തിരക്ക് പിടിച്ച മഹാനഗരത്തിൽ വർധിച്ചു വരുന്ന ജീവിത ശൈലി രോഗത്തെ കണ്ടെത്താനും പ്രതിരോധിക്കാനും സഹായിക്കുന്ന ക്യാൻസർ പരിശോധനാ കേന്ദ്രത്തിനാണ് സഹൃദയ ചാരിറ്റബിൾ ഫൌണ്ടേഷൻ തുടക്കമിടുന്നത്. ഡോംബിവ്‌ലി ഈസ്റ്റിൽ ഗാന്ധി നഗറിലെ വൈദ്യ ചാക്ക് സായ് സേവാ സൊസൈറ്റിയിലാണ് സഹൃദയയുടെ പ്രഥമ പരിശോധന കേന്ദ്രം തുടങ്ങുന്നത്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് സൗജന്യമായും മറ്റുള്ളവർക്ക് സൗജന്യ നിരക്കിലും ചികിത്സ ലഭ്യമാക്കുമെന്ന് പത്രസമ്മേളനത്തിൽ ഫൌണ്ടേഷൻ വ്യക്തമാക്കി.
പരിശോധനയും ചികിത്സാ സൗകര്യങ്ങളും കൂടാതെ ബോധവത്കരണം, ചികിത്സാ നിർദ്ദേശങ്ങൾ, പുനരധിവാസം തുടങ്ങിയ സേവനങ്ങളും സഹൃദയ മുന്നോട്ട് വയ്ക്കുന്നുണ്ട്. പ്രഗത്ഭരായ ഡോക്ടർമാരുടെ നേതൃത്വത്തിൽ നഗരത്തിലെ സംഘടനകളുമായി സഹകരിച്ചു സൗജന്യമായ കാൻസർ പരിശോധന ക്യാമ്പുകൾ നടത്തുവാനും സഹൃദയക്ക് പദ്ധതിയുണ്ടെന്ന് വൈസ് പ്രസിഡന്റ് ഡോ ഉമ്മൻ ഡേവിഡ് അറിയിച്ചു.
സാധാരണക്കാർക്ക് പോലും ആശ്രയിക്കാവുന്ന ആധുനീക സംവിധാനങ്ങളോടെയുള്ള ക്യാൻസർ ആശുപത്രിയാണ് സഹൃദയ ചാരിറ്റബിൾ ഫൌണ്ടേഷൻ ലക്ഷ്യമിടുന്നത്. ഇതിനായി ഡി വൈ പാട്ടീൽ സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ ജെയിംസ് തോമസ്, സഞ്ജീവനി ആശുപത്രി സ്ഥാപകൻ ഡോ അരുൺ പാട്ടീൽ, പ്ലാറ്റിനം ആശുപത്രി സ്ഥാപകനും കാർഡിയാക് സർജനുമായ ഡോ ബിജോയ് കുട്ടി, അപ്പോളോ ആശുപത്രിയിലെ ഡോ സുനിൽ കുട്ടി, ക്യാൻസർ ചികിത്സാ വിദഗ്ദരായ ഡോ അനിൽ ഹേരൂർ, ഡോ അംരീഷ് നന്ദ, ഡോ രോഹൻ കൃഷ്ണകുമാർ എന്നിവർ ഡയറക്ടർ ബോർഡിൽ ഉൾപ്പെടുന്നുവെന്നും ഫൗണ്ടേഷൻ പ്രസിഡന്റ് പോൾ പറപ്പിള്ളി അറിയിച്ചു.

ഇതിനകം നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ മാതൃകയായിട്ടുള്ള സന്നദ്ധ സംഘടനയാണ് സഹൃദയ ചാരിറ്റബിൾ ഫൌണ്ടേഷൻ. നിരാലംബർക്കായുള്ള ഭക്ഷണ വിതരണം, കാൻസർ പരിരക്ഷ ബോധവത്കരണ പരിപാടികൾ, സൗജന്യ ക്യാൻസർ പരിശോധന ക്യാമ്പുകൾ തുടങ്ങി ജനനന്മ ലക്ഷ്യമാക്കി നിരവധി സേവന പരിപാടികൾ സഹൃദയ സംഘടിപ്പിച്ചിട്ടുണ്ട്.
പോൾ പറപ്പിള്ളി (പ്രസിഡന്റ്). ഡോ ഉമ്മൻ ഡേവിഡ് (വൈസ് പ്രസിഡന്റ്), സുരേഷ് നമ്പീശൻ (ജനറൽ സെക്രട്ടറി) പ്രേംലാൽ (ജോയിന്റ് സെക്രട്ടറി), സി പി ബാബു (ട്രഷറർ) ഇ പി വാസു, സാബു ചെറിയാൻ, രാജൻ പണിക്കർ, റോയ് കൊട്ടാരം, അനിൽ നമ്പ്യാർ (മാധ്യമ പ്രവർത്തകൻ) എന്നിവരടങ്ങുന്ന ട്രസ്റ്റികളാണ് സഹൃദയയെ നയിക്കുന്നത്.
- കെയർ ഫോർ മുംബൈ സൗജന്യ മെഡിക്കൽ ക്യാമ്പ് ഏപ്രിൽ 16ന് അംബർനാഥിൽ
- ഉപ്പ് ഉഗ്രവിഷമെന്ന് ലോകാരോഗ്യ സംഘടന; അമിതമായ ഉപയോഗം വർഷത്തിൽ 10 ലക്ഷം ജീവൻ നഷ്ടപ്പെടുത്തും
- പ്രത്യാശയുടെ വാക്സിൻ; മഹാരാഷ്ട്രയിൽ ആദ്യഘട്ട കുത്തിവയ്പിന് തുടക്കമായി.
- കോവീഷീൽഡ് വാക്സിൻ മഹാരാഷ്ട്രയിലും സൗജന്യമാകുമോ ?
- കോവിഡ് രോഗലക്ഷണങ്ങളിൽ ഇനി ആശങ്കപ്പെടേണ്ട, വീട്ടിൽ ചികിത്സയൊരുക്കി ആയുർവേദ ആശുപത്രി