ഒരു വീട് ഒരു വിഭവം

ലളിത ജീവിതത്തിന്റെ ആദ്യ പടിയായി *" ഒരു വീട്, ഒരു വിഭവം "* എന്ന ഒരു മുദ്രാവാക്യം നമ്മൾ ഉയർത്തിപ്പിടിക്കുക. മുംബൈയിലെ അറിയപ്പെടുന്ന എഴുത്തുകാരനും പത്രപ്രവർത്തകനുമായ സുരേഷ് വർമ്മ എഴുതുന്നു.

0

ചുമ്മാ വീട്ടുകാർക്ക് ന്യൂയിസൻസ് ആയി വീട്ടിൽ ചടഞ്ഞു കൂടിയിരിക്കുന്നത് സാമൂഹ്യ സേവനമല്ല. പകരം  വീട്ടുതടങ്കൽ എന്ന ഉർവ്വശീശാപത്തെ എങ്ങനെ സമൂഹത്തിനും സഹജീവികൾക്കും ഉപകാരപ്രദമാക്കാം എന്ന് ചിന്തിക്കേണ്ട സന്നിഗ്ദ്ധഘട്ടമാണ്.

ആദ്യപടിയായി വീട്ടിലെ സ്ത്രീജനങ്ങൾക്ക് ഭാഗികമായെങ്കിലും വിശ്രമം നൽകി ഏറ്റവും കുറഞ്ഞത് ശുചീകരണം ഏറ്റെടുക്കുക. കുട്ടികൾക്ക് ഭാവിയിൽ ഇത്തരം അവസ്ഥകളെ അതിജീവിക്കാനുള്ള  കരുത്ത് പകർന്ന് നൽകുക. 

ലളിത ജീവിതത്തിന്റെ ആദ്യ പടിയായി ” ഒരു വീട്, ഒരു വിഭവം “ എന്ന ഒരു മുദ്രാവാക്യം നമ്മൾ ഉയർത്തിപ്പിടിക്കുക. കഞ്ഞിയിലേക്കും ദാൽകിച്ച്ഡിയിലേക്കും മറ്റും മടങ്ങുക.

വരുംകാല ദിനങ്ങൾ പ്രവചനാതീതമാണ്.  ഭക്ഷണവസ്തുക്കൾ സ്റ്റോക്കുണ്ടാകാം, പക്ഷേ, വിതരണം എളുപ്പമാവണമെന്നില്ല. ” Pray For The Best and Be Frepared for the Worst ” എന്ന ചിന്തയാണ് ഇവിടെ വേണ്ടത്.

ഏതോ മഹാന്റെ (J R D Tata എന്നാണ് ഓർമ ) അനുഭവക്കുറിപ്പ് ഓർക്കുന്നു. അവർ ഒരു ഫ്രാൻസ് പര്യടനത്തിലായിരുന്നു. ഏതോ റസ്റ്റോറന്റിൽ കയറി നിരവധി വിഭവങ്ങൾ ഓർഡർ ചെയ്യുന്നു. പകുതിയും ബാക്കി വെച്ച് പണം കൊടുത്തിറങ്ങുമ്പോൾ തദ്ദേശ വാസികൾ രോഷാകുലരാകുന്നു.അദ്ദേഹം പറഞ്ഞു.  ഞാൻ മുഴുവൻ പണവും കൊടുത്തല്ലോ.

നിങ്ങൾ സമ്പന്നനാകാം പക്ഷേ, ഞങ്ങളുടെ അധ്വാനത്തിന്റെ ഫലമായ ഭക്ഷണ വിഭവങ്ങൾ പാഴാക്കാൻ നിങ്ങൾക്ക് അധികാരമില്ല. നിങ്ങൾ എത്ര സമ്പന്നനായാലും ഈ അവധിക്കാലം ഭക്ഷ്യമേളകളാക്കി മാറ്റരുത്. നമുക്ക് ചുറ്റും അന്നന്നത്തെ അന്നം തേടുന്നവർ അനവധിയാണ്. ഓട്ടോ റിക്ഷ തൊഴിലാളികൾ, വഴിയോര കച്ചവടക്കാർ , ഹോട്ടൽ തൊഴിലാളികൾ അങ്ങനെ പലർ. അവരെല്ലാം വിശപ്പിന്റെ ഇരുളിലേക്ക് പൊടുന്നനെ വലിച്ചെറിയപ്പെടുകയാണ്.

നമ്മുടെ ഭക്ഷണത്തിന്റെ അളവും ആർഭാടവും കുറച്ച് അവരിൽ രണ്ടോ മൂന്നോ പേർക്കെങ്കിലും നമുക്ക് കുറച്ചു കാലത്തേക്ക് ഭക്ഷണം കൊടുക്കാം.വീട്ടു വേലക്കാരുണ്ടെങ്കിൽ അവർക്ക് ഒരു മാസത്തെ ശമ്പളം മുൻകൂറായി നൽകാം.

അത്യാവശ്യക്കാർക്ക് ഒരു മാസ്ക്ക് , ഒരു സോപ്പ്, ഒരു സാനിട്ടൈസർ എന്നിവയൊക്കെ സമ്മാനിക്കുവാൻ ശ്രമിക്കണം. കൊറോണക്കും ദൈവത്തിനും  സമ്പന്ന-ദരിദ്ര, ജാതിമത – പ്രാദേശിക  വ്യത്യാസങ്ങളില്ല. ആ സമത്വബോധം നമുക്കും നെഞ്ചിലേറ്റണം.

നമുക്കും കഴിയുന്നത്ര നിയന്ത്രണങ്ങൾ പാലിച്ച് ഈ നിർബന്ധിത ഭവനവാസകാലം അപരന്റെ അതിജീവനത്തിനായി കൂടി പ്രയോജനപ്രദമാക്കാം. ഒപ്പം നമുക്കായി അഹോരാത്രം പണി ചെയ്യുന്ന ആരോഗ്യ രംഗത്തെ പ്രവർത്തകർക്കായും എന്തൊക്കെ ചെയ്യാനാകും എന്നും ചിന്തിക്കാം.


സുരേഷ് വർമ്മ

LEAVE A REPLY

Please enter your comment!
Please enter your name here