ഒരു മകൾക്ക് താങ്ങാൻ കഴിയാത്ത ദുഃഖഭാരവുമായാണ് അച്ഛന്റെ സാന്ത്വന സാമീപ്യം പോലുമില്ലാതെ വിറയ്ക്കുന്ന കൈകളോടെ നൊന്തു പ്രസവിച്ച അമ്മക്ക് വിട പറഞ്ഞത്. സാമൂഹിക അകലം എന്ന കൊറോണ രോഗത്തിന്റെ ഒറ്റമൂലിയിൽ ഹൃദയം നുറുങ്ങുന്ന വാർത്തകളാണ് നഗരത്തിന്റെ ഓരോ കോണിൽ നിന്നും ദിവസേന കേട്ടുകൊണ്ടിരിക്കുന്നത്.
ഭൗതിക ശരീരം ഏക മകളുടെയും സാമൂഹിക പ്രവർത്തകരുടെയും സാന്നിധ്യത്തിൽ മുംബൈയിൽ സംസ്കരിച്ചു. ഭർത്താവ് സോമൻ ഗൾഫിലാണ്. കേരളീയ കേന്ദ്ര സംഘടന പ്രസിഡന്റ് ടി എൻ ഹരിഹരൻ, എസ് കുമാർ, പൻവേലിലെയും ഉൽവയിലേക്കും മലയാളി സമാജം പ്രവർത്തകർ എന്നിവരുടെ സാന്നിധ്യത്തിലാണ് ഏക മകൾ സൗമ്യ ചിതക്ക് തീ കൊളുത്തിയത്.
ചിത എരിഞ്ഞമരുമ്പോൾ മുന്നിൽ ശൂന്യത ബാക്കിയാക്കി എല്ലാവരും പടിയിറങ്ങും. പിന്നെ ഓർമ്മകളുടെ ലോകത്ത് ആ മകൾ ഏകയായി. കൊറോണയ്ക്ക് മുന്നിൽ നഗരം പകച്ചു നിൽക്കുമ്പോൾ മനസ്സ് കൊണ്ട് ഈ മകളെ കൂടെ നിർത്താം. വിദേശത്തുള്ള അച്ഛൻ എത്രയും പെട്ടെന്ന് മുംബൈയിലെത്തി അമ്മയുടെ അകാല വിയോഗത്തിൽ തളർന്ന മകൾക്ക് ആശ്വാസമാകാൻ കഴിയട്ടെ.
മലയാളി വീട്ടമ്മയുടെ ആകസ്മിക വിയോഗത്തിൽ നഗരത്തിലെ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖർ അനുശോചനം രേഖപ്പെടുത്തി.
നഗരം ഗുരുതരാവസ്ഥയിലൂടെ കടന്ന് പോകുമ്പോൾ ഇത്തരം കൂടുതൽ സംഭവങ്ങൾ ആശങ്കയുണ്ടാക്കുന്നുവെന്നാണ് ലോക കേരള സഭാംഗവും വേൾഡ് മലയാളി കൗൺസിൽ ജനറൽ സെക്രട്ടറിയുമായ എം കെ നവാസ് പറഞ്ഞത്. ആരോഗ്യ പ്രവർത്തകരും സുരക്ഷാ ഉദ്യോഗസ്ഥരുമെല്ലാം കോവിഡ് ഭീഷണിയിൽ വലയുന്ന സമയത്ത് കൂട്ടായ പ്രവർത്തനത്തിലൂടെ മഹാമാരിയെ പ്രതിരോധിക്കാനും പരസ്പരം കൈത്താങ്ങാകാനും നഗരത്തിലെ മലയാളി സമൂഹത്തിന് കഴിയണമെന്നും നവാസ് പറഞ്ഞു.
ദുരിത കാലത്ത് കൂടെ നിന്ന് സഹായിക്കുന്നവരാണ് യഥാർത്ഥ സാമൂഹിക പ്രവർത്തകർ. ഈ കുടുംബത്തിന് താങ്ങായി നിന്ന ഉൽവാ മലയാളി സമാജം ഭാരവാഹികളുടെ നിസ്വാർത്ഥ സഹകരണത്തെ എത്ര പ്രകീർത്തിച്ചാലും മതിയാകില്ലെന്ന് കേരളീയ കേന്ദ്ര സംഘടന പ്രസിഡന്റും ലോക കേരള സഭാംഗവുമായ ടി എൻ ഹരിഹരൻ പറഞ്ഞു. ചികിത്സക്കായി ആശുപത്രിയിൽ കിടന്ന നാൾ മുതൽ കുടുംബത്തിന് താങ്ങായി നിന്നവരാണ് സമാജം പ്രവർത്തകരെന്നും ഹരിഹരൻ കൂട്ടിച്ചേർത്തു. ഇവരുടെ ആശുപത്രി ചിലവുകൾ അടക്കം വഹിച്ചത് ഉൽവാ സമാജം പ്രവർത്തകരാണ്. അമ്മയുടെ വിയോഗത്തോടെ ഒറ്റപ്പെട്ട മകൾക്ക് സാന്ത്വനമേകി താങ്ങായി കൂടെ നിന്നതും ഇവരൊക്കെത്തന്നെയാണെന്ന് ഹരിഹരൻ പറഞ്ഞു. ഉൽവാ സമാജം പ്രസിഡന്റ് പ്രദീപ്, ജിനേഷ് അടക്കമുള്ള മറ്റ് ഭാരവാഹികളെ ഹൃദയത്തിന്റെ ഭാഷയിൽ അഭിവാദ്യം ചെയ്യുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോവിഡ് ആണെന്ന സംശയത്തിൽ ചികിത്സ നിഷേധിച്ച മലയാളി വീട്ടമ്മയായ വിമല സോമനായിരുന്നു രണ്ടു ദിവസം മുൻപ് ആശുപത്രികളുടെ അനാസ്ഥ മൂലം മരണമടഞ്ഞത്. ചികത്സയിരുന്ന ആശുപത്രിയിൽ തന്നെ വീണ്ടും ഒരാഴ്ചക്ക് ശേഷം ചെന്നപ്പോഴാണ് കോവിഡ് ടെസ്റ്റ് സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ട് മടക്കി അയച്ചതെന്ന് ലോക കേരള സഭാംഗമായ എസ് കുമാർ പറയുന്നു. പിന്നീട് നവി മുംബൈയിലെ മൂന്ന് നാല് ആശുപത്രികളെ സമീപിച്ചെങ്കിലും സമാനമായ അനുഭവമായിരുന്നു ലഭിച്ചത്. ആശുപത്രികളുടെ ഇത്തരം മനോഭാവങ്ങൾ സാധാരണക്കാരായ രോഗികളെയാണ് വലക്കുന്നതെന്നും എസ് കുമാർ പറഞ്ഞു.
പിന്നീട് സാമൂഹിക പ്രവർത്തകർ ഇടപെട്ടാണ് നെരൂളിൽ ഡി വൈ പാട്ടീൽ ആശുപത്രിയിൽ അഡ്മിഷൻ ലഭിക്കുന്നത്. എന്നാൽ ചികിത്സക്ക് കാത്തു നിൽക്കാതെ വിമല സോമൻ മരണത്തിന് കീഴടങ്ങുകയായിരുന്നു. 53 വയസ്സായിരുന്നു . ഇവർ ഏക മകളോടൊപ്പമാണ് നവി മുംബൈയിലെ ഉൽവയിൽ താമസിച്ചിരുന്നത്.
നഗരത്തിലെ സ്വകാര്യ ആശുപത്രികൾ കോവിഡ് ബാധിതരായ രോഗികൾക്കും രോഗബാധ സംശയിക്കുന്നവർക്കും മുൻപിൽ വാതിൽ കൊട്ടിയടക്കുമ്പോൾ കൊറോണക്കാലത്ത് ജനങ്ങളുടെ പരിഭ്രാന്തിയാണ് വർധിക്കുന്നത്. ഇക്കാര്യങ്ങൾ പരിഗണിച്ചു മുംബൈയിലെ പൂട്ടി കിടക്കുന്ന ആശുപത്രികളെല്ലാം തുറന്ന് പ്രവർത്തിക്കുവാൻ സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് എം പി സി സി സെക്രട്ടറി ജോജോ തോമസ് അറിയിച്ചു.
രോഗം സ്ഥിരീകരിക്കാത്ത സാഹചര്യത്തിൽ രോഗ ലക്ഷണഗമുണ്ടെന്ന കാരണത്താൽ ചികിത്സ നിഷേധിച്ച ആശുപത്രി അധികൃതരുടെ നടപടി ദുഃഖകരമാണെന്ന് മാനസരോവർ കാമോത്തേ മലയാളി സമാജം സെക്രട്ടറി എൽദോ ചാക്കോ പറഞ്ഞു. സാധാരണക്കാരായ ജനങ്ങൾക്ക് പെട്ടെന്ന് എന്തെങ്കിലും അസുഖം വന്നാൽ എന്ത് ചെയ്യണമെന്നറിയാത്ത അവസ്ഥയാണ് മുംബൈയിൽ സംജാതമായിരിക്കുന്നതെന്നും ചാക്കോ പറഞ്ഞു. ഇതിനായി സർക്കാർ തലത്തിൽ ഒരു മാർഗരേഖ പ്രസിദ്ധപ്പെടുത്തേണ്ടത് അത്യാവശ്യമാണെന്നും മുംബൈയിലെ അറിയപ്പെടുന്ന സാമൂഹിക പ്രവർത്തകനായ എൽദോ ചാക്കോ പറഞ്ഞു. രോഗലക്ഷണങ്ങൾ കാണിക്കുന്നവരെ പരിശോധിക്കാൻ പോലും നഗരത്തിലെ സ്വകാര്യ ആശുപത്രികൾ വിമുഖത കാണിക്കുമ്പോൾ ലോക് ഡൌൺ നിലവിലുള്ള നഗരത്തിൽ വലിയ ബുദ്ധിമുട്ടുകളാണ് സാധാരണക്കാരായ ജനങ്ങൾ അനുഭവിക്കുന്നത്.
സമാനമായ നിരവധി കേസുകളാണ് മുംബൈയിൽ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഇന്നലെ ഭീവണ്ടിയിൽ ഹൃദയസംബന്ധമായ അസുഖത്തിന് ചികിത്സ തേടിയ വീട്ടമ്മയും ഇതേ അനുഭവത്തിന്റെ പേരിലാണ് തക്ക സമയത്ത് ചികിത്സ ലഭിക്കാതെ മരണമടഞ്ഞത്.
എന്നാൽ ചികിത്സയിലുള്ള രോഗികളുടെ സുരക്ഷയും ക്ഷേമവും കണക്കിലെടുത്താണ് പുതിയ രോഗികളോട് കോവിഡ് പരിശോധന ഫലം ആവശ്യപ്പെടുന്നതെന്നാണ് ആശുപതി അധികൃതർ നൽകുന്ന വിശദീകരണം. നിരവധി ആശുപത്രികൾ ആരോഗ്യ പ്രവർത്തകർക്ക് വരെ കോവിഡ് സ്ഥിരീകരിച്ചതിന്റെ പേരിൽ വലിയ ദുരിതത്തിലാണെന്നും നിലവിലെ അവസ്ഥ മാറാതെ ഇതിനൊരു പരിഹാരം കാണുവാൻ കഴിയില്ലെന്നുമുള്ള നിലപാടിലാണ് ആശുപത്രി മാനേജ്‌മന്റ്.
SUBSCRIBE & ENABLE BELL ICON FOR REGULAR MUMBAI UPDATE
- കനൽത്തുരുത്തുകൾ വനിതാനാടകം നാളെ; മന്ത്രി ഡോ. ആർ ബിന്ദു മുഖ്യാതിഥി
- മലയാളത്തിന്റെ ഇതിഹാസ താരത്തിന് ആശംസകളുമായി മുംബൈ മലയാളികൾ
- ഓടുന്ന ട്രെയിനിനടിയിൽ വീണ സ്ത്രീയെ റെയിൽവേ പോലീസ് സാഹസികമായി രക്ഷപ്പെടുത്തി
- നവതിയുടെ നിറവിൽ മലയാളത്തിന്റെ മഹാനടൻ
- മുംബൈയിൽ ഐഫോൺ 15 വാങ്ങാൻ യുവാക്കളുടെ നീണ്ട നിര