സാമൂഹിക മാധ്യമങ്ങൾ ഇന്ന് കൈക്കൊള്ളുന്നത് നിഷേധാത്മക രീതിയാണെന്നും ഉത്തരവാദിത്വമില്ലാതെയാണ് പലരും സോഷ്യൽ മീഡിയകളെ ദുരുപയോഗം ചെയ്യുന്നതെന്നുമാണ് പ്രശസ്ത ചലച്ചിത്ര സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ മുംബൈയിൽ പറഞ്ഞത്. മുംബൈയിൽ രണ്ടു ദിവസമായി നടക്കുന്ന ഗേറ്റ്‌വേ ലിറ്റ്ഫെസ്റ്റിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ധൈര്യത്തോടെ സംസാരിക്കാൻ ആളുകൾ ഭയക്കുകയാണെന്നും ധൈര്യമായി സംസാരിക്കുന്നവരെ പാകിസ്ഥാനിലേക്ക് പറഞ്ഞയക്കുന്ന ടൂറിസം പ്രമോഷനാണ് നടന്നു കൊണ്ടിരിക്കുന്നതെന്ന് മാധ്യമ പ്രവർത്തകൻ ശശികുമാർ പറഞ്ഞു. സത്യമേതാണ് മിഥ്യയേതാണ് എന്ന് തിരിച്ചറിയാനാവാത്ത അവസ്ഥയാണ് നിലനിൽക്കുന്നതെന്നും നമ്മൾ കൃത്രിമ കാലത്താണ് ജീവിക്കുന്നതെന്നും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. ഗേറ്റ്‌വേ ലിറ്റ്ഫെസ്റ്റിന്റെ റൈറ്റേഴ്‌സ് ബ്ലോക്ക് എന്ന വിഭാഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മതം പ്രാദേശികത എന്നിവ മറികടന്നാണ് നരേന്ദ്രമോദി അധികാരത്തിലെത്തിയത്. ഇന്ത്യൻ രാഷ്ട്രീയത്തിന്റെ രീതിശാസ്ത്രം മാറ്റിയത് നരേന്ദ്രമോദിയാണെന്ന് ചടങ്ങിൽ സംസാരിച്ച ബാലശങ്കർ പറഞ്ഞു. മാധ്യമപ്രവർത്തകനായ ഗിരീഷ് കുബേറും സംസാരിച്ചു.