ഈ പ്രപഞ്ചം മുഴുവൻ പരിപാലിക്കുക എന്ന ഭാരിച്ച കർമ്മത്തെ വികേന്ദ്രീകരിക്കാനാണ് ദൈവം അമ്മ എന്ന ആശയം കണ്ടെത്തുന്നത്. അങ്ങനെ മസ്തിഷ്കമുളള ജീവന്റെ തുടിപ്പുകൾ ഉത്ഭവിച്ച നാൾ മുതൽ അമ്മ, ദൈവത്തിന്റെ പ്രതിനിധിയായി ഭൂമിയിലെ സൃഷ്ടികർമ്മങ്ങൾ ഏറ്റെടുത്ത് ഓരോ കുഞ്ഞിനും ഒന്നാം ദൈവമായി മാറുന്നു.
ഏതൊരു ഭാഷയിലെയും ഏറ്റവും മൃദുവായ വാക്കാണ് – അമ്മ .
“അമ്മ മനസ്സിലും ” നമുക്ക് അത്തരം മൂന്ന് അമ്മമാരെ കാണാം. സ്നിഗ്ദ്ധവും സരളവുമായ മാതൃത്വത്തിന്റെ നിറസുഗന്ധം നിറഞ്ഞു നില്ക്കുന്നുണ്ട് ഈ ഹ്രസ്വചിത്രത്തിൽ. എന്നാൽ അതിലേറെ ശ്രദ്ധേയമായ കാഴ്ച ഈ ലോകത്തെ എല്ലാ അമ്മമാരെയും സ്വന്തം അമ്മയായി കാണാൻ കഴിയും വിധം സംസ്കാര സമ്പനനായും സ്നേഹനിധിയായും ഒരു മകനെ വളർത്താൻ ഒരമ്മയ്ക്ക് കഴിഞ്ഞു എന്നതാണ്. അതൊരു കൊച്ചു സൽപ്രവൃത്തിയിലൂടെ തെളിയിക്കാൻ അവന് കഴിയുന്നുമുണ്ട്.
നന്മയുടെ പ്രകാശം മുഴുവൻ ഒരു കൊച്ചു മിന്നാമിനുങ്ങിലൂടെ ചിത്രത്തിലേക്ക് പ്രസരിപ്പിക്കാൻ മോഹൻ സി നായരുടെ തിരക്കഥക്ക് കഴിയുന്നുണ്ട്. ദൈനം ദിന ജീവിതത്തിലെ ചില മിഴിയോരകാഴ്ചകളിലൂടെ അമ്മ മനസ് അനാച്ഛാദനം ചെയ്യപ്പെടുകയാണ് 11 മിനിറ്റ് ദൈർഘ്യമുള്ള ഈ ഹൃസ്വചിത്രത്തിൽ.
രാഹുൽ നായർ, ഗോമതി അമ്മ, ബീന മേനോൻ, ശ്രീകുമാർ മാവേലിക്കര, ശാരദ ശർമ, സതി ജി കെ, സുരേഷ്‌കുമാർ, ഹരീന്ദ്രനാഥ്, അഞ്ജന ആകാശ്, സ്നേഹ പ്രസാദ്കുട്ടൻ, മോഹൻ സി നായർ, രാജേഷ് ആർ, വിജയൻ കുട്ടി, അശോകൻ തിരുവല്ല, ജിനേഷ് എം, ടി എസ് നായർ, തുടങ്ങി നിരവധി അഭിനേതാക്കളാണ് ഈ ഹൃസ്വ ചിത്രത്തിനായി അണിനിരന്നിട്ടുള്ളത്. പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച രാഹുൽ നായർ, ഗോമതി അമ്മ എന്നിവർ മികച്ചു നിന്നു . മുംബൈ നാടകവേദിയിലൂടെ അഭിനയരംഗത്തെത്തിയ രാഹുൽ അനായാസത കൈമുതലായുള്ള യുവ നടനാണ്.
നാടകത്തിന്റെ അതിഭാവുകത്വം പകർന്നാടുന്നതിൽ ബീനയും ഒരു നാടക സംവിധായകന്റെ രൂപഭാവാദികളുമായി ശ്രീകുമാർ മാവേലിക്കരയും ശ്രദ്ധ നേടി. ചിത്രത്തിന്റെ രചന നിർവഹിച്ച മോഹൻ സി നായർ അഭിനേതാവായും തന്റെ കൈയൊപ്പിടുന്നുണ്ട്. കൂടാതെ രാജേഷ്, ഹരീന്ദ്രനാഥ്, സുരേഷ്കുമാർ എന്നിവരും സാന്നിധ്യമറിയിച്ചു.
സിനിമാട്ടോഗ്രഫി ശരാശരിയിൽ നിന്നും ഉയർന്നു നിൽക്കുന്നു. ശബ്ദമിശ്രണത്തിലും ചിത്രസംയോജനത്തിലും നിലവാരം പുലർത്തി.
ചില നാടക രംഗങ്ങളിലും സംഭാഷണങ്ങളിലും കടന്നു വരുന്ന കൃത്രിമത്വം കല്ലുകടിയായി അനുഭവപ്പെടുന്നുണ്ട്. ഏത് കലയിലും രചയിതാവിന്റെയും സംവിധായകന്റെയും രാഷ്ട്രീയം കടന്നു വന്നേക്കാം. അതവരുടെ സർഗാത്മക സ്വാതന്ത്ര്യം. അവയെ സ്വീകരിക്കുകയോ നിരാകരിക്കുകയോ ചെയ്യുക എന്നത് പ്രേക്ഷക സ്വാതന്ത്ര്യവും .
കലയുടെ രാഷ്ട്രീയത്തെ തീവ്രമായി ഒപ്പം കൺവിൻസിംഗായി ചിത്രത്തിൽ സന്നിവേശിപ്പിക്കുന്നതിൽ സംവിധായകൻ അമൃതജ്യോതി ഗോപാലകൃഷ്ണൻ വിജയിച്ചുവോ എന്നതാണ് ചിത്രം കണ്ടു കഴിയുന്ന ഓരോ പ്രേക്ഷകനും കണ്ടെത്തുന്ന ഉത്തരം.
എന്തായാലും വെറുപ്പിന്റെ രാഷ്ട്രീയം കലാപം പോലെ കത്തിപ്പടരുന്ന നമ്മുടെ നാട്ടിൽ എഴുത്തിലും അരങ്ങിലും അഭ്രപാളികളിലും നിങ്ങൾക്കും ഇങ്ങനെയൊരമ്മയുണ്ട് എന്ന് ഓർമിപ്പിക്കുന്നത് ഒരു വലിയ കാര്യം തന്നെയാണ്.
Short Film : Amma Manassu
Direction : Amritajyothi Gopalakrishnan