സത്യൻ അന്തിക്കാടിന്റെ മകൻ അനൂപ് സത്യൻ ആദ്യമായൊരുക്കുന്ന വരനെ ആവശ്യമുണ്ട് എന്ന ചിത്രം കണ്ടിറങ്ങുന്ന പ്രേക്ഷകർ അറിയാതെ ചോദിച്ചു പോകുന്നത് സുരേഷ് ഗോപിയും ശോഭനയും എവിടെയായിരുന്നു എന്നാകാം. ഒരു നീണ്ട ഇടവേളക്ക് ശേഷം തിരിച്ചു വരുന്ന രണ്ടു താരങ്ങളും സ്‌ക്രീനിൽ നിറഞ്ഞാടുമ്പോൾ പ്രേക്ഷകർ പ്രതീക്ഷിച്ച ഒരു പാട് നൊസ്റ്റാൾജിയ സംവിധായകൻ അനൂപ് സത്യന്റെ ആദ്യ ചിത്രം നൽകുന്നു.
തിരക്ക് പിടിച്ചു അടുക്കളയിൽ കാരറ്റ് അരിയുന്ന, ഒരു ഓട്ടോറിക്ഷയുടെ അരികിലിരുന്ന് യാത്ര ചെയ്യുന്ന, അശ്രദ്ധമായ ഒരു നോട്ടത്തിലൂടെ നൊമ്പരങ്ങൾ പകർന്നാടുന്ന ശോഭനയും ആക്ഷൻ രംഗങ്ങളിൽ അടി പതറാതെയും വ്യത്യസ്തമായ അഭിനയ മുഹൂർത്തങ്ങളുമായി സുരേഷ് ഗോപിയും നിറഞ്ഞു നിൽക്കുമ്പോൾ ഇവരെല്ലാം ഓർമ്മപ്പെടുത്തുന്നത് എവിടെയും പോയിട്ടില്ലെന്നും ഇവിടെയൊക്കെ തന്നെയുമാണ്.
1990 കളിലെ മൂന്ന് താരങ്ങളായ ശോഭന, സുരേഷ് ഗോപി, ഉർവശി എന്നിവർ ഇന്നും മലയാള സിനിമയുടെ അവിഭാജ്യ ഘടകങ്ങളാണെന്ന് തെളിയിക്കുന്ന ചിത്രം കൂടിയാണ് വരനെ ആവശ്യമുണ്ട്. മലയാള ചലച്ചിത്ര പ്രേമികൾ എപ്പോഴും വിലപിക്കുന്ന നഷ്ടപ്പെട്ട പഴയ കാലത്തെ മനോഹാരിത തിരികെ കൊണ്ടുവരാൻ ഈ സിനിമ ശ്രമിക്കുമ്പോൾ, മനോഹാരിതയുമായി പൊരുത്തപ്പെടുന്ന തിരക്കഥയും ചിത്രത്തെ പ്രിയങ്കരമാക്കുന്നു.
സത്യൻ അന്തിക്കാടിന്റെ പാതയാണ് അനൂപും പിന്തുടരുന്നത്. രണ്ട് മണിക്കൂർ നേരം കൊണ്ട് നിങ്ങൾക്ക് പ്രിയപ്പെട്ടവരാകാൻ കഴിയുന്ന ഒരുപിടി ആളുകളെ ചുറ്റിപ്പറ്റിയുള്ള ലളിതമായ ഒരു കഥയാണിത്. അമ്മയും മകളും തമ്മിലെ ബന്ധം, രണ്ട് സഹോദരന്മാർ തമ്മിലെ ഇണക്കവും പിണക്കവും, ഒറ്റപ്പെടലും ഏകാന്തതയും മൂടിയ മധ്യവയസ്സിന്റെ വിരസത തള്ളിനീക്കുന്ന മറ്റൊരു ജീവിതം. ബന്ധങ്ങളെ കൂട്ടിയിണക്കിയുമുള്ള ഒരു കുടുംബ ചിത്രവുമായാണ് അനൂപ് സത്യനെന്ന സംവിധായകന്റെ ആദ്യ സിനിമ പ്രേക്ഷകരിലെത്തുന്നത്.
മലയാള സിനിമയിലെ പ്രിയ പ്രണയജോഡികളായ സുരേഷ് ഗോപിയുടെയും ശോഭനയുടെയും ഒത്തു ചേരലും, ദുൽഖർ സൽമാൻ എന്ന നിർമ്മാതാവിന്റെ അവതരണവും, താരപുത്രി കല്യാണി പ്രിയദർശന്റെ മലയാള സിനിമയിലെ അരങ്ങേറ്റവും ചിത്രത്തെ വ്യത്യസ്‌തവും രസകരവുമാക്കാൻ അനൂപിന് കഴിഞ്ഞു.
പഴയകാല പ്രണയജോഡികൾ യുവ താരജോഡികളേക്കാൾ സ്കോർ ചെയ്തത് മുന്നേറുന്നത് സിനിമയുടെ ആസ്വാദസനാതലത്തിന് മുതൽക്കൂട്ടാവുന്നു. സുരേഷ് ഗോപിയും ശോഭനയും നിറഞ്ഞു നിൽക്കുമ്പോൾ സൈക്കാട്രിസ്റ്റിന്റെ റോളിൽ എത്തുന്ന സംവിധായകൻ ജോണി ആന്റണി, ഫ്രോഡിന്റെയും അനുജന്റെയും സ്വന്തം ‘ആകാശവാണി’യാവുന്ന കെ.പി.എ.സി. ലളിത, സ്നേഹം നിറഞ്ഞ ന്യൂ ജെൻ മമ്മിയായ ഉർവശി, എന്നിവരും ശ്രദ്ധേയരാവുന്നു. സംവിധായകൻ ലാൽ ജോസിന്റെ ചെറിയ വേഷവും ശ്രദ്ധിക്കപ്പെടുന്നു.
- ‘മലൈക്കോട്ടൈ വാലിബൻ’: റിലീസ് തീയതി പ്രഖ്യാപിച്ച് മോഹൻലാൽ
- മോഹൻലാൽ ചിത്രം നേരിന്റെ ചിത്രീകരണം തുടങ്ങി
- മുംബൈയിലും തരംഗമായി രജനികാന്ത് ചിത്രം ജയിലർ