കോവിഡ് -19 വ്യാപിക്കുന്നത് തടയാൻ മുംബൈ ലോക്കൽ ട്രെയിനുകൾ നിർത്തി വച്ചേക്കാം; തീരുമാനം ഇന്ന് വൈകീട്ട്

0

മഹാരാഷ്ട്രയിൽ കൊവിഡ് 19 അതിവേഗം പടർന്ന് കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് ആശങ്ക വർദ്ധിച്ചിരിക്കയാണ്.
രാജ്യത്ത് ഏറ്റവുമധികം കൊവിഡ് 19 രോഗികളുള്ള സംസ്ഥാനമായി മഹാരാഷ്ട്ര മാറിയതോടെ രോഗത്തെ പ്രതിരോധിക്കുവാനുള്ള നടപടികൾ സർക്കാർ ശക്തമാക്കിയിരിക്കയാണ്. മഹാരാഷ്ട്രയിൽ മൊത്തം കോവിഡ്19 രോഗികളുടെ എണ്ണം 39 ആയി ഉയർന്നതും മുംബൈയിൽ ആദ്യ മരണം റിപ്പോർട്ട് ചെയ്തതുമാണ് പരിഭ്രാന്തി പടർത്തിയിരിക്കുന്നത്. മുംബൈയിൽ കോവിഡ് 19 മായി ബന്ധപ്പെട്ട്‌ ചികിത്സ സൗകര്യങ്ങൾ സ്വകാര്യ ആശുപത്രികളിലും വ്യാപിപ്പിക്കാവുന്ന നടപടികൾക്കാണ് സർക്കാർ മുൻകൈ എടുത്തിരിക്കുന്നത്.

മുംബൈ നഗരത്തിന്റെ ജീവനാഡിയാണ് ലോക്കൽ ട്രെയിൻ സർവീസുകൾ. ഏകദേശം 80 ലക്ഷം പേരാണ് ദിവസേന ലോക്കൽ ട്രെയിനുകളെ മാത്രമായി ആശ്രയിച്ചു ജീവിക്കുന്നത്. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി യാത്രക്കാരുടെ എണ്ണത്തിൽ മുപ്പത് ശതമാനം ഇടിവുണ്ടെങ്കിലും ഈ മേഖലയിൽ പ്രായോഗികമായി കൊറോണ മുൻകരുതലുകൾ പ്രാവർത്തികമാക്കാനുള്ള ബുദ്ധിമുട്ടാണ് സർക്കാരിന് വെല്ലുവിളിയായിരിക്കുന്നത്. അത് കൊണ്ട് തന്നെ പകർച്ചവാധിയായ കോവിഡ് 19 നിയന്ത്രിക്കുവാനും കൂടുതൽ വ്യാപിക്കാതിരിക്കാനും വേണ്ട നടപടികളാണ് സർക്കാർ ആലോചിക്കുന്നത്.

മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെയുടെ നേതൃത്വത്തിൽ ഇന്ന് വൈകീട്ട് ചേരുന്ന അടിയന്തിര യോഗത്തിലാകും ലോക്കൽ, മെട്രോ ട്രെയിൻ സർവീസുകൾ താത്കാലികമായി റദ്ദാക്കുന്ന കാര്യത്തിൽ തീരുമാനം കൈക്കൊള്ളുന്നതെന്ന് ആരോഗ്യ മന്ത്രി രാജേഷ് തോപ്പെ പത്ര സമ്മേളനത്തിൽ അറിയിച്ചു. ലോക്കൽ ട്രെയിനുകൾ റദ്ദാക്കുന്ന സാഹചര്യം നഗരത്തെ നിശ്ചലമാക്കുക മാത്രമല്ല നിത്യവൃത്തിക്കായി യാത്ര ചെയ്യുന്ന ലക്ഷക്കണക്കിനാളുകളെയും ദുരിതത്തിലാക്കും. അത് കൊണ്ട് തന്നെ ഇന്ന് മന്ത്രിസഭാ എടുക്കുന്ന തീരുമാനം രാജ്യത്തിൻറെ സാമ്പത്തിക തലസ്ഥാനത്തിന് ഏറെ നിർണായകമായിരിക്കും .

LEAVE A REPLY

Please enter your comment!
Please enter your name here