കൊറോണ വൈറസ്; പരിഭ്രാന്തിയോടെ മുംബൈ നഗരം.

0

കൊറോണ നിരവധി പ്രദേശങ്ങളില്‍ പടര്‍ന്നിരിക്കുന്ന സാഹചര്യത്തില്‍ രാജ്യത്തെ ഏറ്റവും തിരക്കേറിയ നഗരത്തിൽ അഭ്യൂഹങ്ങളും സമൂഹ മാധ്യമങ്ങളിലൂടെയുള്ള നുണ പ്രചാരണങ്ങളും അനാവശ്യ ചർച്ചകളും പരിഭ്രാന്തി പടർത്തുന്നതായി റിപോർട്ടുകൾ. നഗരത്തിൽ ഇത് വരെ രോഗം സ്ഥിരീകരിച്ചിട്ടില്ല. എന്നിരുന്നാലും സുരക്ഷാ ക്രമീകരണങ്ങളും മുൻകരുതൽ നിർദ്ദേശങ്ങളും വ്യാപകമായി നടക്കുമ്പോഴും നഗരത്തിൽ സാനിറ്റൈസർ പോലും കിട്ടാനില്ലാത്ത അവസ്ഥയാണ്. ആരോഗ്യ മേഖലയിൽ കാര്യക്ഷമതയില്ലാത്ത നഗരത്തിൽ സുരക്ഷാ നടപടികൾ നിർദ്ദേശങ്ങളിൽ മാത്രമായി ഒതുങ്ങുന്ന കാഴ്ചക്കാണ് നഗരം സാക്ഷ്യം വഹിക്കുന്നത്. ഇത്തരം സാഹചര്യങ്ങളിൽ നഗരത്തിൽ മാസ്കുകളുടെ ലഭ്യത കുറവ് ആശങ്ക പടർത്തുന്നു.

പൊങ്കാല മഹോത്സവത്തിനും ഹോളി ആഘോഷങ്ങൾക്കുമായി നഗരം ഒരുങ്ങിയിരിക്കെയാണ് കൊറോണ വൈറസ് ഭീതിയും അഭ്യൂഹങ്ങളും വ്യാപകമാകുന്നത്. കൊറോണ വൈറസ് സംബന്ധിച്ച സ്ഥിരീകരിക്കാത്ത വാർത്തകൾ പ്രചരിക്കുന്നതിനിടയിൽ ജനങ്ങളോട് പരിഭ്രാന്തരാകരുതെന്നും എന്നിരുന്നാലും അടുത്ത ദിവസങ്ങൾ നിർണായകമാണെന്നും മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ മുന്നറിയിപ്പ് നൽകിയിരുന്നു. ഹോളിപോലുള്ള ആഘോഷങ്ങൾ പരിമിതപ്പെടുത്തണമെന്നും അദ്ദേഹം നിർദ്ദേശിച്ചു

മുംബൈ പോലുള്ള ജനങ്ങൾ തിങ്ങി പാർക്കുന്ന തിരക്കേറിയ നഗരത്തിൽ കൊറോണ വൈറസിനെ പ്രതിരോധിക്കുവാനുള്ള നടപടികൾ പ്രയോഗിമാക്കുന്നത് അധികൃതർക്ക് വലിയ വെല്ലുവിളിയാണ്. നഗരത്തിന്റെ ജീവനാഡിയായ ലോക്കൽ ട്രെയിനിൽ ദിവസേന യാത്ര ചെയ്യന്നവർ 75 ലക്ഷത്തിലധികം പേരാണ്. ജനസമ്പർക്കം ഒഴിവാക്കാനാകാത്ത വിധത്തിൽ തിക്കി തിരക്കി യാത്ര ചെയ്യുന്ന ലക്ഷക്കണക്കിനാളുകളെയാണ് കൊറോണ വൈറസ് മുൻകരുതൽ നിർദ്ദേശങ്ങൾ പരിഭ്രാന്തിയിലാക്കുന്നത്.

നഗരത്തിലെ പ്രാര്‍ത്ഥനാ കേന്ദ്രങ്ങളിലെ സുരക്ഷാ മുന്‍കരുതലുകളും ഇതോടെ ശക്തമാക്കി. മുംബൈ ആര്‍ച്ച് ബിഷപ്പും ഭാരത കത്തോലിക്ക മെത്രാന്‍ സമിതി (സിബിസിഐ) പ്രസിഡന്റുമായ ഓസ്വാള്‍ഡ് ഗ്രേഷ്യസ് പള്ളികളില്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകളുടെ സർക്കുലർ ഇറക്കി. ഹസ്തദാനം ഒഴിവാക്കി പകരം നമസ്‌തേ പറഞ്ഞാല്‍ മതിയെന്നാണ് സർക്കുലറിൽ പറയുന്ന പ്രധാന നിര്‍ദ്ദേശം. സഭാ വിശ്വാസികളില്‍ ആര്‍ക്കെങ്കിലും അണുബാധ സംശയം തോന്നിയാല്‍ കുടുംബ കൂട്ടായ്മകളും പ്രാര്‍ത്ഥനാ യോഗങ്ങളും വൈദികര്‍ നിര്‍ത്തിവക്കണമെന്നും നിർദ്ദേശിച്ചു. മുംബൈ അതിരൂപയിലെ പള്ളികള്‍ക്കായി പുറപ്പെടുവിച്ച നിര്‍ദ്ദേശം രാജ്യത്താകമാനമുള്ള സഭകള്‍ക്ക് നൽകാനും തീരുമാനമായിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here