
     


മുംബൈ മലയാളികളുടെ മനസ്സ് കീഴടക്കി മത്സാരാർഥികളും വിധികർത്താക്കളും
കവിതയിൽ പീലി വിടർത്തി മത്സരാർഥികൾ.
കാവ്യാലാപനത്തെ ആഘോഷമാക്കി നീതി നായർ
മയിൽപ്പീലി കാവ്യാലാപന മത്സരത്തിൽ ഇടക്കയിൽ കവിത വിരിയിക്കാൻ അനിൽ പൊതുവാൾ
ആംചി മുംബൈ 500 എപ്പിസോഡിലേക്ക്
ബാലചന്ദ്രൻ ചുള്ളിക്കാടിനെതിരെ ആഞ്ഞടിച്ചു മുരുകൻ കാട്ടാക്കട;
മുംബൈയിലെ പ്രമുഖരും പ്രതികരിക്കുന്നു.

മയിൽ‌പീലി – മുംബൈയിലെ ആദ്യ കാവ്യാലാപന റിയാലിറ്റി ഷോ കൈരളി ടി വിയിൽ

LEAVE A REPLY

Please enter your comment!
Please enter your name here