മുംബൈയിൽ 46 മലയാളി നഴ്സുമാർക്ക് കോവിഡ് 19 രോഗം സ്ഥിരീകരിച്ച വാർത്ത ഞെട്ടലോടെയാണ് നഗരം കേട്ടത്. ഇരുനൂറോളം നഴ്സുമാർ നിരീക്ഷണത്തിലുമാണ്. സുരക്ഷാ ഉപകരണങ്ങളില്ലാതെ ജീവൻ പണയം വെച്ചായിരുന്നു ഇത്രയും ദിവസം ഇവരെല്ലാം ആതുര സേവനം ചെയ്യാൻ നിർബന്ധിതരായത്. നിരീക്ഷണത്തിൽ കഴിയുന്ന ജീവനക്കാരെ കൊണ്ട് പോലും നിർബന്ധമായി ജോലിയെടുപ്പിച്ചിരുന്നുവെന്നും ആശുപത്രി അധികൃതർ ജീവനക്കാരുടെ രോഗ വിവരം അവരിൽ നിന്ന് പോലും ഒളിപ്പിച്ചുവെന്ന പരാതിയും ഉയർന്നിട്ടുണ്ട്.
തികച്ചും പരിതാപകരമായ അവസ്ഥയിലൂടെയാണ് രാജ്യത്തിൻറെ സാമ്പത്തിക തലസ്ഥാനം കടന്നു പോകുന്നത്. പരിമിതമായ സൗകര്യങ്ങൾക്കകത്ത് നിന്ന് കൊണ്ട് മാരകമായ പകർച്ചവ്യാധിയെ ചെറുക്കുവാൻ നഗരത്തിലെ ആരോഗ്യ പ്രവർത്തകർ പെടാപ്പാട് പെടുകയാണ്.
വിവിധ ആശുപത്രികളിൽ നേഴ്സുമാരായി സേവനം അനുഷ്ഠിക്കുന്നവരിൽ 90 ശതമാനവും മലയാളികളാണ്. ഇവരുമായി സംസാരിച്ചപ്പോഴാണ് പ്രാഥമിക സംവിധാനങ്ങൾ പോലും പല ചികിത്സാ കേന്ദ്രങ്ങളിലും ഇല്ലെന്ന ഞെട്ടിക്കുന്ന സത്യം പുറത്തു വരുന്നത്. സ്വകാര്യ ആശുപത്രിയിലെ 40 മലയാളി നഴ്സുമാരടങ്ങുന്ന അമ്പതിലധികം പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ച വാർത്തയും ധാരാവിയിൽ കൊറോണ പൊട്ടിപ്പുറപ്പെട്ട വാർത്തയും പരിഭ്രാന്തിയാണ് പടർത്തിയിരിക്കുന്നത്. ഇതിൽ ഒരു മലയാളി നഴ്സിന്റെ സ്ഥിതി അതീവ ഗുരുതരമാണ്. നഗരത്തിലെ വിവിധ ആശുപത്രികളിലായി ഇരുനൂറോളം നഴ്‌സുമാർ നിരീക്ഷണത്തിലാണ്.
കൃത്യമായ കണക്കുകൾ പുറത്ത് വിടാനോ രോഗബാധിതരുടെ വിവരങ്ങൾ നൽകാനോ വീട്ടുകാരുമായി സംസാരിക്കാനോ ഹോസ്പിറ്റൽ മാനേജ്മെന്റ തയ്യാറാകുന്നില്ലെന്ന പരാതിയും വ്യാപകമാണ്. നഗരത്തിലെ പല സ്വകാര്യ ഹോസ്പിറ്റലുകളും കോവിഡ് ബാധിതരുടെ കണക്കുകൾ വെളിപ്പെടുത്തുന്നില്ലെന്ന് വ്യാപകമായ പരാതിയുണ്ട് .
ഈ സാഹചര്യത്തിലാണ് മലയാളി നഴ്സുമാരുടെ പ്രശ്നത്തിൽ ഇടപെടണം എന്നാവശ്യപ്പെട്ട് കേരള മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചിരിക്കുന്നത്. നഗരത്തിലെ നിരവധി സ്വകാര്യ ഹോസ്പിറ്റലുകൾ നിലവിൽ അടച്ചിട്ടിരിക്കുകയാണ് , മുംബൈയിൽ സ്ഥിതി അതീവ ഗുരുതരമായി തുടരുമ്പോൾ രോഗികളെ പരിചരിക്കുവാനുള്ള സംവിധാനങ്ങൾ പോലും ഇല്ലാതാകുന്ന അവസ്ഥക്കാണ് നഗരം സാക്ഷ്യം വഹിക്കുന്നത്.
വരും നാളുകളിൽ കൂടുതൽ സങ്കീർണ്ണകരമായ അവസ്ഥയിലൂടെ കടന്ന് പോകേണ്ടിവരുമെന്നും ആരോഗ്യ രംഗത്തെ വിദഗ്ദർ മുന്നറിയിപ്പ് നൽകുന്നു. മുംബൈയിലും ഉപനഗരങ്ങളിലുമായി 18 ലക്ഷത്തോളം മലയാളികളുണ്ട് എന്നാണ് അനൗദ്യോഗിക കണക്കുകൾ . കേരളം കഴിഞ്ഞതാൽ ഏറ്റവുമധികം മലയാളികൾ തിങ്ങിപ്പാർക്കുന്നത്യം ഏറ്റവുമധികം മലയാളി നഴ്സുമാരുള്ളതും ഈ മഹാനഗരിയിൽ തന്നെ.
ഒറ്റപ്പെട്ട ചില നേതാക്കളുടെ പരിമിതമായ ഇടപെടലുകൾ ഒഴിച്ചാൽ മലയാളി സമാജങ്ങളും സംഘടനാ നേതാക്കളും ലോക്ക് ഡൗണിന്റെ തണലിൽ വീടുകളിൽ ഒതുങ്ങി കൂടിയിരിക്കയാണ് . രാജ്യത്തെ ഏറ്റവും ജനത്തിരക്കും ജനസാന്ദ്രത കൂടിയ ചേരിപ്രദേശങ്ങളുമുള്ള നഗരത്തിന് കേന്ദ്രം പ്രത്യേക പാക്കേജ് പ്രഖ്യാപിക്കുകയും സാമൂഹ്യ വ്യാപനം തടയാൻ കൂടുതൽ അടിയന്തിര നടപടികൾ കൈക്കൊള്ളുകയും ചെയ്തില്ലെങ്കിൽ വലിയ ദുരന്തങ്ങൾക്ക് നഗരം സാക്ഷ്യം വഹിക്കേണ്ടിവരും.
Subscribe & enable bell icon for regular Mumbai update
- എസ്.എൻ.ഡി.പി യോഗം ഭാണ്ഡൂപ് ശാഖ വാർഷികവും ഓണാഘോഷവും അടുത്ത ഞായറാഴ്ച്ച
- താനെ ജില്ലയിൽ ഇടിയും മിന്നലുമായി കനത്ത മഴ
- ഫ്രറ്റേർണിറ്റി ഓഫ് മലയാളി കത്തോലിക്സ് വാർഷികാഘോഷം നടന്നു
- കനൽത്തുരുത്തുകൾ; സ്ത്രീജീവിതത്തിന്റെ വിവിധ ഭാവങ്ങൾ പകർന്നാടിയ നാടകമെന്ന് പ്രശസ്ത എഴുത്തുകാരി മാനസി