അവൾ പടിവാതിലിലെത്തിയിട്ടും…!

എല്ലാം കാലത്തിന് വിട്ടു കൊടുത്ത് അവധാനതയോടെ നമുക്ക് സ്വയംകൃത വീട്ടുതടങ്കലിൽ  തുടരാം. എഴുത്തുകാരനും പത്രപ്രവർത്തകനുമായ സുരേഷ് വർമ്മ എഴുതുന്നു

1

എന്തേ കൊറോണയെ ഓളെന്ന് വിളിച്ചതിനാണോ നിങ്ങൾ നെറ്റി ചുളിക്കുന്നത്.  അതെ, മലയാളിക്ക് അവൾ ഒരു വർണ്ണ പുഷ്പഹാരമാകുന്നു.  ഷോട്പുട്ടിന്റെ ഇരുമ്പുണ്ടയിൽ മുള്ളുകൾ തറപ്പിച്ച  ഭീകരാകൃതിയാണ് കോവിഡിന് .. പക്ഷേ നമ്മുടെ നമ്മുടെ മലയാളം ചാനലുകൾ ഫോട്ടോഷോപ്പിലിട്ട് ഉരുട്ടി അവളെ പ്രസന്റ് ചെയ്യുന്നത് ഒന്നാം സമ്മാനം കിട്ടിയ അത്തപ്പൂക്കളത്തിന്റെ ദീപ്തലാവണ്യത്തോടെയാണ്. ഏത് മുത്തശ്ശിയമ്മ കണ്ടാലും എടുത്ത് തലയിൽ ചൂടാൻ തോന്നും. വിശപ്പില്ലാത്ത ഏത് പുരുഷനും ആ സ്ത്രൈണഭംഗി നോക്കിയിരുന്നു പോകും.

2005 ജൂലൈ 26 ന്റെ ആയിരങ്ങളുടെ മരണത്തിൽ കലാശിച്ച വെള്ളപ്പൊക്കം ഓർമ ഉണ്ടാകുമല്ലോ.  അന്ന് ഒരു കവർ സ്റ്റോറിക്ക് മുംബൈയിലെ ആദരണീയനായ ഒരു പത്രപ്രവർത്തകൻ നൽകിയ ശീർഷകം ഇങ്ങനെയായിരുന്നു.

” മഴ … മുന്തിരിവള്ളി പോലെ മഴ “. 

നാഭിക്ക് ഒരു രസികൻ തൊഴി കിട്ടി എന്ന് ബഷീർ എഴുതിയതു പോലെ.

അപ്പോൾ പറഞ്ഞു വന്നത്…. അഥവാ പങ്കിടുന്നത് ഒരു നഗരവാസിയുടെ ആകുലതകളും  ആശങ്കകളുമാണ്. അവൾ നമ്മുടെ അയലോക്കം വരെയായി. ഡോംബിവ് ലി വെസ്റ്റിലും എം ഐ ഡി സി ഭാഗത്തും ആകാശമാർഗ്ഗേന എത്തിയ ചിലർ ക്വാറൻറ്റൈനിലാണ് എന്ന് മുമ്പേ അറിയിപ്പുണ്ടായിരുന്നു. ഇപ്പോൾ തുർക്കിയിൽ നിന്നും മാത്രെ നഗറിൽ കോവിഡിനെ ആവാഹിച്ച് വന്ന ഒരാളാണ് ഐസൊലേഷനിലുള്ളത്.

ജാഗ്രത പോലീസിനും ആരോഗ്യ പ്രവർത്തകർക്കും മാത്രം. അവർ പരിസരത്ത് കടുത്ത ശുചീകരണ പ്രവർത്തനങ്ങൾ നടത്തുന്നു. ജനം ഇപ്പോഴും ഗൗരവമറിയാതെ തേരാപാരാ നടക്കുന്നു. ഏതെങ്കിലും ഒരു ഗ്രോസറി ഷോപ്പിന്റെ ഷട്ടർ പാതി തുറന്നാൽ തിക്കിത്തിരക്കി കണ്ടതെല്ലാം വാരിക്കൂട്ടി  വീട് സ്റ്റോർ റൂമാക്കുകയാണ്.

ഇവിടെ ഇതാണ് അവസ്ഥയെങ്കിൽ ബീഹാറിലും ഉത്സവ പ്രേമി ആദിത്യനാഥിന്റെ യുപിയിലും എന്താകും ഗതി ?
രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് 19 റിപ്പോർട്ട് ചെയ്ത സംസ്ഥാനത്തിൽ പക്ഷെ ജനങ്ങൾ തീരെ ജാഗ്രത പാലിക്കുന്നില്ല. സാമൂഹ്യ വ്യാപനം സ്ഥിതീകരിച്ച യുപി അടക്കമുള്ള സംസ്ഥാനങ്ങളിൽ നിരോധനാജ്ഞ ലംഘിച്ച് നിയമവ്യവസ്ഥയെയും സമൂഹത്തിന്റെ നിലനില്പിനെയും തന്നെ വെല്ലു വിളിക്കയാണ് ഭൂരിപക്ഷം ജനം. വൃഥാ കറങ്ങി നടക്കുന്നവരെ തല്ലി പായിക്കേണ്ടി വരുന്ന ദൃശ്യങ്ങൾ കൊണ്ട് നിറയുകയാണ് സമൂഹ മാധ്യമങ്ങൾ.

പ്രാദേശികമായ ബോധവത്കരണം തീർത്തും അനിവാര്യമായി തീർന്നിരിക്കുന്നു.  സാമൂഹിക പ്രവർത്തകർ അധ്യാപകർ, സംഘടനാ പ്രതിനിധികൾ തുടങ്ങിയ ജനസ്വാധീനമുള്ള വ്യക്തികൾ  ഫോൺ, വാട്ട്സപ്പ് തുടങ്ങിയ മാധ്യമങ്ങളിലൂടെ വിവിധ ഭാഷകളിൽ ക്യാമ്പയിൻ നടത്തുന്നവർ തങ്ങളുടെ സുരക്ഷ ഉറപ്പിച്ചുകൊണ്ട് തന്നെ ഇതിന് മുന്നിട്ടിറങ്ങണം.  വർധിച്ചു വരുന്ന കോവിഡ് ബാധിതരുടെ എണ്ണം ആശങ്ക ഉയർത്തുന്നതാണ്. സർക്കാർ സംവിധാനങ്ങൾക്ക് മാത്രം പ്രതിരോധിക്കുവാൻ കഴിയാത്ത വിധമാണ് സംസ്ഥാനത്ത് വൈറസിന്റെ വ്യാപനം നടന്നു കൊണ്ടിരിക്കുന്നത്. സമൂഹ വ്യാപനത്തിലേക്ക് മുംബൈ പോലുള്ള നഗരം പ്രവേശിച്ചാലുണ്ടാകുന്ന ഉഗ്രവിപത്ത് നമ്മുടെ സങ്കല്പങ്ങൾക്കും അതീതമാണ്.

 കോസ്മോപോളിറ്റൻ സംസ്കാരമുള്ള നഗരത്തിൽ ഈ സന്ദേശം ഫലവത്തായി നൽകുന്നതിന് അതാത് സംഘടനകളും, ജനപ്രതിനിധികളും രംഗത്ത് വരേണ്ട സമയം അതിക്രമിച്ചിരിക്കയാണ്. ചെയ്യേണ്ട കാര്യങ്ങൾ വേണ്ട വിധം ചെയ്യാതെ ദുരന്തം മാനം മുട്ടെ വളർന്ന ശേഷം നേതാക്കൾ കാമറകൾക്ക് മുന്നിൽ പൊട്ടിക്കരഞ്ഞിട്ട് കാര്യമില്ല.

എല്ലാം കാലത്തിന് വിട്ടു കൊടുത്ത് അവധാനതയോടെ നമുക്ക് സ്വയംകൃത വീട്ടുതടങ്കലിൽ  തുടരാം. ഈ കറുത്ത ശൃംഖല പൊട്ടിച്ചെറിയാൻ കഴിയുന്നതൊക്കെ ചെയ്യാം.

വിശ്വാസികൾക്ക്  ലോക സമസ്താ സുഖിനോ ഭവന്തു: എന്ന് ചങ്കുരുകി പ്രാർഥിക്കയുമാകാം.

സുരേഷ് വർമ്മ

1 COMMENT

  1. ഓൾടെ രൂപത്തെ വർണിച്ചത് അസ്സലായി. “വിശപ്പില്ലാത്ത ഏത് പുരുഷനും ആ സ്ത്രൈണഭംഗി നോക്കിയിരുന്നു പോകും” എന്ന്. അവൾക്കൊരു ചരമഗീതം ആരു രചിക്കും എന്ന് കാത്തിരിക്കുന്നു.
    ജനത്തിന്റെ ജാഗ്രതയില്ലായ്മ വല്ലാതെ ആശങ്ക ഉണർത്തുന്നുണ്ട്. പോലീസിനും, ആരോഗ്യ പ്രവർത്തകർക്കും പിടിപ്പത് പണിയായി. വിദേശത്തു നിന്നും വന്ന പലരും കറങ്ങി നടക്കുന്നുണ്ട്. ആശങ്കാ ഭരിതമായ ദിനങ്ങൾ തുടരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here