ചേട്ടാ, ചേട്ടാ പോകല്ലേ !

കോവിഡ് കാലത്ത് പ്രതിരോധത്തെ അട്ടിമറിക്കുന്നവർ കുടുംബത്തെയും സഹജീവികളെയും സ്നേഹിക്കാത്ത സാമൂഹ്യ ദ്രോഹികളാണ്. - എഴുത്തുകാരനും പത്രപ്രവർത്തകനുമായ സുരേഷ് വർമ്മ എഴുതുന്നു

0

ഹലോ
ഹലോ നീയോ?
എന്താ ചേട്ടാ വല്യ ശബ്ദോം ബഹളോക്കെ ?
ഞാൻ മാർക്കറ്റിലാടാ 
ങേ?
ച്ചിരെ കറിവേപ്പില വാങ്ങാൻ വന്നതാ.
ചേട്ടാ സുവോളജിയിൽ പി ജി ഉള്ള ആളല്ലെ നിങ്ങള് ?
എന്താ ഇപ്പ ഒരു സംശയം ?
നിങ്ങടെ കയ്യിലിരിപ്പ് കണ്ടിട്ട്.
ങേ?

ഇവിടെ  ചേരി പ്രദേശത്തെ നാലാം ക്ലാസ് തോറ്റ ആളുകള് വരെ അടങ്ങിയൊതുങ്ങി വീട്ടിലിരിക്കുന്നു.

എടാ കൊർച്ച് ചിക്കനും വാങ്ങണം. വീട്ടിലിരുന്നു ബോറടിച്ചു.

അതേയ്- നിങ്ങക്ക് ആത്മഹത്യ ചെയ്യണോങ്കി ആയിക്കോ. പക്ഷേ ആ പാവം ഏട്ടത്തിയേം മൂന്ന് പിള്ളേരേം കുരുതിക്ക് കൊടുക്കരുത്..
എടാ എനിക്കൊന്നും പറ്റത്തില്ല. നിനക്കറിയാവല്ല് ഞാൻ രണ്ടു പ്രാവശ്യം മിസ്റ്റർ യൂണിവേഴ്സിറ്റിയായിരുന്നു. ഇപ്പോഴും സ്ട്രോംഗാണ്. ഇതൊക്കെ നിന്നെ പോലെയുള്ള അഴകൊഴഞ്ചമ്മാർക്കേ വരൂ.

ഓ – പിന്നെ, സൂചിമുനയുടെ വലുപ്പമില്ലാത്ത ഒരു വൈറസ് ചൈനയെ മുട്ടുകുത്തിച്ചു , ഇറ്റലിയെ കരയിച്ചു , സ്പെയിനിനെ ഉഴുതു മറിച്ചു , ഇന്ത്യയെ സ്തംഭിപ്പിച്ചു. യുകെ പ്രധാനമന്ത്രി ബോറിസ് ജോൺസണെ വിട്ടില്ല. ചാൾസ് രാജകുമാരനെ വിട്ടില്ല. പിന്നാ ഇങ്ങേരടെ ഒരു സ്റ്റീൽ ബോഡി.

നീ അടുക്കളേൽ കേറിയിരുന്നോ . ഞാനിങ്ങനെയൊക്കയാ .

ഒരു കാര്യം പറഞ്ഞേക്കാം. ഇനി ഇറങ്ങി നടന്നാൽ ഞാൻ പോലീസിനെ വിളിക്കും. കോവിഡ് പഴയ കാല മാടമ്പിമാരെ പോലെയാണ്. വീട്ടിൽ പോയി ക്ഷണിക്കണം. ഇങ്ങേര് വൈറസിനെ ക്ഷണിച്ചു വരുത്തി കുടുംബത്തിന് സമ്മാനിക്കും. അവിടുന്ന് വയസ്സായ അച്ഛനും അമ്മക്കും കൊണ്ടു കൊടുക്കും. പിന്നെ ചുറ്റുവട്ടത്തുള്ള കുടുംബങ്ങൾക്കെല്ലാം. ഇറ്റലിക്കാരൻ അച്ചായൻ കേട്ട പോലെ ജീവിതം മുഴുവൻ ചേട്ടൻ നാട്ടുകാരുടെ തെറി കേൾക്കും. അതുകൊണ്ട് ഇനി ചേട്ടൻ പുറത്തിറങ്ങിയാൽ ഞാൻ പോലീസിൽ പരാതി കൊടുക്കും.

നീ ഭീഷണിപ്പെടുത്തുകയാണോ ?

അല്ല , നിങ്ങൾ ഒരു സമൂഹത്തിന് മുഴുവൻ ഭീഷണിയാകുകയാണ്.

രണ്ടു സഹോദരന്മാരുടെ സംഭാഷണമാണ്. വിദ്യാഭ്യാസവും വിവേകവും രണ്ടാണ്. സ്വന്തം ആരോഗ്യം ശ്രദ്ധിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കാൻ ഓരോ വ്യക്തിക്കും അവകാശമുണ്ട്. പക്ഷേ, കോവിഡ് കാലത്ത് പ്രതിരോധത്തെ അട്ടിമറിക്കുന്നവർ കുടുംബത്തെയും സഹജീവികളെയും സ്നേഹിക്കാത്ത സാമൂഹ്യ ദ്രോഹികളാണ്. സ്വന്തം അപ്പനാണെങ്കിലും അത്തരക്കാർക്കെതിരെ പരാതിപ്പെടണം. രണ്ടടി എക്സ്ട്രാ കൊടുക്കാനും പോലീസിനോട് അഭ്യർഥിക്കണം.

എല്ലാ മുൻകരുതലോടും കൂടി വിശക്കുന്നവന് അന്നം നൽകാനും പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കാനും യത്നിക്കുന്ന സുമനസ്സുകളെ കുറിച്ചല്ല പറയുന്നത്. അവർ സമൂഹ നന്മയുടെ മുഖക്കണ്ണാടിയാണ്.

മറിച്ച് പഴം മേടിക്കാനെന്നും പറഞ്ഞ് വണ്ടിയെടുത്ത് തേരാപാരാ നടന്ന് രോഗം പരത്തുന്ന സാമൂഹ്യദ്രോഹികളെ കുറിച്ചാണ് പറയുന്നത്. മരണവും അപകടവും രോഗവും തന്നെ ഗ്രസിക്കില്ല എന്നും അത് സഹജീവികൾക്ക് മാത്രമുള്ളതാണെന്നും കരുതുന്ന ശ്വാനപുച്ഛങ്ങളെ ആർക്കാണ് നിവർത്താൻ കഴിയുക ?

സുരേഷ് വർമ്മ

Cartoon Courtesy : Sahil Mishra

LEAVE A REPLY

Please enter your comment!
Please enter your name here