സ്ത്രീശക്തിയുടെയും മതസൗഹാര്‍ദ്ദത്തിന്റെയും പ്രതീകമായി മുംബൈയിലും പൊങ്കാല സമർപ്പിച്ചു.

0

മുംബൈ : കൊറോണ ഭീതിയിൽ ആഘോഷ പരിപാടികൾ പരിമിതപ്പെടുത്തണമെന്ന നിർദ്ദേശങ്ങൾക്കിടയിലും നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി നടന്ന പൊങ്കാല മഹോത്സവത്തിൽ ആയിരങ്ങള്‍ ആഘോഷമാക്കി. ലോകപ്രശസ്തമായ ആറ്റുകാൽ പൊങ്കാലയിൽ പ്രത്യേകം തയ്യാറാക്കിയ പണ്ടാരയടുപ്പിൽ മേൽശാന്തി അഗ്‌നിപകർന്ന സമയത്ത് തന്നെയാണ് മുംബൈയിലും അതേ ചിട്ട വട്ടങ്ങളോടെ തിരി പകർന്നത്.

കേരളത്തിൽ പോയി ആറ്റുകാലമ്മയുടെ തിരുനടയിൽ ഇരുന്നു പൊങ്കാല സമർപ്പിക്കാൻ ഭാഗ്യം ലഭിക്കാത്ത ഭക്തർക്ക് മുംബൈയിലും പ്രാന്തപ്രദേശങ്ങളിലുമായി സംഘടിപ്പിച്ച പൊങ്കാല മഹോത്സവങ്ങൾ അനുഗ്രഹമായി. കല്യാൺ, അംബർനാഥ്, ഡോംബിവ്‌ലി, ധാരാവി, പൻവേൽ തുടങ്ങിയ പ്രധാന മലയാളി കേന്ദ്രങ്ങളിലെല്ലാം പൊങ്കാല സമർപ്പണത്തിനായി ആയിരങ്ങൾ ഒത്തു ചേർന്നപ്പോൾ മഹാനഗരത്തിലെ മൈതാനങ്ങളും യാഗശാലയായി മാറുകയായിരുന്നു.

എസ് എൻ ഡി പി യോഗത്തിന്റെ ആഭിമുഖ്യത്തിൽ അംബർനാഥിൽ നടന്ന പത്താമത് പൊങ്കാല മഹോത്സവത്തിൽ ചലച്ചിത്ര നടി ശ്രീധന്യയും പങ്കെടുത്തു

നഗരത്തിന്റെ വിവിധ ഇടങ്ങളിൽ നിന്നെത്തിയ പല പ്രായക്കാരും ഭാഷക്കാരുമായ സ്ത്രീജനങ്ങളാണ് ഒരേ മനസോടെയാണ് ആറ്റുകാലമ്മയ്ക്ക് പൊങ്കാല സമർപ്പിക്കാനെത്തിയത്.

എസ് എൻ ഡി പി യോഗത്തിന്റെ ആഭിമുഖ്യത്തിൽ അംബർനാഥിൽ നടന്ന പൊങ്കാല സമർപ്പണ സമയത്ത് തന്നെ ബദലാപൂരിലെ ശ്രീരാമദാസ ആശ്രമത്തിലെ ബ്രഹ്മശ്രീ കൃഷ്ണാനന്ദസരസ്വതി പണ്ടാരയടുപ്പിലേക്ക് അഗ്നി പകർന്നു. ആറ്റുകാലമ്മയെ മനസാ സ്മരിച്ചു പൊങ്കാലയടുപ്പിനു തിരി കൊളുത്തുമ്പോൾ ദേവി കീർത്തനത്താൽ പരിസരമാകെ പവിത്രമാകുകയായിരുന്നു. പൊങ്കാല മഹോത്സവത്തിൽ ചലച്ചിത്ര നടിയും ടെലിവിഷൻ അവതാരകയുമായ ശ്രീധന്യയും അംബർനാഥിൽ പൊങ്കാല സമർപ്പിക്കാനെത്തിയിരുന്നു. ആറ്റുകാലമ്മയുടെ തിരുനടയിൽ ഇരുന്നു പൊങ്കാല സമർപ്പിക്കണമെന്നത് തന്റെ വലിയ മോഹമായിരുന്നുവെന്നും ഇപ്പോൾ മുംബൈയിൽ പൊങ്കാല മഹോത്സവത്തിൽ പങ്കെടുക്കാൻ കഴിഞ്ഞത് അനുഗ്രഹമായി കരുതുന്നുവെന്നും ശ്രീധന്യ പറഞ്ഞു.

കഴിഞ്ഞ പത്തു വർഷമായി അംബർനാഥിൽ നടക്കുന്ന പൊങ്കാല മഹോത്സവത്തിൽ പ്രദേശവാസികളടക്കം നിരവധി പേരാണ് പങ്കാളികളാകുന്നതെന്ന് പ്രസിഡന്റ് എം പി അജയകുമാർ പറഞ്ഞു.

മനസിന് ലഭിക്കുന്ന സന്തോഷവും സമാധാനവുമാണ് പൊങ്കാല സമർപ്പണത്തിനായി തന്നെ ഇക്കുറിയും ഇവിടെ എത്തിച്ചതെന്നാണ് കഴിഞ്ഞ 4 വർഷമായി മുടങ്ങാതെ പങ്കെടുക്കുന്ന ദീപാലി പാട്ടീൽ പറഞ്ഞത്. ഈ വർഷം പത്താം ക്‌ളാസ് പരീക്ഷക്ക് തയ്യാറെടുത്തിരിക്കുന്ന മകളെയും കൂട്ടിയാണ് ഈ മഹാരാഷ്ട്രക്കാരി പൊങ്കാല സമർപ്പിക്കാനെത്തിയത്.

കല്യാണിൽ പൊങ്കാല സമർപ്പിക്കാനെത്തിയ ചലച്ചിത്ര നടി വീണ നായർ

ഹിന്ദു ഐക്യവേദി കല്യാണിൽ സംഘടിപ്പിച്ച പൊങ്കാല മഹോത്സവത്തിൽ ആയിരത്തോളം സ്ത്രീകൾ പൊങ്കാല സമർപ്പിക്കാനെത്തി. ആകാശഗംഗ രണ്ടാം ഭാഗത്തിലൂടെ ശ്രദ്ധ നേടിയ ചലച്ചിത്ര നടി വീണ നായരും പൊങ്കാല സമർപ്പിക്കാൻ കല്യാണിൽ എത്തിയിരുന്നു. നിവേദ്യം തിളച്ചു പൊങ്ങുമ്പോൾ ആയിരങ്ങൾക്ക് സായൂജ്യമേകി ആകാശത്ത് വട്ടമിട്ട് പറക്കുന്ന കൃഷ്ണപ്പരുന്ത് യാഗഭൂമിയെ ഭക്തിസാന്ദ്രമാക്കുകയായിരുന്നു .

ബങ്കുർ നഗർ അയ്യപ്പ ക്ഷേത്രം

ഗോരേഗാവ് ബങ്കുർ നഗർ അയ്യപ്പ ക്ഷേത്രത്തിൽ നൂറു കണക്കിന് സ്ത്രീകളാണ് പൊങ്കാല സമർപ്പിക്കാനെത്തിയത്. ക്ഷേത്രത്തിനോട് ചേർന്ന മൈതാനത്ത് പ്രത്യേകം സജ്ജമാക്കിയ സ്ഥലത്തായിരുന്നു ചടങ്ങുകൾ നടന്നത്. ആറ്റുകാൽ ക്ഷേത്രത്തിലെ ചിട്ടവട്ടങ്ങളോടെ തന്നെയാണ് ഇവിടെയും ആചാരങ്ങളോടെ പണ്ടാരയടുപ്പിലേക്ക് തിരി പകർന്നത്.

ഗോരേഗാവ് ബങ്കുർ നഗർ അയ്യപ്പ ക്ഷേത്രത്തിൽ നൂറു കണക്കിന് സ്ത്രീകളാണ് പൊങ്കാല സമർപ്പിക്കാനെത്തിയത്

ജാതിമതഭേദമന്യേ ഇതരഭാഷക്കാരടങ്ങുന്ന മുംബൈയിലെ ആയിരകണക്കിന് സ്ത്രീകളാണ് മഹാനഗരത്തിൽ പൊങ്കാല ഇട്ട് മനം നിറച്ച് മടങ്ങിയത്. വനിതാ ദിനത്തിന്റെ പിറ്റേന്ന് നടന്ന പൊങ്കാല മഹോത്സവം സ്ത്രീശക്തിയുടെയും മതസൗഹാര്‍ദ്ദത്തിന്റെയും പ്രതീകമായപ്പോൾ സ്ത്രീകൾക്ക് മാത്രമായ ആചാരങ്ങളുമായി നടന്ന പൊങ്കാല മഹോത്സവം ആഘോഷങ്ങളുടെ നഗരത്തിനും വേറിട്ട അനുഭവമായി.

ബങ്കുർ നഗർ അയ്യപ്പക്ഷേത്രത്തിൽ നടന്ന പൊങ്കാല സമർപ്പണത്തിൽ പണ്ടാരയടുപ്പിലേക്ക് തിരി പകരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here