ജീവകാരുണ്യ പ്രവർത്തന രംഗത്ത് മാതൃകാപരമായ സേവനങ്ങളിലൂടെ ശ്രദ്ധ നേടിയ സഹൃദയ ചാരിറ്റബിൾ ഫൌണ്ടേഷന്റെ പുതിയ സംരംഭമായ ക്യാൻസർ കെയർ ആൻഡ് ഡയഗ്നോസ്റ്റിക് സെന്ററിന് ഡോംബിവ്‌ലിയിൽ തുടക്കമായി. സഹൃദയ പ്രസിഡന്റ് പോൾ പറപ്പിള്ളി അധ്യക്ഷനായ ചടങ്ങിൽ വേൾഡ് മലയാളി കൗൺസിൽ പ്രസിഡന്റ് കെ കെ നമ്പ്യാർ മുഖ്യാതിഥിയായിരുന്നു. കല്യാൺ ഡോംബിവ്‌ലി മുനിസിപ്പൽ കോർപറേറ്റർ ദീപാലി പാട്ടീൽ സെന്റർ ഉത്‌ഘാടനം ചെയ്തു.
പ്ലാറ്റിനം ഹോസ്പിറ്റലിൽ നിന്നും ഡോ ബിജോയ് കുട്ടി, അപ്പോളോ ആശുപത്രിയിലെ ഡോ സുനിൽ കുട്ടി കൂടാതെ ഡോ റോഹൻ കൃഷ്ണകുമാർ, ഡോ അമരീഷ് നന്ദ, ഡോ ശ്രേയസ് സോമനാഥ്, ഡോ ഐശ്വര്യ പ്രേമൻ, റോയ് ജെ കൊട്ടാരം എന്നിവർ പ്രസംഗിച്ചു. ട്രസ്റ്റികളായ പ്രേംലാൽ, ഇ പി വാസു, പി എൻ സുരേഷ്‌കുമാർ, സി പി ബാബു, രാജൻ പണിക്കർ,ഷാബു ചെറിയാൻ എന്നിവർ പങ്കെടുത്തു. സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖർ ചടങ്ങിൽ സംബന്ധിച്ചു.

സാധാരണക്കാരായ രോഗികൾക്കായി സൗജന്യ നിരക്കിൽ ആധുനീക സംവിധാനങ്ങളോടെയുള്ള ക്യാൻസർ ആശുപത്രിയാണ് സഹൃദയയുടെ ലക്‌ഷ്യം. ഇതിന് മുന്നോടിയായാണ് അർബുദ രോഗ പരിശോധനക്കും ബോധവത്കരണത്തിനുമായി ക്യാൻസർ കെയർ സെന്ററിന് ആരംഭം കുറിക്കുന്നത്. തുടക്കത്തിൽ കണ്ടു പിടിക്കാൻ കഴിഞ്ഞാൽ എളുപ്പത്തിൽ ഭേദമാക്കാൻ കഴിയുന്ന സാധാരണ രോഗമാണ് കാൻസർ എന്ന യാഥാർഥ്യം മനസിലാക്കിയാണ് ഇത്തരമൊരു പരിശോധനാ കേന്ദ്രം ആരംഭിച്ചതെന്ന് സഹൃദയ ചാരിറ്റബിൾ ഫൗണ്ടേഷന് വേണ്ടി ഡോ ഉമ്മൻ ഡേവിഡ് പറഞ്ഞു. ഇതിനായി ഡോ ഉമ്മൻ ഡേവിഡ് സൗജനമായി നൽകിയ സ്ഥലത്താണ് ചികിത്സാ കേന്ദ്രം ആരംഭിച്ചിരിക്കുന്നത്.

വേൾഡ് ഫണ്ട് ഫോർ ഡെവലപ്പ്മെന്റ് ആൻഡ് പ്ലാനിങ് എന്ന പ്രസ്ഥാനത്തിന്റെ സഹകരണത്തോടെ ഏകദേശം 10 ഏക്കർ വരുന്ന സ്ഥലത്താണ് നൂതന സാങ്കേതിക സൗകര്യങ്ങൾ അടങ്ങുന്ന ക്യാൻസർ കെയർ സെന്ററിനായി പദ്ധതിയിടുന്നത്. ടിറ്റ് വാല , കല്യാൺ, ബദ്‌ലാപൂർ , കർജത് മേഖലകളിൽ നിന്ന് ലഭിച്ചിരിക്കുന്ന സ്ഥലങ്ങളുടെ വിശദാംശങ്ങൾ പരിശോധിച്ച ശേഷമായിരിക്കും അനുയോജ്യമായ സ്ഥലം തിരഞ്ഞെടുക്കുക.
അർബുദ ചികിത്സാ രംഗത്തെ പ്രമുഖ ഡോക്ടർമാരുടെ സേവനം പരിശോധനാ കേന്ദ്രത്തിൽ ലഭ്യമാക്കുമെന്ന് ട്രസ്റ്റികൾ അറിയിച്ചു. നിർധനർക്ക് പൂർണമായും സൗജന്യമായും മറ്റുള്ളവർക്ക് സൗജന്യ നിരക്കിലും പരിശോധനാ സൗകര്യം ഉറപ്പാക്കിയിട്ടുണ്ടെന്നും ട്രസ്റ്റികൾ പറഞ്ഞു.