കൊറോണ-കോവിഡ്-19 എന്ന മഹാമാരി ലോകത്താകമാനം വളരെ വലിയ നാശം വിതച്ചു കൊണ്ടിരിക്കുകയാണ്. ഇതിന്റെ സ്ഥിതി വിവര കണക്കുകളിലേക്ക് കടക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ലോക രാഷ്ട്രങ്ങളെ താരതമ്യം ചെയ്യുമ്പോൾ ഭാരതത്തിൽ ഇതിന്റെ കണക്കുകൾ ഉയർന്ന തോതിലല്ലെങ്കിലും ഈ അടുത്ത കാലത്ത് ഇതിന്റെ ശരാശരി ഉയർന്നു കൊണ്ടിരിക്കുകയാണ് എന്നത് ആശങ്കപ്പെടുത്തുന്നുമുണ്ട്. കേന്ദ്രം, അതാത് സംസ്ഥാനങ്ങൾ, ഈ രോഗാണു ബാധയെ പിടിച്ചു നിർത്തുന്നതിനുള്ള എല്ലാവിധ നടപടിക്രമങ്ങളും യഥാ സമയം കൈകൊണ്ടുകൊണ്ടിരിക്കുന്നു. ജനങ്ങൾ സർക്കാർ തരുന്ന നിർദേശങ്ങൾ പാലിച്ചു നീങ്ങുകയാണെങ്കിൽ ഇതിനെ പിടിച്ചു നിർത്താൻ പറ്റാവുന്നതേയുള്ളൂ.
ആഗോള തലത്തിൽ തന്നെ പല കമ്പനികളുടെയും നിലനിൽപ്പ് അവതാളത്തിലായി കൊണ്ടിരിക്കുകയാണ്. കമ്പനികൾ സാമൂഹിക ഉത്തരവാദിത്വത്തിന് (Corporate Social Responsibility) വേണ്ടി സാമ്പത്തിക വർഷത്തിന്റെ തുടക്കത്തിൽ മാറ്റി വെയ്ക്കുന്ന ഫണ്ടുകൾ പോലും ഈ അവസരത്തിൽ വിനിയോഗിക്കാൻ ആവാത്ത അല്ലെങ്കിൽ വകമാറ്റി വയ്‌ക്കേണ്ട സാഹചര്യമാണ് ഉള്ളത്. അത് കൊണ്ട് തന്നെ സമൂഹത്തിന്റെ പല തട്ടിലുള്ള ആളുകളുടെ നിലനിൽപ്പ് അസ്ഥിരപ്പെട്ടു കൊണ്ടിരിക്കുന്നു. സർക്കാരിലേക്ക് നികുതി ഇനത്തിൽ അല്ലെങ്കിൽ മറ്റു വകയിൽ വരേണ്ട വരുമാനം താൽക്കാലികമായെങ്കിലും നിലച്ചിരിക്കുകയാണ്. ഇതൊക്കെയും പലവിധ സാമ്പത്തിക പ്രശ്നങ്ങളും സൃഷ്ടിച്ചു കൊണ്ടേയിരിക്കുന്നു.
സംഘടിക്കുക എന്നതിനർത്ഥം ഓണം, റമദാൻ, ഈസ്‌റ്റർ പോലുള്ള ആഘോഷങ്ങൾ മാത്രമല്ല; പരസ്പരം സഹായം കൂടി അർത്ഥമാക്കുന്നുണ്ട്.
ഈ അവസരത്തിൽ, വ്യക്തികൾ, സ്ഥാപനങ്ങൾ, സാമൂഹിക സംഘടനകൾ, ആരാധനാലയങ്ങൾ ഇവർക്കൊക്കെ സമൂഹത്തിൽ വിശക്കുന്നവർക്ക് ആശ്വാസമേകാൻ പറ്റും. നിലവിൽ മുൻപേ പറഞ്ഞ പല വ്യക്തികളും സ്ഥാപനങ്ങളും ഒക്കെ പാവപ്പെട്ടവർക്ക് കിറ്റും, ഭക്ഷണപ്പൊതികളുമൊക്കെ വിതരണം ചെയ്യുന്നതും, ഇതിനു പുറമെ ബസുകളും മറ്റു സൗകര്യങ്ങളും ഏർപ്പെടുത്തി പ്രവാസികളെ സ്വദേശത്തേക്കു എത്തിക്കുന്നതുമൊക്കെ ഈ ലേഖകന്റെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. അത് പ്രശംസനീയമാണെന്ന് ഞാനിവിടെ കുറിച്ചിടട്ടെ. മനുഷ്യന്റെ ജീവനും, നിലനിൽപ്പുമാണ് ഈ അവസരത്തിൽ ഏറ്റവും അത്യന്താപേക്ഷിക ഘടകം എന്നത് വിസ്മരിക്കുന്നില്ല. എന്നാൽ ഇത്തരത്തിൽ വിതരണം ചെയ്യുന്നവ വിശക്കുന്നവന്റെ കയ്യിൽ തന്നെയാണോ എത്തുന്നത്. ഈ പ്രവർത്തിയിലൂടെ നമ്മുടെ സ്വാർത്ഥ താല്പര്യം കൂടി സംരക്ഷിക്കാൻ ശ്രമിക്കുന്നില്ലേ. ഉദാഹരണത്തിന് ഇത്തരത്തിൽ ചെയ്യുന്ന പ്രവർത്തികളിലൂടെ പേരിനു മാത്രം ഷോ കാണിച്ചു ഫോട്ടോ വരുത്താനുള്ള ശ്രമം. ഇത് ഒന്ന് സൂചിപ്പിച്ചു എന്നേ ഉള്ളൂ. ഒരു തർക്ക വിഷയം അല്ല.

നമ്മുടെ സമൂഹത്തിൽ പല തരത്തിൽ ജോലി എടുത്തു ജീവിക്കുന്നവരുണ്ട്. പലരും നിത്യ വേതനക്കാരാണ് (Daily Wages), മറ്റു ചിലർ വളരെ ചെറിയ മാസ ശമ്പളം (Low Monthly Salary) വാങ്ങുന്നവരാണ്. ഇത്തരക്കാരെ ഏതു വിധത്തിലുള്ള പ്രശ്നങ്ങൾ ബാധിച്ചാലും ഭക്ഷണം മാത്രമല്ല നിന്ന് പോകുന്നത്. മരുന്ന്, വാടക, ഇലക്‌ട്രിസിറ്റി, ഗ്യാസ്, ബാങ്ക് തവണകൾ, ഇങ്ങനെ ഒരു പാട് കാര്യങ്ങൾ ഏതു വിധത്തിൽ തരണം ചെയ്യണമെന്നറിയാതെ പ്രതിസന്ധി ഘട്ടത്തിലേക്ക് നീങ്ങുന്നു. ഇത് പ്രധാനമായും ബാധിക്കുന്നത് നഗരങ്ങളിൽ താമസിക്കുന്ന ഇടത്തരം കുടുംബങ്ങളെയാണ്. അവരെ സംബന്ധിച്ചിടത്തോളം ആരും തിരിഞ്ഞു നോക്കാൻ പോലും ഉണ്ടാവില്ല. ഒരു പരിധിവരെ വയറു മുറുക്കിപ്പിടിച്ചു പ്രതിസന്ധികളെ തരണം ചെയ്യാൻ അവർ ശ്രമിക്കും. പക്ഷെ അത് കൂടി കഴിഞ്ഞാലോ? നിലവിലെ അവസ്ഥ അത്തരമൊരു സാഹചര്യത്തിലേക്കാണ് കാര്യങ്ങൾ കൊണ്ടെത്തിക്കുന്നത്. കമ്പനികൾ അവരുടെ സ്വന്തം നിലനിൽപ്പിനു വേണ്ടി കോസ്ററ് റീഡക്ഷൻ (Cost Reduction) മാർഗ്ഗങ്ങൾ സ്വീകരിച്ചു തുടങ്ങിയിരിക്കുന്നു. ഇത് പലപ്പോഴും ബാധിക്കുന്നത് തൊഴിലവസരങ്ങളെയാണ്. ഇവിടെയും പ്രശ്നങ്ങൾ കൂടുതൽ ബാധിക്കുന്നത് ഇടത്തരം കുടുംബങ്ങളെയാണ്.

ഇവിടെ സാമൂഹിക സന്നദ്ധ സംഘടനകൾ, സ്ഥാപനങ്ങൾ, ആരാധനാലയങ്ങൾ ഇവർക്കൊക്കെയും നിരവധി കാര്യങ്ങൾ ചെയ്യാൻ കഴിയും. സംഘടിക്കുക എന്നതിനർത്ഥം ഓണം, റമദാൻ, ഈസ്‌റ്റർ പോലുള്ള ഉത്സവങ്ങൾ ആഘോഷിക്കുക എന്നത് മാത്രമല്ല, മറിച്ചു പരസ്പരം സഹായിക്കുക എന്ന് കൂടി അർത്ഥമാക്കുന്നുണ്ട്. ഭക്ഷണമോ, കിറ്റോ കൊടുക്കുമ്പോൾ അത് വിശക്കുന്നവനു തന്നെയാണോ അല്ലെങ്കിൽ അർഹതപ്പെട്ടവരുടെ കൈകളിലാണോ എത്തുന്നത് എന്ന് സൂക്ഷ്മ പരിശോധന നടത്തുക. ഇതിന് അതാതു സ്ഥലങ്ങളിലെ സംഘടനകൾ, വ്യക്തികൾ, സ്ഥാപനങ്ങൾ മുഖേന വളരെയധികം കഷ്ടത അനുഭവിക്കുന്നവരെ തേടി കണ്ടുപിടിക്കുക. കരുതൽ ശേഖരമുള്ള സ്ഥാപനങ്ങൾ, സംഘടനകൾ ഇവ, താൽക്കാലിക ആശ്വാസത്തിനായി മരുന്ന്, ഗ്യാസ് മറ്റു അത്യാവശ്യ ചിലവുകൾ നിർവ്വഹിക്കുന്നതിനായി ചെറിയ തുകകൾ സംഭാവനയായി നൽകുക. സാധ്യമെങ്കിൽ ചെറിയ കാലയളവിലേക്ക്, ചെറിയ തുകകൾ പലിശരഹിത വായ്‌പകൾ ആയി നൽകാൻ ശ്രമിക്കുക. ഇത് വായിക്കുന്നവർ പല ചോദ്യങ്ങളും ഉന്നയിക്കും എന്നറിയാം. പക്ഷെ ഈ കാലഘട്ടം ചെറുത്തുനില്പിന്റേതാണ്, ഇതിനെ അതിജീവിക്കാൻ സാമ്പത്തിക ശേഷിയുള്ളവരുടെയും, സംഘടനകളുടെയും മറ്റും ഒരു കൈതാങ്ങ് വലിയ ആശ്വാസമാണ് പകർന്നു നൽകുക.
പുണെയിലും മലയാളികളിൽ സാമ്പത്തികമായി വളരെയധികം ശോചനീയമായ അവസ്ഥ നേരിടുന്നവരുണ്ട്. മലയാളികൾ അഭിമാനം മുറുകെ പിടിക്കുന്നവരായതു കാരണം പലരും പറയാൻ മടിക്കുന്നു. എന്നാൽ ഈ സമയത്തു നാം അത്തരത്തിൽപ്പെട്ടവരെ കണ്ടെത്തി അറിഞ്ഞുകൊണ്ട് അവരെ സാമ്പത്തികമായി ചെറുതായെങ്കിലും ഒന്ന് തലോടുകയാണെങ്കിൽ അവർക്ക് ഏറ്റവും വലിയ താങ്ങാവും എന്ന് ബി. ജെ. പി. സൗത്ത് ഇന്ത്യൻ സെൽ പ്രസിഡന്റ് രാജീവ് കുറ്റ്യാട്ടൂർ പറഞ്ഞു. അദ്ദേഹവും തന്നാൽ കഴിയുന്ന രീതിയിൽ സഹായ ഹസ്തവുമായി മറ്റുള്ളവരോടൊപ്പം മുന്നിട്ടിറങ്ങിയിട്ടുണ്ട്. ഇത് പോലെ “ഒരു കൈ കൊടുക്കുന്നത് മറു കൈ അറിയരുത്” എന്ന് ചിന്തിച്ചു പ്രവർത്തിക്കുന്ന പല സന്മനസ്സുകളെയും അറിയാം, പേരുകൾ പറയാൻ ആഗ്രഹിക്കുന്നില്ല. 2020 അതിജീവനത്തിന്റെ വർഷമാണ്, ലാഭ നഷ്ടങ്ങളുടെ കണക്കുകൾ മാറ്റി വെയ്ക്കാം, ഈ വർഷം പരസ്പരം താങ്ങും തണലുമായി അതിജീവിക്കാം. ഇവിടെ അക്ഷയപാത്രത്തെ കുറിച്ച് ഓർമ്മപ്പെടുത്തികൊണ്ടു ഈ വരികൾ നിർത്തട്ടെ.
- വേലായുധൻ പി. – എഡിറ്റർ – വാഗ്ദേവത
Subscribe & enable bell icon for regular update
- മഹാനഗരത്തില് മലയാളത്തനിമയുടെ നൂപുരധ്വനികളുയര്ത്തി പശ്ചിമ മേഖല പന്ത്രണ്ടാം മലയാളോത്സവം
- കരിങ്കാളി നാടൻ പാട്ട് മെഗാ ഷോ ഡിസംബർ 2ന് കല്യാണിൽ
- നവിമുംബൈ മെട്രോ ; ഒരാഴ്ചയ്ക്കുള്ളിൽ ഒരു ലക്ഷത്തിലധികം യാത്രക്കാർ