ഈ ലോകത്തെ ഓരോ പെണ്ണും അമ്മയാകുന്നു.
ഇന്നത്തെ അമ്മ ; അല്ലെങ്കിൽ നാളെത്തെ അമ്മ .
അവരുടെയെല്ലാം നിത്യനന്മക്കായി നമ്മൾ ആശംസകൾ അർപ്പിക്കുകയോ പ്രാർഥിക്കുകയോ ചെയ്യുന്ന സുദിനങ്ങളിൽ ഒന്നാണല്ലോ കടന്ന് പോയത്… വനിതാദിനം.
“അവൾ ചിരിച്ചാൽ മുത്തു ചിതറും
ആ മുത്തോ നക്ഷത്രമാകും”
“അവളുടെ മന്ദഹാസച്ചാരുതയിൽ
ഭൂമീദേവിയും പുഞ്ചിരിച്ചു “
പെണ്ണിന്റെ കണ്ണീര് വീണിടം വെണ്ണീറാകുമെന്ന് നമ്മുടെ ഇതിഹാസങ്ങളിലുമുണ്ട് നിരവധി നിദർശനങ്ങൾ.
അമ്മയല്ലാതൊരു ദൈവമുണ്ടോ, അതിലും
വലിയൊരു കോവിലുണ്ടോ ?
ഇങ്ങനെ പല പാട്ടും കവിതയും മനസ്സിൽ ഓടിയെത്തും.
ചുരുക്കത്തിൽ ആണായാലും പെണ്ണായാലും നമ്മുടെയുള്ളിൽ നിറഞ്ഞു നില്ക്കുന്ന ഒരു പ്രധാനവിഗ്രഹം പെണ്ണു തന്നെയാകും. പുരുഷനെ ശിലയോടും പെണ്ണിനെ വെണ്ണയോടും ഉപമിക്കാറുണ്ട് കവികൾ. അത് ബാഹ്യരൂപത്തെ കുറിച്ച് മാത്രമല്ല: അവളുടെ ഉള്ളകവും വെണ്ണയും വെണ്ണിലാവും പോലെയാണ്. അതുകൊണ്ട് എന്തിനും എവിടെയും തുല്യത പോര, അല്പം മുൻതൂക്കം തന്നെയുണ്ടാകണം സ്ത്രീകൾക്ക് .
“കേരളത്തിൽ അടുത്ത കാലത്ത് വ്യാപകമായി സൃഷ്ടിക്കപ്പെടുന്ന ഒരു പാർട്ട് ടൈം തസ്തികയാണ് അമ്മയുടെ സുഹൃത്ത്”!
ഇനി മറ്റൊരു വശം.
ഇതുപോലെ വെണ്ണയും വെണ്ണിലാവുമൊന്നുമല്ലാത്ത പെണ്ണുങ്ങടെ എണ്ണം ദിനം പ്രതി കൂടിക്കൂടി വരുകയാണ് നമ്മുടെ മലയാളരാജ്യത്ത്. റിപ്പറെയും ചാൾസ് ശോഭാരാജിനെയും വെല്ലുന്ന ഭോഗാലസമാർ വിലസുകയാണ് ഭൂമി മലയാളത്തിൽ !
രാജൻ കിണറ്റിങ്കര പറയും പോലെ കേരളത്തിൽ അടുത്ത കാലത്ത് വ്യാപകമായി സൃഷ്ടിക്കപ്പെടുന്ന ഒരു പാർട്ട് ടൈം തസ്തികയാണ് അമ്മയുടെ സുഹൃത്ത്. ഈ സൗഹൃദം തുടങ്ങി കുറച്ചു കാലം കഴിഞ്ഞാൽ രണ്ട് സുഹൃത്തുക്കളും ചേർന്ന് ഒറിജിനൽ അച്ഛനെയങ്ങ് തട്ടും. പിന്നെ സൗഹൃദത്തിന് കുട്ടി തടസ്സമായാൽ അവനെ/അവളെയും കശാപ്പാക്കും.
അടുത്ത കാലത്ത് സ്വന്തം സുഹൃത്തിന് വേണ്ടി ഭയങ്കര ത്യാഗം സഹിച്ചു കൊണ്ട് ഒരു മാതാജി തന്റെ കുട്ടിയെ വാത്സല്യപൂർവ്വം കടലിലേക്ക് വലിച്ചെറിയുന്നു. കുട്ടിയുടെ തല പാറയിലിടിച്ച് ചോര ഒഴുകുന്നു. വീണ്ടും അവനെ സമുദ്രത്തിലേക്ക് തള്ളിയിട്ട് അമ്മ ഫ്രണ്ടിനോടുള്ള പ്രണയ പ്രതിബദ്ധത ഉയർത്തി പിടിച്ച് മാതൃകയാകുന്നു.
മുൻഗാമി മറ്റൊരു ഫേഷ്യൽ സുന്ദരിയമ്മയാണ്. അവൾ ഗിന്നസ് ക്രൂക്ക് ലിസ്റ്റിലും ഐതിഹ്യമാലയുടെ പുതിയ പതിപ്പിലും കയറിക്കൂടാനുള്ള സാധ്യതകൾ അത്രക്ക് ബ്രൈറ്റാണ്. അത്ര മേൽ ഹീറോ(യിൻ) വർഷിപ്പാണ് അവളോട് മല്യാലീസിന്. പ്രണയ ചഷകത്തിലും അന്തിക്കഞ്ഞിയിലും നഞ്ചു കലക്കി കുറച്ചു പേരെയങ്ങ് ഓഫാക്കി. ഒരാക്രാന്തവും കാട്ടാതെ കൂടെ പൊറുത്തവരെയടക്കം ആറു കുടുംബാംഗങ്ങളെ 14 വർഷം കൊണ്ടാണ് ഗഡുക്കളായി കൊന്നൊടുക്കിയത്. സയനൈഡ് കുമാരി പിന്നെയും ഫേഷ്യലും ഫേഷ്യൽ സർവ്വീസുമായി ജോളിയായി ആർഭാട ജീവിതം തുടരുമ്പോഴാണ് കെ. പോ കേറി പൊക്കിയത്.
ഇപ്പ ഇവളുടെ കഥയും സീരിയലാണ്. ഫയങ്കര റേറ്റിംഗ് ജോളി സ്കിൻ ഫിറ്റ് ചുരിദാറിനൊക്കെ കൊച്ചിയിലും കോഴിക്കോടുമൊക്കെ ഭയങ്കര ഡിമാന്റാണെന്നാ കേൾക്കണത്.
ഇത്തരം എത്രെയെത്ര കേസുകൾ !
സ്ത്രീകൾ ക്രൈം റേറ്റിലും പുരുഷ തുല്യതക്ക് പൊരുതുകയാണോ ?
ചർച്ചകളിൽ നാവ് കൊണ്ട് ലാത്തിച്ചാർജ് നടത്തണ ചാനൽ കൊച്ചമ്മിണിമാരൊന്നും ഇതൊന്നും അറിയുന്നതേയില്ല. സാംസ്കാരിക നായികമാർക്ക് അതിഗൗരവകരമെന്ന് അവർ കരുതുന്ന വിഷയങ്ങളുണ്ട്.
എന്തിന്? പത്ത് മീറ്റർ അകലെ നിന്ന് ഒരു വല്യപ്പൻ തുമ്മിയാൽ കൊറോണ കൊറോണ എന്ന് നിലവിളിച്ച് സോഷ്യൽ മീഡിയയിൽ സ്ത്രീ വിരുദ്ധത ആരോപിച്ച് അയാളുടെ ചാവടിയന്തിരം നടത്താറുള്ള നമ്മുടെ മഹാ നഗരിയിലെ ഫെമിനിസ്റ്റ് രാജകുമാരിമാർക്ക് പോലും ഇതിലൊന്നും യാതൊരു ഉത്കണ്ഠയുമില്ല.
അവരും മിണ്ടണില്ല !
സോദരിമാരേ, സ്ത്രീ ശാക്തീകരണത്തിന് വനിതാ സമൂഹത്തിൽ നവീകരണവും വിമലീകരണവും സംഭവിക്കേണ്ടത് അനിവാര്യമല്ലേ ?
അതിനും മുന്നിട്ടിറങ്ങാൻ നിങ്ങൾക്ക് ബാധ്യതയും പ്രതിബദ്ധതയുമില്ലേ ?
- സുരേഷ് വർമ്മ