രണ്ടു മുഖങ്ങളുള്ള നഗരകവി

മുംബൈയിലെ അറിയപ്പെടുന്ന കഥാകാരനും പത്രപ്രവർത്തകനുമായ സുരേഷ് വർമ്മ എഴുതുന്നു.

0

കറുത്ത കോട്ടിട്ട് കോടതിയിൽ പ്രവേശിക്കുമ്പോഴും അന്ധനീതിയുടെ ആശാസ്യ പുസ്തകങ്ങൾ പരസ്പരം തൊട്ടു നിരന്നിരിക്കുന്ന തന്റെ ഓഫീസ് പഠന മുറിയിലും മാത്രം നിയമജ്ഞൻ. പിന്നെ, ബാക്കി സമയമത്രയും സ്വപ്നത്തിലും ജാഗ്രത്തിലും അനീതിയുടെ കറുത്ത കുപ്പായത്തെ പൊതിഞ്ഞ കാപട്യത്തിന്റെ വെണ്മയെ സദാ പിച്ചിച്ചീന്തുന്ന കവി.

കാൽനൂറ്റാണ്ട് മുമ്പ് അന്ധതയുടെ നിറമുള്ള കോട്ടണിയുന്നതിനും രണ്ടു ദശകങ്ങൾക്ക് മുമ്പേ കവിതയുടെ അപഹാരം തുടങ്ങിയിരുന്നു

കഥാനായകൻ ഉഴവൂർ ശശിയാണ്.

വി ടി ഗോപാലകൃഷ്ണൻ കുടുംബം ഏർപ്പെടുത്തിയ ഈ വർഷത്തെ മുംബൈ സാഹിത്യ വേദി വി.ടി. സ്മാരകഅവാർഡ് നേടിയ കവി ഉഴവൂർ ശശിയെ കുറിച്ച് തന്നെ !എന്റെ ഓർമ എൺപതുകളുടെ ഉത്തരാർഥത്തിലേക്ക് പറക്കുന്നു. സാഹിത്യവേദിയിൽ ഏതോ ഒരു കവിയെ വിമർശിച്ച് നിലം പരിശാക്കുയാണ് ഒരു യുവതാടിക്കാരൻ. തെല്ലു ക്രൂരമായിപ്പോകുന്നില്ലേ ? അടുത്തിരുന്ന മീശകൃതാവുകാരൻ പാപ്പനംകോട് പറഞ്ഞു

ഒടക്ക് കേസാ , പക്ഷേ, ഓട്ടക്കലമല്ല.

ഉഴവൂരിനെ മുന്നിൽ കാണുമ്പോഴൊക്കെ സിമന്റ് കാട്ടിലെ കവിയുടെ ഈ തിരോന്തരം ഡയലോഗ് ഓർമ വരും. പിന്നെ, ചിരിച്ചും തപിച്ചും തമ്മിൽ കലഹിച്ചും എത്രയോ സാഹിത്യസദസ്സിൽ ഞങ്ങൾ വേദികൾ പങ്കിട്ടു. ഉഴവൂരിന് വലിയ മാറ്റമൊന്നുമില്ല. സ്വയം കലഹിച്ചും സാഹിത്യ ലോകത്ത് കലാപം നടത്തിയും ഉഴവൂർ സർഗ്ഗാത്മകത പോരാട്ടമാക്കി മുന്നേറുന്നു.

രാത്രിയുറക്കങ്ങളിൽ ഉഴവൂരിനെ സ്വപ്നം കണ്ട് പലരും ഞെട്ടിയുണർന്നു. ചിലർ തൂലിക തന്നെ ഉപേക്ഷിച്ചു കളഞ്ഞു.!

സുരേഷ് വർമ്മയും ഉഴവൂർ ശശിയും പ്രശസ്ത സാഹിത്യകാരൻ സേതുവിനോടൊപ്പം

തൊണ്ണൂറുകളിൽ നഗരത്തിൽ സ്വയം പ്രഖ്യാപിത കവികളും കഥാകാരന്മാരും വല്ലാതെ പെരുകികൊണ്ടിന്നു. ആ ഓട്ടക്കലങ്ങളിൽ പലരെയും ഉഴവൂർ തന്റെ നാവിൻ തുമ്പുകൊണ്ട് നിരന്തരം മർദ്ദിച്ചു. രാത്രിയുറക്കങ്ങളിൽ ഉഴവൂരിനെ സ്വപ്നം കണ്ട് പലരും ഞെട്ടിയുണർന്നു. ചിലർ തൂലിക തന്നെ ഉപേക്ഷിച്ചു കളഞ്ഞു.

അക്കാലത്തത് ഒരു രാത്രി 11 മണി കഴിഞ്ഞ് ഒരെഴുത്തുകാരൻ ഉഴവൂരിനെ വിളിക്കുന്നു. ഫോണിലൂടെ തെറിയുടെ മാലപ്പടക്കം.! അതിന് ഒരു കാരണമുണ്ടായിരുന്നു. അന്ന് വൈകിട്ട് നടന്ന കഥയരങ്ങിൽ അയാൾ ഒരു കഥ അവതരിപ്പിച്ചിരുന്നു. കഥകളെ വിലയിരുത്തി കൊണ്ട് വാത്സല്യപൂർവ്വം ഉഴവൂർ ഒറ്റവാക്യത്തിൽ നിഷ്കളങ്കമായ ഒരു പ്രസ്താവന നടത്തി.

ഇതൊരു പരട്ടക്കഥയാണ്.!!

അതിനുള്ള സ്രഷ്ടാവിന്റെ പ്രതിക്രിയയാണ് ഈ പാതിരാ കാൾ. കുറച്ചു കഴിഞ്ഞപ്പോൾ റിസീവർ മേശപ്പുറത്തു വെച്ചു. മറുപുറത്ത് അശ്ലീല തരംഗങ്ങൾക്കൊപ്പം ഇടക്കിടെ ഫോണിൽ നാണയം വീഴുന്ന ശബ്ദവും …
ഒടുവിൽ അയാൾ പറഞ്ഞു. എന്റെ കയ്യിൽ ഇനി ഒരു കോയിൻ കൂടിയേ ഉള്ളു . അതുകൊണ്ട് ചുരുക്കി പറയാം. വീണ്ടും തെറിയോട് തെറി.
പൊട്ടിച്ചിരിയോടെ ഉഴവൂർ പറഞ്ഞു. നീയീ 17 നാണയമിട്ട് പറഞ്ഞ തെറി ചുരുക്കി തീക്ഷ്ണമായി ഇതുപോെലെ പറയാവുന്നതേയുള്ളു. ഇതുപോലെ കഥയെഴുതാനും ശ്രമിക്കുക !

ഇതൊക്കെ ഉള്ളിലുള്ളതു കൊണ്ടാകാം,

വാൽ തുമ്പിൽ ഒരു തരി
വെളിച്ചവുമായാണ്
പറന്നിറങ്ങിയത്…
പ്രകാശത്തിന്റെ
മഹാസമുദ്രമെന്ന
പ്രതീക്ഷയിൽ

എന്റെ ഇത്തിരി വെട്ടം
അധികപ്പറ്റാവുമെന്ന്
വേവലാതിപ്പെട്ടു…”

(മിന്നാമിനുങ്ങ് )

എന്ന് ഉഴവൂർ ഗൗരവപൂർണ്ണമായ ഒരു ദാർശനിക കവിത എഴുതി തുടങ്ങുമ്പോൾ എനിക്ക് 90 കളിലെ ചില എഴുത്തുകാരെ ഓർമ വരുന്നത്. ഒരേ രചനയെ അനവധി പരിപ്രേക്ഷ്യങ്ങളിലൂടെ സമീപിക്കുമ്പോഴാണ് കവിതയുടെ ബഹിർസ്ഫുരത അനുഭവേദ്യമാകുക.

മതിലിനിപ്പുറം
കല്ലും കവണയും
കരളുകൊത്തുന്ന
തീയും കരുതലും
വിധിയെഴുതുന്ന
തൂലികത്തുമ്പുകൾ
മുനപഴുപ്പിച്ച
രക്ഷാകവചങ്ങൾ.

ചതുരുപായത്തിലുന്തും
കാലാളുകൾ
പൊരുതിനേടിയതത്രയും
പെണ്ണിന്റെ
പുതിയ ശക്തികൾ
വാക്കിൻ കനലുകൾ
വൻമതിലുകൾ
മുത്തശ്ശി മുകിലുകൾ

(മതിലിനപ്പുറം)

പെണ്ണിന്റെ ഹൃദയ വൈവിധ്യങ്ങളും ഉൾ താപങ്ങളും ഇത്രേയേറെ പാടിപ്പോയ നഗര കവികൾ വിരളമാണ്.

ഉഴവൂർ ഇതിഹാസ -പുരാണങ്ങളുെടെ പൊളിച്ചെഴുത്തു നടത്തുമ്പോൾ രചനയുടെ ഉൾക്കാമ്പറിയാൻ ഭാഷാപരിജ്ഞാനം മാത്രം പോര . എഴുതപ്പെടാത്ത അദ്യശ്യവരികളും വായിക്കാൻ കഴിയണം

“ഏകലവ്യനി” ലെ വരികൾ ശ്രദ്ധിക്കുക.

.തൊടുത്തതതേ വിരല്‍
നമിക്കാൻ ഗുരുവിനെ കൂപ്പിയതതേ കരം എടുക്കാം , മഹാഗുരോ.
എനിക്കു തൊടുക്കുവാൻ മനസ്സില്‍ പിതൃചാപം
പറത്താൻ വിരലിലോ ശരത്തിൻ മദവേഗം
ആട്ടിയോടിക്കുമ്പോഴും
അറിഞ്ഞു പ്രതിഭതൻ
മൂർച്ചയിൽ തളിർക്കുന്ന
വില്ലിന്റെ മഹാവൃക്ഷം
എടുത്തുപോന്നീക്കാട്ടിൽ
തുടർന്നു നിഷാദന്റെ
ഒടുങ്ങാത്തതാം തൃഷ്ണ
അമ്പിന്റെ വമ്പും വീറും.
അറിയാം , എനിക്കെന്റെ വിധിയും വിഹിതവും
അറിയാം ദളിതന്റെ
അന്നവും കൊലച്ചോറും
ജ്ഞാനത്തിൽ പഴുപ്പിച്ച
ഞാണൊലി പ്രതിധ്വനി
അധികാരത്തില്‍ , ഗുരോ വിദ്യകൾ തൃണമെന്നും
വെളുത്ത ഗർവ്വങ്ങളിൽ ഗുരുത്വം ,പിണമെന്നും ….

….സവ്യസാചിയാണവൻ.
അവനുമുന്നിൽ
‘ ഞാനോ
കർണ്ണനോ ..? ‘ സഹിക്കില്ല :
ഇന്ദ്രന്റെ രണനീതി,
എനിക്ക് തിട്ടം പോരാ
നേരിന്റെ ബാണങ്ങളെൻ
പോരുകൾ പോരായ്മയും
നീയല്ല, പ്രതിമയെന്നറിയാം .
പഠിക്കുമ്പോള്‍
ഞാനറിഞ്ഞതാണന്നേ
വിരലിൻ നിണപർവ്വം. ….

….ഏകലവ്യനീക്കാട്ടിൻ
മലകൾ തടിനികൾ
മോഹവായ്പ്പുകൾ
പൂക്കും കാട്ടുചെമ്പകപ്പൂക്കൾ
അറിവിൻ ആദ്യക്ഷരം
മുറിക്കും കൂരമ്പിന്റെ
വാനനീതിയിൽ
ചിരം ജയിക്കും
വിദ്യാതൃഷ്ണ .’

വലിയ പ്രത്യാശയോടെ പൂർണ്ണമാകുന്ന ഈ കവിതയ അറിയാൻ ഉപരിപ്ലവമായ വായന പോര. സൂതപുത്രൻറയും നിഷാദ കുമാരന്റെയും വിങ്ങുന്ന വേദനയുടെ സമാനതകൾ അറിയണം. പ്രിയ ശിഷ്യൻ മൂന്നാം സ്ഥാനക്കാരൻ സവ്യസാചിയെ ഒന്നാമനാക്കാൻ കൗശലത്തിെന്റെ തൂണീരത്തിൽ നിന്നും അവഹേളന ശരങ്ങളൾ പറിച്ചെടുത്ത് സവർണ്ണഗുരുവിന്റെ തുടരാക്രമണങ്ങൾ!

സുദീർഘമൗനം മുറിച്ച് പഴയ “ചതുരംഗ ” ത്തിന് ശേഷം പുതിയ കവിതാ സമാഹാരവുമായി ഉഴവൂർ വൈകാതെ സാഹിത്യക്കോടതിയിലെത്തും.

മേൽ സൂചിപ്പിച്ച കവിതകൾ ചില ലിറ്റ്മസ് മാതൃകകൾ മാത്രം. കവി തന്നെ ഉച്ചെസ്തരം പ്രഖ്യാപിക്കുന്നുണ്ട്.

അനന്തമായ ചാക്രീകതയുടെ
തുടരെഴുത്താവുന്നു ഞാൻ !

അതങ്ങനെ തന്നെ സംഭവിക്കട്ടെ !

സുരേഷ് വർമ്മ

LEAVE A REPLY

Please enter your comment!
Please enter your name here