48 ചെക്ക് പോസ്റ്റും കടന്ന് ഫാരിസ് മുഹമ്മദിന്റെ ലോക് ഡൗൺ സാഹസിക യാത്ര

0

കാനഡയിൽ നിന്നെത്തി മാസങ്ങളായി മുംബൈയിൽ കുടുങ്ങി കിടന്നിരുന്ന വയോധിക ദമ്പതികളെ കുറിച്ചും റഷ്യയിൽ നിന്നെത്തിയ അരുണിന്റെ നിസ്സഹായാവസ്ഥയെ കുറിച്ചും ആംചി മുംബൈ റിപ്പോർട്ട് ചെയ്തിരുന്നു. മുംബൈയിലെ സാമൂഹിക പ്രവർത്തകരുടെ ശ്രമങ്ങളെല്ലാം വിഫലമായപ്പോൾ ഇവരെ നാട്ടിലെത്തിക്കാനുള്ള ഉദ്യമത്തിൽ വിജയിച്ചത് കെ എം സി സിയുടെ സർക്കാർ തല ഇടപെടലുകളെ തുടർന്നാണ്. ബാംഗ്ലൂർ വഴിയുള്ള ഇവരുടെ കേരളത്തിലേക്കുള്ള യാത്രയിൽ ഡ്രൈവർ ആയി നിയോഗിക്കപ്പെട്ടത് പടന്ന സ്വദേശിയായ ഫാരിസ് മുഹമ്മദും.

ഇതൊരു ഒന്നൊന്നര യാത്രയായിരുന്നുവെന്നാണ് നിരവധി തവണ മുംബൈയിൽ നിന്നും കേരളത്തിലേക്ക് റോഡ് വഴി യാത്ര ചെയ്തിട്ടുള്ള ഫാരിസ് പറയുന്നത്. ഈ യാത്ര ഒരിക്കലും മറക്കില്ലെന്നും ഇത് വരെയില്ലാത്ത വിധം മുള്ളുകൾ നിറഞ്ഞതും ഭീതിയുളവാക്കുന്നതുമായ അനുഭവങ്ങളായിരുന്നു വഴി നീളെ കാത്തിരുന്നതെന്നും ഫാരിസ് തന്റെ യാത്രാനുഭവങ്ങൾ പങ്കു വച്ച് കൊണ്ട് പറഞ്ഞു.

ലോക് ഡൗൺ കാലത്ത് അതും രോഗം പടർന്നു പിടിച്ചു കൊണ്ടിരിക്കുന്ന മഹാരാഷ്ട്രയിൽ നിന്നും കർണാടകയും കടന്നു കേരളത്തിൽ എത്തിച്ചേരാനുള്ള വഴികൾ നിറയെ കാത്തിരുന്നത് നിരവധി കടമ്പകളായിരുന്നു . പുറകിലിരിക്കുന്ന വൃദ്ധ ദമ്പതികളുടെ ആരോഗ്യ പ്രശ്നങ്ങൾ കൂടി പരിഗണിച്ചായിരുന്നു യാത്രയും.

ഡ്രൈവർ ആയി നിയോഗിക്കപ്പെട്ടത് പടന്ന സ്വദേശിയായ ഫാരിസ് മുഹമ്മദായിരുന്നു

ലോക്ക് ഡൌൺ നിലവിലുള്ള സാഹചര്യത്തിൽ വിവിധ കേന്ദ്രങ്ങളിലായി നിരവധി ജില്ലകൾ താണ്ടി ഏതാണ്ട് 48 ഓളം ചെക്ക് പോസ്റ്റുകളിലെ പരിശോധനക്കും ചോദ്യം ചെയ്യലുകൾക്കും വിധേയനായി യാത്രക്കാരെ ജന്മനാട്ടിലെത്തിച്ചതിന്റെ അനുഭവങ്ങൾ വിവരിക്കുമ്പോൾ ഫാരിസിന്റെ വാക്കുകളിൽ ഇപ്പോഴും ഭീതി വിട്ടു മാറിയിട്ടില്ല.

വിദേശത്ത് നിന്നെത്തിയ പ്രവാസി മലയാളികളായ ഇവർ വിമാനത്താവളത്തിൽ നിന്നും കിട്ടിയ നിർദ്ദേശ പ്രകാരം മുംബൈയിൽ 14 ദിവസം ക്വാറന്റൈനിൽ കഴിയുകയായിരുന്നു. നിർഭാഗ്യവശാൽ കാലാവധി തീരുമ്പോഴേക്കും ലോക്ക് ഡൌൺ പ്രഖ്യാപിച്ചതാണ് ഇവർക്ക് വിനയായത്. ഇതിനിടയിൽ നടത്തിയ മെഡിക്കൽ ടെസ്റ്റിൽ നെഗറ്റീവ് ഫലം ആയതിനാലും വയോധികരായ യാത്രക്കാർ രോഗികൾ ആയതിനാലും ലഭിച്ച പരിഗണയിലായിരുന്നു ഈ യാത്ര. കളക്ടർ നൽകിയ സമ്മത പത്രവും കൈവശമുണ്ടായിരുന്നു. എങ്കിലും പ്രാദേശിക രേഖകൾ ഇല്ലെന്ന വാദത്തിൽ പല സ്ഥലങ്ങളിലും ഇവരെ തടയുകയുണ്ടായി.

കർണാടക പോലീസ് വിവിധ സ്ഥലങ്ങളിൽ നിന്നും വിശദമായി തന്നെ ചോദ്യം ചെയ്തു. പലയിടത്തും മണിക്കൂറുകളോളം കാത്തു കെട്ടി കിടക്കേണ്ടി വന്നു. അവസാനം മൈസൂർ വഴി മുത്തങ്ങ ചെക്ക് പോസ്റ്റും കടന്നാണ് കേരളത്തിൽ എത്തിച്ചേർന്നത്.

ചില സ്ഥലങ്ങളിൽ മാനുഷിക പരിഗണന പോലുമില്ലാതെയുള്ള പെരുമാറ്റമായിരുന്നു നേരിട്ടെങ്കിലും ചിലയിടങ്ങളിൽ ഭക്ഷണവും വെള്ളവും നൽകിയ പോലീസുകാരേയും ഫാരിസ് നന്ദിയോടെ സ്മരിച്ചു. യാത്രക്കിടെ കർണാടക മേഖലകളിൽ കെ എം സി സിയുടെ പ്രവർത്തകരാണ് ഇവർക്ക് ആവശ്യമായ ഭക്ഷണവും മറ്റും എത്തിച്ചു നൽകിയത്.

കേരളത്തിലെത്തിച്ചേർന്നതിന് ശേഷം വയനാട്ടിലും കർശനമായ പോലീസ് പരിശോധനക്ക് വിധേയരായി. തുടർന്ന് കേരളത്തിൽ കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലാതിർത്തികളിലെ പരിശോധനകൾ. മഹാരാഷ്ട്രയിൽ നിന്നും കേരളത്തിലെത്തിയതിൽ അത്ഭുതത്തോടെയായിരുന്നു പോലീസുകാരും ഇവരെ വീക്ഷിച്ചത്. ശക്തമായ നിയന്ത്രണം നിലവിലുള്ള ഇക്കാലയളവിൽ ഗർഭിണികളെ പോലും കടത്തി വിടാതിരുന്ന കർണാടക സർക്കാർ മഹാരാഷ്ട്രയിൽ നിന്നും കേരളത്തിലേക്ക് യാത്ര ചെയ്തിരുന്ന ഇവർക്ക് പച്ച കൊടി വീശിയത് പലർക്കും അവിശ്വസനീയമായിരുന്നു. നിശ്ചയദാർഢ്യവും ധൈര്യവും തന്നെയായിരുന്നു ഈ സാഹസികയാത്രയെ ലക്ഷ്യത്തിലെത്തിക്കാൻ തന്നെ തുണച്ചതെന്നാണ് ഫാരിസ് മുഹമ്മദ് പറയുന്നത്. കാസർഗോഡ് ജില്ലയിലെ പടന്ന വടക്കേപ്പുറം ആണ് ഫാരിസ് മുഹമ്മദിന്റെ വീട്

Subscribe & enable bell icon for regular Mumbai update

LEAVE A REPLY

Please enter your comment!
Please enter your name here