ഡോ.ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്ത നൂറ്റി മൂന്നാം വയസ്സിലേക്ക്; നൂറാം പിറന്നാളാഘോഷത്തിന്റെ ഓർമ്മകളിൽ മുംബൈ (Watch Video)

1

ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്തയുടെ നൂറാം പിറന്നാൾ ആഘോഷിക്കുവാൻ ഭാഗ്യമുണ്ടായ നഗരമാണ് മുംബൈ. നിമിത്തമായത് ഡോ റോയ് ജോൺ മാത്യു ട്രസ്റ്റിയായ എലിക്സിർ കരുണാലയ ട്രസ്റ്റും.

മുംബൈയിലെ സന്നദ്ധ സംഘടനയായ എലിക്സിർ കരുണാലയ ട്രസ്റ്റും കൈരളി ടി വിയും ചേർന്നൊരുക്കിയ സലാം മുംബൈ വേദിയിലായിരുന്നു നൂറാം പിറന്നാളിന്റെ നിറവിൽ ഡോ ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്തയെ ആദരിച്ചത്. 2017 ജനുവരി 15ന് മുംബൈ ഷണ്മുഖാനന്ദ ഹാളിൽ അരങ്ങേറിയ വർണാഭമായ ചടങ്ങിൽ രാജ്യസഭാ ഉപാധ്യക്ഷൻ പി ജെ കുര്യൻ, മെഗാ സ്റ്റാർ മമ്മൂട്ടി, കൈരളി ടി വി മാനേജിങ് ഡയറക്ടർ ജോൺ ബ്രിട്ടാസ്, ഡോ ജോസഫ് മാർത്തോമാ മെത്രോപ്പൊലീത്ത, മാര്‍ത്തോമ സഭാ മുംബൈ ഭദ്രാസന ബിഷപ്പ് ഗീവര്‍ഗീസ് മാര്‍ തിയോഡോഷ്യസ്, പ്രതാപ് സര്‍ നായിക് എം.എല്‍.എ തുടങ്ങിയ പ്രമുഖർ സംബന്ധിച്ചിരുന്നു. ഡോ റോയ് ജോൺ മാത്യു, ഡാലി ജോൺ, അനൂപ് അനീഷ് തുടങ്ങിയവർ ചടങ്ങിന് നേതൃത്വം നൽകി.

ഡോ റോയ് ജോൺ മാത്യു കൈരളി ടി വിയുടെ ആദരവ് ചെയർമാൻ മമ്മൂട്ടിയിൽ നിന്നും ഏറ്റു വാങ്ങുന്നു . സമീപം ജോൺ ബ്രിട്ടാസ്, ഓസ്കാർ ജേതാവ് റസൂൽ പൂക്കുട്ടി

അന്ന് ഷണ്മുഖാനന്ദ ഹാളിലെ തിങ്ങി നിറഞ്ഞ ഹാളിൽ ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്തയോടും റിമി ടോമിയോടുമൊപ്പം വേദിയില്‍ മമ്മൂട്ടി നടത്തിയ രസകരമായ സംവാദം സദസ്സിനെ ഏറെ രസിപ്പിച്ചിരുന്നു.

മലങ്കര മാർത്തോമാ സഭയുടെ വലിയ മെത്രാപ്പൊലീത്ത ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം നൂറ്റിമൂന്നാം വയസ്സിലേക്കു കടക്കുമ്പോൾ മുംബൈ മലയാളികളുടെ മനസ്സിൽ മധുരിക്കുന്ന ഓർമകളാണ് തിരുമേനിയുടെ നൂറാം പിറന്നാൾ ആഘോഷ മുഹൂർത്തങ്ങൾ. വീഡിയോ കാണാം >>>

നൂറ്റിരണ്ട് വയസ്സ് പൂര്‍ത്തിയാക്കുക എന്നത് അത്യപൂര്‍വമായി മാത്രം സംഭവിക്കുന്ന കാര്യമാണ്. അത് സാധിക്കുന്ന ചുരുക്കം പേരില്‍ പലര്‍ക്കും തന്നെ ഈ പ്രായത്തിലും കര്‍മനിരതനായിരിക്കാന്‍ കഴിയാറില്ല. ക്രിസോസ്റ്റം തിരുമേനിക്ക്  ഇതെല്ലാം കഴിയുന്നു എന്നത് സമൂഹത്തിനാകെ ആഹ്ലാദകരമാണ്. സമൂഹത്തിനാകെ അനുഗ്രഹമാവുന്ന വിധത്തിലാണ് അദ്ദേഹം ജീവിതം നയിക്കുന്നത്. പിറന്നാൾ ആശംസകൾ നേർന്ന് കൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ കുറിച്ചു.

ആത്മീയരംഗത്ത് വ്യാപരിക്കുമ്പോള്‍ത്തന്നെ ഭൂമിയിലെ ഈ ജീവിതത്തെ മെച്ചപ്പെടുത്താനുള്ള കര്‍മപരിപാടികള്‍ അദ്ദേഹം ആവിഷ്കരിച്ച് നടപ്പാക്കി.ഒരു സങ്കുചിതത്വത്തിനും വിധേയരാകാതെ മനുഷ്യരെയാകെ, പ്രത്യേകിച്ച് ജീവിക്കാന്‍ വിഷമിക്കുന്ന നിസ്വജനവിഭാഗത്തെയാകെ ഒന്നായി കാണണമെന്നും കാരുണ്യത്തോടെ അവരെ സഹായിക്കണമെന്നും ക്രിസോസ്റ്റം പഠിപ്പിക്കുന്നുണ്ട്. വാക്കുകള്‍കൊണ്ടല്ല, പ്രവൃത്തികള്‍കൊണ്ടാണ് അദ്ദേഹം അത് പഠിപ്പിച്ചത്. അനാഥരുടെ കണ്ണീരൊപ്പണമെന്നും അവര്‍ക്ക് ആശ്വാസമെത്തിക്കണമെന്നും അദ്ദേഹം പഠിപ്പിച്ചു.

മതസഹിഷ്ണുതയുടെയും പരസ്പര സഹവര്‍ത്തിത്വത്തിന്‍റെയും പാഠങ്ങള്‍ ക്രിസോസ്റ്റം മുമ്പോട്ടുവെച്ചു. നാടിന്‍റെ പൊതു കാര്യത്തില്‍ ഭേദചിന്ത മറന്ന് എല്ലാവരും ഒരുമിക്കണമെന്നദ്ദേഹം പഠിപ്പിച്ചു. ഇതിലൊക്കെ സമൂഹത്തോടുള്ള  പ്രതിബദ്ധത വ്യക്തമാണ്. സമൂഹം പുരോഗമനപരമായി മാറേണ്ടതുണ്ട് എന്ന് അദ്ദേഹം ചിന്തിക്കുന്നു എന്നതും വ്യക്തമാണ്. നര്‍മ്മത്തിന്‍റെ മധുരം കലര്‍ത്തി അദ്ദേഹം നിരന്തരം പകര്‍ന്നുതരുന്ന പാഠങ്ങളെ സമൂഹം എന്നും സ്നേഹാദരങ്ങളോടെയാണ് സ്വീകരിക്കുന്നതെന്നും മുഖ്യമന്ത്രി ആശംസ സന്ദേശത്തിൽ കുറിക്കുന്നു.

Subscribe & enable bell icon for regular Mumbai update

1 COMMENT

  1. മനുഷ്യത്വത്തിന്റെ ജീവിച്ചിരിക്കുന്ന പ്രതീകം , മതങ്ങൾ മനുഷ്യ നന്മക്കായുള്ളതാണെന്നുള്ള തിരിച്ചറിവ് പകർത്തിയ മഹാത്മാവ് , ചിരിയുടെ നിറകുടമായ വലിയ തിരുമേനിക്ക് ജന്മദിനാശംസകൾ നേരുന്നു💐 🙏

LEAVE A REPLY

Please enter your comment!
Please enter your name here